ഓർമകളിലെ നബിദിനത്തിന് സന്തോഷത്തിൻ്റേയും സൗഹൃദത്തിൻ്റേയും മനോഹരമായ പരിവേഷമാണ്. അന്ന് സ്ക്കൂളവധിയാണ് എന്നതു മുതൽ തുടങ്ങുന്ന സന്തോഷം... എങ്കിലും എഴുന്നേറ്റു കുളിയൊക്കെ
കഴിയുമ്പോഴേക്കും കുട്ടികളുടെ ഒരു സംഘം മുതിർന്നവർക്കൊപ്പം ജാഥയുമായി ഭക്തി സാന്ദ്രമായ പ്രാർത്ഥനകളോടെ നീങ്ങുന്നുണ്ടാവും. അമ്മ വീടിൻ്റെ മുൻവശം പഞ്ചായത്തു റോഡാണ്. ഞങ്ങൾ കുട്ടികളൊക്കെ വീട്ടുപടിക്കൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. കൊട്ടും പാട്ടും പ്രാർത്ഥനകളുമായ ങ്ങനെ വരിവരിയായി നീങ്ങുന്നവരിൽ ഞങ്ങളുടെ അയൽവാസികളും കൂട്ടുകാരുമൊക്കെയുണ്ടാവും.. അവരെ കാണുമ്പോൾ എന്തെന്നില്ലാത്ത അഭിമാനത്തോടെ ഞങ്ങൾ നെഞ്ചുവിരിച്ച് വിളംബരം ചെയ്യും.. അതാ.. ൻ്റ ക്ലാസിലെ കുട്ടി...ൻ്റടുത്തിരിക്കണ കുട്ടി ന്നൊക്കെപ്പറയുമ്പോൾ കാണാൻ വന്ന കൂട്ടത്തിൽ ചിലരുടെ മുഖത്ത് അസൂയ പരക്കും .. അപ്പൊഴേക്കും അവരുടെ കൂട്ടുകാരെയാരെയെങ്കിലും അവരുടെ കുഞ്ഞിക്കണ്ണുകൾ കണ്ടു പിടിച്ചിട്ടുണ്ടാവും... അങ്ങനെ അഭിമാനത്താൽ വിജൃംഭിച്ചു നിൽക്കുന്ന ഞങ്ങൾക്കരികിലേക്കെത്തി ഘോഷയാത്രയെ നിയന്ത്രിയ്ക്കുന്നവരിലൊരാൾ വന്ന് ഞങ്ങളുടെ കുഞ്ഞിക്കൈകളിൽ നിറയെ മിഠായിയും തരും..ചിലർക്ക് വർണക്കടലാസും കുഞ്ഞു ബലൂണും കിട്ടും.. ഞങ്ങളുടെ മുഖത്തു വിരിയുന്ന സന്തോഷവും അത്ഭുതവും കണ്ട് അവരും ചരിതാർത്ഥരാവും.. അങ്ങനെ അന്നൊക്കെ ഞങ്ങളുടെ നാട്ടിൻ പുറത്തുള്ള എല്ലാ കുട്ടികളും ജാതി മത ഭേദമെന്യേ സന്തോഷിക്കുന്നൊരു ദിവസമായിരുന്നു നബിദിനം...
അന്നൊന്നും ഇരുമ്പു ഗേറ്റുകൾ ഞങ്ങളുടെ നാട്ടിൽ സാർവ്വത്രികമായിരുന്നില്ല. മരം കൊണ്ടുള്ള അഴികൾ കൊണ്ട് അല്പമൊന്ന് ഉയരത്തിൽ നിർമിച്ച കുറ്റ്യാംകഴലുകൾ .. അതിനപ്പുറത്ത് മരപ്പലകകൾ പാകിയ ചെറിയ ഗേറ്റ് പശുക്കൾക്കു വേണ്ടി.. എന്നിവയാണുണ്ടായിരുന്നത് .. വീടും മതിലും അതിനു മേൽ പതിച്ച കുപ്പിച്ചില്ലുമൊക്കെയെത്തിയത് കുറേ കഴിഞ്ഞാണ്.
അത്ഭുതാഹ്ലാദങ്ങളാൽ സ്വയം മറന്ന് ഉയരമുള്ള കഴലിന്മേൽ കയറി നിൽക്കുന്ന കുട്ടികളായ ഞങ്ങളിൽ ചിലരെ വീഴണ്ട ട്ടോ ന്നു പറഞ്ഞ് താഴെയിറക്കിയാവും മിഠായി തരുന്നത് .. എന്തൊരു സ്നേഹവും കരുതലുമായിരുന്നു എന്ന് ഓർക്കുമ്പോൾ മനസ്സ് വിനയാന്വിതമാവുന്നുണ്ടിപ്പൊഴും..
പിറ്റേന്നു സ്ക്കൂളിൽച്ചെല്ലുമ്പോഴാണ് രസം.. കൂട്ടുകാരായ മുസ്ലീം കുട്ടികൾ അവരുടെ പുസ്തകസഞ്ചിയിൽ നിന്ന് ഞങ്ങൾക്കായി വർണക്കൂട്ടൊരുക്കുമ്പോഴെന്തു സന്തോഷമാണെന്നോ ... പല പല നിറത്തിലുള്ള കടലാസുകൾ., തിളങ്ങുന്നവ.. കുഞ്ഞു കുഞ്ഞു കടലാസ്സു പൂക്കൾ എന്നിവയൊക്കെ അത്രയും കരുതലോടെ കാത്തുവെച്ച് ഞങ്ങൾക്കു നല്കിയിരുന്ന കാലം... അവരുടെ മനസ്സിലെ നിറഞ്ഞ സ്നേഹത്തിനു പകരം കൊടുക്കാൻ ഞങ്ങളുടെ മനസ്സിൽ പൂത്തുലയുന്ന സ്നേഹത്തിൻ്റെ പനിനീർ പൂക്കൾ മാത്രം.. കൈ നിറയെ അവർക്കായി തലേന്നു കിട്ടിയ മിഠായികളും പങ്കിട്ടെടുത്ത് ഞങ്ങളങ്ങനെ അന്നത്തെ ദിനവും ആഘോഷിക്കും..
വർത്തമാനകാലസാഹചര്യങ്ങളിലെ ചില സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരാമർശങ്ങളുമെല്ലാം കാണുമ്പോൾ പരസ്പരം ജീവനു തുല്യം ഉപാധികളില്ലാതെ സ്നേഹിച്ച നമ്മുടെ ബാല്യം എത്ര മനോഹരമായിരുന്നു എന്ന് ഒന്ന് ഓർത്തു പോയി ... എല്ലാവർക്കും നന്മകളുണ്ടാവാൻ പ്രാർത്ഥിക്കുന്നു ..