ഇതുപോലെ ഒരു ഫെബ്രുവരി പന്ത്രണ്ടാം തീയതി ആണ് അദ്ദേഹം ജനിച്ചത്. അതെ നൂറ്റിപ്പത്തു വർഷങ്ങൾക്കു മുൻപ്. അദ്ദേഹം മുന്നോട്ടു വച്ച പരിണാമ വാദ സിദ്ധാന്തവും, പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പും ഇന്നും വിവാദങ്ങളിൽ തന്നെ ജീവിക്കുന്നു. എങ്കിലും പൊതുവായ ഒരു പൂർവ്വ ജീവിയിൽ നിന്നാണ് ഇന്നറിയപ്പെടുന്ന എല്ലാ ജീവജാലങ്ങളും കാലഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞത് എന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ പൊതുവെ അംഗീകരിച്ചു കഴിഞ്ഞു.
വിശുദ്ധ ബൈബിൾ അവതരിപ്പിക്കുന്ന വിശ്വാസ പ്രമാണങ്ങൾക്കു നിരക്കാത്ത സിദ്ധാന്തങ്ങൾ അക്കാലത്തു അവതരിപ്പിച്ചിട്ടും അദ്ദേഹം കൊല ചെയ്യപ്പെട്ടില്ല എന്നത് അവിശ്വസനീയമായി തോന്നുന്നു. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ഉള്ള സമ്പന്ന കുടുംബത്തിൽ ജനിച്ചതു കൊണ്ടാവാം എതിർപ്പുകൾ അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിക്കാതിരുന്നത്. എങ്കിലും അദ്ദേഹം നേരിടേണ്ടിവന്ന എതിർപ്പും ആക്ഷേപവും, ഒറ്റപ്പെടലും അളവറ്റതായിരുന്നു. ഉത്പതിഷ്ണുക്കൾ അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിച്ചപ്പോൾ, ക്രിസ്തുമതവും, വിദ്യാസമ്പന്നരായ ഒരു വിഭാഗവും തീക്ഷ്ണമായി എതിർത്തു. നാച്ചുറൽ സെലക്ഷൻ ദൈവഹിതമായ ഒരു പ്രക്രിയ ആണെന്ന് ഒടുവിൽ ചർച് ഓഫ് ഇംഗ്ലണ്ടിലെ ചില പുരോഹിതന്മാർ അഭിപ്രായപ്പെടുകയും ചെയ്തു.