നെറ്റ്ഫ്ലിക്സിൽ Evolution-നെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയുടെ ആദ്യഭാഗം കണ്ടു. എന്നാൽ പരിണാമത്തെക്കുറിച്ചൊരു ചെറു പോസ്റ്റിടാം എന്നുവച്ചു.
പരിണാമസിദ്ധാന്തം ഇന്നും പലർക്കുമൊരു തമാശയാണ്. മഹാശ്രേഷ്ഠന്മാരായ തങ്ങൾ കുരങ്ങന്മാരിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നു വിശ്വസിക്കാൻ അവർക്ക് ഇഷ്ടമല്ല. അതുകൊണ്ടവർ പടച്ചോൻ മണ്ണുകുഴച്ചു ആണിനെയും, ആണിന്റെ വാരിയെല്ലൂരിയെടുത്ത് പെണ്ണിനേയും സൃഷ്ടിച്ചു എന്ന കഥ സസന്തോഷം സ്വീകരിക്കുന്നു.
അവർക്കെങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്യത്തെ ചോദ്യം ചെയ്യുന്നില്ല. അവർ ആ കഥയിൽ തുടർന്നും വിശ്വസിക്കട്ടെ.
ഭൂമി പരന്നതാണെന്ന് മനുഷ്യൻ നൂറ്റാണ്ടുകളോളം വിശ്വസിച്ചു. ഇപ്പോൾ ഏതാണ്ടെല്ലാവർക്കും ആ ധാരണ തെറ്റായിരുന്നുവെന്ന് മനസിലായി. ഇനിയും മനസിലാക്കിക്കാത്തവരും ഉണ്ടാവാം. അവരും മനുഷ്യരാണ്, മനുഷ്യാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവുമുള്ള മനുഷ്യർ.
ചാൾസ് ഡാർവിൻ പരിണാമത്തിന്റെ തിയറി മുന്നോട്ടു വച്ചെങ്കിലും അത് വേണ്ടവിധത്തിൽ തെളിയിക്കാനായില്ല. അതിന്റെ കാരണം - അന്നൊന്നും ഡി.എൻ.എയെക്കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിനുണ്ടായിരുന്നില്ല.
ജീനോംപഠനങ്ങൾ ശക്തമാകുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ്. ഇന്നാകട്ടെ, അത് അതിവേഗം ശക്തി പ്രാപിക്കുന്നു.
വിശ്വസിക്കുകയില്ല എന്ന ഉറച്ച തീരുമാനമില്ലാത്തവർക്കെങ്കിലും പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കാനുള്ള എല്ലാ തെളിവുകളും നിലവിലുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ഫ്രാൻസിസ് പാപ്പ ഇന്നു നാം കാണുന്ന മനുഷ്യൻ പരിണാമത്തിലൂടെ ഉണ്ടായതുതന്നെയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.
എങ്കിലും മാർപാപ്പയേക്കാൾ വലിയ, നമ്മുടെയിടയിലുള്ള, അച്ചായന്മാരിൽ ചിലർ ഇന്നും പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കുകയില്ല.
പരിണാമസിദ്ധാന്തത്തിൽ അറിയാതെ വിശ്വസിച്ചുപോയാൽ തങ്ങളുടെ "വിശ്വാസം" ഇളകിപ്പോകുമോ എന്ന ഭയമാണ് അതിന്റെ കാരണം.
വിശ്വാസം. അതല്ലേ അവർക്കെല്ലാം.