നിങ്ങൾ എന്തായിരിക്കണം എന്നു തീരുമാനിക്കുന്നത് വലിയ കോർപറേറ്റുകളാണ്. സംശയമുണ്ടെങ്കിൽ നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രവും, പാദരക്ഷയും, വാച്ചും, നിങ്ങൾ കൊണ്ടുനടക്കുന്ന ഗാഡ്ജറ്റുകളും, നിങ്ങളുടെ വാഹനവും, നിങ്ങളുടെ തൊലിപ്പുറത്തെ ടാറ്റുവും, നിങ്ങളുടെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കുക.
നൈക്കിയുടെ പരസ്യത്തിലെ ആധുനിക യുവാവായി മാറാൻ, ഗുച്ചിയുടെ പരസ്യത്തിലെ സ്റ്റൈലിഷ് ഗേൾ ആയി മാറാൻ, ആപ്പിളിന്റെ പരസ്യത്തിലെ ടെക്കിയായി മാറാൻ, പാർദയുടെ പരസ്യത്തിലെ ചുള്ളനും, ചുള്ളത്തിയുമാകാൻ നിങ്ങൾ എത്ര പണമാണ് മുടക്കിയത്! പരസ്യത്തിലെ കാമുകനും, കാമുകിയും ആകാനായി നിങ്ങൾ സ്വന്തം ശരീരം ടാറ്റൂ ചെയ്തു വൃത്തികേടാക്കിയില്ലേ? ഇനിയും പറയു നിങ്ങളെ നിയന്ത്രിക്കുന്നത് ആരാണ്? ആരാണെങ്കിലും അതു നിങ്ങളല്ല.
ടോപ് ബ്രാൻഡുകളുടെ ഉല്പന്നങ്ങൾ ഗുണനിലവാരത്തിൽ മികച്ചതായിരിക്കും എന്നതിൽ സംശയമില്ല. എങ്കിലും അങ്ങനെയുള്ള ഉത്പന്നങ്ങൾ മറ്റുള്ളവരുടെ മുൻപിൽ അലക്ഷ്യമായും, ലക്ഷ്യബോധത്തോടെയും ഇനിങ്ങൾ പ്രദർശിപ്പിക്കാറില്ല? പരസ്യത്തിലെ മോഡലിനെപ്പോലെ നിങ്ങൾ ഒരു 'സംഭവമാണെന്ന് ' മറ്റുള്ളവരെ കാണിക്കാൻ വ്യഗ്രത കാണിക്കാറില്ല? അതാണ് പ്രശ്നം. ഈ കപടമായ ആത്മവിശ്വാസം ആണ് കോർപറേറ്റുകൾ വിൽക്കുന്നത്. ഈ കപടമായ ആത്മവിശ്വാസം സ്വന്തമാക്കാനാണ് നിങ്ങൾ സ്വന്തം പോക്കറ്റു കാലിയാക്കുന്നതും കടം വാങ്ങുന്നതും.
സത്യത്തിൽ നാമെല്ലാം ഇത്തരം സാധനങ്ങളെക്കാൾ വിലയുള്ളവരാണ്. ഉള്ളിലേക്കു നോക്കു. നമുക്കു മറ്റൊരാളെ സ്നേഹിക്കാനും, സഹായിക്കാനും കഴിയും. നമുക്കു മറ്റൊരു ജീവിയുടെ വേദനയും ആവശ്യവും അറിയാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും കഴിയും. അനന്തമായ ആകാശത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും. പൂവിന്റെ സുഗന്ധം നുകർന്ന് കിളിമൊഴി ആസ്വദിക്കാൻ കഴിയും. ഇതൊക്കെ നമ്മുടെ വലുപ്പമാണ്. ആന്തരികമായ വലുപ്പമാണ്. ഇതിനോളം വരില്ല പുറമെ ധരിക്കുന്ന ആഡംബരങ്ങൾ. സ്വന്തമായുള്ള വില കണ്ടെത്താനാകാത്തവർ ഇതുപോലുള്ള ബാഹ്യാഡംബരങ്ങൾ കൊണ്ട് താനൊരു 'സംഭവമാണെന്ന് ' മറ്റുള്ളവരെ ധരിപ്പിക്കാൻ ശ്രമിക്കും. പണമുള്ള ഏതു ശവത്തിനും ഇതൊക്കെ വാങ്ങി ധരിക്കാവുന്നതേയുള്ളു. കടം വാങ്ങാൻ ത്രാണിയുള്ള ഏതൊരാൾക്കും ഇതൊക്കെ സ്വന്തമാക്കാൻ കഴിയും. ഇതു കാണുന്നവർ നിങ്ങളെ ആദരിക്കുന്നതായി ഭാവിക്കും, പക്ഷെ അവർ ഉള്ളിൽ പറയും, "ഇതുപോലൊരു പൊങ്ങച്ചസഞ്ചിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല."
(സത്യത്തിൽ നിങ്ങളെക്കാൾ പൊങ്ങച്ചം കാണിക്കുന്നവരെപ്പറ്റി നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടില്ലെ?)