mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

women

സ്ത്രീകളെ ഭയക്കുന്ന ഭരണകൂടങ്ങളും മതങ്ങളും ഉള്ള ഭൂമിയിൽ എന്നാണിനി ഒരു വസന്തമുണ്ടാവുക! അസ്ഥിരമായ ഭരണകൂടങ്ങളും, അതേത്തുടർന്നുള്ള   അന്താരാഷ്‌ട്ര കൈകടത്തലും, പാവ-ഭരണകൂടങ്ങളും, ആഭ്യന്തര യുദ്ധങ്ങളും, മതാധിപത്യവും കൊണ്ടു താറുമാറായ ഒരു രാഷ്ട്രമാണ് അഫ്ഘാനിസ്ഥാൻ.

ഇന്നിതാ ഈ രാഷ്ട്രം സ്ത്രീകളെ അടുക്കളയുടെ ഇരുണ്ടയിടങ്ങളിലേക്ക് തളച്ചിടാൻ ഒരുങ്ങുന്നു. സ്ത്രീകൾ ഭരണത്തിൽ പങ്കാളികളാകാനോ, നേതൃസ്ഥാനങ്ങളിൽ എത്താനോ പാടില്ല. അവരുടെ അഭിപ്രായങ്ങൾ ഉയർന്നു കേൾക്കാൻ പാടില്ല. ഒരു ഭരണകൂടം പകുതിയോളം വരുന്ന അതിന്റെ അംഗങ്ങളോടു ചെയ്യുന്നത് എന്താണ്? അവരെ ബാല്യവിവാഹങ്ങളിലൂടെ പുരുഷന്മാരെയും അവരുടെ കാര്യങ്ങൾ നോക്കിനടത്തേണ്ട സ്ത്രീ ശരീശരീരങ്ങളെയും പെറ്റുകൂട്ടാനുള്ള യന്ത്രങ്ങളാക്കുകയാണ്. 

സ്ത്രീവിരുദ്ധ നിയമങ്ങളിലൂടെയും, അവയുടെ ശക്തമായ നിർവ്വഹണത്തിലൂടെയും, അഫ്ഘാൻ സ്ത്രീകളെ സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും തുടച്ചുമാറ്റുകയാണ് ആ രാഷ്ട്രം ഇപ്പോൾ ചെയ്യുന്നത്. വസ്ത്രധാരണം മുതൽ, ബാല്യവിവാഹം വരെ എത്തി നിൽക്കുന്നു ഈ മാറ്റങ്ങൾ. "Law on the Promotion of Virtue and the Prevention of Vice" എന്ന പേരിൽ വരുന്ന നിയമങ്ങൾ കാരണം പെൺകുട്ടികളുടെ വിദ്യാഭ്യാസനിഷേധം സംഭവിക്കുന്നു. ഈ നിയമപ്രകാരം പുരുഷന്റെ അകമ്പടിയോടെ മാത്രമേ പെൺകുട്ടികൾക്കും, സ്ത്രീകൾക്കും പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ പാടുള്ളു എന്നു വരുന്നു. അങ്ങനെ വരുമ്പോൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും, തൊഴിലിടങ്ങളിൽ നിന്നും അവർ സ്വാഭാവികമായും അപ്രത്യക്ഷരാകും. ഇത്തരം സ്ത്രീവിരുദ്ധ നടപടികൾ കാരണം പല രാജ്യങ്ങളും, പല വിദേശ ചാരിറ്റികളും അഫ്ഘാനിസ്ഥാനിലേക്കുള്ള സഹായങ്ങളും, ഫണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. അവശ്യ സാധനങ്ങളോ, മരുന്നുകളോ ഇല്ലാതെ ജനങ്ങൾ വലയുകയാണ്. ആശുപത്രികൾ മരണാലയങ്ങളായി മാറുകയാണ്. കുഞ്ഞുങ്ങൾ എണ്ണമില്ലാതെ മരണപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുകയാണ്. 

പുരുഷന്മാരെ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? നിങ്ങളെ പ്രസവിച്ചു വളർത്തിയ അമ്മമാരെയോ? അല്ലെങ്കിൽ നിങ്ങളുടെ കഞ്ഞുങ്ങളുടെ അമ്മമാരെയോ? അല്ലങ്കിൽ നിങ്ങളുടെ കൊച്ചുമക്കളെ പെറ്റു വളർത്തേണ്ട അമ്മമാരെയോ? ഹാ കഷ്ടം. പുരുഷന്മാരെ നിങ്ങൾ ഭീരുക്കളാണ്. നിങ്ങൾ ഭയക്കുന്നത് സ്ത്രീകളെയാണ്.

ഏതു മതപ്രമാണത്തെയും, ഏതു തത്വസംഹിതിയെയും ഏതു രീതിയിലും വ്യാഖ്യാനിച്ചെടുക്കാം. അതു വ്യാഖ്യാനിക്കുന്ന ആളിന്റെ കഴിവുപോലെയിരിക്കും. നല്ലതിനെ ചീത്തയാക്കി പ്രദർശിപ്പിക്കാനും, കൊള്ളരുതായ്മയെ ഉദാത്തവൽക്കരിക്കാനും  മിടുക്കുള്ള വ്യാഖ്യാതാവിനു കഴിയും. പക്ഷെ അത് സമൂഹത്തിന്റെ പകുതിയോളം വരുന്ന വ്യക്തികളുടെ സ്വാതന്ത്ര്യനിഷേധത്തിലേക്കാണ് വഴിതുറക്കുന്നതെങ്കിൽ, ആ വ്യാഖ്യാനങ്ങൾ കടലിൽ എറിയേണ്ടതാണ്. സ്ത്രീവിരുദ്ധമായ എല്ലാ ദുർവ്യാഖ്യാനങ്ങളും മനുഷ്യപുരോഗതിക്കെതിരെയുള്ള വെല്ലു വിളിയാണ്. ഇത്തരം ദുർവ്യാഖ്യാനങ്ങൾ മഹത്തായ മതങ്ങളെ പിന്തിരിപ്പൻ പ്രസ്ഥാനങ്ങളായി കരുതപ്പെടാൻ സാഹചര്യമൊരുക്കും. 

പുരുഷന്മാരെ, നിങ്ങൾ എന്തിനാണ് സ്ത്രീകളെ ഭയപ്പെടുന്നത്? അവർ നിങ്ങളുടെ അമ്മമാരാണ്. ഭരണകൂടങ്ങളുടെ തലപ്പത്തോ, പ്രസ്ഥാനങ്ങളുടെ തലപ്പത്തോ, തീരുമാനങ്ങൾ എടുക്കേണ്ട സ്ഥാനങ്ങളിലോ അവർ എത്തിയാൽ നിങ്ങളെ അവർ കശാപ്പു ചെയ്യുമെന്നാണോ കരുതുന്നത്? ഒരമ്മയ്ക്കും അതു കഴിയില്ല. നിങ്ങളുടെ കുരുത്തക്കേടിനെ അവർ ശാസിച്ചു കീഴ്പ്പെടുത്തും, നിങ്ങളുടെ അത്യാഗ്രഹത്തെ അവർ ചെറുക്കും, നിങ്ങളുടെ അമിത ചൂഷണാസക്തിയെ അവർ നിർവീര്യമാക്കും. അത്രമാത്രം. നിങ്ങൾക്കു കുരുത്തക്കേടു കാട്ടാനും, അത്യാഗ്രഹത്താൽ അമിത ചൂഷണം ചെയ്യാനും വേണ്ടി മാത്രമാണ് സ്ത്രീകളെ നിർവീര്യരാക്കാൻ ശ്രമിക്കുന്നത്. പുരുഷന്റെ മനോവൈകല്യങ്ങളെ അലംഘനീയമായി കൊണ്ടാടാൻ സ്ത്രീയെ നിശ്ശബ്ദരാക്കേണ്ടത് അവന്റെ സ്വാർത്ഥത മാത്രമാണെന്ന് വ്യക്തമാണ്.  ഭൂമിയിൽ 
യുദ്ധങ്ങൾ ഉണ്ടാകുന്നത് പുരുഷന്മാരെ നിങ്ങൾ ഭരിക്കുന്നതുകൊണ്ടാണ്. പ്രകൃതിയെ അമിതചൂഷണത്തിലൂടെ നശിപ്പിക്കുന്നത്, പുരുഷന്മാരെ നിങ്ങൾ തീരുമാനം എടുക്കുന്നതുകൊണ്ടാണ്. അസമത്വത്തെ ഉദാത്തവൽക്കരിക്കുന്നതു പുരുഷന്മാരെ നിങ്ങളുണ്ടാക്കിയ മാനിഫെസ്റ്റോകളാണ്. ഭൂമിയിൽ സ്നേഹത്തിന്റെ ഉറവകൾ  വറ്റിപ്പോകുന്നത്, പുരുഷന്മാരെ നിങ്ങൾ സൃഷ്ഠിച്ച ദൈവങ്ങളും, മതങ്ങളും നിലനിൽക്കുന്നതുകൊണ്ടുമാത്രമാണ്.

സ്ത്രീയെ ഓരോ ചുവടും ഇരുട്ടിലേക്കു നീക്കുമ്പോൾ, പുരുഷാ, നീ അവളുടെ മുന്നിൽ ഭീരുവാണെന്നു നിശബ്ദനായി പ്രഖ്യാപിക്കുകയാണ്. നീ അവൾക്കു മുന്നിൽ അടിയറവു പറയുകയാണ്. ചങ്കൂറ്റമുണ്ടെങ്കിൽ അവളെ തുറന്നുവിടു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ