മലയാളത്തെ സ്നേഹിക്കുക നാം മറുഭാഷകളെ പിന്നീട്. തുമ്പയും തെച്ചിയും മന്ദാരവും കൊങ്ങിണിപ്പൂവും പൂത്തുലയുന്ന ഗ്രാമ നൈർമല്യമോരുന്ന മലയാളികൾക്കായി ഒരു സംസ്ഥാനം. മലയാളം സംസാരിക്കുന്നവർക്കായി രൂപമെടുത്ത ഇന്നാട്ടിൽ ഭാഷാ മാധുരി പോലെത്തന്നെ ഒരു പാട് നന്മകളും വേരുകൾ പടർത്തിയിരുന്നു.
കാടും മലകളും കുന്നും താഴ്വാരങ്ങളും പുഴയൊഴുക്കുകളും കൊണ്ട് പ്രകൃതി രമണീയക്കാഴ്ചയൊരുക്കി പരിലസിക്കുന്ന നമ്മുടെ പുണ്യഭൂമി . താഴമ്പൂ മണവും ചൂടി വരുന്ന ഒരു കുളിർത്തെന്നലിനുമുണ്ടാവും ഒരായിരം കളി ചിരികൾ നമ്മുടെ കാതിൽ പകരാൻ. ആയിരം കിളിയൊച്ചകൾക്കുമുണ്ടാവും നമ്മളോടൊന്നെയോ ചങ്ങാത്തവും ചൊല്ലി കൂട്ടുകൂടാൻ. പൊട്ടിച്ചിരിയോടെ കുണുങ്ങിയൊഴുകുന്ന കാട്ടുപൂഞ്ചോലകൾക്കുമുണ്ടാവും തരളിതമായ ഒരു ഗാനം നമ്മോടൊത്തു മൂളാൻ. ഇത്തരമുള്ള നന്മക്കാഴ്ചകളെല്ലാമെവിടെയോ പോയൊളിച്ചുവോ?
നന്മകൾക്കു നിറം കെടുന്ന കാലത്ത് പുണ്യ പ്രവർത്തികൾ നിഷ്കാമ കർമ്മമെന്നോണംചെയ്ത് സമൂഹത്തിലെ അരികുപറ്റിയ പാവങ്ങളുടെ കണ്ണീരൊപ്പുന്നവരെ നിഷക്കരുണം അപര വിദ്വേഷത്താൽ ആക്ഷേപിക്കുമ്പോൾ നാം പഠിക്കേണ്ടൊരു പാoമുണ്ട്. ഇവിടം വാസയോഗ്യമല്ലാതാക്കുന്നവർ കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. ജാഗ്രതയോടെ വേണം ഓരോ കാലടിവെപ്പും. അരാജകത്വ സമാനമായ അന്തരീക്ഷത്തിൽ നമ്മെ നാം തന്നെ കാത്തേ മതിയാവൂ.. എല്ലാ മലയാളികൾക്കും കേരളപ്പിറവി ദിന ആശംസകൾ നേരുന്നു..!