mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു ജന്മം മുഴുവൻ മലയാള ഭാഷയ്ക്കു വേണ്ടി നീക്കിവച്ച ഭാഷാപണ്ഡിതനും ഭാഷാ ഗവേഷകനുമായിരുന്ന ഡോ. കെ. ഉണ്ണിക്കിടാവിന്റെ ജന്മശതാബ്ദി ദിനമായിരുന്നു 2020 ആഗസ്റ്റ് 20. 1920 ആഗസ്റ്റ് 20 നു കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ മേലൂരിലെ ആന്തട്ട എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ദീർഘ കാലം മദ്രാസ് പ്രസിഡൻസി കോളജിൽ അദ്ധ്യാപകനായിരുന്നു. അതിനു മുമ്പ് കൊയിലാണ്ടിയിലെ പൊയിൽക്കാവ് സ്കൂൾ, ഗവ. ബോയ്സ് ഹൈസ്‌കൂൾ തുടങ്ങിയ വിവിധ സ്‌കൂളുകളിലും പാലക്കാട്‌ വിക്ടോറിയ കോളജ്, ചെന്നൈ ഗവ. ആർട്സ് കോളജ് എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു.

ഏഴു പതിറ്റാണ്ടു നീണ്ട തന്റെ ഭാഷാഗവേഷണ പ്രവർത്തനത്തിനിടയിൽ അദ്ദേഹം നൂറുകണക്കിനു ഗവേഷണ പ്രബന്ധങ്ങൾ രചിക്കുകയും അവയിൽ കുറെയൊക്കെ വിവിധ മാഗസിനുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ താനെഴുതിയവ പ്രസിദ്ധീകരിക്കുന്നതിലും പുസ്തകമാക്കുന്നതിലുമൊന്നും യാതൊരു താല്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അത്തരം കാര്യങ്ങളിൽ ഋഷി സമാനമായ നിസ്സംഗതയും നിർമമതയുമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന ഭാവം.ഭാഷാന്വേഷണം അദ്ദേഹത്തിന് ഒരു നിയോഗമായിരുന്നു. അതിൽ അതിനെക്കുറിച്ചല്ലാതെ മറ്റൊന്നും അദ്ദേഹം ചിന്തിക്കുകയോ യാതൊന്നും അദ്ദേഹത്തെ ബാധിക്കുകയോ ചെയ്തിരുന്നില്ല.

മറ്റുള്ളവരുടെ നിർബന്ധം കൊണ്ട്, അതും മൗനം സമ്മതമായെടുത്ത്, എൺപത്തി രണ്ടാം വയസ്സിലായിരുന്നു വിവിധ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ആദ്യ പുസ്തകം "മലയാളവും മിശ്രഭാഷകളും "പ്രസിദ്ധീകരിച്ചത്.

സംഘകാല സാഹിത്യങ്ങളെക്കുറിച്ച് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ഒരു തമിഴ് ഭാഷാ പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം.

മലയാളം തമിഴിൽ നിന്നുണ്ടായതാണെന്നു വാദിച്ച പണ്ഡിതന്മാരോട് കലഹിച്ചും അവരെ അതിനിശിതമായി ചോദ്യം ചെയ്തും അദ്ദേഹം തെളിവു സഹിതം സ്ഥാപിക്കാൻ ശ്രമിച്ചത് മലയാളം തമിഴിനെപോലെ പൂർവദ്രാവിഡത്തിൽ നിന്നുത്ഭവിച്ച ഒരു സ്വതന്ത്ര ഭാഷയാണെന്നാണ്.അദേഹത്തിന്റെ സമകാലികരായ പണ്ഡിതന്മാരിൽ പലരും അവരുടെ ആചാര്യ സ്ഥാനീയരുടെ അഭിപ്രായങ്ങൾ മറിച്ചായതിനാൽ ഗുരു നിന്ദ ഭയന്നും വിധേയത്വം കാരണവും മൗനം പാലിച്ചപ്പോൾ ഉണ്ണിക്കിടാവ് സധൈര്യം മലയാളത്തിനു വേണ്ടി വാദിച്ചു , മലയാളവും തമിഴും സഹോദരിമാരാണെന്ന്.

പ്രാചീന ഭാരതീയ സംസ്കാരത്തിന്റെ തദ്ദേശീയമായ വകഭേദങ്ങൾ മാത്രമാണ് പഴന്തമിഴ് സംസ്കാരമടക്കമുള്ള ഇതര ഭാരതീയ പ്രാദേശിക ഭാഷാ സംസ്കാരങ്ങളെന്നതും അദ്ദേഹത്തിന്റെ മൗലികമായ ഒരു നിരീക്ഷണമാണ്.

ഡോ. ഉണ്ണിക്കിടാവിന്റെ പഠന രീതിയുടെ ഭാഗമായി ശേഖരിച്ചുവച്ച കുറിപ്പുകൾ ഉൾക്കൊള്ളുന്ന മുപ്പതിൽ അധികം വരുന്ന ഡയറികൾ തീർച്ചയായും ഭാവിയിലെ ഭാഷാ ഗവേഷക വിദ്യാർത്ഥികൾക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും.

ഡോ. ഉണ്ണിക്കിടാവിനെ വായിക്കുമ്പോൾ അദ്ദേഹത്തിനുള്ളിലെ ഒരു ചരിത്ര കുതുകിയുടെ സജീവ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയം ഭാഷാന്വേഷണമാണെങ്കിലും അവയിൽ ചരിത്രാന്വേഷകർക്ക് സാദ്ധ്യതകൾ തേടാവുന്ന ചരിത്ര സൂചനകളുടെ ഒരു കലവറ തന്നെയുണ്ട്.

തന്റെ വാദങ്ങൾ തെളിവു സഹിതം അവതരിപ്പിക്കുമ്പോൾ മറുപക്ഷത്തു നിൽക്കുന്നവരുടെ വലുപ്പചെറുപ്പമൊന്നും അദ്ദേഹം നോക്കാറില്ല.പക്ഷേ അങ്ങനെ കലഹിക്കുമ്പോഴും അവരോടെല്ലാം ശിശുസഹജമായ സ്നേഹവും ആദരവുമായിരിക്കും ആ മനസ്സു നിറയെ.

ഒരായുസ്സു മുഴുവൻ മലയാളത്തിനു വേണ്ടി ജീവിച്ച ഋഷി തുല്യനായ ഈ ഭാഷാ പണ്ഡിതനെ, പക്ഷേ, മലയാളികളും മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഔദ്യോഗിക സംവിധാനങ്ങളും ഒരിക്കലും (ആദ്യ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ ഐ. സി. ചാക്കോ എൻഡോവ്മെന്റ് പുരസ്‌കാരം ലഭിച്ചത് വിസ്മരിക്കുന്നില്ല ) വേണ്ട രീതിയിൽ ഓർമിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.കാരണം അദ്ദേഹം എന്നും വിഗ്രഹഭഞ്ജകനായിരുന്നല്ലോ.

ആദ്യ പുസ്തകത്തിനു ശേഷം അദ്ദേഹത്തിന്റെ മരണാനന്തരമാണ് ബാക്കി 10 പുസ്തകങ്ങളും പുറത്തു വന്നത്.പ്രസിദ്ധീകരിക്കാൻ ഒട്ടേറെ ഇനിയും ബാക്കിയുണ്ട്. ഇറങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രിയപത്നി, കവിയും കഥാകാരിയും ചിത്രകാരിയും അധ്യാപകയുമായ
ഡോ. വി. പദ്മാവതി സ്വന്തം പണവും അദ്ധ്വാനവും ചെലവാക്കി അദ്ദേഹത്തിനായുള്ള ഒരു സ്മാരകമെന്ന നിലയിൽ പ്രസിദ്ധീകരിച്ചവയാണ്ല.

മലയാളത്തിന്റെ അഭിമാനമായ NBS അദ്ദേഹത്തിന്റെ "പതിറ്റിപ്പത്ത് മൂലവും വ്യാഖ്യാനവും "എന്ന കൃതി പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞു സ്വീകരിച്ചിട്ട് നാലു വർഷമായെങ്കിലും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഈ ജന്മശതാബ്ദി വേളയിലെങ്കിലും അവരത് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം .

ജീവിച്ചത് ചെന്നൈയിലായിരുന്നെങ്കിലും മാതൃഭാഷയോടെന്നപോലെ ജന്മനാടിനോടും നാട്ടുകാരോടും അദമ്യമായ ആത്മബന്ധം എന്നും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

മരണംവരെ ലളിത ജീവിതം നയിച്ചിരുന്ന ഡോ. ഉണ്ണിക്കിടാവ് ചിന്തയിലും പ്രവൃത്തിയിലും ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു.

മലയാളവും മിശ്രഭാഷകളും,മലയാള പരിണാമവാദ ചർച്ച, അക്ഷരകാണ്ഡം,ഭാഷാന്വേഷണം, പുനരവലോകനം, ചില ലീലാതിലക പ്രശ്നങ്ങൾ, സംഘസാഹിത്യ പഠനങ്ങൾ, സംഘകാല കൃതികളിലെ തമിഴ് സംസ്കാരം, മലയാളം ദേശവും ഭാഷയും, ഭാഷയും ചരിത്രവും, രണ്ടു ഗീതകൾ, എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികൾ.

അക്ഷരാർത്ഥത്തിൽ മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുടെ അരികും ആഴവും അന്വേഷിച്ച് അനശ്വരതയിലേക്ക് നടന്നു നീങ്ങിയ ആ മഹാമനീഷിയുടെ ഓർമ്മകൾക്കു മുമ്പിൽ ജന്മശതാബ്ദി വേളയിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ