mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പൗരാണിക കഥാസാഗരത്തിലെ വിശിഷ്ടമായ മുത്തുകൾക്കു വേണ്ടി ആഴക്കടലിൽ തപ്പേണ്ടതില്ല എന്നതിന്റെ ഓർമപ്പെടുത്തലായി ശ്രീമതി സുഗതകുമാരിയുടെ 'കൃഷ്ണ നീയെന്നെ അറിയില്ല' എന്ന കവിത.

സ്വന്തം ഭാവനാ പ്രപഞ്ചത്തിൽ നിറവും മിഴിവുമുറ്റ അവിസ്മരണീയ മുഹൂർത്തങ്ങളെ ആവിഷ്ക്കരിക്കാർ ചിലർക്ക് ഒരു പ്രത്യേക വാണീവിലാസം തന്നെയുണ്ട് എന്നു സമ്മതിച്ചേ തീരൂ.
സ്ത്രീ മനസ്സ് എന്നും ഉത്തരം കിട്ടാത്ത പ്രഹേളിക പോലെയും പൂരിപ്പിക്കാനാവാത്ത സമസ്യ പോലെയുമാണെന്നു തോന്നിപ്പോകും പലപ്പോഴും. ഒരു യുഗം മിനക്കെട്ടാലും അതിന്റെ വികാരവിചാര പ്രവാഹവേഗങ്ങളെക്കുറിച്ചും ചുഴികളെക്കുറിച്ചും ആഴപ്പരപ്പുകളെക്കുറിച്ചും മനസ്സിലാക്കുകയെന്നത് അസാധ്യമെന്നു സാരം.
സ്ത്രീ പുരുഷ ഭേദമില്ലാതെ ഗോപവാടത്തിലെ സകലരുടേയും അഭയസ്ഥാനവും ആശ്രയവുമായിരുന്ന മനോമോഹനനായ വേണുഗോപാലൻ തന്റെ മാത്രം സ്വന്തമെന്നു കരുതി സ്നേഹിച്ചവരാണ് ഓരോരോ ഗോപസ്ത്രീയും .
എന്നും ആ മായികസ്മിതമാകുന്ന പൂനിലാവേറ്റ് നിഴൽ പോലെ അദ്ദേഹത്തെ പിന്തുടരാനവർ ആഗ്രഹിച്ചു. പ്രിയ സഖിയായ രാധികാ ദേവിയുടെ അകൈതവമായ ഭക്തൃന രാഗങ്ങൾ എന്നും മനസ്സിലൊരു നിധിപോലെ സൂക്ഷിച്ചിരുന്ന മുരളീധരന്റെ പ്രാണപ്രേയസിയാവുകയെന്നത് ജീവിതാഭിലാഷമായെണ്ണിയഗോപികമാർ ദൂരെ നിന്നും കേൾക്കുന്ന ഓടക്കുഴൽ നാദത്തിനു കാതോർത്ത് സ്വന്തം കർമ മണ്ഡലങ്ങളെപ്പോലും വിസ്മരിച്ചു പലപ്പോഴും. ജീവിതമെന്നത് ഏവർക്കും ഒരുപോലെയാവില്ലല്ലോ. സമ്മിശ്രമായ വിധി നിർണയങ്ങളും അനുഭവച്ചാർത്തുകളും നൽകി അതു പലപ്പോഴും നമ്മെയെല്ലാം അത്ഭുതപ്പെടുത്താറുണ്ട് എന്നതാണ് സത്യം.

തുറന്നു പറയാത്ത അനുരാഗം മനസ്സിന്റെ ചെപ്പിലൊതുക്കി മായാ മനോഹരനായ കൃഷ്ണനെ ഹൃദയത്തോടു ചേർത്ത് ഏറെക്കാലമായി നിശ്ശബ്ദം ആരാധിക്കുന്ന ഒരു ഗോപിക. അവൾ കരുതിയത് തന്നെ കൃഷ്ണൻ അറിയില്ലെന്നാണ്. ആ മനസ്സിൽ സ്ഥാനം പിടിക്കാൻതക്ക യാതൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ലല്ലോ.

എന്നാൽ പരമാത്മസ്വരൂപനായ ആ പരംപൊരുൾ സകലതും അറിയുന്ന ശക്തിവിശേഷംതന്നെയാണല്ലോ. ജീവിതത്തിൽ ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ട കർമ ഗതികൾ വിഭിന്നമായിരിക്കും. പ്രകടനപരതയെക്കാൾ ആത്മാർത്ഥതയ്ക്കാണ് കൂടുതൽ മൂല്യം ലഭിക്കുകയെന്ന പ്രാപഞ്ചിക സത്യം അനാവൃതമാകുന്നു ഈ കൃതിയിൽ. അത്രമാത്രം വിദഗ്ദ്ധമായ കയ്യടക്കത്തോടെ കവയിത്രി ഇവിടെ മധുരോദാരമായി കുറിച്ചിടുന്നു.
അ ക്രൂരനൊപ്പം മധുരയിലേക്കുള്ള യാത്രാമധ്യേ തന്റെ കുടിലിനു മുന്നിൽ ആ തേരൊന്നു നിർത്തി കൃഷ്ണൻ കരുണാർദ്രമായ മന്ദഹാസം അവൾക്കേകുന്നു ...!പരമാത്മചൈതന്യത്തെ വാരിപ്പുണരാനുള്ള സൗഭാഗ്യം സകല ചരാചര പ്രപഞ്ചത്തിനു മുണ്ടെന്ന തിരിച്ചറിവാണിവിടെ ഗോപികയുടെ ചിരകാലാഭിലാഷമായി പൂവണിഞ്ഞു നിൽക്കുന്നത്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ