mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച അതിൻ്റെ ഉത്തുംഗശൃംഗങ്ങളിലെത്തിയെന്ന് മനുഷ്യൻ അഹങ്കരിച്ചിരുന്ന ഒരു കാലഘട്ടമാണിത്. ഈ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്നോണം ചൈന

പ്രഭവകേന്ദ്രമായി കൊറോണ എന്ന വൈറസ് പൊട്ടിപ്പുറപ്പെട്ടു. ഇന്ന് മാനവരാശിയെ ആകപ്പാടെ പരിഭ്രാന്തിയുടേയും ആശങ്കയുടേയും മുൾമുനയിലാഴ്ത്തിയിരിക്കുന്നു. ചൈനയിൽ തുടങ്ങി യൂറോപ്പിലൂടെ, ഏഷ്യയിലൂടെ ലോകമെമ്പാടും ഈ പകർച്ചവ്യാധി പടർന്ന് പിടിച്ച് കഴിഞ്ഞു. വികസിതമെന്നോ വികസ്വരമെന്നോയെന്ന വ്യത്യാസമില്ലാതെ ലോകരാഷ്ട്രങ്ങളിലെല്ലാം കലാകായിക രാഷ്ട്രീയ സാമ്പത്തികസാമൂഹ്യനയതന്ത്രമേഖലകളെ നിശ്ചലമാക്കി കോവിഡ് 19 അതിൻ്റെ മാരകപ്രഹരശേഷി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എഴുപത്തി ആറായിരത്തിലധികം പേർക്ക് ജീവഹാനി ഇതിനകം സംഭവിച്ചു കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കോവിഡ് 19 ബാധിച്ചു കഴിഞ്ഞു.നാളെയൊരു പക്ഷേ ഈ കണക്കുകളിലുണ്ടാവുന്ന വർദ്ധനവ് അതി ഭയാനകമായിരിക്കും.വ്യക്തിശുചിത്വവും സാമൂഹിക അകലവും മാത്രമാണ് ഇതിനെ തടഞ്ഞു നിർത്താനുള്ള ഏക പോംവഴി.

മനുഷ്യസമൂഹത്തിൻ്റെ വളർച്ചയ്ക്ക് പലപ്പോഴും ഭീഷണിയുയർത്തിയവയാണ് ദാരിദ്ര്യം, യുദ്ധം, പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവ.എക്കാലത്തും മാനവരാശിയ്ക്ക് സമൂഹനാശം വരുത്താൻ മറ്റ് ദുരന്തങ്ങളേക്കാളും പകർച്ചവ്യാധികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഉദാഹരണമായി ബ്ലാക്ഡെത്ത് എന്ന പേരിൽ അറിയപ്പെടുന്ന പ്ലേഗ് അപഹരിച്ചത് ഏകദേശം ഇരുപത് കോടിയോളം മനുഷ്യ ജീവനുകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരുപതാം നൂറ്റാണ്ടിലും പല തരം പകർച്ചവ്യാധികൾ ഉടലെടുത്തു. സ്പാനിഷ് ഫ്ലൂ, എയ്ഡ്സ്, എബോള, വസൂരി എന്നിവ ഇവയിൽ ചിലത് മാത്രം.

ലോകത്തിലെ സമകാലിക പരിതസ്ഥിതിയുടെ പരിഛേദം ഇന്ത്യയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ശക്തമായ പ്രതിരോധ നടപടികളുടെ ഫലമായി കൊറോണ വൈറസിൻ്റെ സമൂഹ വ്യാപനത്തോത് താരതമ്യേന കുറവാണെന്ന് പറയാം.

സമൂഹത്തിൽ ചലനം സൃഷ്ടിക്കുന്നതിനാൽ സാഹിത്യത്തെ വേർതിരിച്ച് നിർത്താനാവില്ല. അതു കൊണ്ട് തന്നെ ഈ ലോക്ഡൗൺ കാലം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് നോക്കാം. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനഫലമായി ഏവർക്കും തൻ്റേതായ സംഭാവനകൾ സാഹിത്യത്തിന് സമ്മാനിക്കാൻ സാധിച്ചു. കൊറോണയെ ആസ്പദമാക്കി കഥകളും കവിതകളും ലേഖനങ്ങളുമായി ഈ ലോക്ഡൗൺ കാലത്തിൻ്റെ വിരക്തി ആഘോഷമാക്കി മാറ്റുകയാണ് മലയാളികൾ. മലയാള സാഹിത്യലോകത്ത് മുൻപും ഇത്തരം മഹാമാരികളെ അധികരിച്ചുള്ള ശ്രദ്ധേയമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

മഴയുടേയും അതു സൃഷ്ടിച്ച കനത്ത പ്രളയത്തിൻ്റെ അതിഭീതിദമായ സമസ്തഭാവങ്ങളും തകഴി ശിവശങ്കരപ്പിള്ള തൻ്റെ വെള്ളപ്പൊക്കത്തിൽ എന്ന കൃതിയിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. അന്ധകാരഭീകരമായ അന്തരീക്ഷത്തിൽ ചേന്നപ്പറയൻ്റെ വളർത്തുനായ അനുഭവിക്കുന്ന അതിദാരുണമായ അവസ്ഥ ചിത്രീകരിക്കുന്ന ഈ കഥ ഒരു പക്ഷേ വായനക്കാരനെ കണ്ണീരണിയിക്കാൻ പോന്നതാണ്. തൻ്റെ കുടിൽ വെള്ളപ്പൊക്കത്തിൽ ഏതുനിമിഷവും തകരുമെന്ന സ്ഥിതി വന്നപ്പോൾ അയൽക്കാരൻ്റെ വള്ളത്തിൽ കുടുംബത്തോടൊപ്പം കയറി രക്ഷപ്പെടുന്ന ചേന്നൻ പക്ഷേ തൻ്റെ വളർത്തു നായയെ മറന്നു പോയി.ഇടിഞ്ഞു വീഴാറായ കുടിലിൻ്റെ മുകളിൽ ആ സാധുമൃഗം അതിജീവനത്തിനായി അനുഭവിക്കുന്ന നിസ്സഹായാവസ്ഥ വായനക്കാരെ പലപ്പോഴും സംഘർഷത്തിലാഴ്ത്തുന്നതിന് തകഴിയ്ക്ക് കഴിഞ്ഞു. വെള്ളപ്പൊക്കം മൂലം സമസ്ത ജീവജാലങ്ങളും അഭിമുഖീകരിക്കുന്ന ചുറ്റുപാടുകൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നാമും അനുഭവിച്ചതാണ്. കഥയുടെ അവസാനത്തിൽ വെള്ളമിറങ്ങി തിരിച്ചു കുടിലിലെത്തിയ ചേന്നൻ തൻ്റെ നായയെ അന്വേഷിക്കുന്നു. ഒരു തെങ്ങിൻ ചുവട്ടിൽ ആ ജീവിയുടെ അഴുകിയ ശവശരീരം പെരുവിരൽ കൊണ്ട് തിരിച്ചും മറിച്ചും നോക്കി തൻ്റെ വളർത്തുനായയാണെന്ന് ഉറപ്പു വരുത്താൻ ചേന്നൻ ശ്രമിക്കുന്നു.


കേവലം എൻ.വി എന്ന രണ്ടക്ഷരം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് എൻ.വി.കൃഷ്ണവാര്യർ. വൈകാരികതയ്ക്കും ഗഹനതയ്ക്കും ഇടയിലുള്ള ആഖ്യാനശൈലിയിലുള്ള അദ്ദേഹത്തിൻ്റെ കവിതകൾ സമൂഹത്തിലെ കെട്ടുകാഴ്ചകളേയും പൊയ്മുഖങ്ങളേയും പരിഹാസരൂപേണ പുറത്ത് കാട്ടുന്നു. നിശിതമായ സാമൂഹിക വിമർശനമാണ് എൻ.വി കൃതികളുടെ മുഖമുദ്ര.ബംഗാൾക്ഷാമത്തെ അധികരിച്ച് എൻ.വിയെഴുതിയ എലികൾ എന്ന കവിത കൊളോണിയലിസത്തിൻ്റെ സൃഷ്ടിയായ ക്ഷാമത്തിൻ്റെ സംഭ്രമജനകമായ മുഖം വരച്ചിടുന്നു.
"ആട്ടമനക്കമടങ്ങി, തെരുവുകൾ പെട്ടെന്നിരുട്ടിൽ മുഴുകുകയായ്"
എന്നു തുടങ്ങുന്ന കവിത സമകാലീനമലയാളിയ്ക്ക് മനസ്സിലാക്കാൻ പ്രയാസമില്ല. തീറ്റ തേടിയിറങ്ങുന്ന എലിയും സംഘവും കാണുന്ന കാഴ്ചകൾ വളരെ ദയനീയമായിരുന്നു. കടുത്ത ഭക്ഷ്യക്ഷാമം നിമിത്തം എങ്ങും ചിതറിക്കിടക്കുന്ന ശവശരീരങ്ങൾ. പാതി മരിച്ചവരുടെ ഞെരക്കങ്ങൾ.
"ഇല്ല സാമ്രാജ്യവുമില്ലടിമത്തവു-
മില്ല മാത്സര്യവും മൂഷികരിൽ "
എന്ന വരികളിലൂടെ മനുഷ്യൻ്റെ സ്ഥാനമാനങ്ങളോടുള്ള ആർത്തി വ്യക്തമാക്കുന്നു. ഒടുവിൽ നിങ്ങൾക്കിതൊന്നും മനസ്സിലാവുന്നില്ല
നിങ്ങളെലികളോ മാനുഷരോ "
എന്ന പുഛം വായനക്കാരനു മുന്നിലേക്ക് ചോദ്യരൂപേണ വലിച്ചെറിയുകയാണ് കവി. 

നിരക്ഷരനായ രാമർ എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് യു.കെ.കുമാരൻ്റെ തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൻ്റെ ഗതി വിഗതികൾ നിർണ്ണയിക്കപ്പെടുന്നത്. വടക്കേ മലബാറിലെ പയ്യോളിക്കടുത്ത തച്ചൻകുന്ന് എന്ന ഗ്രാമമാണ് പശ്ചാത്തലം. ചരിത്രസംഭവങ്ങളെ ഭാവനാത്മകമായ ജീവിതത്തോടു സമരസപ്പെടുത്തി ഒരു പ്രദേശത്തിൻ്റെ കഥ സഹജമായ രീതിയിൽ വായനക്കാരന് അനുഭവവേദ്യമാകുന്നു. ഒരു ഗ്രാമത്തിൻ്റെ സകലസവിശേഷതകളും സമസ്തമേഖലകളും അസാമാന്യ കൈയടക്കത്തോടെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടിലുണ്ടായ ഭക്ഷ്യ ദൗർലഭ്യം അതിൻ്റെ തനത് രൂക്ഷതയിൽ ഈ നോവലിൽ പ്രതിപാദിക്കുന്നു. തക്ഷൻ കുന്നിലെ പാവപ്പെട്ടവരുടെ പട്ടിണി മാറ്റാനായി രാമർ തൻ്റെ ആത്മസുഹൃത്തുക്കളായ കുഞ്ഞിക്കേളുവിനും ചേക്കുവിനുമൊപ്പം ശ്രമിക്കുന്നു. ഇതിനായി ഒരു നേരമെങ്കിലും ഗ്രാമവാസികൾക്ക് കഞ്ഞി കൊടുക്കാനായി അവർ തീരുമാനിക്കുന്നു. എന്നാൽ കഞ്ഞി കുടിക്കാൻ പോലും പാത്രമില്ലെന്ന് വേദനയോടെ തിരിച്ചറിഞ്ഞ രാമറും സുഹൃത്തുക്കളും വിശന്ന് വലഞ്ഞ ഗ്രാമവാസികളുടെ പശിയടക്കുന്നതിനായി ഗത്യന്തരമില്ലാതെ നിലത്ത് കുഴിയെടുത്ത് അതിൽ തേക്കില വെച്ച് കഞ്ഞി പകരുന്നു. ആർത്തിയോടെ ചുടുകഞ്ഞി കുടിക്കാൻ തളർന്നിരിക്കുന്നതിനിടെ അവരുടെ നടുവിലൂടെ പെട്ടെന്ന് വന്ന പോലീസ് വണ്ടി ഉയർത്തിവിട്ട ചെമ്മണ്ണിൻ്റെ പൊടി ഈ കഞ്ഞിയിൽ പാടപോലെ കെട്ടിനിൽക്കുന്നു. കനത്ത ഈ പാട നീക്കി ആർത്തിയോടെ കഞ്ഞി കുടിക്കേണ്ടി വരുന്ന ഗ്രാമവാസികളുടെ വിശപ്പിൻ്റെ ദൈന്യതയും നിസ്സഹായതയും വികാരപരമായ രംഗം സൃഷ്ടിക്കുന്നു. കത്തിക്കാളുന്ന ഉച്ചവെയിലിനേക്കാളും കഞ്ഞിയുടെ ചൂടിനേക്കാളും അവരുടെ ദൈന്യത അനുവാചകരുടെ ഹൃദയത്തെപ്പോലും പൊള്ളിക്കും.

ജീവിതഗന്ധിയായ എന്തും സാഹിത്യകാരന്മാർക്ക് തങ്ങളുടെ രചനകൾക്കുള്ള പ്രിയപ്പെട്ട പശ്ചാത്തലങ്ങളാണ്. അതുകൊണ്ട് തന്നെ ഓരോ മഹാമാരി കാലത്തെക്കുറിച്ചുമുള്ള രചനകൾ അതാത് കാലഘട്ടങ്ങളിൽ ഉടലെടുക്കുന്നു. സാഹിത്യവും സമൂഹവും തമ്മിൽ അഭേദ്യമായ ബന്ധം നിലനിൽക്കുന്നുണ്ട് എന്നതിന്റെ പ്രതിഫലനമാണ് ഭാവനയും ലോക്ക്ഡൗണും ഇണക്കി ചേർത്ത് രൂപംകൊള്ളുന്ന ഓരോ കൃതികളും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ