mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

college

Saraswathi T

എറണാംളം മഹാരാജാസ് കോളേജിൽ ഒരു അദ്ധ്യാപകൻ ശിഷ്യരാൽ അപമാനിക്കപ്പെട്ടു എന്നുള്ള വാർത്ത കാണുകയുണ്ടായി. അറിവു പകർന്നു തരുന്ന ഗുരുസ്ഥാനീയനായ അദ്ധ്യാപകനെ അതും അംഗപരിമിതിയുള്ള ഒരാളെ അപമാനിക്കുന്ന നിലയിലേക്ക് അധഃപതിച്ച ആ മനോവ്യാപാരത്തെക്കുറിച്ച് എന്തു പറയാനാണ്!

നമ്മുടെ സമൂഹത്തിന് ഇതിൽ വലിയൊരു പങ്കുണ്ട് എന്ന സത്യം മറന്നു കൂടാ. അദ്ധ്യാപകർ എന്നത് ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരം സ്വന്തം മനസ്സാക്ഷി തന്നെ പറഞ്ഞു തരും.

ഏറെ മോഹിച്ച് പ്രതീക്ഷകളോടെയാവും ഭൂരിഭാഗം പേരും ഈ രംഗത്തേക്ക് എത്തിയിരിക്കുക. അതും കുറച്ചു കാലങ്ങൾക്കു മുമ്പുവരെ വേതനത്തിൻ്റെ ആകർഷണീയതയൊന്നുമാവില്ല ഇത്തരം രംഗത്തേക്കു വരാൻ ഇവരെ പ്രേരിപ്പിച്ചത് എന്ന് ഏതാനും വർഷങ്ങൾക്കു മുമ്പുള്ള വേതന വ്യവസ്ഥകൾ പരിശോധിച്ചാലറിയാം.

തന്നെ പഠിപ്പിച്ച ഏതെങ്കിലും അദ്ധ്യാപകരോടുള്ള സ്നേഹവും ആരാധനയുമൊക്കെയാവാം ഈ രംഗത്തേക്കെത്താൻ പലരെയും പ്രേരിപ്പിച്ചത്. പുറമെ നിന്നു നോക്കുമ്പോൾ കാണുന്നതുപോലുള്ള ആകർഷണീയതയൊന്നും ഈ ജോലിക്ക് ഇപ്പോഴില്ല എന്നത് അനുഭവിച്ചവർക്കെങ്കിലും നിഷേധിക്കാനാവില്ല. പല തരം മാനസിക സമ്മർദ്ദങ്ങൾ, സഹപ്രവർത്തകരിൽ നിന്നോ മേലധികാരികളിൽ നിന്നോ നേരിടേണ്ടി വരുന്ന ഈഗോ പ്രശ്നങ്ങൾ, പഠന പ്രകിയയെക്കുറിച്ച് വിവരമില്ലാത്ത രക്ഷിതാക്കളുടെ അനാവശ്യമായ ഇടപെടൽ എന്നു തുടങ്ങി സ്വസ്ഥതയെ ഹനിക്കുന്ന ഒരു പാട് കടമ്പകൾ മറികടന്നും സഹനത്തിൻ്റെ പാരമ്യത്തിലെത്തിയും വീർപ്പുമുട്ടുന്ന ഒരു വിഭാഗമാണ് മിക്ക അദ്ധ്യാപകരും എന്നതാണ് സത്യം.

താനേറെ സ്നേഹിക്കുന്ന അദ്ധ്യാപകവ്യത്തിയോടും തൻ്റെ മുന്നിലിരിക്കുന്ന നിഷക്കളങ്കരായ കുഞ്ഞുങ്ങളോടുമുള്ള സ്നേഹവും അന്നം തരുന്ന സ്ഥാപനത്തോടുള്ള ആത്മാർത്ഥമായ പ്രതിബദ്ധതയും മനസ്സിലേറ്റി മനസ്സിലേറ്റ മുറിവുകൾ സാരമാക്കാതെ വീണ്ടും കർമനിരതരാവുമ്പോൾ സർവ്വംസഹയെന്നു കരുതി ചാഞ്ഞ മരത്തിൽ ചാടിക്കയറുന്നവരാണധികവും എന്ന് പറയാതെ വയ്യ.

അദ്ധ്യാപക പരിശീലനം കഴിഞ്ഞ് ശുഭപ്രതീക്ഷയോടെ സേവന സന്നദ്ധരായെത്തുന്നവർക്ക് എന്തു പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ചൊക്കെ ഉത്തമ ബോധ്യവുമുണ്ടായിരിക്കും. ഓരോരുത്തർക്കും അവനവൻ്റേതായ സ്വീകാര്യമായ രീതിയുമുണ്ടായിരിക്കും എന്നതാണ് സത്യം .എന്നാൽ എല്ലാറ്റിലും കേറി ഇടപെട്ട് ഞാൻ മാത്രമാണ് ശരി എന്ന് സ്ഥാപിക്കാനൊരുങ്ങുകയും നിരന്തരമായ ഭീഷണിയും അദ്ധ്യാപകരുടെ മനോവീര്യം കെടുത്തുക തന്നെ ചെയ്യും. വിഷയം വ്യതിചലിച്ചതല്ല, അറിയാതെ ഇത്രയൊക്കെയങ്ങ് എഴുതി അദ്ധ്യാപകരുടെ മാനസിക സമ്മർദ്ദത്തെക്കുറിച്ച് ആർക്കുമധികം അറിയാത്ത വശങ്ങളാണിതെല്ലാമെന്നതുകൊണ്ട് കുറിച്ചിട്ടു എന്നു മാത്രം.

തന്നെ അപമാനിച്ച കുട്ടികളോടുള്ള അധ്യാപകൻ്റെ നിലപാട് പ്രശംസനീയമാണ്. അവരവരുടെ മക്കൾക്ക് നല്ലതുമാത്രം പറഞ്ഞു കൊടുക്കാൻ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ടതാണ് .അവർക്ക് സത്ബുദ്ധി കൊടുക്കാനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുക.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ