mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പാലക്കാട്ടു നിന്ന് കോയമ്പത്തൂർ നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി. അവിടെ നിന്ന് മൺതാരയിലൂടെ ചുരപ്രദേശങ്ങളിലേക്ക് തിരിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു കഥ 'കാറ്റുപറഞ്ഞ കഥ ' തുടങ്ങുന്നതി പ്രകാരമാണ്.

സർവ്വകാല പ്രസക്തമായ രാഷ്ടീയനപുംസകത്വത്തെ  അതിനിശിതമായി വിമർശിച്ച  ആക്ഷേപഹാസ്യ നോവലുകളും ചെറുകഥകളും ക്ഷോഭഭാഷയിൽ  രചിച്ചിട്ടുള്ള ഒ.വി.വിജയനിൽ നിന്ന് “കാറ്റുപറഞ്ഞ കഥ” പോലെ കരുണാർദ്രമായ പ്രമേയം അപൂർവ്വമാണ്. ഇതിൽ കരിമ്പനയിൽ പിടിക്കുന്ന കാറ്റു പോലെ ഭാഷ ദൈവസാന്ദ്രമാകുന്നു. വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലും കണ്ടു ശീലിച്ച തെയ്യണ്ണിയാണ് ഇക്കഥയിലെ ശ്രദ്ധാകേന്ദ്രം. കഥാപരിസരം വിശാലമാകുമ്പോൾ തെല്ലിട നമ്മൾ തന്നെ തിരിച്ചറിയുന്നു. തെയ്യണ്ണി നമ്മുടെ തലമുറയുടെ തന്നെ പ്രതിനിധിയാണെന്ന്. സ്വന്തം വേരുകളും  സ്വത്വവും അറുത്തുമുറിച്ച് സുഖ സൗകര്യങ്ങൾ തേടി വിദേശങ്ങളിലേക്ക് കുടിയേറുന്ന പുതു തലമുറയുടെ പ്രതിനിധി. അച്ഛനും അമ്മയും മാത്രമുള്ള കേരളത്തിലെ ആളൊഴിഞ്ഞ വീടുകൾ തന്നെ ഏറെ ഭയപ്പെടുത്തുന്നുഎന്നുപറഞ്ഞ ദീർഘദർശിയെ  സത്യസന്ധമായി പിൻതുടരുകയാണ് ഒ.വി.വിജയൻ. ഒരു വിദേശ വനിതയെ പ്രേമിക്കുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ചിന്താ മധുരമായി പുഞ്ചിരിക്കുകയാണ് തെയ്യണ്ണിയുടെ അച്ഛൻ ചെയ്തത്. ആ പുഞ്ചിരിയിൽ എല്ലാം അടങ്ങിയിരുന്നു. നാട്ടിൽ ചാർച്ചയിലുള്ള ദേവകിയുടെ ജാതകം നോക്കിയിരുന്നല്ലോ എന്ന അമ്മയുടെ കണ്ണിമ നനഞ്ഞ ചോദ്യത്തിന്, ജാതകത്തോടുള്ള പുച്ഛം പുറത്തു കാട്ടാതെ “വാക്കൊന്നും നല്കിയിട്ടില്ലല്ലോ” എന്നായിരുന്നു ലോകം കീഴടക്കാൻ വെമ്പുന്ന തെയ്യണ്ണിയുടെ മറുപടി. തെയ്യണ്ണി വിവാഹം കഴിക്കാൻ ഒരുങ്ങുന്ന വിദേശ വനിതയുടെ ഗുണങ്ങളിൽ ഒന്നായി  കണ്ടത് പരസ്പര സ്നേഹം നഷ്ടപ്പെട്ടു കഴിഞ്ഞ് ബൈ എന്നു പറഞ്ഞ് ജീവിതത്തിൽ നിന്നു വിട്ടു പോകാനുള്ള സത്യസന്ധതയായിരുന്നു .ആ സത്യസന്ധത തെയ്യണ്ണിയുടെ ജീവിതത്തിൽ നടപ്പിലാവുകയും ചെയ്തു.

കാലാതിവർത്തിയായ ക്രാന്തദർശിയാണ് ഒ.വി.വിജയനെന്ന്  തെയ്യണ്ണിയുടെ ജീവിതയാത്രയിലൂടെ വായനക്കാരന് വെളിവാക്കപ്പെടുകയും ചെയ്യുന്നു. അച്ഛന് ഗ്രാമത്തിൽ മികച്ച ചികിത്സാ സൗകര്യങ്ങളില്ല എന്നാണ് ഭാര്യ പരിതപിച്ചത്.എന്നാൽ അച്ഛന് വേണ്ടത് സാമീപ്യവും സ്പർശവും ഇത്തിരി ഗംഗാജലവുമായിരുന്നു. തെയ്യണ്ണി  നാട്ടിലേക്ക് വന്നത് അച്ഛനെ നിത്യതയിലേക്ക് യാത്രയാക്കാൻ ഗംഗാജലവും കൊണ്ടായിരുന്നു. പിന്നെ അമ്മയേയും. പത്തു വർഷത്തോളം സേവനം ബാക്കിയുള്ള ഏട്ടന് ഒടുവിൽ തിരിച്ചറിവ് കൈവരുന്നു. കാലിൽ മുളങ്കമ്പേറ്റിയ  പോലെ പിടച്ചിൽ അയാൾ അനുഭവിക്കുന്നു. ഏട്ടൻ  ഏട്ടത്തിയുടെ മരണശേഷം  ജോലി രാജി വച്ച് ഒരുൾപ്രദേശത്ത് ജീവിതം മാറ്റാൻ നിശ്ചയിച്ചതറിഞ്ഞ് തെയ്യണ്ണി കഠിനമായി എതിർത്തു.  ഇതിനകം സാത്വികഭാവം വന്നു കഴിഞ്ഞ ഏട്ടൻ്റെ മറുപടി ഇതായിരുന്നു.  'സമൂഹത്തിനും കുടുംബത്തിനും തിരിച്ചു കൊടുക്കാനുള്ള കടങ്ങൾ ഓരോരുത്തർക്കുമുണ്ട്. ആ കടങ്ങൾ എൻ്റെ പ്രാപ്തിക്കനുസരിച്ച് ഞാൻ വീട്ടിക്കഴിഞ്ഞു.ഇനി എനിക്ക് മറ്റു ചില കടപ്പാടുണ്ട് അതു കൊടുത്തു തീർക്കാനാണ് മലയടിവാരത്തിൽ താവളം തേടുന്നതെന്ന് ' ആ ഏട്ടനെ കാണാൻ തെയ്യുണ്ണി പോകുമ്പോൾ റോഡിലെ വഴിക്കിരുവശവും വൻ മരങ്ങളായിരുന്നു. പിന്നീടുള്ള യാത്രയിൽ വൻമരങ്ങൾ എവിടെയൊക്കെയോ നഷ്ടപ്പെടുന്നത് യാദൃശ്ചികമായി കാണാനാവില്ല. ഏട്ടനാകട്ടെ ആഹാരം തന്നെ ഔഷധമായി കരുതി ഒന്നിനെയും ഭയപ്പെടാതെ പ്രകൃതിയോടിഴചേർന്ന് ജീവിക്കുന്നു. ആത്മീയ ദർശനത്തെ അനുഭവ സാന്ദ്രമാക്കുന്ന അവതരണ രീതി  വായനക്കാർക്ക് അനുഭവവേദ്യമാകുകയാണ്. ഏട്ടനും അമ്മയും അച്ഛനും ദേവകിയും പൊന്നുച്ചാമിയും ആരും നമുക്ക് അന്യര്യല്ല. ഇവരുടെയെല്ലാം അസ്തിത്വം ഫോൺ നമ്പറുകളായി കൊണ്ടു നടക്കേണ്ടി വരുന്ന മലയാളിയുടെ വരുത്തി വക്കുന്ന നിസ്സഹായത ശക്തിസുന്ദരമായ ലളിത ഭാഷയിലൂടെ ഒ.വി. വിജയൻ വരച്ചുകാണിക്കുന്നു. ഏട്ടൻ്റെ പർണ്ണശാലയിലേക്ക് താമസിക്കാൻ വരുന്ന രാത്രിയിൽ കടലേറ്റം പോലെ തിരതല്ലുന്ന കാറ്റിൻ്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഏട്ടൻ തെയുണ്ണിയോട് തിരക്കുന്നുണ്ട്. ഉണ്ട് എന്ന മറുപടിക്കിടയിലും കാറ്റിൻ്റെ ദൈവസാന്ദ്രത തെയ്യുണ്ണി തിരിച്ചറിയുന്നില്ലെന്ന് ഏട്ടൻ വ്യാകുലപ്പെടുകയാണ്. ഒടുവിൽ വീണ്ടും ഏട്ടനില്ലാത്ത ഏട്ടൻ്റെ താവളത്തേക്ക് തെയ്യണ്ണി വരുന്നു. എല്ലാം പിടിച്ചടക്കിയെന്നഹങ്കരിക്കുമ്പോഴും  തനിക്കു നഷ്ടപ്പെടുന്നതിൻ്റെ കടലാഴം കണ്ട തെയ്യുണ്ണി,സാധാരണ യാത്രക്കാരെപ്പോലെ ബസ്സിലും മറ്റു വാഹനങ്ങളിലുമായി ജീപ്പ് ഡ്രൈവറോട് കലഹിച്ചുമാണ്  തെയ്യണ്ണി  വരുന്നത്.  അവിടെ ഏട്ടൻ്റെ ഭൗതിക ശേഷിപ്പായി പൊന്നുച്ചാമി കാണിച്ചു കൊടുക്കുന്നത്  തുളസിത്തറയിൽ പറ്റിയ വെണ്ണീറ് ആണ്.  തുടർന്ന് ഒരു രാത്രി  അവിടെ കഴിയുകയാൻ തീരുമാനിക്കുന്നു.  അതു ഭാഷയുടെ സാധ്യതകളെ  ഉല്ലംഖിച്ചു കൊണ്ട്  ഒ.വി.വിജയൻ സംവേദകനിലേക്ക് പകരുന്നതിങ്ങനെയാണ് 'മലമുടികളില്‍ നേരം ചുകന്നു താണു, ഇരുണ്ടു. ഉള്‍മുറിയില്‍ച്ചെന്ന്‌ ഏട്ടന്റെ മരപ്പെട്ടി തുറന്നു നോക്കി. അലക്കിവെച്ച മൂന്നു വെള്ളമുണ്ടും മൂന്നു മേല്‍മുണ്ടും ഒരു തുവര്‍ത്തും അതില്‍ക്കിടന്നു. അതിലേക്ക്‌ തെയ്യുണ്ണിയുടെ കണ്ണുനീരിറ്റി. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഖേദമുണ്ടായിരുന്നില്ല. സംതൃപ്‌തമായ ദുഃഖം മാത്രം. സ്‌നേഹത്തിന്റെയും പരമ്പരയുടെയും നിറവ്‌. വംശകഥയുടെ ബാല്യസ്വപ്‌നങ്ങളില്‍ ഉറങ്ങി, പാതിരായ്‌ക്ക്‌ ഉറക്കം ഞെട്ടിയുണര്‍ന്നു കിടന്നു. ചുരത്തില്‍ കാറ്റു നിറഞ്ഞു. ഇന്നു രാത്രിയേ ഞാന്‍ ആ സംഗീതത്തിന്റെ `ഗ'കാരം ചെകിടോര്‍ക്കൂ. ഈ രാത്രി താണ്ടിയാല്‍ വീണ്ടും നഗരത്തിലേക്കുള്ള യാത്രയാണ്‌. തസ്‌ക്കരനെ വാല്‍മീകിയാക്കിയ ഏട്ടന്റെ കരുണ ആ കാറ്റില്‍ നിറഞ്ഞു. രോഗങ്ങള്‍ ശമിപ്പിച്ച, പ്രയാണത്തിന്റെ അന്തിമ ശമനം കുറിച്ച, ഏതോ ധന്വന്തരത്തിന്റെ മന്ത്രങ്ങള്‍. സന്തതിയുടെ പിഞ്ചു ശബ്‌ദങ്ങള്‍, ശ്രാദ്ധസ്വരങ്ങള്‍. ഈ ഒരു രാത്രി ഒരായുഷ്‌ക്കാലത്തിന്റെ പൂര്‍ണ്ണിമയാണ്‌. അതു കാതറിഞ്ഞ്‌ തെയ്യുണ്ണി പുലരാനായുറങ്ങി.'... ഭാഷയിൽ പ്രകാശഗോപുരം തീർത്ത ആത്മീയ ദർശനങ്ങളുടെ പ്രവാചകനാണ് ഒ വി.വിജയനെന്നത് കാറ്റു പറഞ്ഞ കഥ അർത്ഥശങ്കക്കിടയില്ലാതെ അടിവരയിടുന്നു

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ