mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Sheeja K K

രാവിലെ പണിക്കു പോയിട്ട് വരുന്ന അച്ഛനെയും കാത്തിരിപ്പാണ് ശിവനും, വേലുവും, അനിയത്തി ശാരദയും. കഞ്ചിക്കോട്ട് കോളനിയിൽ പണ്ടേ കുടിയേറിപാർത്തവരാണ് ശിവന്റെ കുടുംബം. അമ്മ മാനസികാസ്വസ്ഥതയിൽ

നാടുവിട്ടുപോയി. അച്ഛനാണ് അവരെ നോക്കുന്നത്. അച്ഛൻപണിക്കുപോയാൽ സന്ധ്യമയങ്ങുമ്പോഴേക്കും എത്താറുണ്ട്. കാട്ടാനയും പോത്തും നിറഞ്ഞ കോളനിയായതിനാൽഎല്ലാവർക്കും പേടിയാണ്. അച്ഛൻ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നല്ല മഴയും പെയ്യുന്നുണ്ട്. ചുറ്റും ഇരുട്ട് പറന്നിരിക്കുന്നു. പന്ത്രണ്ടു വയസ്സുള്ള ശിവൻ തന്റെ കുഞ്ഞനുജത്തിയെയും അനുജനെയും, അടുത്തുപിടിച്ചിരുത്തി.

"അച്ഛൻ ഇപ്പൊ വരും മഴ ആയോണ്ടായിരിക്കും", ശിവൻ സമാധാനിപ്പിച്ചു. ഓലമറയും, ചുടുകട്ടയുംകൊണ്ട് തീർത്ത ഓലപ്പുര ചോർന്നൊലിക്കുന്നു ണ്ടായിരുന്നു. ആകെ നരകതുല്യമായ ജീവിതം.ഒരു പ്രത്യേക സ്വപ്നങ്ങളോ, ആഗ്രഹങ്ങളോ, ഒന്നുമില്ലാത്ത മനസ്സ് മരവിച്ചുപോയ, പിഞ്ചുകുഞ്ഞുങ്ങൾ., അന്യവർഗത്തിൽ നിന്നും മാറ്റപ്പെട്ടവർ, കറുത്ത് മെലിഞ്ഞ ശരീരം, കണ്ണുകൾ പുറത്തേക്കു തള്ളിയിരിക്കുന്നു., എണ്ണമയമില്ലാത്ത ചുരുണ്ട മുടിയും, ആകെക്കൂടി ദയനീയമായ അവസ്ഥ.

വ്യാജവാറ്റും വില്പനയും നന്നായി നടക്കുന്ന കഞ്ചിക്കോട് കോളനി, വളരെ ശോചനീയമായ കാഴ്ചയാണ്. പൊട്ടിപൊളിഞ്ഞു വീഴാറായ കുടിലുകളും, പഴകിയ ഒന്നോ രണ്ടോ പാത്രങ്ങളും, മുഷിഞ്ഞ തുണിയും, ഓരോ വീടുകളിലും കാണാം. സൗജന്യ റേഷനും ചികിത്സയും സർക്കാർ നൽകുന്നുണ്ട്. എന്നാൽ ഈ ആനുകൂല്യങ്ങളൊക്കെ അവർക്കിടയിൽ എത്തുന്നുണ്ടോന്നു അന്വേഷിക്കാൻ ഒരാളും പോലുമില്ല.
അന്ന് പാതിരാത്രിവരെയും അച്ഛൻ വീട്ടിലെത്തിയില്ല.ശിവൻ അച്ഛനെ കാണാത്ത വിഷമത്തിൽ സഹോദരങ്ങളെ കെട്ടിപിടിച്ചുറങ്ങിപ്പോയി.

രാവിലെ സൂര്യന്റെ വെളിച്ചം കുടിലിനുള്ളിലേക്ക്  ഒഴുകിവന്നപ്പോഴാണ് ശിവൻ ഞെട്ടി എഴുന്നേറ്റത്. ചുറ്റും കണ്ണുകൾ പായുന്നുണ്ടായിരുന്നു അച്ഛൻ ഇവിടെങ്ങാനും ഉണ്ടോ?  പുറത്തിറങ്ങിയും ചുറ്റും നോക്കി. എവിടെയും കണ്ടില്ല. നിരാശയോടെ കുടിലിനുള്ളിലേക്കു കേറി. പെട്ടെന്ന് പുറത്തു നിന്ന് ആരോ വിളിക്കുന്നപോലെ കേട്ടു. ശിവൻ പേടിച്ച് പുറത്തിറങ്ങിയില്ല. മുറ്റത്തു നിന്ന് ഒരാൾ അകത്തേക്കു കേറിവന്നു. അത് അടുത്ത കുടിൽ താമസിക്കുന്ന കേശുവണ്ണൻ ആയിരുന്നു. അവനെ പുറത്തോട്ടു കൂട്ടിപോയി ചെവിയിൽ ആ ദുരന്തം അറിയിച്ചു. ശിവന് ഒന്നുംമനസ്സിലായില്ല, അവന്റെ മനസ്സ് ഏതോ ലോകത്തായിരുന്നു. ഒരു നിമിഷം അവൻ മരവിച്ചുപോയി. കരയണോ നിലവിളിക്കണോ, ആര് കേൾക്കാൻ? അവൻ അകത്തേക്കു കയറി ഉറങ്ങികിടക്കുന്ന തന്റെ സഹോദരങ്ങളെ നോക്കി. അമ്മയ്ക്കു പിന്നാലെ അച്ഛനും നമ്മളെ വിട്ടുപോയിരിക്കുന്നു. അവന്റെ പക്വതയില്ലാത്ത പിഞ്ചുമനസ്സ് അറിയാതെ വിതുമ്പിപ്പോയി. തന്റെ സഹോദരങ്ങളെ   എങ്ങനെ  അറിയിക്കും .  അവൻ ഒന്നും മിണ്ടാതെ കുടിലിനുള്ളിൽ കേറി അവിടെ  അല്പം മണ്ണെണ്ണയും തീപ്പെട്ടിയും ഉണ്ട് അത് കത്തിച്ചു അടുപ്പിൽ തീയുണ്ടാക്കി. അവനു വിശപ്പും ദാഹവും ഒന്നുമില്ല എന്നാലും സഹോദരങ്ങൾക്കു എന്തേലും ഉണ്ടാക്കണ്ടേ? അച്ഛൻ ഉള്ളപ്പോഴും വീട്ടുജോലിയും സഹോദരങ്ങളെ നോക്കുന്നതും ശിവൻതന്നെയാണ്. അതുകൊണ്ട് പരിചയക്കുറവൊന്നുമില്ല....

പാർശ്വവത്കരിക്കപ്പെട്ട അസംഖ്യം കോളനികളിൽ ഒന്നാണ് കാഞ്ചികോട് കോളനി. വാറ്റുചാരായ വില്പനയും നന്നായി നടക്കുന്നു. ആരുംതന്നെ ശ്രദ്ധിക്കുന്നില്ല. ശിവന്റെ അച്ഛനെ കൂടാതെ നാലുപേരാണ് കാഞ്ചിക്കോടിന് നഷ്ടമായത്. ജീവിതം ജീവിച്ചു തീർക്കാനാവാത്തവിധം പുറംതള്ളപെട്ടവരാണ് കോളനിക്കാർ. അവരുടെ സ്വപ്നങ്ങളോ, ജീവിതങ്ങളോ, ആർക്കും കാണേണ്ടാ. മണ്ണിന്റെ മക്കളെ പരിഷകൃത സമൂഹം ബോധപൂർവം കണ്ടില്ലെന്നു നടിക്കുന്നു. ജീവിതത്തിൽ വെളിച്ചവും അറിവും പകരേണ്ടവർ തിരിഞ്ഞു നോക്കുകപോലും ചെയ്യുന്നില്ല. എല്ലാ അവകാശവദങ്ങൾക്കിടയിലും കോളനിക്കാർ ദുരിതത്തിൽ തന്നെ.

അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ വാർത്ത കേട്ട് ശിവന്റെ വീട്ടിലും അന്വേഷണഉദ്യോഗസ്ഥർ എത്തി. ചോർന്നൊലിക്കുന്ന കൂരയ്ക്ക് അരികിലായി കണ്ണിലെ ഉറവവറ്റിയ മൂന്ന് മനുഷ്യക്കോലങ്ങൾ ആരെയോ കാത്തിരിക്കുന്നു...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ