mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന മെറിൻ കോടതിയിലെത്തിയത് ഒരുപാട് ആശങ്കകളോടെയായിരുന്നു. 5 വർഷമായി സഹപ്രവർത്തകനോടൊപ്പം ലിവിംഗ് ടുഗെദർ ബന്ധത്തിൽ ജീവിക്കുകയായിരുന്നു മെറിൻ.

പെട്ടന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. പങ്കാളിക്ക് സഹപ്രവർത്തകയുമായി മറ്റൊരു ബന്ധം ഉണ്ടായതോടെ താൻ കൂടി ഷെയറിട്ട് വാങ്ങിയ ഫ്ലാറ്റിൽ നിന്നും മെറിൻ വഞ്ചിക്കപ്പെട്ട് പുറത്തായ അവസ്ഥ. എം.ടെക്ക് കാരിയാണെങ്കിലും മെറിൻ കരുതിയിരുന്നത് അവർ നിയമപരമായി വിവാഹം കഴിക്കാത്തതു കൊണ്ട് നിയമ പരിരക്ഷ ലഭിക്കില്ല എന്നതായിരുന്നു. വിവരം പറഞ്ഞപ്പോൾ മെറിന്റെ സുഹൃത്തിന്റെ ഇടപെടലായിരുന്നു വിഷയം കോടതിയിലെത്താനും കഴിഞ്ഞത്. കോടതി, മെറിനെ ആ ഫ്ലാറ്റിൽ നിന്നുംപുറത്താക്കിയ നടപടിയെ വിലക്കി ഉത്തരവിടുകയും , ആവശ്യമായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു.

ഗാർഹികവാസസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ശാരീരികവും , മാനസീകവും, സാമ്പത്തീകപരവുമായ അതിക്രമങ്ങളേയും ,ചൂഷത്തേയും തടയാൻ ഉദ്ദേശിച്ച് നടപ്പാക്കിയിട്ടുള്ളതാണ് ഗാർഹിക പീഡന നിരോധന നിയമം 2005.


ഗാർഹിക ബന്ധമെന്നാൽ (Domestic relation Ship) വിവാഹബന്ധവും, രക്ത ബന്ധവും, ലിവിംഗ് ടുഗെദർ ബന്ധവും ഉൾപ്പെടുമെന്ന് Sec 2( f) ൽ വ്യക്തമാക്കുന്നു.

ഗാർഹീക പീഡനം എന്നാൽ എന്ത് ?

ഗാർഹിക ബന്ധത്തിൽ സ്ത്രീയുടെ ആരോഗ്യത്തിനും, സുരക്ഷക്കും, ജീവനും ഹാനികരമായ ശാരീരിക, മാനസീക, സാമ്പത്തിക ചൂഷണങ്ങളും അതിക്രമങ്ങളും, സ്ത്രീധനവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ടുള്ള ഭീക്ഷണി, അധിക്ഷേപം, ശാരീരിക അതിക്രമം, കുട്ടികൾ ഇല്ലാത്തതിന്റെ പേരിലുള്ള കളിയാക്കൽ,
സ്ത്രീത്വത്തിന്റെ അന്തസ്സിന് നിരക്കാത്ത രീതിയിലുള്ള ലൈംഗിക ബന്ധങ്ങൾക്ക് നിർബന്ധിക്കൽ, തനിച്ചോ,
കൂട്ടായോ നേടിയ സ്വത്തുക്കൾ നശിപ്പിക്കുകയോ അന്യാധീനപ്പെടുത്തുക, പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽനിന്നും വിലക്കുക തുടങ്ങിയവ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നു.

ഗാർഹിക പീഡനം നേരിട്ടാൽ

ഗാർഹീക പീഡനം നേരിട്ടാൽ ,നേരിട്ട വ്യക്തിക്കോ, പ്രോട്ടക്ഷൻ ഓഫീസർ നൽകുന്ന ഡോമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് വഴിയോ, മറ്റേതെങ്കിലും വ്യക്തികൾ വഴിയോ ആയതിൽ പരിഹാരം നേടുന്നതിനായി
താൻ താമസിക്കുന്ന/ജോലി ചെയ്യുന്ന/ എതിർകക്ഷി താമസ്സിക്കുന്ന സ്ഥലത്തിന്റെ അധികാര പരിധിയിലുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ പരാതി നൽകാവുന്നതാണ് .

സൗജന്യ നിയമ സഹായം ആവശ്യമെങ്കിൽ സ്ഥലത്തെ ലീഗൽ സർവീസ് അഥോരിറ്റിയെ സമീപിക്കാവുന്നതും അവർ പാനൽ അഭിഭാഷകരുടെ തികച്ചും സൗജന്യ നിയമ സഹായം നൽകുന്നതുമാണ്. അവശ്യമെങ്കിൽ വൈദ്യസഹായവും, കൗൺസലിംഗും നൽകുന്നതാണ്.

കോടതി നൽകുന്ന ഉത്തരവുകൾ

Sec 17 പ്രകാരം ഗാർഹിക ബന്ധം നിലനിന്ന വീട്ടിൽ നിന്നും, തനിക്ക് വീടിൻമേൽ ഓഹരിയോ, പങ്കാളിത്തമോ, ഉടമസ്ഥാവകാശമോ ഇല്ലെങ്കിലും ആ വീട്ടിൽ നിന്നും പുറത്താക്കുന്നതിൽ നിന്നും എതിർ കക്ഷിയെ വിലക്കി ഉത്തരവിടാവുന്നതാണ്.

സംരക്ഷണ ഉത്തരവ് (Protection order ) Sec18

ഗാർഹിക പീഡനം നടന്നാൽ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും എതിർകക്ഷിയെ വിലക്കി ഉത്തരവിടാവുന്നതാണ്.

a. ഏതെങ്കിലും രീതിയിലുള്ള ഗാർഹിക പീഡനം ചെയ്യുന്നത് വിലക്കി
b. പീഡനത്തിന് ഒത്താശ ചെയ്യുന്നത് വിലക്കി
c. പരാതിക്കാരിയുടെ ജോലി സ്ഥലത്തോ, പതിവ് സന്ദർശന സ്ഥലങ്ങളിലോ പ്രവേശിക്കുന്നത് വിലക്കി

d. നേരിട്ടോ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ബന്ധപ്പെടാൻ ശ്രമിക്കുന്നത് വിലക്കി

e. പരാതിക്കാരിയുടെ സ്വന്തമായോ കൂട്ടായോ ഉള്ള ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ, വസ്തു വഹകൾ എന്നിവ അന്യാധീനപ്പെടുത്തുന്നത് വിലക്കി

f.പരാതിക്കാരിയേയോ, അവരുടെ ആശ്രിതതരേയോ, ബന്ധുക്കളേയോ അതിക്രമിക്കുന്നതിൽ നിന്നും വിലക്കിയും കോടതിക്ക് ഉത്തരവിടാവുന്നതാണ് .

റസിഡൻസ് ഓർഡർ Sec 19

പരാതിക്കാരി ജീവിക്കുന്ന വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്നും എതിർകക്ഷിയേയും ബന്ധുക്കളേയും വിലക്കിയും, പരാതിക്കാരിയുടെ സ്റ്റാൻഡേർഡിന് ചേർന്ന മറ്റ് താമസസ്ഥലം എർപ്പാടാക്കാൻ ഉത്തരവിട്ടും,
ഈ ഉത്തരവുകൾ നടപ്പാക്കാൻ ഏറ്റവും അടുത്തുള്ള പോലീസ് അധികാരികളോട് നിർദ്ദേശിച്ചും ഉത്തരവിടാവുന്നതാണ്.

സാമ്പത്തിക നിവൃത്തികൾ Sec 20

പരാതിക്കാരിക്കും കുട്ടികൾക്കും ആവശ്യമുള്ള ജീവിത ചെലവുകൾക്കുള്ള തുക എതിർകക്ഷിയോട് നൽകാനും, അഥവാ എതിർകക്ഷിയുടെ തോഴിൽ ദാതാവിനോട് ടി തുക പരാതിക്കാരിക്കായി കോടതിയിൽ കെട്ടിവെക്കാനും
ഉത്തരവിടാവുന്നതാണ്.

കസ്റ്റഡി ഉത്തരവ് sec 21

കുട്ടികളുടെ കസ്റ്റഡിയും, സന്ദർശനവും സംബന്ധിച്ചുള്ള ഉത്തരവുകൾ നൽകാവുന്നതാണ്

നഷ്ടപരിഹാര ഉത്തരവ് Sec 22

ഗാർഹീക പീഡനം നേരിട്ട വ്യക്തിക്കുണ്ടായ എല്ലാ ശാരീരിക, മാനസീക കഷ്ട നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകി ഉത്തരവിടാവുന്നതാണ്.

(ലേഖനത്തിലെ പേര് യഥാർത്ഥമല്ല)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ