(Rajendran Thriveni)
അവകാശങ്ങളേക്കാൾ കടമകൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് പ്രാചീന ഭാരതിയർ. ഓരോ വ്യക്തിയും തന്റെ കടമകൾ നിറവേറ്റുമ്പോൾ, അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടേണ്ട സാഹചര്യമുണ്ടാവില്ല എന്നു നാം വിശ്വസിച്ചു.
അത് പ്രായോഗിക തലത്തിൽ ശരിയായിരുന്നുതാനും. പക്ഷേ, ഇന്നത്തെ ചുറ്റുപാടിൽ കടമകൾ ഒഴിവാക്കി സമർത്ഥന്മാരാവാനാണ് ജനങ്ങൾക്ക് ഇഷ്ടം. ജീവിതത്തിനു സംഭവിച്ച സാംസ്കാരിക ശോഷണമാണ്, ഈ ദുസ്ഥിതിക്കു കാരണം.
വ്യക്തികൾക്ക് സ്വന്തം കുടുംബത്തോടും സമുദായത്തോടും സർക്കാരിനോടും പ്രകൃതിയോടും കടമകളുണ്ട്.കാരണം, നമ്മളെല്ലാം മേൽപ്പറഞ്ഞ ഘടകങ്ങളോട് ബന്ധപ്പെട്ട് പരസ്പരാശ്രിതരായി കഴിയുന്നവരായതുകണ്ടാണ്. കടമകൾ നിറവേറ്റാതെ, അവകാശങ്ങൾക്കുവേണ്ടി വാദിക്കാൻ നമുക്ക് അർഹതയില്ല. ഇന്ത്യൻ ഭരണഘനയിൽ പൗരന്റെ കടമകൾ എഴുതിച്ചേർത്തിട്ടുണ്ട്.
യഥാർത്ഥത്തിൽ, 'കുടുംബം' എന്ന സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റിൽ നിന്നാണ് മനുഷ്യാവകാശ പരിപോഷണം രൂപം കൊള്ളേണ്ടത്. കുടുംബത്തിന്റെ നിലനില്പിനും പുരോഗതിക്കും വേണ്ടി അവരവരുടെ കടമകൾ നിറവേറ്റേണ്ടിയിരിക്കുന്നു. കുടുംബനാഥൻ എല്ലാ അംഗങ്ങളുടെ അവകാശങ്ങളെയും മാനിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഞാനൊന്നും നല്കാനോ, ചെയ്യാനോ തയ്യാറല്ല, പക്ഷേ എനിക്കെല്ലാം കിട്ടണം എന്ന മനോഭാവം ശരിയല്ലല്ലോ. കുടുംബത്തിലെ ഓരോ അംഗങ്ങളുടെ അഭിപ്രായത്തെയും മാനിച്ചുകൊണ്ട്, അവരുടെ അന്തസ്സിനു കോട്ടം തട്ടാതെ കുടുംബം മുന്നേറിയാലെ പുരോഗതിയും സമാധാനവുമുണ്ടാവൂ. വീട്ടിലെ വഴക്കും അക്രമവും പകവീട്ടലും താന്തോന്നിത്തരവും കുടുബ ശിഥിലീകരണത്തിനേ സഹായിക്കൂ.
കുടുംബങ്ങൾ ചേർന്നുണ്ടാവുന്ന സമൂഹത്തോടും നമുക്ക് കടമകളുണ്ട്. അതേപോലെ രാജ്യത്തോടും അന്താരാഷ്ട്ര സംഘടനകളോടും നാം കടപ്പെട്ടിരിക്കുന്നു.
മനുഷ്യർ പ്രകൃതിയിൽ നിന്നു വേറിട്ടു നില്ക്കുന്ന ഒരേകകമല്ല. പ്രകൃതിയിലെ അചേതനവും സചേതനവുമായ ഘടകങ്ങളുടെ പ്രവർത്തനവും പ്രതിപ്രവർത്തനവുമാണ് മനുഷ്യ ജീവിതം സാധ്യമാക്കുന്നത്. പ്രകൃതിയിലെ ഓരോ ഘടകത്തോടും നമ്മൾ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിബന്ധങ്ങളിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. പ്രകൃതി ചക്രങ്ങളുടെയും ശൃംഖലകളുടെയും സുസ്ഥിരത മനുഷ്യന്റെ നിലനില്പിനാവശ്യമാണ്. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ പ്രാഥമിക കടമകളിലൊന്നാണ്. പ്രകൃതി വിഭവങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട പൈതൃക സമ്പത്താണ്.
തത്വമസിയുടെ പൊരുൾ ഉൾക്കൊണ്ടുകൊണ്ട്, സ്വന്തം കടമകൾ നിർവഹിക്കുന്ന മനുഷ്യ സമൂഹം, എല്ലാ മനുഷ്യാവകാശങ്ങളുടെയും വിളനിലമായിരിക്കും. അവിടെ ശാശ്വത ശാന്തിയും സമാധാനവും സന്തോഷവും പുരോഗതിയുമുണ്ടായിരിക്കും.