mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഓരോ ദിവസവും എന്തെങ്കിലും പ്രത്യേകതകളുള്ളതായിരിക്കും; അഥവാ എന്തെങ്കിലും ഒന്നിനെക്കുറിച്ച് കാര്യമായി നമ്മളെ ഓർമ്മിപ്പിച്ചു മാത്രമേ ആ ദിനം കടന്നു പോകയുള്ളൂ.

ഇന്ന് "ലോക നദീദിനം'' ആണത്രെ. ഈ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നത്തേത് എന്നു തന്നെയാണ് ഓരോ ദിനാചരണങ്ങളുടെയും പ്രാധാന്യവും.

ആരൊക്കെ എന്തൊക്കെ നമ്മെ ഓർമ്മിപ്പിച്ചാലും അതു കഴിഞ്ഞാൽ വീണ്ടും പഴയപോലെ എല്ലാം മറന്നു പോവുന്നു ഇന്ന് നമ്മൾ എന്നതാണ് സത്യം .

ഇനി വിഷയത്തിലേക്കു കടക്കാം.നദികൾനാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലസാഹചര്യത്തിൽ ഇത്തരം ദിനാചരണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. നാടിൻ്റെ ജീവനാഡികൾ തന്നെയാണ് നദികൾ എന്നു പറയാം.
ഒരു പാട് നദികളും തോടുകളും കിണറുകളും കായലുകളുമെല്ലാമുള്ള നമ്മുടെ നാട്ടിൽ മഴയൊന്നു മാറി നിന്ന് വേനൽ തുടങ്ങുമ്പോഴേക്കും രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാവുന്നത് വർഷങ്ങളായി തുടരുന്നതാണ്.

നദികളിലെ ജലനിരപ്പു കുറഞ്ഞ് ഏതാണ്ട് മൃതപ്രായമായി
"ഇവിടെയൊരു പുഴയുണ്ടായിരുന്നൂ "
എന്നും

''പുഴയെന്ന പേരെൻ്റെ ചരിതപാഠം"

എന്നുമൊക്കെ കവികൾ പരിസ്ഥിതിക്കു വന്നു പെട്ട ഇത്തരം ദുരന്തത്തെക്കുറിച്ചു നമ്മുടെയെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അതെല്ലാം "ജലരേഖ'' പോലെ വ്യർത്ഥം.

പുഴകളുടെ പരിപാവനമായ സ്ഥാനവും വിശുദ്ധിയുമെല്ലാം ഇന്ന് സ്വാർത്ഥ തയാർന്ന മനുഷ്യനു മുന്നിൽ അപഹരിക്കപ്പെട്ടു.

ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം സാംസ്ക്കാരികത രൂപമെടുത്തത് നദീതടങ്ങളിൽത്തന്നെയായിരുന്നു. സിന്ധു നദീതടസംസ്കാരം, നൈൽ നദീതട സംസ്കാരം എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

പുണ്യനദികളായിക്കണ്ട ജലപ്രവാഹങ്ങളെല്ലാം ഒഴുക്കു നിലച്ച് ശ്വാസം മുട്ടി മരണാസന്ന രാവുന്ന കാഴ്ച അപകടകരമാണ്. നദികളിൽ നിന്നും മണലൂറ്റിയെടുത്ത് അഗാധഗർത്തങ്ങളുണ്ടാക്കി എത്ര വലിയ അപകടങ്ങൾക്കാണ് മനുഷ്യൻ വഴിയൊരുക്കുന്നത്. ഫാക്ടറികളിൽ നിന്നും മറ്റും ഒഴുക്കിവിടുന്ന മാലിന്യങ്ങൾ വിഷമയമാക്കിയ ജലപ്രവാഹങ്ങളിൽ ചത്തുപൊങ്ങുന്ന ജീവജാലങ്ങളെത്രയെത്രയാണ്.

പണ്ട് കാളിന്ദിയിൽ വിഷം കലക്കിയ കാളിയനെന്ന മദസർപ്പത്തിൻ്റെ അഹങ്കാരമകറ്റി അവിടെ നിന്നും രമണക് എന്ന ദ്വീപിലേക്ക് ഓടിച്ച കഥ പ്രസിദ്ധമാണല്ലോ. അതുപോലെ സ്വച്ഛമായൊഴുകുന്ന ജലപ്രവാഹങ്ങളെ വിഷലിപ്തമാക്കുന്ന കാളിയനെ ഓടിച്ചു വിടാനായി ഇനിയുമിവിടൊരു അവതാര പ്പിറവി ഉണ്ടാകേണ്ടിയിരിക്കുന്നു.

ഒരു നാടിൻ്റെ ചൈതന്യ പ്രവാഹമായ നദികളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ ദിനത്തിലെങ്കിലും ആളുകൾ ഓർമ്മിക്കുമെന്നു കരുതാം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ