വീട്ടുകരവുമായി ബന്ധപ്പെട്ട ഒരു പ്രശ്നപരിഹാരത്തിനു ചെന്നതാണ്. അവിടത്തെ സാറന്മാർ പറഞ്ഞു "ഇന്നിവിടെ സ്റ്റാഫിന്റെ ഓണാഘോഷമാണ്. മറ്റൊരു ദിവസം വാ..."
"പക്ഷെ ഇന്നു പൊതു അവധി ദിവസം അല്ലല്ലോ?", ഞാൻ ചോദിച്ചില്ല. ചോദിച്ചാൽ അവർ എന്നെ കൂടുതൽ തവണ നടത്തിക്കും. അതാണ് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥരുടെ പൊതുവായ രീതി.
ചോദിക്കണമെന്നു തോന്നി. "എന്താ പുള്ളെ ഇനിയും നന്നാവാത്തെ?"
"ഓഫീസ് സമയത്തു നിങ്ങൾ ഓഫീസിൽ കാര്യങ്ങൾ ചെയ്യണമെന്ന് ഇനി ആരാണു നിങ്ങളെ പഠിപ്പിക്കേണ്ടത്? നിങ്ങൾ ഓണമോ, ക്രിസ്തുമാസോ, പെരുന്നാളോ ആഘോഷിച്ചോളു. അതു ഓഫീസ് സമയത്തിനു പുറത്തുള്ള സമയത്താവണം എന്ന് എന്താ വകുപ്പു മന്ത്രിമാരെ നിങ്ങൾ അരുളിച്ചെയ്യാത്തത്?
നിങ്ങൾക്കുള്ള ശമ്പളം തരുന്നത് ഞങ്ങളാണ്. അതെ ജനങ്ങളാണ്. ഞങ്ങളെ സേവിക്കാനാണ് നിങ്ങളെ അവിടെ ശമ്പളം തന്നിരുത്തിയിരിക്കുന്നതു.
നമുക്കിന്നും സായിപ്പിനെ കുറ്റം പറയാൻ മാത്രമേ കഴിയു. അവന്റെ നാട്ടിലുള്ള മികച്ച സംവിധാനങ്ങൾ പഠിക്കാനായി മന്ത്രിമാരും, കോർപ്പറേഷൻ ചെയർമാനുകളും, ഉന്നതോദ്യോഗസ്ഥരും അവിടങ്ങളിലൊക്കെ നാട്ടുകാരുടെ ചെലവിൽ ചുറ്റിക്കറങ്ങും. പക്ഷെ ഒരു കാര്യവുമില്ല.
അവിടെയും ഇതുപോലെ ആഘോഷങ്ങളുണ്ട്. ഓഫീസിലും, സ്കൂളിലും, ആശുപത്രികളിലും ഒക്കെ അവിടങ്ങളിലെ ജീവനക്കാർ ദേശീയവും പ്രാദേശീയവുമായ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. വൈനും, ബിയറും ഒക്കെ വിളമ്പുകയും ചെയ്യും. പക്ഷെ അതൊന്നും ഓഫീസ് സമയത്താവില്ല. ഒന്നുകിൽ അവധി ദിവസങ്ങളിലോ, അല്ലെങ്കിൽ ഓഫീസ് സമയം കഴിഞ്ഞോ ആയിരിക്കും.