മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം. കൂടുമ്പോൾ ഇമ്പമുള്ളത് എന്ന് കുടുംബത്തിൻ്റെ വികാര- വിചാര സുസ്ഥിതിയെക്കുറിച്ച് വ്യാഖ്യാനിച്ചു കേൾക്കാത്തവർ ഉണ്ടാകില്ല.

കുടുംബം എന്ന മനോഹരവും ഉദാത്തവുമായ സങ്കല്പം ഏറെ ശോഷിച്ച കാലഘട്ടത്തിൽ ജീവിതം ജീവിച്ചു തീർക്കുന്നവരാണ് ഇന്നേറെയും .

കൂട്ടുകുടുംബത്തിൻ്റെ സുരക്ഷിതത്വത്തെയും സുസ്ഥിതിയെയും വേണ്ടെന്നു വെച്ച് സ്വാർത്ഥമതികളായി അണുകുടുംബത്തിൻ്റെ സ്വാസ്ഥ്യം അനുഭവിച്ചറിയാൻ ഇറങ്ങിത്തിരിച്ചവരിലേറെയും സ്വാർത്ഥമതികൾ തന്നെ എന്നതാണ് സത്യം .

ദൈർഘ്യമേറിയ ശൈശവത്തിൻ്റെ പരാധീനതകളിൽ സുരക്ഷിതമായി നെഞ്ചോടടുക്കിപ്പിടിച്ചു വളർത്തിയവരെല്ലാം സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ അന്യരായിത്തീരുന്ന അവസ്ഥ എത്ര ദയനീയമാണ്.

പരാധീനതകളേറിയ വാർദ്ധക്യത്തിൽ രോഗാതുരതകൾ വന്ന് ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോൾ തങ്ങൾക്കൊരു കൂട്ടാവും എന്ന പ്രതീക്ഷ ഓരോ മാതാപിതാക്കളുടേയും ശ്വാസനിശ്വാസങ്ങളിലുണ്ടായാൽ അതിനെ തെറ്റുപറയുന്നതെങ്ങനെ?

ഓരോ മാതാപിതാക്കളും ഏറെ ത്യാഗങ്ങൾ സഹിച്ചു തന്നെയാണ് മക്കളെ വളർത്തിയെടുക്കുന്നത്. വിവാഹിതരായ പെൺമക്കൾ അന്യ വീടുകളിൽ പോയാലും ആൺമക്കൾ എന്നുമെപ്പോഴും തുണയായി കൂടെയുണ്ടാവുമെന്നാണ് അധികം പേരും പ്രതീക്ഷിക്കുന്നതും.

എന്നാൽ വിവാഹിതരായ ആൺമക്കൾ അധികം പേരും പങ്കാളിയുടെ പ്രീതിക്കു മാത്രം പരിഗണന കൊടുക്കുകയും അവരുടെ താളത്തിനൊത്തു തുള്ളുകയും ചെയ്യുന്നു.

പണ്ട് കൂട്ടുകുടുംബങ്ങളിൽ ഒരു പാട് ആളുകളുടെ ആവശ്യവും താൽപര്യവും മനസ്സിലാക്കി പെരുമാറിയിരുന്ന സ്നേഹസമ്പന്നകളായ സ്ത്രീകൾ തന്നെയാണ് ആ സമ്പ്രദായത്തിൻ്റെ നെടുംതൂണുകളായി നിലകൊണ്ടിരുന്നത്. അതിനാൽത്തന്നെ യാതൊരു വിധ അരക്ഷിതത്വമോ ഭയാശങ്കകളോ അവിടത്തെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഉണ്ടായിരുന്നതുമില്ല. സഹകരണത്തിൻ്റേയും സഹവർത്തിത്വത്തിൻ്റെയും ബാലപാo ങ്ങൾ കുടുംബത്തിൽ നിന്നു തന്നെ ഗ്രഹിക്കാൻ ഭാഗ്യം സിദ്ധിച്ചിരുന്നവർ മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരായിത്തീർന്നു.

ഇന്ന് സ്ഥിതിഗതികൾ പാടേ മാറി മറിഞ്ഞു. ആർക്കും ആരോടും യാതൊരു വിധ പ്രതിബദ്ധതയും സ്നേഹവുമില്ലാതായി.ഇതിനു കാരണക്കാർ സ്വാർത്ഥമതികളായ മാതാപിതാക്കൾ സ്വന്തം സുഖം മാത്രം കണക്കാക്കി നല്ലൊരു സമ്പ്രദായത്തിൻ്റെ കടയ്ക്കൽ കത്തി വെച്ചതു തന്നെയാണ്.

മദ്യവും മയക്കുമരുന്നും സകലവിധ പാതകങ്ങൾക്കും കാരണമാവുന്ന ഇക്കാലഘട്ടത്തിൽ വീണ്ടുമൊരു തിരിച്ചു പോക്കിനെക്കുറിച്ചു നാം ചിന്തിച്ചേ മതിയാവൂ.

നല്ല കുടുംബങ്ങളിൽ നിന്നു മാത്രമേ ആരോഗ്യമുള്ള തലമുറകൾ രൂപപെടുകയുള്ളൂ. ആരോഗ്യമെന്നതുകൊണ്ടുദ്ദേശിക്കുന്നത് ശാരീരികവും മാനസികവുമായ സ്വാസ്ഥ്യം എന്നതു തന്നെ.

കാലഹരണപ്പെട്ടതെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ ജീവിത മൂല്യങ്ങൾ തിരിച്ചു കൊണ്ടു വന്നാൽ മാത്രമേ നാം സുരക്ഷിതരാകൂ..

വിട്ടുവീഴ്ചകളും പരസ്പര സ്നേഹവും നമ്മുടെ കുടുംബ ബന്ധങ്ങളുടെ അടിസ്ഥാന ശിലയാകട്ടെ. വരും തലമുറകൾ സുരക്ഷിതരാകട്ടെ. അവർ നന്മയുടെ കാവലാളുകളാവട്ടെ.

ഏവർക്കും സുസ്ഥിരവും സ്നേഹമയവുമായ കുടുംബദിന ആശംസകൾ നേരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ