അടിസ്ഥാനപരമായി ഞാനൊരു അന്ധവിശ്വാസിയാണ്. പ്രത്യേകിച്ചും സ്വപ്‌നങ്ങളുടെ കാര്യത്തിൽ. വെളുപ്പാൻകാലത്തു കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കുമെന്ന് ഞാൻ കണ്ണുമടച്ചു വിശ്വസിച്ചിരുന്നു.
എന്നാൽ ഇന്നു വെളുപ്പാൻകാലത്തു കണ്ട വിചിത്രമായ സ്വപ്നത്തിന്റെ കാര്യത്തിൽ എനിക്കൊട്ടും വിശ്വാസമില്ല. അതെന്തായാലും നടക്കാൻ പോകുന്നില്ല എന്നു ഞാൻ നൂറുവട്ടം ആണയിട്ടു പറയുന്നു.
അടുക്കും ചിട്ടയും ഇല്ലാത്ത ഒരുവക സാധനമാണല്ലോ സ്വപ്‌നങ്ങൾ! സ്ഥലത്തിനും കാലത്തിനും ഒരു വ്യവസ്ഥയും ഉണ്ടാകണമെന്നില്ല. ചിലപ്പോൾ ടിയാന്മെൻ സ്‌ക്വയറിൽ ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തുന്നത് കണ്ടെന്നിരിക്കും. അതാണു സ്വപ്നങ്ങളുടെ പൊതു സ്വഭാവം.
എങ്കിലും എന്റെ സ്വപ്നത്തിലെ പ്രദേശം ആലപ്പുഴ ജില്ലയിലെ കണ്ടുമറന്ന ഏതോ ഒരു പച്ചക്കുളവും അതിന്റെ പരിസരവുമായിരുന്നു. മലപ്പുറത്തോ, കാസർകോടോ കണ്ടിട്ടുള്ള വെട്ടുകല്ലിന്റെ മതിലുകളാൽ ചുറ്റപ്പെട്ട വീടുകൾ. ഒരു വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി വന്നു വിളിച്ചു പറയുന്നു, "എന്റെ മതിലിനു പുറത്തു ചുവരെഴുത്തു പാടില്ല." സംഭവം ശരിയാണ്. അവിടെക്കണ്ട മതിലുകളിൽ സാക്ഷരതയുടെ ലക്ഷണങ്ങൾ ഒന്നും കാണാനില്ല. അയാൾ പറഞ്ഞത് മലയാളത്തിൽ തന്നെയാണ്. എങ്കിലും ഈ സ്വപ്നത്തിനു സെറ്റിട്ടതു കേരളത്തിൽത്തന്നെ ആയിരുന്നോ? ഏയ് ആവാൻ വഴിയില്ല...
എത്ര മനോഹരമായിട്ടാണ് നമ്മുടെ നാട്ടിലെ മതിലുകൾ നാം വൃത്തികേടാക്കുന്നത്. തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പേ 'Booked' ആക്കുന്ന മതിലുകൾ, തെരഞ്ഞെടുപ്പോടെ അക്ഷരവിഭവങ്ങൾ കൊണ്ടണിഞ്ഞൊരുങ്ങും. അല്ലറ ചില്ലറ സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ചിലപ്പോൾ പ്രത്യക്ഷപ്പെടുമെങ്കിലും, സംഭവം കലാപരമായിട്ടാണ് രചിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ കാലികപ്രസക്തി നഷ്ടപ്പെടുന്ന ആഹ്വാനങ്ങൾ, വോട്ടു ചെയ്തവരെ കളിയാക്കിക്കൊണ്ടു അവിടെ കുറേനാൾ കഴിഞ്ഞുകൂടും. അതിനു പുറത്തു സിനിമാ പോസ്റ്ററുകളും, ട്രേഡ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററുകളും പതിയും. ഒരേ പോസ്റ്റർ ഒരു പാറ്റേണിൽ ഒട്ടിക്കുന്ന ടെക്‌നിക് ആരാണ് കണ്ടുപിടിച്ചത്? പോസ്റ്ററിനു മുകളിൽ പോസ്റ്ററുകൾ തലങ്ങും വിലങ്ങും എത്തുന്നതോടെ 'ഗോഡ്സ് ഓൺ കൺട്രി' യുടെ പ്രതിച്ഛായ വർദ്ധിക്കും.
നമ്മൾ കരുതും പോസ്റ്ററുകൾക്കു മതിലുകളോട് അഗാധമായ പ്രണയമുണ്ടെന്ന്. അതു തെറ്റാണ്. പോസ്റ്ററുകൾക്കു മതിലുകളോടു പ്രത്യേക മമത ഒന്നുമില്ല. സൗകര്യം കിട്ടിയാൽ അടുത്തുള്ള ടെലിഫോൺ പോസ്റ്റിലും, ഇലക്ട്രിസിറ്റി പോസ്റ്റിലും അവ വലിഞ്ഞുകേറും. ഇതിനിടയ്ക്കാവും പ്രതിപക്ഷം കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് ഒരു യാത്ര നയിക്കാൻ പദ്ധതിയിടുന്നത്. ഇതോടെ മതിലുകളായ മതിലുകൾ വീണ്ടും സജീവമാകും. കൈ ചൂണ്ടി നിൽക്കുന്ന നേതാവിന്റെ മുഖം, മതിലുകളും, പോസ്റ്റുകളും, പാലങ്ങളും (എന്തിനു... കലിങ്കുകൾ പോലും) കീഴടക്കും. കവലയ്ക്കു കുറുകെ മുഖങ്ങൾ തോരണമാടും. പഴകിദ്രവിച്ചു നിറംകെട്ട ഫ്ലക്സ് ബാനറുകൾക്കു പുറത്തു പളപളാ തിളങ്ങുന്ന പുതിയ ബാനറുകളെത്തും. വണ്ടിയോടിക്കുന്നവരുടെ മുഴുവൻ ശ്രദ്ധയും കവർന്നെടുക്കാനായി, റോഡിനു കുറുകെ വലിയ ബാനറുകൾ എത്തുകയായി. റോഡിനു നെടുകയും കുറുകയും 'റാൻഡം ഫാഷനിൽ' വലിച്ചുകെട്ടിയ കരണ്ടുകമ്പികളോടും ടെലിഫോൺ കമ്പികളോടും മത്സരിച്ചുവേണം, ബാനറുകൾ കഴിവ് തെളിയിക്കേണ്ടത് എന്നോർക്കണം!
പണ്ടുകാലത്തു ഇത്തരം കലാപരിപാടികൾ നഗര പ്രദേശങ്ങളിൽ മാത്രമായിരുന്നു നടന്നിരുന്നത്. പുരോഗമനവും വികസനവും ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി, ചെറുഗ്രാമങ്ങളിലെ ചെറു കവലകളിൽപ്പോലും ഒടിഞ്ഞു തൂങ്ങിയ ഒരു ബാനറെങ്കിലും കാണാതിരിക്കില്ല എന്നത് ഒരു ഭാഗ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താച്ചാൽ, ചുവരിൽ എഴുതിയവരും, എഴുതിച്ചവരും ഒരിക്കലും അതു മായിക്കില്ല. ഒട്ടിച്ച ഒരു പോസ്റ്ററും ഒരിക്കലും ഇളക്കിക്കളയില്ല. വലിച്ചുകെട്ടിയ ഒരു ബാനറും അഴിച്ചുമാറ്റില്ല. അതെല്ലാം നമ്മുടെ സൗന്ദര്യസങ്കല്പങ്ങളെ പാടിപ്പുകഴ്ത്തിക്കൊണ്ടു മാസങ്ങളും വർഷങ്ങളും അവിടവിടങ്ങളിൽ നിലനിൽക്കും.
എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഈ സ്വപ്നം ഒരിക്കലും ഫലവത്താവില്ല. അതു ഫലിക്കാൻ പാടില്ല. ആരെങ്കിലും അതിനു തുനിഞ്ഞാൽ, അവരെ നമുക്കു ഒറ്റപ്പെടുത്തണം. സോഷ്യൽ മീഡിയായിൽ പരസ്യവിചാരണ നടത്തി, ട്രോളി, ആത്മബലം ഇല്ലാതാക്കി മാളത്തിൽ കയറ്റണം. അത്രതന്നെ!