മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇന്നലെ വായനാദിനമായിരുന്നു. മനുഷ്യർ ഏറ്റവും കൂടുതൽ വായിച്ച പുസ്തകങ്ങളെപ്പറ്റി ആയിരുന്നു ഏറെനേരം ചിന്തിച്ചത്. ഗൂഗിൾ ചെയ്യാതെ നമുക്കു പറയാൻ കഴിയും വിശുദ്ധഗ്രന്ഥങ്ങളായി കരുതപ്പെടുന്ന

പുസ്തകങ്ങൾ തന്നെയാണ് മനുഷ്യർ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളതെന്ന്. അർത്ഥമറിഞ്ഞും, ഒട്ടുമറിയാതെയും സ്ഥിരമായി മതഗ്രന്ഥങ്ങൾ വായിക്കുന്നവർ അനേകമുണ്ട്. കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ വായിച്ചവരും വായിക്കാത്തവരും വളർന്നു. വായിച്ച ചിലർ വിളഞ്ഞു. പക്ഷെ വായിച്ച മറ്റു ചിലർ വളഞ്ഞു. ഈ ഗ്രന്ഥപാരായണം കൊണ്ടു മൊത്തത്തിൽ മനുഷ്യസമൂഹത്തിനു എന്തെങ്കിലും ഗുണകരമായ മാറ്റമുണ്ടായോ എന്നു ചിന്തിക്കുകയായിരുന്നു ഇന്നലെ മുഴുവൻ.

ഭാഷ എന്നും എനിക്കൊരത്ഭുതമാണ്. ശബ്ദങ്ങൾക്ക് ആശയങ്ങൾ ഉണ്ടാവുകയും, പല ശബ്ദങ്ങൾ കൂടിച്ചേർന്നു വാക്കുകൾ ഉണ്ടാവുകയും, വാക്കുകൾ കൂടിച്ചേർന്നു ഭാഷ ഉണ്ടാവുകയും ചെയ്ത കാലഘട്ടത്തിൽ നിന്നും ലിപിയുണ്ടായി, വ്യാകരണം ഉണ്ടായി, അച്ചടി ഉണ്ടായ കാലഘട്ടങ്ങളിൽ എത്തിച്ചേരാൻ മനുഷ്യകുലം ഒരുപാടു യാത്ര ചെയ്തിരിക്കണം. അടിസ്ഥാനപരമായി ഭാഷ coding ഉം , decoding ഉം ആണ്.

പുരാതനമായ ഗ്രന്ഥങ്ങൾ വായ്മൊഴിയായി പ്രചരിച്ചിരുന്നു. ചൊല്ലാൻ പാകത്തിനുള്ളവ ഓർമ്മയിൽ സൂക്ഷിക്കാൻ എക്കാലത്തും എളുപ്പമാണ്. അതുകൊണ്ടാവാം പല പുരാതന ഗ്രന്ഥങ്ങളും പാട്ടുരൂപത്തിലായിരുന്നു സൃഷ്ടിക്കപ്പെട്ടിരുന്നത്. അവയിൽ പലതും മനോഹരമായ കാവ്യങ്ങളായിരുന്നു. എങ്കിലും പുരാതനഗ്രന്ഥങ്ങളിൽ പൊതുവായി കണ്ടുവരുന്ന ഒരു പ്രത്യേകതയുണ്ട്. അവയിലെ ചില പദ്യങ്ങളോ, ചില ഭാഗങ്ങൾ തന്നെയോ പിൽക്കാലത്ത് ആരൊക്കൊയോ കൂട്ടിച്ചേർത്താണെന്നുള്ള തർക്കം. ഇത്തരം ഭാഗങ്ങളെ 'പ്രക്ഷിപ്തം' എന്ന പേരിലാണ് അറിയപ്പെടുന്നത്. കാളിദാസകൃതികളിൽ പ്രക്ഷിപ്തമുണ്ട്. കാളിദാസൻ എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടേതല്ലാത്ത വരികൾ ഇന്നു അച്ചടിച്ചു ലഭിക്കുന്ന കാളിദാസ കൃതികളിലുണ്ട്. അപ്പോൾ ന്യായമായും അച്ചടിക്കു മുൻപേ സൃഷ്ടിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളിലും ഇതൊക്കെ ഉണ്ടാവാം. മതഗ്രന്ഥങ്ങൾ ഉൾപ്പടെ എല്ലാ ഗ്രന്ഥങ്ങളുടെ പിന്നിലും മനുഷ്യന്റെ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്. ദൈവവചനം എന്നു പറയുന്നുവെങ്കിലും അതൊക്കെ മനുഷ്യവചനങ്ങളായാണ് ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പ്രതിസന്ധികളിൽ നിന്നും മനുഷ്യസമൂഹത്തെ മുക്തരാക്കാൻ, ചില നിർണ്ണായകഘട്ടങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന ഇത്തരം ഗ്രന്ഥങ്ങളിൽ മനുഷ്യർ അഭയം കണ്ടെത്തുകയോ, അതിനു പ്രേരിപ്പിപ്പെടുകയോ ചെയ്തിരുന്നു. എന്തിനെയും അവനവന്റെ നേട്ടത്തിനായി വളച്ചൊടിക്കുന്ന ബുദ്ധിയുള്ളവർ ഇത്തരം ഗ്രന്ഥങ്ങളിൽ പകയുടെയും, വിദ്വേഷത്തിന്റെയും, വിഭാഗീയതയുടെയും, ചൂഷണത്തിന്റെയും, കൊലയുടെയും വരികൾ പിന്നീടു ചേർത്തിട്ടുള്ളതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളുടെ ചരിത്രത്തിലേക്ക് ആഴത്തിൽ പോകുമ്പോൾ ഇത്തരം കൂട്ടിച്ചേർക്കലുകളെപ്പറ്റിയും, മുറിച്ചുമാറ്റലിനെപ്പറ്റിയും ഉള്ള തർക്കങ്ങൾ കാണാൻ കഴിയും. പലപ്പോഴും വിശ്വാസികൾ ഇത്തരം കാര്യങ്ങൾ കൂട്ടത്തിൽപ്പെടാത്തവരോടു പങ്കിടില്ല. അച്ചടിയുടെ ഈ കാലഘട്ടത്തിൽ പോലും, പുതിയ എഡിഷനിൽ രണ്ടു വരി കൂട്ടിച്ചേർത്താൽ അതു വലിയ ഭൂകമ്പങ്ങൾ ഉണ്ടാക്കാതെ സ്വീകരിക്കപ്പെടും. അപ്പോൾ അച്ചടിക്കു മുൻപുള്ള കാലത്തെ കാര്യം പറയണോ?

എന്തുകൊണ്ടാണ് ഒരു കൂട്ടം വിശ്വാസികളുടെ വിശുദ്ധഗ്രന്ഥം മറ്റൊരുകൂട്ടരുടെ നിഷിദ്ധഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്? ഉത്തരം വളരെ ലളിതമാണ്. ഏതു (മത)വിശ്വാസത്തിൽ പെട്ടവരും സ്വീകരിക്കുന്ന ചില പൊതു നന്മകളുണ്ട്. മറ്റുള്ളവരോടു സ്നേഹവും, അനുകമ്പയും, കരുതലും വേണമെന്നു പറയുന്നത് ഈ പൊതു നന്മയ്ക്കു ഉദാഹരണമാണ്. മഹത്വത്തിന്റെ അത്യുന്നത ശ്രേണികളിൽ എത്തപ്പെട്ടവർ ഇത്തരം പൊതു നന്മയ്ക്കു വിരുദ്ധമായി പകയുടെയോ, ചൂഷണത്തിന്റെയോ, വിദ്വേഷത്തിന്റെയോ ആശയങ്ങൾ മറ്റുള്ളവരിലേക്ക് പകരുമെന്നു കരുതുന്നില്ല. പക്ഷെ അവരുടെ വചനങ്ങളായി പിൽക്കാലത്തു ആരൊക്കൊയോ കൂട്ടിച്ചേർത്ത വരികളിൽ ഇതൊക്കെ ഉണ്ടാകാം. അല്ല, ഉണ്ട്!

ലളിതമാണു പരിഹാരമെങ്കിലും പ്രയോഗത്തിൽ കൊണ്ടുവരാൻ കുറച്ചു ബുദ്ധിമുട്ടാണ്. വിശുദ്ധഗ്രന്ഥങ്ങളിലെ പ്രക്ഷിപ്തം എഡിറ്റു ചെയ്തു മാറ്റുക എന്നത് വിഷമകരമായ കാര്യമാണ്. കാരണം, പ്രക്ഷിപ്തം വിറ്റു ജീവിക്കുന്നവർ അതനുവദിക്കില്ല എന്നതു തന്നെ. മതം ഒരുപാടു മനുഷ്യരുടെ അന്നമാണ്. അതുകൊണ്ടു മാത്രം ജീവിക്കുന്നവർ, അധികാരം പേറുന്നവർ, സമ്പത്തുണ്ടാക്കുന്നവർ ധാരാളമാണ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ