അട്ടപ്പാടിയിലെ രണ്ടു പ്രധാന ആഘോഷങ്ങളാണ് അഗളി അയ്യപ്പൻ വിളക്കും മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവും. ഇന്നലെ (ജനുവരി ആറ്) യായിരുന്നു അഗളി അയ്യപ്പൻ വിളക്കുത്സവം.
കുറെ ദിവസങ്ങൾക്കു മുമ്പുതന്നെ വീണു കിട്ടുന്ന ഇടവേളകളിൽ ക്ലാസ്സിലിരുന്ന് കുഞ്ഞുങ്ങൾ അയ്യപ്പൻ വിളക്കുത്സവത്തെക്കുറിച്ച് വാചാലരാവുന്നത് കണ്ടപ്പോഴൊക്കെ ബാല്യകൗതൂഹലം മാത്രമാണെന്നാണ് കരുതിയത്. എന്നാൽ കുഞ്ഞുവായകളിലെ വലിയ വർത്തമാനങ്ങളിൽ നിന്നും ഇതെന്തോ വിചാരിക്കുന്ന പോലല്ല എന്നും തോന്നാതിരുന്നില്ല.
സാധാരണ നാട്ടിൻ പുറങ്ങളിലെല്ലാം കാണുന്ന അയ്യപ്പൻ വിളക്ക്. ഇതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന ചിന്തയായിരുന്നു മനസ്സിലെങ്കിലും, "ആഹാ'.. ഓഹോ...'' എന്നൊക്കെപ്പറഞ്ഞ് കുഞ്ഞുങ്ങളുടെ സംസാരത്തിന് ആവേശം പകർന്നു കൊണ്ടുമിരുന്നു.
ദിവസങ്ങൾ കഴിയവെ ഒരു ദിവസമുണ്ട് റോഡിനിരുവശവും കുമ്മായം കൊണ്ടെന്നു തോന്നുന്നു അടയാളം വരച്ചിട്ടിരിക്കുന്നു. ഏതാനും ദിവസങ്ങൾ കഴിയവെ കച്ചവടക്കാർ വന്ന് തമ്പടിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും കച്ചവടക്കാരുടെ എണ്ണം കൂടിക്കൊണ്ടുമിരുന്നു.
ഉപ്പു തൊട്ടു കർപ്പൂരം വരെ എന്നു പറഞ്ഞതുപോലെ ചെറിയ മൊട്ടുസൂചി മുതൽ ചട്ടിയും കലവും കമ്പിളിയും പുതപ്പും ബ്ലാങ്കറ്റും സ്വെറ്ററും വാച്ചും വിവിധയിനം രുചിയൂറും പലഹാരങ്ങളുമൊക്കെയായി ജനമഹാസമുദ്രം തന്നെ എന്നു പറയാം.
ഏതാനും കിലോമീറ്ററുകൾക്കപ്പുറം ഗൂളിക്കടവ് മഹാഗണപതി ക്ഷേത്രമുണ്ട്. അവിടെ നിന്നും പാലക്കൊമ്പെഴുന്നള്ളിച്ച് താലപ്പൊലിയുമായി കൊട്ടും മേളങ്ങളോടൊപ്പം ഗജവീരനെ അനുഗമിച്ചു കൊണ്ട് വൻ ജനാവലി എത്തിച്ചേരുന്നത് കാണേണ്ടതു തന്നെയാണ്.
രാത്രി തോറും വിവിധ കലാരൂപങ്ങൾ നൃത്തങ്ങൾ എന്നിവ രംഗവേദിയിൽ അരങ്ങേറും. ഗാനമേളകളും പൊടിപൊടിക്കും.
വലിയ ജനാവലികൾ എത്തിച്ചേരുന്ന ഉത്സവാഘോഷം.എങ്കിലും ഏറെ അച്ചടക്കത്തോടെ ആളുകൾ പെരുമാറുന്നത് അത്ഭുതവുമുളവാക്കി.അത്രയ്ക്കും വിശ്വാസമാണവർക്ക് അയ്യപ്പസ്വാമിയെ. അഗളി അയ്യപ്പൻ കാത്തുരക്ഷിക്കും എന്നും ഏവരും അയ്യപ്പസ്വാമിയുടെ ഭക്തന്മാർ തന്നെ എന്നുമുള്ള സമഭാവനയുള്ളപ്പോൾ ബഹളത്തിനെവിടെ സ്ഥാനം?
ക്ഷേത്രത്തിൽ നിത്യേന അന്നദാനവുമുള്ളതുകൊണ്ട് കച്ചവടക്കാർക്കും സൗകര്യമാണ്. ശുദ്ധജലവുമായി തെളിഞ്ഞൊഴുകുന്ന ശിരുവാണിപ്പുഴയുമുണ്ടിവിടെ.
നിഷ്ക്കളങ്കരും നന്മയുമുള്ളവരാണ് ഇവിടെയുള്ളവർ.പ്രത്യേകിച്ച് ആദിവാസികൾ ഏറെ നന്മയും സ്നേഹവുമുള്ളവരെന്ന് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെ.ഭക്ത്യാദരങ്ങളോടെ ഉത്സവത്തിൽ പങ്കെടുത്ത് ഭഗവാനെ തൊഴുത് ഇനിയും ശിവരാത്രിയ്ക്കു കാണാം എന്ന് യാത്ര ചൊല്ലിപ്പിരിയുന്ന വിവിധ ഊരുനിവാസികൾ.
.അയ്യപ്പാ ശരണം