mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ചെഖോവിന്റെ ദ ബെറ്റ് എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രമായ വക്കീൽ പതിനഞ്ചു വർഷക്കാലം സ്വയം തീർത്ത തടവറയിൽ ജീവിക്കുന്നു. പതിനഞ്ച് വർഷം പൂർത്തിയാകുന്ന ദിവസം അർദ്ധ രാത്രി ജയിൽ ഭേദിച്ച് അയാൾ പുറത്ത് വരുന്നു.

വിശ്വ പ്രസിദ്ധമായ ഈ കഥയുടെ പശ്ചാത്തലം എക്കാലവും സ്മരണീയമാണ്. വധശിക്ഷയാണോ ജീവപര്യന്തമാണോ കടുത്ത ശിക്ഷ എന്ന് ചില സുഹൃത്തുക്കൾ തമ്മിൽ നടക്കുന്ന തർക്കത്തിനൊടുവിലാണ് ബെറ്റ് രൂപപ്പെടുന്നത്. ബാങ്കറുടെ രണ്ട് മില്യൺ ഡോളറിനു പകരമായി പതിനഞ്ചു വർഷത്തെ സ്വാതന്ത്ര്യം അടിയറ വെക്കാൻ തയ്യാറാകുന്ന യുവാവായ വക്കീൽ കണ്ടെത്തുന്ന ജീവിത സമസ്യകൾക്കൊടുവിൽ അനേകം പ്രാപഞ്ചിക സത്യങ്ങൾ ഈ കഥയെ ഒരായിരം കഥകളടങ്ങുന്ന ഒന്നാക്കിത്തീർക്കുന്നു.  

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പോലും മാറി മറിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വ്യക്തിപരമായി ചിലപ്പോളത് തടവറ എന്നുള്ള ഭൌതിക ആശയത്തെ മറികടക്കുന്നുണ്ട്. എന്നാൽ സാർവ ലൌകികമായ തളച്ചിടപ്പെടലിന്റെ പ്രാകൃത രൂപങ്ങൾ എങ്ങിനെ നമ്മുടെ സകലതിനെയും തിരുത്തുന്നു എന്നുള്ളത് ഈ ലോക്ഡൌൺ കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്.

എം മുകുന്ദൻ പറയുന്നത് ശ്രദ്ധിക്കുക. 

"മുണ്ടു മടക്കിക്കുത്തി കൈകൾ വീശി നിരത്തുകളിലൂടെ സ്വതന്ത്രനായി നടക്കുന്നതാണ് ഞാനിപ്പോൾ കാണുന്ന സ്വപ്നം. ചങ്ങാതിയുടെ തോളിൽ കയ്യിട്ട് തിരക്കുള്ള കവലയിലൂടെ നടക്കുക. ഒരു ചായക്കടയിൽ കയറിയിരുന്ന് ചൂടുള്ള ഒരു ഗ്ലാസ് പൊടിച്ചായയും എണ്ണക്കടിയും കഴിക്കുക. ഈയടുത്ത കാലം വരെ ഇതൊക്കെ നിസ്സാര കാര്യങ്ങളായിരുന്നു. ഇപ്പോഴാണ് അതിന്റെ പ്രാധാന്യവും ആഹ്ലാദവും നമ്മൾ തിരിച്ചറിയുന്നത്."

ചെറുതല്ലാത്ത നമ്മുടെ ഇഷ്ടങ്ങളെല്ലാം ഏറിയും കുറഞ്ഞും തന്നിഷ്ടങ്ങളെന്ന സ്വതന്ത്ര ചിന്തകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ചലനാത്മകമായ ജീവിതത്തിന്റെ ഏതെങ്കിലും ഭാഗങ്ങളെ അടർത്തിയെടുത്ത് സ്വാതന്ത്ര്യത്തെ നിർവചിക്കുക അസാധ്യമാണ്. ചിലപ്പോളളത് വിധേയത്വത്തിന്റെയോ ഒതുങ്ങിക്കൂടലിന്റെയോ നിറം വെളിപ്പെടുത്തുന്നുണ്ട്.

വ്യക്തികളിൽ പോലും ശിഥിലവൽക്കരിക്കപ്പെട്ടു വരുന്ന ജീവിത പരിസരങ്ങളെ ഇടം വലം തിരിയാനാവാത്തതും, ചിലപ്പോൾ ബന്ധനം എന്നുള്ളതു പോലുമായിത്തീരുന്നു സ്വാതന്ത്ര്യം എന്നതിന്റെ നിർവ്വചനം.

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അന ബ്ലാൻഡിയാനയുടെ 'ദ ഓപൺ വിന്റോ' എന്ന ഒരു ചെറുകഥയുണ്ട്. ഒരു ചിത്രകാരൻ ജയിലിലടക്കപ്പെടുന്നു. ഇരുട്ടു നിറഞ്ഞ ജയിലിന്റെ ഭിത്തിയിൽ അയാളൊരു തുറന്ന ജാലകത്തിന്റെ ചിത്രം വരയുന്നു. പിറ്റേന്ന് ജയിലർ ഭക്ഷണവുമായി വന്നപ്പോൾ ചിത്രകാരനെ കളിയാക്കുന്നു. വെളിച്ചത്തിനായി തുറന്ന ജാലകത്തിലൂടെ തനിക്ക് രക്ഷപെടാമോ എന്ന ചോദ്യത്തിന്റെ ഉത്തരമായി ചിത്രകാരൻ ചിത്രത്തിലെ തുറന്ന ജാലകത്തിലൂടെ പുറത്തേക്കു രക്ഷപെടുന്നു.  സ്വാതന്ത്ര്യം എന്നത് നമ്മൾ വിശ്വസിക്കുന്നതും കൊണ്ട് നടക്കുന്നതും തടയപ്പെടുന്നതും അല്ല എന്ന് ഈ കഥ നമ്മോട് പറയുന്നു.  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ