മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

യാത്രയിലെ യാത്രകൾ

07.08.2016
പ്രിയപ്പെട്ട ജിബിൻ,

എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ. 

വലിയ യാത്രയിലെ ചെറിയ ചെറിയ യാത്രകൾ. ഒരോ യാത്രയിലും എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ. മറക്കുവാനാവാത്ത ചില സന്ദർഭങ്ങൾ.

ഓർമ്മ!
അതാണല്ലോ നമ്മെ നയിക്കുന്നത്.
ഓർമ്മയുടെ പട്ടത്തിന്റെ ചരടുകൾ പൊട്ടിപ്പോയ അച്ഛനെ കാണുവാനും, കൂടെ നിന്നു ശുശ്രൂഷിക്കുവാനും ആയിരുന്നു ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചത്. നീയോ, ഒരച്ഛനാകുന്നതിൻറെ പൂർത്തീകരണത്തിനും. എനിക്ക് മുന്നേ ജയയും മക്കളും അച്ഛൻറെ ശുശ്രൂഷയ്ക്കായി നാട്ടിൽ പോയിരുന്നു. കാവ്യയുടെ ഓർമ്മകളിൽ അവളുടെ വല്യച്ചാച്ചനും അച്ചാമ്മച്ചിയും എന്നും സജീവമായി നിൽക്കുന്നു. മക്കളോടു പ്രകടിപ്പിക്കാൻ കഴിയാഞ്ഞ സ്നേഹം കൊച്ചു മക്കൾക്കു വാരിക്കോരി കൊടുക്കുന്നതു കൊണ്ടാകാം മുത്തശ്ശനും മുത്തശ്ശിയും നമ്മുടെ ഒക്കെ ഓർമ്മകളിലെ നിത്യ വസന്തമായി പുഞ്ചിരി തൂകി നിൽക്കുന്നത്. ഒരു പക്ഷെ ജീവിതത്തിന്റെ തിരക്കുകൾ കുറയുമ്പോൾ എത്തിച്ചേരുന്ന കൊച്ചുമക്കൾക്ക് തൻ്റെ ഓർമ്മയിലെ മുത്തശ്ശനെയും മുത്തശ്ശിയേയും നല്കുകയാകും നാമൊക്കെ ചെയ്യുന്നത്.

അതെ, ഓർമ്മകൾ.
അത് തന്നെ ആണു നമ്മെ നയിക്കുന്നത്.
തൻ്റെ ഓർമ്മയിലെ അച്ഛനെ തൻ്റെ മക്കൾക്കായി നൽകുക. തൻ്റെ ഓർമ്മയിലെ മുത്തശ്ശനെ തൻ്റെ കൊച്ചുമക്കൾക്കായി നൽകുക. ജനിതക കാരണങ്ങളിലെ നിർബന്ധങ്ങൾക്കൊപ്പം ഓർമ്മകൾ നൽകുന്ന ചൂണ്ടു പലകകൾ നമ്മെ നയിക്കുമ്പോൾ, വെറും ഒരു 'അലസ ഗമന' ത്തി നപ്പുറം ഈ യാത്രകൾ സാർത്ഥകമായ മാറുന്നത് അപൂർവമാണ്. അങ്ങിനെ മാറ്റുന്നവർ വിരളവും.

ജിബിൻ,
മൗലികമായ ഒരു ചോദ്യം ഇവിടെ അവശേഷിക്കുന്നു. മനോഹരമായ ഈ പ്രപഞ്ചത്തിൽ ജീവിതം എന്തുകൊണ്ട് ഒരുത്സവമായി മാറുന്നില്ല?


ഓർമ്മപ്പൂക്കാലം 

14.08.2016
പ്രിയപ്പെട്ട ജിബിൻ,

ജയയുടെ സഹപാഠികൾ ഇന്ന് ഒത്തുകൂടി; അഷ്ടമുടിക്കായലിൻറെ തീരത്ത്. അവരുടെ കൂട്ടത്തിൽ പെടാത്തവനായിരുന്നു ഞാൻ. എങ്കിലും അവരുടെ സൗമനസ്യം എന്നെ അവരോടൊപ്പം കൂട്ടി. സ്മരണകളുടെ തീരത്തുകൂടി ഒരു യാത്ര.

എല്ലാവരും ഗതകാലത്തിൽ നിന്നും ഓർമ്മയുടെ പൂക്കൾ പെറുക്കിയെടുത്തു. കായലിന്റെ തീരത്തു വശ്യമായ പൂക്കളങ്ങൾ തീർത്തുകൊണ്ടേ ഇരുന്നു. അതിന്റെ മനോഹാരിതയിൽ ധന്യമായിരുന്നു കായലോരം.

ഓർമ്മയുടെ തീരത്തു നിന്നും തെന്നിയകന്ന അച്ഛൻറെ അരികിൽ നിന്നുമാണ് പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ എത്തിയത്. അതുകൊണ്ടു തന്നെ ആ ഒത്തുചേരലും സ്മരണ പുതുക്കലും എനിക്കൊരുപാടു സന്തോഷം നൽകി. ഓർമ്മ - അതാണല്ലോ കാലം! ഓർമ്മ നഷ്ടമാകുമ്പോൾ കാലം നിശ്ചലമാകും. വർത്തമാനകാലത്തിന്റെ നിശ്ചിതത്വത്തിൽ മരവിച്ചു നിൽക്കുന്ന അവസ്ഥ ആകാം അത്.

ജിബിൻ, നിനക്കും ഉണ്ടാകാം ഓർമ്മയുടെ ചെപ്പുകളിൽ സൂക്ഷിച്ചുവെച്ച വെള്ളാരം കല്ലുകൾ. തിരക്കിട്ട ജീവിതത്തിൽ വല്ലപ്പോഴും അതെടുത്ത് ഓമനിക്കുമ്പോളാകാം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പോലും ഉണ്ടാകുന്നത്.


letters to Jibin

വാസുദേവൻ

13.08.2016
പ്രിയപ്പെട്ട ജിബിൻ,

കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..."

പിന്നണി ഗായകൻ ജയചന്ദ്രൻ പാടിയ ശ്രീകുമാരൻ തമ്പിയുടെ വരികൾ. വാസുദേവൻ സീറ്റിൽ ചാരി നിന്നുകൊണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഒരാളെ താഴ്ന്ന ശബ്ദത്തിൽ പാടി കേൾപ്പിക്കുകയാണ്. അയാൾ വരികൾ പ്രോംപ്റ്റ് ചെയ്തുകൊണ്ട് വാസുദേവനെ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടത്തിൽ ഞാനും കൂടി. കുളിരു പകരുന്ന പഴയ ഗാനങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു് വാസുദേവൻ്റെ മുന്നിൽ ഇട്ടുകൊടുത്തു. വാസുദേവന് കിട്ടാഞ്ഞ വരികൾ പൂരിപ്പിച്ചു കൊടുത്തു. മറ്റൊരാൾ വാസുദേവൻ്റെ പോക്കറ്റിൽ പത്തു രൂപാ വച്ച് കൊടുത്തു (വാസുദേവൻ വേണ്ടാ എന്ന് പറഞ്ഞു).

കുറേ കഴിഞ്ഞപ്പോൾ ഞാൻ വാസുദേവനെ പരിചയപ്പെട്ടു. കൂലിപ്പണിക്കാരനാണ് അയാൾ. പാട്ടിനോട് വലിയ കമ്പമാണ്. പണികഴിഞ്ഞു, സ്മാൾ അടിച്ചിട്ട് ബസിൽ കയറിയതാണ്. "ഒരു പെട്ടി നിറച്ചു പാട്ടു പുസ്തകങ്ങളും CD കളും" സൂക്ഷിക്കുന്ന വാസുദേവൻ പുനലൂരിൽ പല പ്രാവശ്യം വന്നിട്ടുണ്ട് പോലും. "ചേട്ടാ, മണിച്ചിത്രത്താഴ് ഞാൻ പുനലൂർ തായ്‌ലക്ഷ്മി യിൽ ആണ് കണ്ടത്. പിന്നെ ഞാൻ തൂക്കു പാലത്തിൽ കിടന്നുറങ്ങിയിട്ടുണ്ട്" (തൂക്കുപാലത്തിനു ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടല്ലോ?). ബസ്സിൻ്റെ പിന്നിൽ ഞങ്ങൾ പാട്ടാസ്വദിക്കവേ യാത്രക്കാർ പലരും അപരിഷ്‌കൃതരായ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കൂട്ടിക്കടയിൽ വാസുദേവൻ ഇറങ്ങിയപ്പോൾ അതുവരെ മിണ്ടാതിരുന്ന കമ്പിയിൽ തൂങ്ങിയായ ഒരു ചെറുപ്പക്കാരൻ്റെ ചുണ്ടിൽ നിന്നും ഇങ്ങനെ കേട്ടു. "മഞ്ഞലയിൽ മുങ്ങി തോർത്തി, മധുമാസ ചന്ദ്രിക വന്നു, നിന്നെ മാത്രം കണ്ടില്ലല്ലോ..."

ജിബിൻ, നിനക്ക് തോന്നുന്നുണ്ടോ ഇതൊരു പകർച്ച വ്യാധി ആണെന്ന്? സന്തോഷിക്കാൻ മറന്നു പോകുന്ന മാന്യ ജീവിതങ്ങൾക്കിടയിൽ ചുമ്മാതെ സന്തോഷം കൊണ്ടു നടക്കുന്നു വാസുദേവൻ!


പ്ലാവിലക്കുമ്പിൾ 

പ്രിയപ്പെട്ട ജിബിൻ,

വലിയ മരങ്ങൾക്കു ചുവട്ടിലൂടെ നടക്കുമ്പോൾ നാം ചെറുതായി മാറുന്നു . പെരുപ്പിച്ചു വയ്ക്കുന്ന പ്രൊഫൈലിന്റെ ഭോഷ്കു തിരിച്ചറിയുന്നു.

പുരുഷായുസ്സിന്റെ വലുപ്പക്കുറവ് വെളിവാകുന്നു. പ്രകൃതിയുടെ നൈർ മല്യത്തെ ഓർത്തു തല കുനിച്ചു പോകുന്നു. നാം ശാന്തരാകുന്നു. എങ്കിലും നാം അവയെ വെട്ടി വീഴ്ത്തുന്നു; പലതും, പലതും ആലോചിക്കാതെ. ഇന്ന് (Dec 3) മരങ്ങളെ അണിയിച്ചൊരുക്കുന്ന ദിനം. Tree Dressing Day.

ചെറുപ്പത്തിൽ അടുക്കള മുറ്റത്തുണ്ടായിരുന്ന വരിക്ക പ്ലാവിനെ ഓർത്തു പോകുന്നു. ഓണം അടുക്കുമ്പോൾ അതിൽ ഒരു ഊഞ്ഞാൽ കിളിച്ചു താഴേക്കിറങ്ങി വരുമായിരുന്നു. അതിൽ ഞങ്ങളെ കയറ്റി മരം താരാട്ടു പാടുമായിരുന്നു. ഹൃദയത്തിലേക്ക് കൂട്ടി ക്കൊണ്ടു പോകുമായിരുന്നു. ചില്ലിയാട്ടങ്ങളിൽ ഇലകൾ തരുമായിരുന്നു. ഇലച്ചാർത്തുകൾ ഉണക്കിലും കുളിരുള്ള തണലേകു മായിരുന്നു. മധുരമുള്ള ധാരാളം ഫലം നൽകിയിരുന്നു. പൊടിയരി ക്കഞ്ഞി കോരി കുടിക്കാൻ പഠിപ്പിച്ചതും എന്റെ പ്ലാവു മുത്തശ്ശി, നീ തന്നെ ആയിരുന്നു. നന്ദി.


വീണ്ടും മരങ്ങൾ

പ്രിയപ്പെട്ട ജിബിൻ,

മരങ്ങൾ - അവ എന്നും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നായിരുന്നു?. അടുക്കള മുറ്റത്തെ വരിക്ക പ്ലാവിനെ പോലെ മറ്റൊരു പ്രിയപ്പെട്ട മരമുണ്ടായിരുന്നു.

ചുവട്ടിൽ നിറയെ ചുവന്ന സ്വപ്‌നങ്ങൾ വിതറിയ മഞ്ചാടി മരം. അതു  രാധയുടെ വീട്ടു മുറ്റത്തായിരുന്നു. രാധ എന്റെ പ്രിയപ്പെട്ട ബാല്യകാല സുഹൃത്തായിരുന്നു (ഒരുതരം കുറ്റ ബോധം ഉണ്ടാക്കുന്ന സുഹൃത് ബന്ധം - പിന്നീടൊരിക്കൽ പറയാം). രാധയുടെ മുറ്റമായിരുന്നു ഞങ്ങൾ നാട്ടുകാരുടെ പ്രിയപ്പെട്ട കളിസ്ഥലം. അതിന്റെ ഒരു കോണിലായിരുന്നു മഞ്ചാടി മരം. മഴയില്ലാത്ത വൈകുന്നേരങ്ങളിൽ ആ ചെറിയ മുറ്റം ശബ്ദ മുഖരിതമായിരിക്കും. ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും, കൂട്ട ചിരിയുടെയും, കളിയാക്കലുകളുടെയും എത്രയോ അവസരങ്ങൾ  ആ മരത്തിനു കീഴിൽ കടന്നുപോയി. രാധയുടെ വീടിനു കിഴക്കു വശത്തായി ഒരു കൂറ്റൻ  പുളിമരം ഉണ്ടായിരുന്നു. അത് നിന്നിരുന്നത് വളം ഡിപ്പോയുടെ വക സ്ഥലത്തായിരുന്നു. എങ്കിലും ഓണസമയത്തു  രാധയുടെ അച്ഛൻ ഒരു ഊഞ്ഞാൽ അതിൽ ഇടീക്കുമായിരുന്നു. അതു ഞങ്ങൾ നാട്ടുകാർ എല്ലാവരും കൂടി  ആടി ഓണം കഴിയുമ്പഴേക്കും പൊട്ടിച്ചു കൊടുക്കു മായിരുന്നു. ഊഞ്ഞാലിന്റെ പടിയായി  ഉപയോഗിച്ചിരുന്നത് രാധയുടെ വീട്ടിലെ പഴയ ഉലക്ക ആയിരുന്നു. കിഴക്കു ചാലിയക്കരയ്ക്കുള്ള ബസിൽ ആളുകൾ പുറത്തേക്കു തൂങ്ങി കിടക്കുന്നതുപോലെ ഓവർലോഡിൽ ആയിരുന്നു രാധയുടെ ഊഞ്ഞാൽ പറന്നു കൊണ്ടിരുന്നത്. എത്രയോ സമയം ആ മര മുത്തച്ഛന്റെ ചുവട്ടിൽ കഴിഞ്ഞിരുന്നു. തമിഴ് നാട്ടിലെ വളവില്ലാത്ത റോഡുകളുടെ അരികുകളിൽ പിൽക്കാലത്ത് ഇതുപോലത്തെ വലിയ പുളി മരങ്ങൾ കാണുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട പുളിമരത്തെ ഓർക്കുമായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പുളിമരം. പറഞ്ഞിട്ടെന്താ വിശേഷം. ഞങ്ങളെക്കാൾ ആ മരത്തെ ഇഷ്ടപ്പെട്ടിരുന്നത് അച്ഛനായിരുന്നു. കേസു വിസ്താരം കഴിഞ്ഞാൽ അച്ഛൻ പുളിയുടെ അടുത്തേയ്ക്കു പോകും. കയ്യിൽ കത്തി ഉണ്ടായിരിക്കും. പുലിമുരുഗൻ ആയി തിരിച്ചു വരും. അടി അച്ഛന് ഒരു വീക് നെസ് ആയിരുന്നു; കൊള്ളുന്നത് ഞങ്ങൾക്കും(ചേട്ടനും എനിക്കും).  

തൃശൂർക്കുള്ള പറിച്ചു നടീൽ ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. കോളേജിന്റെ കാമ്പസ് അതി വിശാലമായിരുന്നു. തികച്ചും അപരിചിതമായ അന്തരീക്ഷം. ആ അപരിചിതത്വത്തിനിടയിൽ, ഒരാശ്വാസമായി അവൾ നിൽപ്പുണ്ടായിരുന്നു. ചപ്പു ചവറുകൾ ഇടുന്ന ഒരു മൂലയിൽ ചുവന്ന സ്വപ്‌നങ്ങൾ വിതറി ഒരു ചെറിയ മഞ്ചാടി മരം.

ക്യാമ്പസ് മരങ്ങളാൽ സമൃദ്ധമായിരുന്നു. വലിയ മരങ്ങൾ തണൽ വിരിച്ചിരുന്ന വഴികളിലൂടെ വിരഹാർത്തരായി ഞങ്ങൾ നടന്നിരുന്നു. കനാലിന്റെ അരികിലെ വാക മരം കാണുമ്പോൾ മധു പറയുമായിരുന്നു "മരത്തിനു തീ പിടിച്ചതുപോലെ" എന്ന്. പടർന്നു പന്തലിച്ചു കിടക്കുന്ന പുളിവാകയ്ക്ക് - ചക്കരക്കായ് മരം- (rain tree) എന്തഴകായിരുന്നു! ഒരത്ഭുതം പോലെ ഒരു നാഗദന്തി മരം (canon ball tree) അതിന്റെ വിശേഷപ്പെട്ട പൂക്കളും കായകളുമായി നിൽപ്പുണ്ടായിരുന്നു. ലാബുകളാൽ ചുറ്റപ്പെട്ട നടുമുറ്റത്ത് ആ ചെമ്പകം ഇപ്പോൾ ഉണ്ടോ ആവോ! മരങ്ങൾ - അവയെ ശ്രദ്ധിക്കാതിരിക്കാൻ എനിക്കും കഴിയുമായിരുന്നില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പുസുകളിൽ ഒന്നായിരുന്നു ആനന്ദിലെ IRMA യുടെ ക്യാമ്പസ്. മരങ്ങളെക്കാൾ കൃത്രിമ പുൽത്തകിടികൾ ആയിരുന്നു ആ പ്രദേശം നിറയെ. അവയെ പരിചരിക്കുന്ന ജോലിക്കാർ, വിളക്കു കാലുകൾ, ചൂണ്ടു പലകകൾ, ഇവയ്ക്കിടയിൽ മരങ്ങൾക്കു സ്ഥാനമില്ലായിരുന്നു. ഒട്ടക വണ്ടികൾ നീങ്ങുന്ന കാമ്പസിനു പുറത്തെ പാതകൾക്കിരുപുറവും വലിയ വേപ്പുകൾ ഉണ്ടായിരുന്നു. വണ്ടിയിൽ വേപ്പിലയും. സഖാന്ദ്രയിൽ വച്ചാണ് ജാമുൻ മരങ്ങൾ കാണുന്നത്. (അതെ - ജാമ്പൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ... ) സഖാന്ദ്രയിലെ കുരുത്തം കെട്ട കുട്ടികൾക്ക് വയലറ്റു കലർന്ന ചിരിയായിരുന്നു. പഴങ്ങൾ കഴിച്ചപ്പോൾ ഞാനും അവരിലൊരാളായി. മരങ്ങളിൽ നിന്നും പഴങ്ങൾ നേരിട്ടു കഴിക്കുമ്പോൾ സ്വാദു കൂടുതലാണോ? തോന്നലായിരിക്കും. അല്ലെങ്കിൽ അതു മരത്തിന്റെ സ്നേഹം കാരണമാകാം.

നാട്ടിൽ പോകുമ്പോൾ അമ്മയെ (ജയയുടെ അമ്മ),  അമ്മയുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ കൊണ്ടുപോകുന്ന ഒരു പതിവു ചടങ്ങുണ്ട്. രണ്ടു വർഷം മുൻപ് പട്ടാഴിയിലുള്ള  ദേവീ  ക്ഷേത്രത്തിൽ വച്ച് ഒരു കാഴ്ച കണ്ടു. ഒരു വലിയ കാഞ്ഞിര മരത്തെ അമ്മ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നു. ചെറിയ പുഛത്തോടെ നോക്കിയപ്പോൾ അമ്മ പറഞ്ഞു "എന്റെ ചെറുപ്പം തൊട്ടേ ഉള്ള മരമാ, ഇപ്പൊ ഒരുപാടു പ്രായമായിക്കാണും". ഞാനെവിടെ - അമ്മയെവിടെ?


രാത്രി മുഴുവൻ മഴയായിരുന്നു

പ്രിയപ്പെട്ട ജിബിൻ,

ചില കാഴ്ചകൾ, ചില ശബ്ദങ്ങൾ. ഇവ ഓർമയിൽ സൂക്ഷിക്കുന്ന ചില നിധികളിലേക്കുള്ള ചങ്ങലകളായി വർത്തിക്കാറുണ്ട്. ഇവ ഓർമ്മയെ ഉത്തേജിപ്പിക്കുകയും, തൽഫലമായി ചില ഗതകാല സംഭവങ്ങൾ മനസ്സിന്റെ തിരശീലയിൽ അനാവൃതമാവുകയും ചെയ്യും. 

കഴിഞ്ഞ ദിവസം പഴയ ഒരു പാട്ടു കേട്ടു "രാത്രി മുഴുവൻ മഴയായിരുന്നു, മനസ്സു നിറയെ കുളിരായിരുന്നു..." ബിച്ചു തിരുമല എഴുതി, ജെറി അമൽദേവ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം "എന്നും മാറോടണയ്ക്കാൻ" എന്ന ചിത്രത്തിൽ ഉള്ളതാണ്. സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഈ ഗാനം പണ്ട് ഒരുപാടു തവണ കേട്ടിട്ടുണ്ട്. സുനിലിന്റെ മുറിയിൽ നിന്ന്. തൃശൂരിൽ പഠിക്കുന്ന കാലത്തു ആദ്യം കുറച്ചുനാൾ സുനിലും, തോമാച്ചനും, വിനോദും, നാസറും ഞാനും ഒക്കെ ഒരു മുറിയിൽ  ആയിരുന്നു. പിന്നീട് ഞാനും സുനിലും രണ്ടു മുറികളിൽ ആയി. എങ്കിലും ഞാൻ കതകു തുറന്നാൽ മുന്നിൽ കാണുന്നത് സുനിലിന്റെ മുറിയുടെ കതകായിരുന്നു. സുനിലിന്റെ പാട്ടു പെട്ടിയിൽ നിന്നും കുറെ നാൾ സ്ഥിരമായി ഈ ഗാനം ഞങ്ങളിലേക്ക് ഒഴുകി വരുമായിരുന്നു. എത്ര മനോഹരമായ ഓർമ്മകളാണ് വളരെ ശക്തമായി ഈ ഗാനം പഴമയിൽ നിന്നും വലിച്ചു കൊണ്ട് വരുന്നത്! 

കോളേജിന്റെ പഴയ ഹോസ്റ്റൽ എന്നും തുറന്നു കിടന്നിരുന്നു. വേനൽക്കാലങ്ങളിൽ നക്ഷത്രങ്ങൾ കണ്ടു ടെറസിൽ ഉറങ്ങാൻ കിടന്നിരുന്നു. മഴക്കാലങ്ങളിൽ ജനാലകൾ അടച്ചു പൂട്ടി, ക്ലാസ് കട്ട് ചെയ്തു  ചുരുണ്ടു കൂടിയിരുന്നു. എപ്പോഴും പണിയിൽ വ്യാപൃതനായിരുന്ന തോട്ടക്കാരൻ റപ്പായി, മുറികൾ വൃത്തിയാക്കാൻ വരുന്ന അമ്മിണി എന്ന വല്യമ്മച്ചി, മെസ്സിലെ രാധാകൃഷ്ണൻ, സതി അങ്ങിനെ എത്രയോ പേർ.  രാഷ്ട്രീയ വൈരവും,  അനുബന്ധ കാലുഷ്യവും ഉണ്ടായിരുന്നെകിലും രാത്രികാലങ്ങളിലെ നൃത്ത സംഗീത സപര്യകളെ അതു ബാധിച്ചിരുന്നില്ല. കോറിഡോറുകളുടെ സംഗമത്തിലെ സംഗീത സാന്ദ്രമായ വിശാലമായ ഇടത്തിൽ അത്താഴത്തിനു ശേഷം അരണ്ട വെളിച്ചത്തിൽ ഒത്തു കൂടുമ്പോൾ സോഷ്യലിസമായിരുന്നു പാലിച്ചിരുന്നത്. പാട്ടിനൊത്തിളകുമ്പോൾ സീനിയർ ജൂനിയർ അകൽച്ചകൾ ഉണ്ടായിരുന്നില്ല. പഴയ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ  ധാരാളമായി മ്യൂസിക്  റൂമിൽ ഉണ്ടായിരുന്നു.  മനോഹരമായ ഒരു ഗാർഡൻ ഹോസ്റ്റലിനു മുന്നിലുണ്ടായിരുന്നു. പിന്നെ ടെറസ്സിലെ  'വാട്ടർ റ്റാങ്കിൽ' നിന്നും നേരിട്ട് വെള്ളമെടുത്തു  തുണിയില്ലാതെ കുളിക്കുന്നവരെ കണ്ടു ആനന്ദിക്കാൻ 'ഹൈവേ' യ്ക്ക് മറു വശത്തു ഒരു പോലീസ് സ്റ്റേഷനും.

ഓർമ്മകൾ... എത്രയെത്ര ഓർമ്മകൾ...

ജിബിൻ, നിനക്കും ഉണ്ടാകും ഓർമ്മകളെ ബന്ധിപ്പിക്കുന്ന പാട്ടുകൾ. ഭൂതകാലത്തിന്റെ പച്ചപ്പുകളിലേക്കു ഊഴ്ന്നിറങ്ങാൻ ഉതകുന്ന പഴയ പഴയ പാട്ടുകൾ.


താളുകൾ മറിയുമ്പോൾ 

താളുകൾ മറിയുമ്പോൾ

പ്രിയപ്പെട്ട ജിബിൻ,

വേനൽക്കാലത്തു വറ്റിപ്പോകുന്ന നീരൊഴുക്കുപോലെ നിനക്കുള്ള കത്തുകളുടെ തുടർച്ച വറ്റിപ്പോയി. എന്നോടു ക്ഷമിക്കുക. അവസാനത്തെ കത്തെഴുതിയത് 2017 ജൂലൈ യിൽ ആയിരുന്നു. എന്തൊരു നീണ്ട വരൾച്ച! നിനക്കെഴുതിയിരുന്ന ആ പഴയ കത്തുകളിലൂടെ ഒരാവർത്തി ഇപ്പോൾ ഞാൻ കടന്നുപോയി. വായന കഴിഞ്ഞപ്പോൾ എനിക്കെന്നോടു വല്ലാത്ത ഇഷ്ടം തോന്നി. അങ്ങനെയൊന്നും തോന്നരുതെന്നു പണ്ടു കരുതിയിരുന്നു.

ഇവിടെ ശിശിരം ഹേമന്തത്തിനു വഴിമാറിയിരിക്കുന്നു. എങ്കിലും പിടിച്ചു നില്പിന്റെ പീതപത്രങ്ങൾ, ശക്തമായ കാറ്റിലും വിട്ടുപോകാതെ മരങ്ങളിൽ വികാരവായ്പോടെ തുടരുന്നു. പ്രിയ ശ്യാമ മേഘങ്ങളെ... കൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് നിങ്ങൾ അന്ത്യോദകം പകരുന്നു. മണ്ണോടുമണ്ണായി മാറുന്ന ജീർണ്ണ പത്രങ്ങൾ, പുതുനാമ്പുകളായി  പുനർജ്ജനിക്കുന്നു. എന്തൊരുത്സവമാണീ പ്രകൃതിയൊരുക്കുന്നത്! ഇതൊന്നും കാണാതെ ഞാനും ഓടുകയായിരുന്നു. 

ഓട്ടത്തിനിടയിൽ ഞാനൊരു കാഴ്ചയിൽ തറഞ്ഞുനിന്നു. പലചരക്കു കടയുടെ പുറത്തെ ഭിത്തിയിൽ ചാരി, റോഡരുകിലെ നടപ്പാതയിൽ അവർ ഇരിക്കുന്നു. കട്ടിയുള്ള പുതപ്പിനുള്ളിൽ അവരെത്ര സുരക്ഷിതായാണ്? അറിയില്ല. മരം കോച്ചുന്ന തണുപ്പും, ഇലകളെ പറിച്ചെറിയുന്ന കാറ്റും, അനുസരണയില്ലാത്ത മഴയും. എങ്കിലും അവരതൊന്നും അറിയുന്നില്ലെന്നു തോന്നുന്നു. വായനയിലാണവർ! അതെ, ഒരു തടിച്ച പുസ്തകത്തിന്റെ പാതിവഴി അവർ കടന്നിരിക്കുന്നു. മറ്റു യാചകരെപ്പോലെ അവർ ആരോടും ഒന്നും ചോദിക്കുന്നില്ല. നാണയത്തുട്ടുകൾ സ്വീകരിക്കാനായി ഒന്നും തന്നെ മുന്നിൽ വച്ചിട്ടില്ല. കാഴ്ചയിൽ ഒരു പ്രൗഢയായ വയോധിക.

ചില്ലറയോ, ഭക്ഷണമോ നല്കിയാലോ എന്നു ചിന്തിച്ചു. ഒരുപക്ഷെ അവരതു പ്രതീക്ഷിക്കുന്നില്ലെങ്കിലോ എന്നു സംശയിച്ചു. അല്പം മാറിനിന്നുകൊണ്ടു അവരെ വീക്ഷിച്ചു. അതെ, അവർ വായന അനുസ്യൂതം തുടരുന്നു. താളുകൾ മറിയുന്നു. കടയിൽ നിന്നും ഇറങ്ങി വരുന്നവരിൽ ഒരാൾ അവർക്കു മുന്നിൽ ഒരു കപ്പു കാപ്പി വച്ച ശേഷം എന്തോ പറഞ്ഞിട്ട് നടന്നകന്നു. ഒരവസരം നഷ്ടപ്പടുത്തിയ നിരാശയിൽ ഞാൻ വീട്ടിലേക്കും. 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ