ഭാഗം 21
നന്ദൻ സ്വയം പുച്ഛിച്ചു. "മോനേ..എന്തെങ്കിലും ഉടനെ ചെയ്യണം.അമ്മയുടെ കയ്യിൽ കുറച്ച് ആഭരണങ്ങൾ ഉണ്ട്.അത് വിൽക്കാം. അച്ഛൻ സോസൈറ്റി വരെ പോയിട്ട് വരാം. ആധാരത്തിൻ മേൽ കുറവ് ലോൺ കൂട്ടി വെക്കാൻ പറ്റുമോ എന്ന്.." അച്ഛൻ്റെ വെപ്രാളം കണ്ട്,ദയനീയമായി നന്ദൻ നോക്കി. താൻ നിസ്സഹായനായി പോകുന്നത് അറിഞ്ഞു അവൻ.
"മോനെ ആലോചിച്ച് നിൽക്കാൻ സമയമില്ല. അച്ഛനും അമ്മയും വീട്ടിൽ ഒന്ന് പോയിട്ട് വരാം. ഇവിടെ നിന്ന് അമ്മയോട് എന്തെങ്കിലും പറഞാൽ അവള് ബഹളം കൂട്ടും." അച്ഛൻ, അമ്മയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ നന്ദൻ തടഞ്ഞു.
"ഞാൻ ഒന്ന് പോയിട്ട് വരാം.നേതാവ് ദാസേട്ടൻ സഹായിക്കും. പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ദാസേട്ടൻ ആണ്.സഹയികാതെ ഇരിക്കില്ല." നന്ദൻ കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു. കച്ചി തുറുമ്പ് കിട്ടിയ അവസ്ഥയിലായിരുന്നു നന്ദൻ.
"പോയിട്ട് പെട്ടന്ന് വരണം..." വേഗത്തിൽ പുറത്തേക്ക് പോകുന്ന നന്ദനെ നോക്കി പറഞ്ഞു അച്ഛൻ.
നന്ദൻ പോകുന്നത് കണ്ടാണ് ശ്രീദേവി വിളിച്ച് സംസാരിക്കുകയായിരുന്ന അമ്മ അച്ഛൻ്റെ അടുത്തേക്ക് വന്നത്.
"അല്ല... നന്ദൻ എവിടേക്കാണ് തിടുക്കത്തിൽ പോകുന്നത് കണ്ടല്ലോ? മോളുടെ അച്ഛനുംമായി വഴക്കിട്ടു പോകുന്നതന്നോ?"
വെപ്രാളത്തിൽ ചോദിക്കുന്ന ഭാര്യയോട് എന്ത് പറയണം എന്നറിയാതെ വിഷമിച്ചു നിന്നു അച്യുത മേനോൻ.
"അതൊന്നും അല്ല. ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് പോയതാ." ഭാര്യയിൽ നിന്നും മുഖം മറച്ചു പിടിച്ചു കൊണ്ട് വരാന്തയിലെ കസേരയിൽ പോയി തളർന്നിരുന്നു അയ്യാൾ."
എന്തേ വയായിക വല്ലതും ഉണ്ടോ? മുഖം മാറി ഇരിക്കുന്നുലോ.." അച്യുത മേനോൻ്റേ അടുത്ത് കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു ഗീത.
"ഒന്നും ഇല്ലഡോ.. നിച്ചൂ മോളുടെ കാര്യം ഓർത്തിട്ടു..ഒരു സമാധാനവും ഇല്ല..കുഞ്ഞിൻറെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല..നമുക്ക് ഒന്ന് വീട്ടിൽ പോയിട്ട് വരാം. താൻ പോയി ബാല മോളുടെ അമ്മയോട് പറഞ്ഞിട്ട് വാ.."
"അല്ല... നന്ദൻ പോയി വന്നിട്ട് പോയാൽ പോരെ? അവർ എന്ത് കരുതും?"
കുറച്ചു മാറി ഇരിക്കുന്ന ബാലയുടെ അമ്മയെ നോക്കി കൊണ്ട് ചോദിച്ചു ഗീത. "അവരോട് ഒന്ന് പോയി പറഞ്ഞിട്ട് വാ..." ഭാര്യയെ നോക്കി പറഞ്ഞു അച്യുത മേനോൻ.
" ശരി.." ഗീത അവരുടെ അടുത്തേക്ക് ചെന്നു. " ഞാനും നന്ദൻ്റെ അച്ഛനും കൂടി വീട് വരെ ഒന്ന് പോയിട്ട് വരാം. പശുനെ തൊഴുത്തിലേക്ക് കെട്ടണം. ഇരുട്ടി തുടങ്ങിയിരിക്കുന്നു.." പെട്ടന്നാണ് ആ കാര്യം നന്ദൻ്റെ അമ്മ ഓർത്തത്. " അതിനെന്താ..പൊയ്ക്കോളൂ..ഞാനും അച്ഛനും കുറച്ച് കഴിഞ്ഞാൽ ഇറങ്ങും. ഉണ്ണി ഇവിടെ ഉണ്ടാകും. പിന്നെ മോളുടെ കൂടെ നന്ദനും മോളും ഉണ്ടല്ലോ. ഇവിടെ ആരെയും നിർത്തില്ല എന്നാണ് പറഞ്ഞത്. വെറുതെ നിന്നിട്ട് എന്തിനാ? പിന്നെ പോയിട്ടും കുറച്ച് കാര്യങ്ങളും ഉണ്ട്. ഇനി ഇപ്പോ നീട്ടി വെക്കാൻ പറ്റില്ലല്ലോ..?"
ബാലയുടെ അമ്മ എന്താ പറഞ്ഞത് എന്ന് മനസ്സിലായില്ല നന്ദൻ്റെ അമ്മയ്ക്ക്.
"പോയിട്ട് വരും ..അവിടെ ഇരുന്നാലും സമാധാനം കിട്ടില്ല..ഇതിപ്പോ പശുവും കിടാവും പുറത്ത് നിൽക്കുന്നത് കൊണ്ടാ.. പെറ്റ പശു ആണ്.വെള്ളവും കൊടുക്കണം. നാളെ അവർ വന്ന് കൊണ്ട് പോകും. കച്ചവടം ഉറപ്പിച്ചു നിൽക്കുന്നതാണ്." ഗീത പറഞ്ഞത് കേട്ട് ഒന്ന് മൂളി ബാലയുടെ അമ്മ.
ഗീതയും അച്യുത മേനോനും വീട്ടിലേക്ക് തിരിച്ചു. ഓട്ടോ പിടിച്ച് വീട്ടിലേക്ക് എത്തുമ്പോഴേക്കും ഇരുട്ടിനു കട്ടി വെച്ച് തുടങ്ങിയിരുന്നു.ഈ സമയം നന്ദൻ ദാസേട്ടൻ്റെ വീട്ടിലെ തിണ്ണയിൽ ഇരിക്കുകയാണ്. ബീഡി പാതി വലിച്ച് മുറ്റത്തേക്ക് നീട്ടി എറിഞ്ഞു കൊണ്ട് ദാസേട്ടൻ,നന്ദനെ നോക്കി.
"കാര്യം നീ പറയുന്നത് മനസ്സിലായി, എനിക്ക്.പക്ഷേ ഇത്ര വലിയ തുക പാർട്ടി ഫണ്ടിൽ ഇല്ല. മാത്രമല്ല ഉള്ളത് കഴിഞ്ഞ പാർട്ടി സമേളനത്തിന് കൊടുക്കുകയും. ചെയ്തു. ഇനി പാർട്ടിയിൽ നിന്നും ഫണ്ട് കിട്ടണം എങ്കിൽ, ഇലക്ഷൻ വരണം. പിരിക്കാൻ മുകളിൽ നിന്നുള്ളവരുടെ അനുവാദം കൂടാതെ പറ്റുകയും ഇല്ല.!! അഞ്ചോ പത്തോ അല്ലല്ലോ. ഇരുപത്തഞ്ച് ലക്ഷം എന്നൊക്കെ പറഞാൽ...! പിന്നെ ഞാൻ ഒന്നു നോക്കട്ടെ...രണ്ടോ മൂന്നോ ലക്ഷം ഉണ്ടാക്കാൻ പറ്റുമോ എന്ന്. നീ വേറെ ഏതെങ്കിലും വഴി നോക്ക്. അല്ലാതെ എനിക്ക് ഒന്നും പറയാനില്ല. പിന്നെ നമ്മൾ ആരും കൊടുത്തു വെച്ച തുക ഒന്നും അല്ല, ചോദിക്കുമ്പോൾ എടുത്തു തരാൻ."
അയാളുടെ വാക്കുകളിലെ പരിഹാസ ചുവ മനസ്സിലാക്കി നന്ദൻ. "വേണ്ട ദസേട്ടാ....ഇപ്പോ എനിക്ക് മനസിലായി നമ്മൾ ജീവനെ പോലെ കരുതി നടന്നതൊന്നും നമ്മുക്ക് ഒരാവശ്യം വന്നാൽ ഉണ്ടാകില്ല എന്ന്. എൻ്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച പാഠം അതാണ്.!!" പറഞ്ഞു കൊണ്ട് നന്ദൻ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികൾക്ക് ചുട്ടു പൊള്ളിക്കാൻ കഴിയുമായിരുന്നു അവൻ്റെ മനസ്സിനെ. കവലയിൽ വെച്ച് രമേശനെ കണ്ടു നന്ദൻ. അവനെ കണ്ടതും രമേശൻ അടുത്തേക്ക് വന്നു. " അല്ല..നീ ഈ ഇരുട്ടത്ത് എവിടെ നിന്ന് വരുന്നു? നിൻ്റെ പ്ലാസ്റ്റർ വെട്ടിയില്ലെ ഇതുവരെ..?" ചോദിച്ചു രമേശൻ. " ഇല്ല... നാല് ദിവസം കൂടി കഴിയും. പക്ഷേ എനിക്ക് ഇപ്പോ തന്നെ ഇത് വെട്ടണം. നീ എൻ്റെ കൂടെ താലൂക്ക് ഹോസ്പിറ്റലിലേക്ക് ഒന്ന് വാ.. മോൾക്ക് കുറച്ചു കൂടുതലായിട്ട് ഹോസ്പിറ്റലിലാണ്. ഇനിയും കെട്ടുമായി നടക്കാൻ വയ്യ." നന്ദൻ ചുരുക്കത്തിൽ കാര്യങ്ങളെല്ലാം ഉറ്റ സുഹൃത്തായ രമേശനോട് പറഞ്ഞു.
"അല്ലെങ്കിലും ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ പാർട്ടിയോട് അമിത സ്നേഹമൊന്നും കാണിക്കേണ്ട എന്ന്. സുകുവിന്റെ രക്തസാക്ഷിത്വത്തോടെ ഞാൻ ഒഴിവാക്കി പാർട്ടി. എന്നിട്ടും നിൻ്റെ കണ്ണ് തുറന്നില്ലല്ലോ..കൂട്ടത്തിൽ ഒരുത്തനെ വെട്ടി മാറ്റിയിട്ട്..വേണ്ട...അതൊന്നും പറയുന്നില്ല ഞാൻ.!! കോളേജിൽ പോയി പഠിച്ചിട്ട് ഒരു ജോലിക്ക് ശ്രമിച്ചിട്ടുണ്ടോ നീ ഇന്നുവരെ? നിന്നെപ്പോലെ തന്നെയായിരുന്നു ഞാനും. കുടുംബവും കുട്ടികളും ഒക്കെയായി, എല്ലാത്തിനും ഒരു പരിധി വെച്ചു. തരക്കേടില്ലാത്ത ജോലിയും ഉണ്ട്. ഇനിയെങ്കിലും നീയൊന്ന് ചിന്തിക്ക്. പിഎസ്‌സി എഴുതാൻ നോക്ക് സമയം ഒന്നും കഴിഞ്ഞിട്ടില്ല. ഇലക്ട്രിസിറ്റിയിലും മറ്റും ജോലി കിട്ടിയാൽ രക്ഷപ്പെട്ടില്ലേ? നിനക്ക് അത്യാവശ്യം വിദ്യാഭ്യാസം ഉള്ളതല്ലേ? വാ ഞാൻ നിന്നെ കൊണ്ട് വിടാം. പറഞ്ഞ ദിവസം തന്നെ എടുത്താൽ മതി പ്ലാസ്റ്റർ.അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രശ്നമാകും. നീ വിഷമിക്കാതെ എല്ലാത്തിനും ഒരു വഴി കാണാം. നീ ഒന്ന് മനസ്സ് വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ബാലയുടെ അച്ഛനുമായിട്ട്. അദ്ദേഹം മോളുടെ ഓപ്പറേഷനു വേണ്ട പൈസ എല്ലാം നിഷ്പ്രയാസം എടുക്കും. നിന്റെ വാശിയും ഈഗോയും ഒന്ന് കളയണം. അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ.. തെറ്റ് നിൻ്റെ ഭാഗത്തും ഉണ്ടല്ലോ."
രമേശൻ പറയുന്നതൊന്നും നിരസിക്കാൻ തോന്നിയില്ല നന്ദന്.ഹോസ്പിറ്റലിൽ നന്ദനെ ഇറക്കി തിരികെ പോയി രമേശൻ. മോളെ കാണണമെന്നുണ്ടായിരുന്നെങ്കിലും അവിടേക്ക് ആരെയും കയറ്റില്ല എന്നറിഞ്ഞപ്പോഴാണ് രമേശൻ തിരികെ പോയത്. വിസിറ്റിംഗ് റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു ഉണ്ണി. ആകെ തകർന്നുവരുന്ന നന്ദനെ കണ്ടപ്പോൾ, വല്ലാത്തൊരു വിഷമം തോന്നി ഉണ്ണിക്ക്. അലം കോലമായി കിടക്കുന്ന മുടിയും താടിയും..!!
"അളിയാ.. ചേച്ചി ഇപ്പോൾ കൂടി ചോദിച്ചതേയുള്ളൂ അളിയൻ എവിടെ എന്ന്.. പുറത്തേക്ക് പോയിട്ട് വന്നിട്ടില്ല എന്ന് പറഞ്ഞു ഞാൻ. ചേച്ചി ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. ഞങ്ങൾക്കാർക്കും ചേച്ചിയോട് പറയാനുള്ള ധൈര്യമില്ല. അളിയൻ തന്നെ വേണം ചേച്ചിയോട് പറയാൻ. ചേച്ചിയെ ആശ്വസിപ്പിക്കാൻ അളിയന് മാത്രമേ കഴിയൂ." ഉണ്ണി പറയുന്നത് കേട്ട് കൊണ്ടാണ് കുറച്ച് മാറി ഇരിക്കുകയായിരുന്നു നന്ദൻറെ അച്ഛനും അമ്മയും അവിടെക്ക് വന്നത്. അമ്മയുടെ മുഖമാകെ കരഞ്ഞു വീറ്ത്തിയിട്ടുണ്ട് അമ്മ മോളുടെ കാര്യം അറിഞ്ഞെന്ന് മനസ്സിലായി നന്ദന്. " അമ്മേ...എൻ്റെ മോൾ...." നന്ദൻ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ കരഞ്ഞു. അമ്മയ്ക്കും സഹിക്കാൻ കഴിഞ്ഞില്ല. " മോനെ നമ്മുടെ നിച്ചുട്ടിക്ക് ഒന്നും വരില്ല..എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടക്കണം. അമ്മയുടെ ആഭരണങ്ങൾ വിൽക്കാം. സൊസൈറ്റിലെ പ്രസിഡൻറ്നിന്നോട് അച്ഛൻ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. മീറ്റിംഗ് കൂടി നാളെത്തന്നെ തീരുമാനം അറിയിക്കാം എന്നാണ് പറഞ്ഞത്. എന്നാലും ബാക്കി നമ്മൾ എന്ത് ചെയ്യും?" ഉണ്ണി അവരെ സഹതാപത്തോടെ നോക്കി. " ഗീതമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട. മോളുടെ ഓപ്പറേഷൻ നമ്മൾ നടത്തും. ഒരു ആപത്തുംകൂടാതെ നമ്മുടെ അടുത്തേക്ക് തന്നെ മകൾ വരും. നിങ്ങൾ ഒന്ന് സമാധാനമായി ഇരിക്ക്. അളിയൻ സമ്മതിച്ചാൽ മതി എത്രയും പെട്ടെന്ന് മോളെ നമുക്ക് ഓപ്പറേഷനു ഫെസിലിറ്റീസ് ഉള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം. ഒരു കാര്യം മാത്രം എനിക്ക് ഉറപ്പു തരണം. എന്റെ ചേച്ചിയെ ഇനിയും വേദനിപ്പിക്കില്ല എന്ന്.."
ഉണ്ണി നിറഞ്ഞ കണ്ണുകളോടെ നന്ദനെ നോക്കി. നന്ദൻ ദേഷ്യപ്പെടും എന്നാണ് അച്ഛനുമമ്മയും കരുതിയതു. എന്നാൽ അവർക്ക് തെറ്റി നന്ദൻ ഉണ്ണിയെ കെട്ടിപ്പിടിച്ചു, "എനിക്കെല്ലാം മനസ്സിലായി ഉണ്ണി.. നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടിയല്ല, മറിച്ച് നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് നമ്മൾ ജീവിക്കേണ്ടത്. ഞാനിതുവരെ ആത്മാർത്ഥമായി സ്നേഹിച്ചത് എൻറെ പാർട്ടിയെ ആയിരുന്നു. അതിനുശേഷം മാത്രമേ ബാല പോലും എൻ്റെ ജീവിതത്തിലുണ്ടായിട്ടുള്ളൂ. അവിടെയാണ് എനിക്ക് തെറ്റിയത്. എല്ലാം തിരുത്താൻ നന്ദൻ തീരുമാനിച്ചു. എത്രയും പെട്ടെന്ന് ഒരു ജോലി.അത് നേടണം.ബാല കുറെ അനുഭവിച്ചു ഞാൻ കാരണം.ഇനി ഉണ്ടാവില്ല. എൻ്റെ അച്ഛനെയും അമ്മയെയും പിടിച്ച് സത്യം ചെയ്യുന്നു. നിങ്ങളെല്ലാവരും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം. അതിലേക്കാണ് ഇനി നന്ദന്റെ യാത്ര."
"മതി അളിയന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു വാക്ക് കേൾക്കാനാണ് ഞങ്ങളും ആഗ്രഹിച്ചത്. അളിയൻ ചേച്ചിയുടെ അടുത്തേക്ക് ചെല്ല്.. പാവം ഒത്തിരി വിഷമിച്ചാണ് ഇരിക്കുന്നത്. അച്ഛനെ വിളിച്ച് ഇപ്പോൾ തന്നെ കാര്യങ്ങൾ പറയാം. നാളെ തന്നെ ഓപ്പറേഷന് വേണ്ട ഏർപ്പാടുകൾ ചെയ്യാം. ഇപ്പോഴാണ് ശ്വാസം നേരേ വീണത്. അളിയൻ അഭിമാനത്തിന്റെ പേരിൽ, മോളുടെ ജീവൻ വെച്ച് കളിക്കുമോ എന്ന് പോലും ഭയന്നിരുന്നു ഞാൻ.." ആത്മാർത്ഥതയോടെ ഉണ്ണി പറഞ്ഞു കൊണ്ട് നന്ദനെ കെട്ടി പിടിച്ചു.
"അതെ... അച്ഛനോട് പറയണം നന്ദനോട് ക്ഷമിക്കാൻ. എൻ്റെ ബാലയുടെ അടുത്തേക്ക് ചെല്ലട്ടെ ഞാൻ. അവളോട് എങ്ങനെ പറയണമെന്നനിക്കറിയില്ല. എന്നാലും പറയാതെ വയ്യല്ലോ.." പറഞ്ഞു കൊണ്ട് നന്ദൻ ലിഫ്റ്റിനടുത്തേക്ക് പോയി നന്ദൻ.
റൂമിലേക്ക് ചെല്ലുമ്പോൾ,ബാല മോളുടെ തലയിൽ പതിയെ തലോടി കൊണ്ട് ഇരിക്കുകയാണ്. മോൾ ഉറക്കത്തിലാണ്. പിൻ തിരിഞ്ഞ് ഇരിക്കുന്ന ബാല അറിഞ്ഞിട്ടില്ല നന്ദൻ പിന്നിൽ വന്ന് നിന്നത്. "മാളു...." നന്ദന്റെ വിളികേട്ട് ഞെട്ടിയത് പോലെ അവനെ നോക്കി ബാല. കഴിഞ്ഞ കുറെ നാളുകളായി താൻ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം..
"നന്ദേട്ടാ...." കസേരയിൽ നിന്നും എഴുന്നേറ്റ് ബാല, നന്ദന്റെ അടുത്തേക്ക് ഓടി വന്നു അവൻ്റെ വലതു കൈ അവൾക്ക് നേരെ നീട്ടി പിടിച്ചു നന്ദൻ. അവൻ്റെ മാറിലേക്ക് വീണു ബാല. " നന്ദേട്ടാ...നമ്മുടെ മോള്...നിക്ക്... സഹിക്കുന്നില്ല നന്ദേട്ടാ..മോളുടെ കിടപ്പ് കണ്ടിട്ട്....വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടോ നമ്മുടെ മോൾക്ക്... എനിക്ക് പേടിയാകുന്നു നന്ദേട്ടാ.." ബാല അവൻ്റെ നെഞ്ചില് തലയിട്ട് ഉരുട്ടി കൊണ്ട് കരഞ്ഞു.
" ഏയ്...ഒന്നുമില്ല... മാളു..നമ്മുടെ മോൾക്ക്..നീ പേടിക്കാതെ .. ഞാനില്ലേ.." പറഞ്ഞു കൊണ്ട് നന്ദൻ അവളെ ഒന്നുകൂടി തന്നിലേക്ക് അമർത്തി പിടിച്ചു.ഇനിയാണ് പറയേണ്ടത്..നന്ദൻ ദീർഘ ശ്വാസം എടുത്തു. " മാളൂ.. ഞാൻ ഇനി പറയാൻ പോകുന്ന കാര്യം കേട്ട് നീ ബഹളം വയ്ക്കരുത്. നീ കരുതുന്ന പോലെ ഒരു കുഴപ്പവുമില്ല എന്നാലും ചെറിയൊരു പ്രശ്നമുണ്ട്. നമ്മുടെ മോൾക്ക് ഹൃദയത്തിലേക്ക് പോകുന്ന വാൾവിനൊരു ചെറിയൊരു ദ്വാരം.. ഇപ്പോൾ ഒരു സർജറി കൊണ്ട് ഭേദമാകും. വൈകുംതോറും അപകടമാണ്. എത്രയും പെട്ടെന്ന് സർജറി ചെയ്യണം. നല്ല ചിലവ് വരുന്നതാണ് ഈ ഹോസ്പിറ്റലിൽ ചെയ്യാനും ഒക്കില്ല. എത്രയും പെട്ടെന്ന് നമ്മുടെ മോളെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റും. പിന്നെ ഇതുവരെ ഞാൻ പോയത് അതിനുള്ള കാശ് സംഘടിപ്പിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ വേലയും കൂലിയും ഇല്ലാതെ നടക്കുന്ന നന്ദനു ആര് പൈസ തരാൻ? വീടിൻറെ ലോണ് പുതുക്കാൻ അച്ഛൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചെയതു വരുമ്പോഴേക്കും സമയം എടുക്കും. തൽക്കാലം നിൻ്റെ അച്ഛനോട് തന്നെ സഹായം ചോദിക്കാം.. അല്ലാതെ വേറെ വഴിയില്ല നന്ദനു മുന്നിൽ." നന്ദൻ പറയുന്നതുമുഴുവൻ ശ്വാസം പിടിച്ചാണ് ബാല കേട്ട് നിന്നത്. വല്ലാത്തൊരു ഭാവത്തോടെ.
"ഇപ്പോൾ നന്ദേട്ടനു എൻ്റെ അച്ഛൻ്റെ സഹായം വേണ്ടിവന്നു അല്ലേ?" അവളുടെ വാക്കുകൾക്ക് വല്ലാതെ മൂർച്ചയുള്ളതുപോലെ തോന്നി നന്ദന്.
(തുടരും)