മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഭാഗം 25

Read Full

അന്ന്  ഓട്ടം കഴിഞ്ഞ് ബേബിച്ചൻ രണ്ടു മണിയോടെ വീട്ടിലെത്തി.   അന്നമ്മ ഊണു കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. "നീയിന്ന് നേരത്തെ വന്നല്ലോ? കൈ കഴുകി ഇരുന്നോ, ഞാൻചോറു വിളമ്പാം.'' ''ജാൻസിയെന്ത്യേ അമ്മച്ചീ? " "അവളാ ജാനകിക്ക് ചോറു കൊണ്ടുക്കൊടുക്കാൻ പോയതാ."

"പോയിട്ട് കുറെ നേരമായോ?" "കുറച്ചു നേരമായി പോയിട്ട്. അവരെ കുളിപ്പിച്ച്, തുണിയൊക്കെ നനച്ചു കൊടുത്തിട്ടേ അവൾ വരൂ. ചിലപ്പോൾ വീടും മുറ്റവുമൊക്കെ വൃത്തിയാക്കിയിട്ടിട്ട് നേഴ്സറിയിൽ പോയി കൊച്ചുറാണിയേയും കൂട്ടിയേ വരികയുള്ളൂ." "അവൾക്ക് ഈ സമയത്തും ഇങ്ങനെ സേവനം ചെയ്യണ്ട കാര്യമുണ്ടോ?" "ഇപ്രാവശ്യം അവൾക്കു ഛർദ്ദിയോന്നും ഇല്ലടാ. നീ വാ.. ഞാൻ ചോറുവിളമ്പി." അയാൾ ഊണ് കഴിഞ്ഞ് പോയി കിടന്നു.  നന്നായി ഉറക്കം വരുന്നുണ്ട്. നല്ല ക്ഷീണവും.  ലോംഗ് ട്രിപ്പ് പോകുന്നതു കൊണ്ട് ശരിക്കും ഉറങ്ങുവാൻ ഒരിക്കലും സാധിക്കില്ല. രാത്രിയിലായിരിക്കും കൂടുതലും യാത്ര. സ്ക്കൂളും, ഓഫീസുമൊക്കെയുള്ള ദിവസങ്ങളിൽ റോഡിൽ നല്ല തിരക്കായിരിക്കും. ആ സമയത്തൊക്കെ വാഹനം എവിടേലും ഒതുക്കിയിട്ട് വിശ്രമിക്കുകയാണ് പതിവ്. പക്ഷേ. ഒരിക്കലും പകൽ ഉറങ്ങാൻ സാധിക്കാറില്ല.

ക്ഷീണം കാരണം കിടന്നെങ്കിലും അയാൾക്ക് ഉറക്കം വന്നില്ല. മനസിൽ പല, പല ചിന്തകൾ വന്നു നിറഞ്ഞു. ജാൻസി  ഗർഭിണിയാണ്. മൂന്നു മാസം കഴിഞ്ഞു. ഈ വീട്ടിൽ തന്നെ ധാരാളം ജോലികളുണ്ട്. ആട്, പശു ഇതിനെയൊക്കെ നോക്കണം. പുല്ലു ചെത്തണം. തൊഴുത്ത് വൃത്തിയാക്കണം. പറമ്പിൽ പണിയുന്ന ജോലിക്കാർക്ക് ഭക്ഷണം വെച്ചുവിളമ്പണം.  ഊണു കഴിഞ്ഞ് വിശ്രമിക്കാൻ കിട്ടുന്ന ചെറിയ സമയം. ഇതിനിടയിലാണ് അവളുടെ സാധുജന സേവനം. ബേബിച്ചന് കലശലായ ദേഷ്യം വന്നു.

മയക്കത്തിലാണ്ട ബേബിച്ചൻ കൊച്ചുറാണിയുടെ വിളിയൊച്ച കേട്ടാണ് ഉണർന്നത്. "ചാച്ചാ.. ചാച്ചനെപ്പോഴാ വന്നേ?" "ചാച്ചൻ വന്നിട്ട് കുറച്ചു നേരം ആയല്ലോ. മോളൂട്ടി ഇന്ന് സ്കൂളിൽ പോയിട്ട് എന്താ പഠിച്ചേ?" "റ്റീച്ചർ ഒരു പാട്ട് പഠിപ്പിച്ചു. പൂച്ചക്കുഞ്ഞിൻ്റെ കുഞ്ഞിപ്പാട്ട്." കൊച്ചുറാണി ആംഗ്യഭാഷയിൽ കൈകൾ ഇളക്കിക്കൊണ്ട് പറഞ്ഞു. "ബേബിച്ചനിന്നു നേരത്തെ വന്നോ?" ജാൻസി അയാൾക്കരികിലായി വന്നിരുന്നു.

"എൻ്റെ ജാൻസീ..നിന്നോട് ഞാനെത്ര പറഞ്ഞതാ. പറഞ്ഞാൽ നിനക്ക് മനസിലാവില്ലേ?"

"മലയാളത്തിൽ പറഞ്ഞാൽ എനിക്ക് മനസ്സിലാവും."

"നീ പോടീ.. നിൻ്റെയൊരു വളിച്ച കോമഡി." അയാൾക്കു ദേഷ്യം വരുന്നുണ്ടായിരുന്നു.

"ഇതിനിത്ര കോപിക്കേണ്ട കാര്യമെന്താ ബേബിച്ചാ? " "നിനക്ക് നല്ല ആരോഗ്യമുള്ളപ്പോൾ ഞാൻ നിന്നെ വിലക്കീട്ടില്ലല്ലോ! ഉണ്ടോ?" "ഇല്ല. പക്ഷേ എനിക്കിപ്പം ആരോഗ്യത്തിനൊന്നും ഒരു കുഴപ്പവുമില്ലന്നേ." "ഇല്ലായിരിക്കാം. പക്ഷേ..  നീയിങ്ങനെ കഷ്ടപ്പെടുന്നതു എനിക്കിഷ്ടമല്ല." "എൻ്റെ ബേബിച്ചാ.. ഇങ്ങനൊന്നും പറയരുതേ. നാളെ നമ്മൾക്കാർക്കേലും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ലേ? അപ്പോൾ നമ്മളെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയൊന്നു ചിന്തിച്ചു നോക്കിക്കേ."

"എൻ്റെ ജാൻസീ.. നീ അവർക്ക്  മൂന്നു നേരോം ഭക്ഷണം കൊണ്ടുപോയി കൊടുത്തോ. എനിക്ക് പ്രശ്നമില്ല." "പിന്നെന്താ ബേബിച്ചാ... പ്രശ്നം?" "ഈ വീട്ടിൽ എന്തൊക്കെ ജോലികൾ ചെയ്തിട്ടാണ് നീ അങ്ങോട്ട് പോകുന്നത്.  ഇവിടുത്തെ ജോലി പോരാഞ്ഞിട്ടാണോ നീ അവിടെയും പോയി ജോലികൾ ചെയ്യുന്നത്? എനിക്കത് സഹിക്കാൻ പറ്റില്ല പെണ്ണേ."

"ഈ ബേബിച്ചന്റെ ഒരു കാര്യം. എന്റെ ബേബിച്ചാ.. ഇങ്ങനെ സ്വാർത്ഥനായി പോകരുതേ."

"എൻ്റെ മോളേ..ഒരു സ്വാർത്ഥതയുമില്ല എനിക്ക്. നിൻ്റെയും, കുഞ്ഞിൻ്റെം ആരോഗ്യം നോക്കണം. അത്ര മാത്രം."

"ബേബിച്ചാ.. ആരോരും നോക്കാനില്ലാത്ത ഒരു സാധുസ്ത്രീയാണ് ജാനകി ചേച്ചി. അവർക്കിത്തിരി ആഹാരം കൊടുത്താലെന്താ കുഴപ്പം? കൂടെ അൽപ്പം സാന്ത്വനവും." "അതിനൊന്നും എനിക്കൊരു കുഴപ്പവുമില്ല." പിന്നെന്താ.. എണീറ്റു നടക്കാനാവാത്ത  അവരെയൊന്നു കുളിപ്പിക്കുന്നതോ?  അതോ..  ആ തുണിയൊന്നു നനച്ചു കൊടുക്കുന്നതോ? ഇതൊന്നും അത്ര വലിയ കാര്യമല്ല ബേബിച്ചാ.  ഈ ലോകത്ത് നമ്മൾ എല്ലാവരും പരസ്പരം താങ്ങും, തണലുമാകേണ്ടവരാണെന്ന ബോധ്യം നമുക്കുണ്ടായാൽ മാത്രം മതി." "ശരി..ശരി.. എൻ്റെ ജാൻസീ.. നിന്നോട് തർക്കിക്കാൻ ഞാനില്ല."

"ബേബിച്ചൻ കരുതുന്നതു പോലെ ആരോഗ്യത്തിനു ദോഷം വരുന്ന ഒരു ജോലിയും ഞാൻ ചെയ്യുന്നില്ല. ഇതൊക്കെ ചെറിയ ചെറിയ ജോലികളല്ലേ? ഇവിടുത്തെ ജോലികളാണെങ്കിൽപോലും എല്ലാം അമ്മച്ചിയും, ഞാനും കൂടിയാണ് ചെയ്യുന്നത്.  നമ്മുടെ മക്കൾക്ക് വേണ്ടി നമ്മൾ ചെയ്യുന്ന ഒരു പുണ്യ പ്രവർത്തിയായിക്കണ്ടാൽ മതി. ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും ഇതിൻ്റെ  അനുഗ്രഹം നമ്മുടെ മക്കൾക്ക് കിട്ടും." ഇനി ഇവളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് ബേബിച്ചനു മനസ്സിലായി. താൻ എന്തൊക്കെ പറഞ്ഞാലും ശരി അതിനെയൊക്കെ നഖശിഖാന്തം എതിർത്ത് തോൽപ്പിക്കാനുള്ള വഴി അവൾ കണ്ടെത്തും. കൊച്ചുറാണി മമ്മിയുടെ വയറ്റിലൊരു കുഞ്ഞാവയുണ്ടെന്നു മനസിലായതോടെ ദിവസങ്ങളെണ്ണി കാത്തിരുപ്പിലാണ്. ആഴ്ചകളും, മാസങ്ങളും കടന്നു പോയ്ക്കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയുംതോറും തൻ്റെ ദൂരെ യാത്രകൾ ഒഴിവാക്കണമെന്ന് ബേബിച്ചൻ ആഗ്രഹിച്ചു. അമ്മച്ചിക്കും പഴയതുപോലെ ആരോഗ്യമോ, മന:ധൈര്യമോ ഇല്ലാത്ത അവസ്ഥയാണ്. താനെപ്പോഴും വീട്ടിലുണ്ടായേ പറ്റൂ.

"മമ്മീ.. മമ്മീ.."
"മമ്മീ ..പോവല്ലേ! മോളൂട്ടിയേ വിട്ടിട്ട് പോവല്ലേ. മോളൂട്ടീം വരുന്നു.
"കൊച്ചുറാണി ഉറക്കത്തിൽ നിന്നും എന്താേ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നു. അവൾ ദൂരേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് കട്ടിലിൽ നിന്നും ചാടിയിറങ്ങി. പെട്ടന്നയാൾ ചിന്തയിൽ നിന്നുണർന്നു. കരഞ്ഞ് ബഹളം വയ്ക്കുന്ന കൊച്ചുറാണിയെ വാരിയെടുത്തു. "ചാച്ചാ .. ദേ... മമ്മീം, കുഞ്ഞാവേം പോകുന്നു. എനിക്കും പോകണം." അവൾ വാതിലിനു നേർക്ക് കൈ ചൂണ്ടി. "ജാൻസീ.." അയാൾ ഉറക്കെ വിളിച്ചെങ്കിലും സ്വരം പുറത്തു വന്നില്ല. താൻ ഏതോ മായിക ലോകത്തായിരുന്നോ? അതോ ഓർമ്മകളുടെ ലോകത്തോ? തൻ്റെ ജാൻസി ! അവളെവിടെ? എൻ്റെ ജാൻസി.. എന്നോടൊപ്പം നീയില്ലെന്ന സത്യം ഞാനെന്തേ  മറന്നു പോകുന്നു. കൊച്ചുറാണിയോട് ഞാനിനി എന്തു പറയും?

തുടരും..

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ