മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

women

Sahiva Siva

ഭാഗം 9

Read full

പതിവില്ലാതെ മഹേഷ്‌ നേരത്തേ വീട്ടിലേക്ക് വന്നത് ആശ്ചര്യത്തോടെ നോക്കിനിന്ന ശാരദ അവൻ അകത്തേക്ക് കയറിപ്പോകുന്നതും നോക്കിനിന്നു...

"അമ്മയെന്താ എന്നെ ഇങ്ങനെ നോക്കുന്നത്...? 

"അതിശയമല്ലേ ഈ നടക്കുന്നതൊക്കെ. എന്റെ മോൻ ചെറുപ്രായത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതും നാട്ടുകാരുടെ കണ്ണിലുണ്ണിയായി നന്മ പ്രവർത്തികൾ ചെയ്യുന്നതും സന്തോഷം തന്നെ പക്ഷെ ഈയുള്ളവൾക്ക് ഒരു ദിവസവും ദർശനം കിട്ടാറില്ല. രാത്രി എപ്പോഴെങ്കിലും വരും രാവിലെ നേരത്തേ പോകും... അതല്ലേ പതിവ്..." 

"ഇനി മാറ്റങ്ങളുടെ വലിയ ഘോഷയാത്ര തന്നെ ഉണ്ടാവും... ഞാനൊരു കല്യാണം കഴിച്ചാലൊ എന്ന് ആലോചിക്കുവാ, അമ്മ എന്ത് പറയുന്നു." 

ശാരദ ഇടത് കവിളിൽ കൈ ചേർത്ത് വച്ച് അവനെ സൂക്ഷിച്ചു നോക്കി... മഹേഷ്‌ ഇളിച്ചുകൊണ്ട് നിൽപ്പാണ്...

"എടാ അതിന് നിനക്ക് കല്യണപ്രായം ആയോ... വയസ്സ് ഇരുപത്തിമൂന്നല്ലേ ആയുള്ളൂ..." 

"സാഹചര്യം കുറച്ച് മോശമാണ് എന്റെ പൊന്നമ്മച്ചി ഒന്ന് സമ്മധിക്കണം... പിന്നെ വേറൊരു കാര്യമുണ്ട് അവള് വാലത്തെ രമേശൻ നായരുടെ മോളാ പേര് ഉമ..."

"എന്റമ്മച്ചിയെ... നിനക്കെന്താ ചെറുക്കാ പ്രാന്താണോ... അയാള് ആരാന്ന് നിനക്കറിയത്തില്ലേ പേരും പെരുമേം മാത്രം നോക്കി ജീവിക്കുന്ന കൂട്ടരാ, തനി റൗഡികളും വെറുതെ ഓരോ ഏടാകൂടത്തിൽ ചെന്ന് ചാടണ്ട... നടക്കത്തില്ല. എനിക്ക് കണ്ണേ പൊന്നേന്ന് നീ മാത്രമേയുള്ളു... നിനക്കെന്തേലും വന്നുപോയാൽ ചത്താൽ മതിയെനിക്ക്..."

അമ്മ കരയാൻ തുടങ്ങിയതും മഹേഷ്‌ കാര്യം കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലാക്കി അകത്തേക്ക് വലിഞ്ഞു... വേറെ വഴി നോക്കാം അല്ലാതെ പറ്റില്ലല്ലോ... ഉമയുടെ കോൾ ഫോണിൽ വന്നതും അവനതിലേക്ക് നോക്കിനിന്നു... ഒന്നും ശരിയായില്ല മോളെ... എന്ന് വ്യസനത്തോടെ പറഞ്ഞു...


മഹേഷ്‌ ഫോൺ എടുക്കാഞ്ഞതെന്താ എന്ന വിഷമത്തിൽ മുറിയുടെ ജനാല തുറന്നിട്ട് വെറുതെ ഇരുട്ടിലേക്ക് നോക്കി നിന്നു... അമ്മയോട് സംസാരിക്കാൻ പോവാ എന്ന് മെസ്സേജ് കണ്ടതു മുതൽ ആകെ ടെൻഷനാണ്, ക്ണാപ്പൻ ഫോണും എടുകുന്നില്ല. ഉമ ആധി കയറി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു...

താഴെ അച്ഛനും ചെറിയച്ഛന്മാരും കള്ളുകുടി സഭ തുടങ്ങി... ലഹരി തലയ്ക്ക് പിടിക്കുമ്പോഴാണ് പലരേയും വെല്ലുവിളിക്കാനും കുത്തിക്കീറാനും അവർക്ക് തോന്നുന്നത്...

"എന്റെ ശിവനെ ആ ചെക്കൻ വിളിച്ചിട്ടെന്താ എടുക്കാത്തത്, എന്താ നിന്റെ മനസ്സില് ഞങ്ങടെ കല്യാണം നടത്താനൊന്നും ഉദ്ദേശമില്ലേ...?"

"മൂപ്പര് ഞങ്ങടെ പാർട്ടിയല്ല ആണെങ്കിൽ ഞാൻ ചോദിച്ചിട്ട് പറയാരുന്നു..."

ജനാലക്കമ്പിയിൽ തൂങ്ങിനിന്ന് വിളിച്ചു പറയുന്ന മഹേഷിനെ കണ്ടതും ഉമ ഞെട്ടി... ഇവനെങ്ങനെ ഇവിടെത്തി...? ആരെങ്കിലും കണ്ടാൽ തീർന്നു... 

"നീയെങ്ങനെ ഇവിടെ...?"

പറഞ്ഞു തീരും മുൻപ് വാതിലിൽ ആരോ മുട്ടിവിളിച്ചു... ഉമ ഞെട്ടി വാതിൽക്കലേക്കും തിരിഞ്ഞ് ജനാലയിലേക്കും നോക്കി, മഹേഷിനെ കണ്ടില്ല. വാതിൽ ലോക്കിടാത്തതു കൊണ്ട് അമ്മ തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്നു...

"നിന്റെ തലവേദന എങ്ങനുണ്ട്... അച്ഛൻ ചോദിച്ചു ഗുളിക വല്ലതും വാങ്ങണോന്ന്..."

"വേ വേണ്ടമ്മേ മാറി ഞാനൊന്ന് കുളിച്ചിട്ട് താഴേക്ക് വരാമെന്ന് കരുതി... അമ്മ പൊയ്ക്കോ ടെൻ മിനിട്സ് ഞാൻ കുളിച്ചിട്ട് വരാം..." 

അമ്മ പോയതും ഉമ ജനാലയ്ക്കരികിലേക്ക് ഓരോട്ടമായിരുന്നു. 

"ഡാ മഹി..."

"ഇവിടുണ്ടെടി..."

താഴത്തെ സ്ലാബിൽ ഇരുന്ന് കൈ കാണിച്ചത് ഇരുട്ടിലും അവൾ കണ്ടു...

"എന്തായി...? അമ്മയെന്ത് പറഞ്ഞു, നീയെന്താ വിളിച്ചിട്ട് എടുക്കാഞ്ഞത്... എങ്ങനെ ഇതിന്റകത്ത് വന്നു...?" 

ചോദ്യങ്ങൾ ശരങ്ങൾ പോലെ പാഞ്ഞു... 

"ഒറ്റ ശ്വാസത്തിൽ എല്ലാം ചോദിക്കാതെ ഞാൻ പറയാം... അമ്മ സമ്മതിച്ചില്ല നിന്റെ അച്ഛനേം ചെറിയച്ഛന്മാരേം പേടി... നേരിട്ടു പറയാമെന്നു കരുതിയാ ഞാൻ ഫോൺ എടുക്കാഞ്ഞത്... പിന്നെ അകത്തുകയറിയത് സത്യം പറഞ്ഞാൽ ഒരു പിടിയുമില്ല. എങ്ങനൊ വന്നു..." 

"ഇനിപ്പോ എന്ത് ചെയ്യുമെടാ അമ്മ സമ്മതിച്ചാലല്ലേ കാര്യം നടക്കൂ...?" 

"വഴിയുണ്ട് നീ കാര്യമായി സഹകരിക്കണം..."

മഹിയെ നേടിയെടുക്കാൻ എന്തിനും തയാറായ അവളോട് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല അവൾ നൂറുവട്ടം സമ്മതം പറഞ്ഞു....


റേഷൻ വാങ്ങാൻ വൈകുന്നേരം നോക്കി ഇറങ്ങിയ ശാരദ ഇടറോഡിലൂടെ ജംഗ്ഷൻ ലക്ഷ്യമാക്കി നടക്കുന്നതിനിടയിലാണ് പിന്നിൽ നിന്നാരോ വിളിച്ചത്... ആരാണെന്നറിയാൻ തിരിഞ്ഞു നോക്കി...

"അമ്മേ... ഞാനാ ഉമ..." 

കണ്ടാൽ ദേവത പോലൊരു പെങ്കൊച്ചിനെ കണ്ടതും അവർ നടത്തം നിർത്തി... ഇവളാണോ എന്റെ ചെറുക്കന്റെ മനസ്സിൽ കയറിക്കൂടിയ പെണ്ണ്... അവളിൽ നിന്ന് കണ്ണെടുക്കാതെ അവർ ചിരിച്ചു... 

"മോളെ കാര്യങ്ങളൊക്കെ അവൻ പറഞ്ഞു. പക്ഷെ ഞാനീ കല്യാണത്തിന് സമ്മതിച്ചാൽ എന്താ നടക്കാൻ പോകുന്നതെന്ന് നിനക്കറിയാലോ...?"

"അറിയാം അമ്മേ... വലിയൊരു ലഹള തന്നെ നടന്നേക്കാം... പക്ഷെ അവനോടുള്ള എന്റെ ഇഷ്ടം ആത്മാർത്ഥമാണ്... അവനെയല്ലാതെ എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല. അമ്മ സമ്മതിക്കണം..." 

"അല്ല മോളെ നീയും അവനും എവിടെവച്ചാ കണ്ടിട്ടുള്ളത് എങ്ങനാ പരിചയം..." 

ഉമ പുഞ്ചിരിച്ചു... 

"ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ അവൻ പത്താം ക്ലാസ്സിലാരുന്നു." 

ശാരദ അവളെ നോക്കി കണ്ണ് മിഴിച്ചു... എന്റമ്മച്ചിയെ ഇവൾക്ക് അവനെക്കാളും രണ്ട് വയസ്സ് കൂടുതലാണല്ലോ... ഈ ചെറുക്കൻ ഇത്‌ എന്ത് ഭാവിച്ചാ... 

"മോളെ ഇതിപ്പോ ഞാനെന്ത് പറയാനാ... നിന്നെ എനിക്ക് ഇഷ്ടപെടാഴിക ഒന്നുമില്ല. എന്തായാലും ഞാൻ അവനോടൊന്ന് സംസാരിക്കട്ടെ എല്ലാം ഒത്തുവന്നാൽ നമുക്ക് നോക്കാം..." 

ഉമയുടെ താടിക്ക് പിടിച്ചു കുലുക്കി പുഞ്ചിരിച്ചുകൊണ്ട് ശാരദ അവളെ സമാധാനിപ്പിച്ചു...

(തുടരും) 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ