ഭാഗം 50
ചിന്താമഗ്നനായി തന്റെ മുൻപിൽ ഇരിക്കുന്ന ഡോക്ടർ അരുണിനെ സാന്ത്വനിപ്പിച്ചുകൊണ്ട് സാം പറഞ്ഞു...
"സമയമാവുമ്പോൾ അതൊക്കെയങ്ങ് നടക്കും. ഒന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല..."
"താങ്ക്യൂ സാം. കല്യാണവും എൻഗേജ്മെന്റും തിങ്കളാഴ്ച ദിവസം ആയതുകൊണ്ട് തനിക്ക് വരാൻ സാധിക്കുമോ? രണ്ടു ദിവസങ്ങളിലും അവധിയെടുക്കേണ്ടിവരും."
"അതൊക്കെ ഞാൻ വന്നോളാം. ഇവിടുത്തെ കാര്യങ്ങളൊക്കെ ടീമിലുള്ളവർ നോക്കട്ടെ. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ആരെങ്കിലും വരുമായിരിക്കും. നഴ്സിംഗ് ഡിപ്പാർട്ട്മെന്റിനും കൂടി ഒരു കുറി കൊടുക്കണം."
"ഓ.കെ, എങ്കിൽ ഞാൻ കാബിനിലേക്ക് ചെല്ലട്ടെ. രോഗികൾ പുറത്ത് കാത്തുനിൽക്കുന്നുണ്ട്."
"ശരി ഡോക്ടർ."
മോഷണക്കേസ്സിൽ പിടിച്ചുകൊണ്ടു വന്ന പ്രതിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ അരുണിന്റെ ഫോൺ റിംഗ് ചെയ്തു.
"ഹലോ ആരാണ്?"
"അരുൺ സാറല്ലേ? ഞാൻ കട്ടപ്പനയിൽ നിന്നും അവറാച്ചനാണ്."
"ആ... മനസ്സിലായി, പറയൂ..."
"സാർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഭംഗിയായിത്തന്നെ ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ എട്ടുമണിക്ക് തുടങ്ങിയ പൂജകളും കർമങ്ങളുമെല്ലാം പത്തുമണിക്കാണ് തീർന്നത്. പുജാരിയെ വിളിച്ച് പ്രത്യേക ചിട്ടവട്ടങ്ങളോടെ ഭക്തിപുരസ്സരം നിർവഹിച്ചു. തുടക്കം മുതൽ ഒടുക്കം വരെ സകലത്തിനും ഞാനും ദൃക്സാക്ഷിയായി.
ഇനിയും ആരേയും ശല്യം ചെയ്യാൻ ഞങ്ങളുടെ കൊച്ചിന്റെ ആത്മാവ് അലഞ്ഞുതിരിയില്ലെന്ന് തന്നെ വിശ്വസിക്കാം. മോക്ഷം കിട്ടിയ അവളുടെ ആത്മാവ് ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നിട്ടുണ്ടാവും. പുനർജന്മത്തിൽ എനിക്ക് വിശ്വാസമില്ലെങ്കിലും ഇനിയൊരു ജന്മമുണ്ടെങ്കിൽ, അവൾ ഞങ്ങളുടെ മകളായി ജനിച്ചിരുന്നെങ്കിലെന്നാശിച്ചു പോവുകയാണ്."
"വിവരങ്ങളെല്ലാം വിശദമായി അറിയിച്ചതിന് ഒത്തിരി നന്ദിയുണ്ട്... മാലാഖമാരുടെ ഗണത്തിൽ, ശാലിനിയുടെ ആത്മാവും സ്വർഗീയവാസത്തിന് അർഹത നേടിയെന്ന് തന്നെ വിശ്വസിക്കാം."
"അതേ സാർ..."
"പിന്നെ, നിങ്ങൾക്കൊന്നും പരാതിയില്ലാത്ത സ്ഥിതിക്ക് കേസ്സിന്റെ അന്വേഷണം അവസാനിപ്പിച്ച് ഫയലും ക്ലോസ് ചെയ്തു."
"അവളുടെ മരണത്തിന് ആരെങ്കിലും ഉത്തരവാദികൾ ആയിട്ടുണ്ടെങ്കിൽ, ദൈവത്തിന്റെ ന്യായാസനത്തിന് മുൻപാകെ തീർച്ചയായും അവർ കുറ്റക്കാരാവുകയും അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും.
"ചിലപ്പോൾ ഈ ലോകത്തിൽ വച്ചുതന്നെ അവർ ദൈവശിക്ഷ അനുഭവിച്ചെന്നും വരും."
"അതേ... സാറിന്റെ ആത്മാർത്ഥതയ്ക്ക് നന്ദി പറയുന്നു."
"ഒത്തിരി സന്തോഷം, ബൈ..."
ഹോസ്റ്റലിലെ സ്റ്റഡിറൂമിലെ നിശ്ശബ്ദതയിൽ പരീക്ഷയ്ക്ക് പ്രിപ്പയർ ചെയ്യുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു. മിക്കവരും അവരവരുടെ മുറിയിൽത്തന്നെ ഇരുന്നാണ് പഠിക്കുന്നത്. നീതുവും ലിൻസിയും അഞ്ജലിയും ഒരുമിച്ചിരുന്നാണ് പഠിച്ചുകൊണ്ടിരുന്നത്.
"അഞ്ജലീ, പഠിച്ചിട്ട് ഒന്നും എന്റെ തലയിലോട്ടു കയറുന്നില്ല...നല്ല ടെൻഷനുമുണ്ട്."
"എന്തു പറ്റിയെടീ?"
"ഗ്രീഷ്മയുടെ കാര്യം ഓർക്കുമ്പോൾ ഒരു വല്ലാത്ത വിഷമം! നാലുവർഷം ഒരുമിച്ച് പഠിച്ചിട്ട് എക്സാമെഴുതാൻ അവൾക്ക് ഭാഗ്യമില്ലാതായല്ലോ."
"അലീനയും പോയിട്ട് വന്നില്ലല്ലോ.. അവൾ പരീക്ഷയെഴുതാൻ വരുമെന്ന് തന്നെയായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇന്നലെ മേട്രൻ വിളിച്ചപ്പോൾ, ഇപ്പോഴും ചികിത്സയിലാണെന്നാണ് അവളുടെ അമ്മ പറഞ്ഞത്. പാവം, അവൾക്കെന്തെല്ലാം പ്രതീക്ഷകളായിരുന്നു! എല്ലാം പോയില്ലേ... മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായി എപ്പോഴും ഉറക്കമാണെന്ന്. ഈ അവസ്ഥയിൽ പഠിത്തവും പരീക്ഷയുമൊക്കെ അസാധ്യമാണെന്നാണ് പറയുന്നത്."
"ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന ശാലിനി ഇന്നെവിടെയാണ്? വിളിച്ചാൽ കേൾക്കുന്ന ഒരു ലോകത്തിൽ അവളിന്നില്ലല്ലോ... കഴിഞ്ഞ കുറേ മാസങ്ങൾക്കുള്ളിൽ എന്തെല്ലാം ദുരന്തങ്ങളാണ് നമ്മുടെയിടയിൽ നടന്നത്."
ലിൻസി പറഞ്ഞതിനോട് അഞ്ജലി പ്രതികരിച്ചു...
"ഇതിനെല്ലാം കാരണം ഗ്രീഷ്മയുടെ അസൂയയും സ്വാർത്ഥതയാണ്."
"അങ്ങനെ അവളെ മാത്രം കുറ്റപ്പെടുത്തണ്ട, ശാലിനി എന്തിനാണ് ആ ഡോക്ടറെ പ്രേമിക്കാൻ പോയത്?"
"ഈ ഭൂമിയിൽ ജീവനോടെയില്ലാത്ത അവളെയെങ്കിലും ഒന്ന് വെറുതേ വിട്ടുകൂടേ നീതൂ ...?
"ശരി ശരി, ഞാനൊന്നും പറയുന്നില്ല. അല്ലെങ്കിലും ഇതൊക്കെ പറഞ്ഞ് നമ്മളെന്തിനാണ് വഴക്കിടുന്നത്? ഞാനേതായാലും നാളെ ഗ്രീഷ്മയെ കാണാൻ പോകുന്നുണ്ട്. നിങ്ങൾ ആരെങ്കിലും വരുന്നുണ്ടോ?"
"മേട്രൻ അനുവദിച്ചാൽ ഞാനും വരാം."
"ഞാനും. പക്ഷേ, പരീക്ഷയായതിനാൽ നമ്മളെ വിടുമോ?"
"പരീക്ഷയ്ക്ക് ഇനി ഒരാഴ്ച കൂടി ഉണ്ടല്ലോ? നമുക്ക് എങ്ങനെയെങ്കിലും മേട്രനെക്കൊണ്ട് സമ്മതിപ്പിക്കാം. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു പോയാൽപ്പിന്നെ ഒരിക്കലും അവളെ കാണാൻ സാധിക്കില്ല.
"ശരിയാണ്, അവളുടെ സാധനങ്ങളൊക്കെ കൊണ്ടുപോയി കൊടുക്കണ്ടേ?"
"അവർ പോകുന്നതിന് മുൻപായി ഇവിടെ വന്ന് എടുത്തോളാമെന്നാണ് അന്ന് പറഞ്ഞത്."
"എങ്കിൽ നാളെ രാവിലെതന്നെ നമുക്ക് പോയിട്ടുവരാം."
"ശരി, ഇനി മിണ്ടാതിരുന്ന് പഠിക്ക്."
"എടീ, നമ്മുടെ നായകൻ കല്യാണം കഴിക്കാൻ പോകുന്നുവെന്ന് കേട്ടല്ലോ."
"ആര് ഡോക്ടർ വിനോദോ? ആരെയാടീ പുള്ളി കെട്ടുന്നത്?"
"ഒരു ലേഡിഡോക്ടറെയാണെന്നാണ് കേട്ടത്."
"നീയെങ്ങനെ അറിഞ്ഞു?"
"തേർഡ് ഇയറിലെ സോണിയയാണ് പറഞ്ഞത്. അടുത്ത തിങ്കളാഴ്ച ഉറപ്പും ഒരാഴ്ച കഴിഞ്ഞ് കല്യാണവും ആണെന്നാണ് അറിഞ്ഞത്."
"എന്നിട്ട് നമ്മളെയൊന്നും വിളിച്ചില്ലല്ലോ....."
"ചിലപ്പോൾ നിന്നെ വിളിക്കുമായിരിക്കും..."
"വിളിച്ചിരുന്നെങ്കിൽ പോകാമായിരുന്നു."
നീതു കളിയാക്കിയതിന് അഞ്ജലിയും പ്രതികരിച്ചു. ശേഷം, സംസാരം നിർത്തി അവർ പഠനത്തിൽ ശ്രദ്ധിച്ചു. മുറിയിലേക്ക് ഡോക്ടറും നഴ്സും കൂടി പരിശോധനയ്ക്ക് വന്നപ്പോൾ ചെറിയാച്ചൻ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു.
"പുറത്തേക്കൊന്നും പോകണ്ട, ഇവിടെ നിന്നാൽ മതി."
"ഇവളിനി പഴയതുപോലെ സംസാരിക്കുമോ ഡോക്ടർ?"
"തീർച്ചയായും സംസാരിക്കും, പക്ഷേ കുറച്ചു സമയമെടുക്കുമായിരിക്കും."
"നടക്കാനൊക്കെ തുടങ്ങിയോ?"
"ഞങ്ങൾ താങ്ങിപ്പിടിച്ച് ടോയ്ലറ്റിലൊക്കെ കൊണ്ടുപോകും. ഇടതുകാലിന് ലേശം സ്വാതന്ത്ര്യക്കുറവുണ്ട്."
"ഒരു കാര്യം ചെയ്യാം, ഇന്നു മുതൽ ഫിസിയോത്തെറാപ്പി തുടങ്ങാം. കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും കിടക്കേണ്ടിവരും. വീടിനടുത്ത് ഫിസിയോത്തെറാപ്പി സെന്ററുകൾ വല്ലതുമുണ്ടെങ്കിൽ അവർ വീട്ടിൽ വന്ന് ചെയ്തുതരും. അല്ലെങ്കിൽ ആയൂർവേദ ചികിത്സയായാലും മതി. തീരുമാനം പറഞ്ഞാൽ ഇന്നുതന്നെ ഡിസ്ചാർജ് എഴുതാം. മരുന്നിന്റെ ഡോസൊക്കെ കുറച്ചിട്ടുണ്ട്."
"ശരി ഡോക്ടർ എന്നാൽ സിസ്ചാർജ് ചെയ്തോളൂ.... ഞങ്ങളുടെ വീടിനടുത്തുതന്നെ ഒരു ആയുർവേദ ചികിത്സാലയം ഉണ്ട്. അവർ വീട്ടിൽ വന്ന് ചെയ്തോളും."
"അതു നന്നായി, എന്നാൽ പോകാനുള്ള ക്രമീകരണങ്ങളൊക്കെ ചെയ്തോളൂ... സിസ്റ്റർ, രണ്ടുമണിക്കു മുൻപ് തന്നെ എല്ലാ ഫോർമാലിറ്റീസും തീർത്തുകൊടുക്കണം കേട്ടോ, ദൂരെ പോകാനുള്ളതല്ലേ..."
"ശരി ഡോക്ടർ, രണ്ടുമണിക്കൂറിനുളളിൽ ബില്ല് കൊടുക്കാൻ സാധിക്കും."
"ബില്ലടച്ചിട്ടു വരുമ്പോൾ പേപ്പറൊക്കെ തരും കേട്ടോ, എല്ലാക്കാര്യങ്ങളും സിസ്റ്റർ പറഞ്ഞു തരും. ഒരു മാസം കഴിയുമ്പോൾ ചെക്കപ്പിന് കൊണ്ടുവരണം. ഗ്രീഷ്മാ, വീട്ടിൽപ്പോയി എല്ലാവരേയും അനുസരിച്ച് നല്ല കുട്ടിയായി കഴിയണം. ആഹാരം നന്നായി കഴിക്കണം കേട്ടോ..."
എല്ലാം സമ്മതമാണെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.
"കാറിൽ ഇവളെ ഇരുത്തിക്കൊണ്ട് പോകാൻ പറ്റുമോ ഡോക്ടർ, അതോ ആംബുലൻസ് വിളിക്കണോ?"
"ആംബുലൻസ് വേണമെന്നൊന്നും ഇല്ല. കാറിന്റെ പിൻസീറ്റിൽ കിടത്തിയാൽ മതി. വേഗം കൂട്ടാതെ സൂക്ഷിച്ച് വണ്ടി ഓടിക്കണമെന്നേയുള്ളൂ."
"ശരി, ഡോക്ടർ ചെയ്തുതന്ന എല്ലാ സേവനത്തിനും സഹായത്തിനും വളരെ വളരെ നന്ദിയുണ്ട്. ഞങ്ങളുടെ കൊച്ചിനെ ജീവനോടെ തിരിച്ചുനൽകിയ അങ്ങയെ ദൈവത്തെപ്പോലെയാണ് ഞങ്ങൾ കാണുന്നത്."
മുന്നിൽ കൈകൂപ്പിക്കൊണ്ടുനിൽക്കുന്ന ചെറിയാച്ചന്റെ കരങ്ങളിൽ പിടിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു:
"അയ്യോ, അങ്ങനെയൊന്നും പറയരുത്, ഞാനെന്റെ കടമ നിർവഹിച്ചു എന്നേയുള്ളൂ...നന്ദിയെല്ലാം സർവേശ്വരനുള്ളതാണ്. മനുഷ്യന്റെ ആയുസ്സ് പിടിച്ചു നിർത്താൻ അദ്ദേഹത്തിനല്ലാതെ വേറെ ആർക്കാണ് സാധിക്കുക?"
ഡോക്ടറിന്റെ വിനയം നിറഞ്ഞ വാക്കുകളിൽ അവരെല്ലാവരും ആശ്വസിച്ചു.
(തുടരും)