മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

sandhy


5. ജൂലൈ - സന്ധ്യ മയങ്ങുന്നു 

Read full

 

 

ബീച്ചിലെ തിരക്കു കുറഞ്ഞ സന്ധ്യാനേരം. ഷോൾഡർ ബാഗിൽ നിന്നും രമേശന്റെ പേഴ്‌സ് എടുത്തു നീട്ടിക്കൊണ്ടു ജൂലൈ പറഞ്ഞു, "സോറി രമേശൻ. ഈ പേഴ്സും രമേശനും തമ്മിലുള്ള ബന്ധം എനിക്കു നന്നായി മനസ്സിലാകും. ഞാനും രമേശനെപ്പോലെ അച്ഛനില്ലാത്ത ആളാണ്. രമേശന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയെന്നു ആന്റി എന്നോട് പറഞ്ഞു. അല്ലെങ്കിലും കഥയറിഞ്ഞിട്ടല്ലല്ലോ ആരും മോഷ്ടിക്കുന്നത്. എന്തുചെയ്യാനാ, ഞാൻ ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ആയിപ്പോയി."

രമേശൻ അത്ഭുതത്തോടെ പേഴ്‌സ് വാങ്ങി. അലസമായി അതു തുറന്നുനോക്കി. "സത്യം  പറഞ്ഞാൽ, ഞാൻ കരുതിയതേയില്ല ഇതു തിരികെക്കിട്ടുമെന്ന്. താങ്ക്സ് ജൂലൈ. അച്ഛൻ ഉപയോഗിച്ചിരുന്ന പേഴ്‌സാണ്. അതു കൈയിലുള്ളപ്പോൾ ഒരു ബലമാണ്. അച്ഛൻ കൂടെയുള്ളതായി തോന്നും."

ജൂലൈ: "അതു തുറന്നു നോക്കണ്ട കാര്യമില്ല. പണമൊഴിച്ചെല്ലാം അതിൽ പഴയതുപോലെ ഉണ്ട്. പണം ചെലവായിപ്പോയി. സാധാരണ, പേഴ്‌സുകൾ ഞാൻ കളയുകയാണ് പതിവ്. ഈ ഓൾഡ് ഫാഷൻ ലെതർ പേഴ്‌സ് കളയാൻ തോന്നിയില്ല. പപ്പാ പറഞ്ഞു ഇതു വിദേശ നിർമ്മിതമാണെന്നു. കഴിയുമെങ്കിൽ ഉടമയെ കണ്ടുപിടിച്ചു തിരികെ കൊടുക്കണമെന്നും. അത് പോട്ടെ. പേഴ്‌സിലുള്ള ഫോട്ടോയിലെ സുന്ദരിയാരാ?... ലവറാ?

രമേശൻ: "ഉം, എന്താ എങ്ങനെയുണ്ട്?"

ജൂലൈ:  "സുന്ദരിയാ, പക്ഷെ രമേശന് ഒട്ടും ചേരില്ല. പെർസ്‌ പോലെ ഓൾഡ് ഫാഷൻഡ് ആണ്. ആ ജൂവലറി ഒക്കെ കണ്ടില്ലേ, തലയിൽ എണ്ണയൊക്കെ തേച്ചു, പൂവൊക്കെ വച്ച്..."

അതു കേട്ടവൻ പൊട്ടിച്ചിരിച്ചു. അതിനു ശേഷം പറഞ്ഞു, " ചെറിയ ഒരു വ്യത്യാസമുണ്ട്. ഇതെന്റെ അച്ഛന്റെ കാമുകിയായിരുന്നു. അമ്മയുടെ പഴയ ഫോട്ടോ ഒന്നു ഡെവലപ്പ് ചെയ്തെടുത്തതാണ്. അമ്മ സുന്ദരിയായിരുന്നു. വലിയ വീട്ടിലെ അരുമയായിരുന്നു. അച്ചൻ കഷ്ടപ്പെട്ടു വളച്ചെടുത്തതാണ്."

ജൂലൈ: "നിങ്ങൾ കുടുംബപരമായി വളയ്ക്കുന്നവരാണോ? അല്ല, അങ്ങനെ തോന്നി." 

അവനതു ആസ്വദിച്ചുകൊണ്ടു ചോദിച്ചു, "ങാ... അതു പോട്ടെ. ജൂലൈക്കു അങ്കിളും ആന്റിയുമായി എന്താ കണക്ഷൻ?"

ജൂലൈ: "അങ്കിൾ ഒന്നും പറഞ്ഞില്ലേ?"

രമേശൻ: "പറഞ്ഞു ഫ്രണ്ടിന്റെ മകളാണെന്ന്‌."

ജൂലൈ: "പാവം..  ഇങ്ങനെയൊക്കെ ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടോ ദൈവമേ!. അടുക്കളയുടെ വാതിൽ എങ്ങനെ പൊളിഞ്ഞെന്നാണ് അങ്കിൾ രമേശനോട് പറഞ്ഞത്?"

രമേശൻ: "എന്തോ അബദ്ധം പറ്റിയെന്നോ മറ്റോ പറഞ്ഞു. ഞാനോർക്കുന്നില്ല. അതും ഇതും തമ്മിലെന്താ ബന്ധം?"

ജൂലൈ: "ബന്ധമറിഞ്ഞാൽ രമേശനെന്നെ കൂടുതൽ വെറുക്കും. വെറുത്താലും സാരമില്ല. ഞാൻ ചെയ്തതല്ലേ. അല്ലെങ്കിൽ എന്തിനാണ് ഒളിക്കുന്നതു..."

രമേശൻ: "എന്ത്! ജൂലൈ ചെയ്തതാണെന്നോ?"

ജൂലൈ: "രമേശന്റെ പേഴ്‌സ് തട്ടിപ്പറിച്ചതാരാ?"

രമേശൻ: "അതു... പിന്നെ നിനക്കു ജീവിക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടല്ലേ?"

ജൂലൈ: "ജീവിക്കാൻ വേറെ വഴിയില്ലാത്തതു കൊണ്ടാണ് അങ്കിളിന്റെ അടുക്കളവാതിൽ രാത്രയിൽ പൊളിച്ചത്. മോട്ടിക്കാൻ. പക്ഷെ സംഭവം ചീറ്റിപ്പോയി. കള്ളനു കഞ്ഞിവച്ച ആളാണ് അങ്കിൾ. അങ്ങേരെന്നെക്കൊണ്ടു ആ രാത്രിയിൽ കാപ്പി ഇടീച്ചു കുടിച്ചു. എങ്കിലും എന്റെ നിജസ്ഥിതി അങ്കിൾ മൂടിവച്ചല്ലോ!" 

രമേശൻ പൊട്ടിചിരിച്ചുകൊണ്ടു: "സത്യം?"

ജൂലൈ: "സത്യം... ജീവിതത്തിൽ ഞാൻ വളരെക്കുറച്ചേ സത്യം പറഞ്ഞിട്ടുള്ളു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. എനിക്കീപ്പണി മടുത്തു. എന്നുമിങ്ങനെ കട്ടും മോട്ടിച്ചും കഴിയാൻ പറ്റില്ല. എന്നെങ്കിലും പിടിക്കപ്പെടും. അതിനു മുമ്പ് ഇതു നിറുത്തണം. രമേശൻ വിചാരിച്ചാൽ എവിടേലും ഒരു ചെറിയ പണി ഒപ്പിച്ചു തരാൻ പറ്റുമോ?..."

അവനവളുടെ കണ്ണുകളിൽ ആർദ്രമായി നോക്കി.  പിന്നെ ആലോചനയുയോടെ പ്രതിവചിച്ചു. "പണി സംഘടിപ്പിച്ചു തരാൻ പറ്റും. പക്ഷെ അതു ജൂലൈക്കു ഇഷ്ടമാകുമോ എന്നറിയില്ല."

ജൂലൈ: "എനിക്കിഷ്ടമാണ്. മാന്യതയുള്ള എന്തു പണിയും ചെയ്യാൻ ഞാൻ പണ്ടേ ഒരുക്കമാണ്. പക്ഷെ കിട്ടണ്ടേ!"

രമേശൻ: "എന്നാലിനി അമ്മയോടൊന്നു ചോദിക്കണം."

ജൂലൈ: "അമ്മയോടെന്തിനാണ് ചോദിക്കുന്നത്?"

രമേശൻ: "ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം ഞാൻ അമ്മയോട് സംസാരിക്കാറുണ്ട്. അമ്മ ഒന്നിനും No പറഞ്ഞിട്ടില്ല. ഇതിനും പറയില്ല. അമ്മയല്ലാതെ ചോദിക്കാനായി അങ്ങനെ കാര്യമായി എനിക്കാരുമില്ല."

ജൂലൈ: "ദൈവമേ ഞാനെന്തൊക്കെയാണ് കേൾക്കുന്നത്? ഈ ഭൂമിയിൽ ആർക്കെങ്കിലും ഈ കള്ളിയെ  ഇഷ്ടപ്പെടാൻ  കഴിയുമെന്നു കരുതിയിട്ടില്ല. രമേശൻ..., ശരിക്കും ഉള്ളതാണോ പറയുന്നത്? അതോ എന്നെ വെറുതെ സുഖിപ്പിച്ചു വിടാനോ?"

രമേശൻ: "വെറുതെ പറഞ്ഞതാണെങ്കിലോ?"

ജൂലൈ: "വെറുതെയാണെങ്കിലും അങ്ങനെയൊരാൾ ഇത്രയും സ്നേഹത്തോടെ പറഞ്ഞല്ലോ. പണ്ടു പലരും പറഞ്ഞിട്ടുണ്ട്, അവരുടെയൊക്കെ ഉദ്ദേശം പക്ഷെ വേറെയായിരുന്നു. അവന്മാരെയൊന്നും പപ്പാ വെറുതെ വിട്ടിട്ടില്ല."

രമേശൻ: "കർത്താവേ, ഇത്രയും നാൾ ആരുടേയും ഇടി കൊള്ളാതെയാണ് ജീവിച്ചത്. ഇനിയിപ്പോൾ നിന്റെ പപ്പായുടെ ഇടി കൊള്ളാനാണു യോഗമെങ്കിൽ, ഞാനതങ്ങു സഹിക്കും. പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്; ഒരു മയത്തിൽ ഇടിക്കാൻ പറയണേ. ഇടിച്ചെന്റെ പരിപ്പിളക്കിയാൽ, നിന്റെ പപ്പയ്ക്ക് കൊച്ചുമക്കളില്ലാതെപോകും."

ജൂലൈ ചാടി എഴുന്നേറ്റു അവനെ കെട്ടിപ്പിടിച്ചുകൊണ്ടലറി  "എനിക്കു നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു, രമേശാ..."

 

ചുറ്റുവട്ടത്തുള്ളവർ ശ്രദ്ധിക്കുന്നതു കണ്ട രമേശൻ അല്പം ചമ്മലോടെ പറഞ്ഞു, "നമ്മൾ ബീച്ചിലാണ്. ഹോട്ടൽ മുറിയിലല്ല..."

അവൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവൾ കൈകളുയർത്തി തുള്ളിച്ചാടിക്കൊണ്ടിരുന്നു. അവൾ സെറ്റിൽ ചെയ്തപ്പോൾ രമേശൻ മെല്ലെ ചോദിച്ചു. "ജൂലൈ  ആദ്യം പറഞ്ഞത്, നീയും എന്നെപ്പോലെ അച്ഛനില്ലാത്ത ആളാണെന്നാണ്. പിന്നെ ഈ പപ്പയെന്നു പറയുന്നതാരെയാണ്?"

ജൂലൈ: "ഓർമ്മയുള്ളപ്പോൾ മുതൽ പപ്പയാണ് എന്നെ വളർത്തിയത്. പല്ലുതേപ്പിച്ചിരുന്നതും, കുളിപ്പിച്ചിരുന്നതും, ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചിരുന്നതും, സ്‌കൂളിൽ വിട്ടതും, കക്കാൻ പഠിപ്പിച്ചതും, നിക്കാൻ പഠിപ്പിച്ചതും എല്ലാം പപ്പായാണ്. ഈ ബീച്ചിൽ എവിടെങ്കിലും നമ്മളെ ശ്രദ്ധിച്ചുകൊണ്ട് പപ്പാ നിൽക്കുന്നുണ്ടായിരിക്കും. അതാണ് എന്റെ പപ്പാ. എന്നെപ്പോലെ പാപ്പയ്ക്കുമറിയില്ല എന്റെ അച്ഛനും അമ്മയും ആരാണെന്നു." 

രമേശൻ സംശയത്തോടെ ചുറ്റും നോക്കുന്നതു കണ്ട ജൂലൈ പറഞ്ഞു. "അങ്ങനൊന്നും നോക്കണ്ട. പേടിക്കാനൊന്നുമില്ല. ഞാൻ വെറുതെ പറഞ്ഞതുമല്ല. എന്താണെന്നറിയില്ല എന്റെ കാര്യത്തിൽ പപ്പായ്ക്കു വലിയ ഭയമാണ്. ഈ പ്രായത്തിലും എന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്ന ഭയമാണ്. അങ്കിളിന്റെ വീട്ടിൽ രാത്രി മോഷ്ടിക്കാൻ പോയപ്പോഴും പപ്പാ കാവലുണ്ടായിരുന്നു. ഭാഗ്യത്തിനു പപ്പാ ഇടപെടുന്നതിനു മുൻപേ ഞാൻ അവിടെനിന്നും രക്ഷപെട്ടു. രമേശൻ അമ്മയോടു പറയുന്നതുപോലെ, എല്ലാക്കാര്യവും ഞാൻ പപ്പായോടു പറയും. രമേശന്റെ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട്. പപ്പാ പറഞ്ഞിട്ടാണ് പേഴ്‌സുമായി ഞാൻ വന്നത്. എനിക്കും വേറെ ആരുമില്ലല്ലോ!" 

ജൂലൈ: "എന്തായാലും അമ്മയോടു എന്നെപ്പറ്റി പറയുന്നതിനു മുൻപ് രമേശൻ എന്നെപ്പറ്റി കൂടുതൽ അറിയണം. അല്ലെങ്കിൽ പിന്നീടു ദൂഖിക്കേണ്ടിവരും."

രമേശൻ: "എന്റെ ഹൃദയം മോഷ്ടിച്ചവൾ ഒരു വെളഞ്ഞ കള്ളിയാണ്. അടുത്ത ബന്ധുവായിട്ട് ഒരു പെരുംകള്ളനുണ്ട്. ഇതിൽ കൂടുതൽ എന്താണ് അറിയേണ്ടത്?"

ജൂലൈ: "ഇനിയുമുണ്ട് അറിയാൻ. എനിക്കു സ്വന്തമായി ഒരു മേൽവിലാസമില്ല. ഞങ്ങൾ സ്ഥിരമായി ഒരിടത്തും തങ്ങില്ല. ഞങ്ങൾ എന്നു പറഞ്ഞാൽ, നാടോടികളായ ഒരു സംഘം. പണി ഇതായിപ്പോയതുകൊണ്ടു പോലീസിന്റെ കണ്ണിൽപെടാതെ സ്ഥിരം മുങ്ങി നടക്കും. പോക്കറ്റടിക്കാർ മുതൽ ഭവനഭേദനക്കാർ വരെയുണ്ട് കൂട്ടത്തിൽ. ഈ പ്രദേശത്തു തമ്പടിച്ചിട്ടു കുറച്ചു നാളായി. രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ ഞങ്ങൾ മറ്റൊരിടത്തേക്കു നീങ്ങും. കുറച്ചുനാളായി കൂട്ടത്തിൽ ചിലർ മയക്കുമരുന്നു കടത്താറുണ്ട്. അതിനു പ്രതിഫലം കൂടുതലാണ്. റിസ്കും കൂടുതലാണ്. പപ്പയ്ക്ക് അതിഷ്ടമല്ല. അതുകൊണ്ടു പപ്പയും ഞാനും ഇപ്പോൾ സംഘവുമായി വലിയ അടുപ്പമൊന്നുമില്ലാതെ കഴിയുന്നു. പിന്നെ, പ്ലസ് ടു വരെ ഞാൻ പഠിച്ചിട്ടുള്ളതാണ്. കള്ള അഡ്രസുകളിൽ, പല സ്കൂളുകളിലായി. അത്യാവശ്യം പഠിക്കാൻ  ഞാൻ മിടുക്കിയായിരുന്നു. പക്ഷെ കോളേജിലൊക്കെ വിടാൻ പപ്പായെക്കൊണ്ട് കഴിയില്ലായിരുന്നു. ഇനിയുമുണ്ട് പറയാൻ. എങ്കിലും... ഇങ്ങനെയൊക്കെയുള്ള എന്നെ രമേശനും അമ്മയ്ക്കും കൂടെ കൂട്ടാൻ കഴിയുമോ? ഇല്ലെങ്കിൽ അതിപ്പോൾ തുറന്നു പറയണം. കേട്ടാൽ എനിക്ക് വലിയ വിഷമമുണ്ടാകും. എങ്കിലും അത് സാരമില്ല. പപ്പാ പറയാറുണ്ട്, ആപത്തു വരുന്നെങ്കിൽ, അതു താങ്ങാൻ കഴിയുമ്പോൾ വരണമെന്ന്. പപ്പായുടെ അനുഭവം അതാണ്. അതുപോലെ നാളെ എന്നെ രമേശൻ തള്ളിപ്പറയുന്നതിലും നല്ലത്, ഇന്നേ അതു പറയുന്നതാണ്. ഇന്നെനിക്കതു താങ്ങാനുള്ള കരുത്തുണ്ട്. ഒരുപാടു സ്വപ്നങ്ങൾ നെയ്തു കൂട്ടിയശേഷം, രമേശൻ എന്നിൽ നിന്നും അകന്നാൽ എനിക്കു പിടിച്ചു നിൽക്കാൻ കഴിയാതെവരും. അതുകൊണ്ടാണ് തുറന്നു പറയാൻ വീണ്ടും ആവശ്യപ്പെടുന്നത്."

രമേശൻ: "ജീവിതത്തിൽ പലരെയും ഇഷ്ടമായിരുന്നു. എല്ലാവരും അങ്ങനെയൊക്കെത്തന്നെയാണ്. എങ്കിലും ഇത്രയും അടുപ്പം മറ്റൊരാളോട് ഇതുവരെയും തോന്നിയിട്ടില്ല. ഇത്രയും അടുത്ത് ഇടപഴകിയിട്ടുമില്ല. സ്കൂൾ കഴിഞ്ഞു ടെക്നിക്കൽ ഡിപ്ലോമ വരെ പഠിക്കാൻ പറ്റി. അമ്മ അതിനൊക്കെ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്.  അങ്കിളിന്റെ വീട്ടിൽ അമ്മ ഒരുകാലത്തു അടുക്കളപ്പണി ചെയ്തിട്ടുണ്ട്. സത്യത്തിൽ അങ്കിളും ആന്റിയുമാണ് ഇത്രയും വരെ എങ്കിലും എന്നെ പഠിക്കാൻ സഹായിച്ചത്. ഇപ്പോൾ സ്വന്തമായി ഇലക്ട്രീഷ്യൻ പണി ചെയ്യുന്നു. മൂന്നു നാലു പണിക്കാരുമുണ്ട് കൂട്ടത്തിൽ. ഇലക്ട്രീഷ്യൻ ആണെങ്കിലും, അങ്കിൾ വിളിച്ചാൽ എല്ലാ പണിയും ഞാൻ പോയി ചെയ്തുകൊടുക്കും. അത്രയ്ക്ക് കടപ്പാടുണ്ട് അവരോടെനിക്ക്. പിന്നെ ജൂലൈ ചോദിച്ച കാര്യം..."

ഇടയ്ക്കു ചാടിവീണവൾ പറഞ്ഞു. "ഇന്നതു പറയണ്ട. ശരിക്കും ആലോചിച്ച ശേഷം പറഞ്ഞാൽ മതി. എന്റെ നമ്പർ ഉണ്ടല്ലോ. എനിക്ക് രമേശനെ വിശ്വാസമാണ്. എവിടേക്കു എപ്പോൾ വിളിച്ചാലും ഞാൻ വരാം. അപ്പോൾ പറഞ്ഞാൽ മതി. രണ്ടാണെങ്കിലും എനിക്കു രമേശിനെ ഇഷ്ടമാണ്. അങ്ങനെതന്നെ ആയിരിക്കും."

അവളതു പറയുമ്പോൾ കണ്ഠമിടറുന്നുണ്ടായിരുന്നു. ഇരുട്ടു വീണു തുടങ്ങിയ കരയിലേക്കു തിരകൾ വിവശതയോടെ പടർന്നുകയറുന്നുണ്ടായിരുന്നു. ദൂരെ ഒരാൾ, തണുത്ത കാറ്റിൽ നക്ഷത്രങ്ങളെ നോക്കി നെടുവീർപ്പിട്ടു. 

(തുടരും )

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ