മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 

freggy Shaji

ഭാഗം 18

Read Full

വാടിയ ചെമ്പിൻ തണ്ട് പോലെ കിടക്കുന്ന മോളെ വാരിയെടുത്ത് ബാല വണ്ടിയിൽ കയറി. മോളുടെ ദേഹത്തെ പൊള്ളുന്ന ചൂട് ബാലയുടെ ദേഹത്തെയും ചുട്ടു പൊളിച്ചു. ബാല തൻ്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടക്കുന്ന കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു. 


"മോളെ... കണ്ണ് തുറക്കു മോളെ..അമ്മയെ ഒന്ന് നോക്ക് പൊന്നേ..." നെഞ്ച് പൊട്ടി കരഞ്ഞു ബാല.
" എന്താ മോളെ...കുഞ്ഞിന് വെറുമൊരു പനി വന്നതിന്, എന്തിനാ മോളെ നീ ഇങ്ങനെ വിഷമിക്കുന്നത്?"
അമ്മ ചോദിക്കുന്നത് ഒന്നും കേട്ടില്ല ബാല.
"അതെ ചേച്ചി മോൾക്ക് ഒന്നും സംഭവിക്കില്ല!! നമ്മൾ ഹോസ്പിറ്റലിലേക്ക് അല്ലേ പോകുന്നത്? അച്ഛാ ചേച്ചിക്ക് ഇത്രയും വിഷമം ഉണ്ടാകുമായിരുന്നെങ്കിൽ നമുക്ക് മോളെ നേരത്തെ തന്നെ കൊണ്ടുവരാമായിരുന്നു. മരുന്നു കൊടുത്തു കുറയുന്നുണ്ടോ എന്ന് നോക്കാൻ നിൽക്കേണ്ടിയിരുന്നില്ല." ബാലയുടെ വിഷമം കണ്ട് ഡ്രൈവിങ്ങിനിടയിൽ പിന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു ഉണ്ണി.

"ഡോക്ടറെ കാണിച്ച് മരുന്നു കൊടുത്താൽ കുറയും പനി എന്നല്ലേ നമ്മളും കരുതിയത്. സാരമില്ല ഇനി എന്തായാലും പറഞ്ഞിട്ട് കാര്യമില്ല. നീ വേഗം വണ്ടി വിട്." ബാലഗോപാലനായർ പറഞ്ഞു. ഉണ്ണി നല്ല സ്പീഡിൽ തന്നെയാണ് വണ്ടി വിട്ടത്. ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടി ഡോക്ടർമാരാണ് കാഷ്വാലിറ്റിയിൽ ആദ്യം നോക്കിയത്. പിന്നീട് കുട്ടികളുടെ ഡോക്ടർക്ക് റഫർ ചെയ്തു. ഇഞ്ചക്ഷനും മരുന്നുകളും എല്ലാം കൊടുത്തു കിടത്തി മോളെ. അപ്പോഴും അർദ്ധ മയക്കത്തിൽ, കുഞ്ഞ് വിളിക്കുന്നത് അച്ഛനെ ആയിരുന്നു.

"ഈ കുട്ടിയുടെ അച്ഛൻ നാട്ടിൽ ഇല്ലേ?" കരഞ്ഞ് തളർന്നു ഇരിക്കുന്ന ബാലയേ നോക്കി ചോദിച്ചു ഡോക്ടർ.

"ഇതെന്റെ മോളാണ് ബാല. ഇവളും കുഞ്ഞും കുറച്ചു ദിവസമായിട്ട് ഞങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. ചില ഫാമിലി ഇഷ്യൂസ് കൊണ്ട്. അതാണ് കുഞ്ഞിൻറെ അച്ഛൻ ഇപ്പോൾ കൂടെ ഇല്ലാത്തത്." അച്ഛൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാത്തെ തലതാഴ്ത്തി ബാല.

"സീ മിസ്റ്റർ എന്ത് ഫാമിലി ഇഷ്യൂസ് ആയാലും, കുഞ്ഞിൻറെ അച്ഛൻ നാട്ടിലുണ്ടല്ലോ അയാളോട് കുട്ടിയെ വന്നു കാണാൻ പറയൂ. ചിലപ്പോൾ കുട്ടിയുടെ ഈ അവസ്ഥയ്ക്ക് അച്ഛനെ കണ്ടാൽ മാറ്റം വന്നേക്കാം. മരുന്നിനേക്കാൾ ഈ പ്രായത്തിലുള്ള കുട്ടികളെ ഇഫക്ട് ചെയ്യുന്നത് അവർ സ്നേഹിക്കുന്നവരുടെ സാന്നിധ്യമാണ്." അത്ര താല്പര്യം ഇല്ലാത്തതുപോലെ ഡോക്ടർ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.

"പിന്നെ കുറച്ചു ടെസ്റ്റുകൾ ചെയ്തു നോക്കാനുണ്ട്.കൂടെ കൂടെ പനി വരാറുണ്ടോ മോൾക്ക്? " ഡോക്ടർ ബാലയോട്  ചോദിച്ചു. " ഇടയ്ക്ക്... പനി വരും..മരുന്ന് കൊടുത്താൽ മാറും.ഇതിപ്പോ...മരുന്ന് കൊടുത്തിട്ടും മാറുന്നില്ല.." ബാല വിക്കി കൊണ്ട് പറഞ്ഞു.

"ശരി..എന്തായാലും നോക്കട്ടെ.കുട്ടിയുടെ അച്ഛനോട് ഒന്ന് വരാൻ പറയണം.എന്ത് പ്രശ്നം വീട്ടിൽ ഉണ്ടായാലും അത് വേഗത്തിൽ ബാധിക്കുന്നത് കുഞ്ഞ് മനസ്സുകളെ ആണ്.അതുകൊണ്ട് പറഞ്ഞു തീർക്കാവുന്നതാണെങ്കിൽ, തീർക്കണം.കുട്ടിക്ക് വേണ്ടി എങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. എനിക്ക് ഇപ്പോൾ ഇതൊന്നും പറയേണ്ട കാര്യമില്ല, എന്നാലും നിങ്ങളുടെ അവസ്ഥ കണ്ടപ്പോൾ പറയണമെന്ന് തോന്നി." പറഞ്ഞു കൊണ്ട് ഡോക്ടർ പുറത്തേക്ക് പോയി." നീ എന്ത് പറയുന്നു? എനിക്ക് താല്പര്യം ഇല്ല അവൻ വരുന്നത്!! പിന്നെ എല്ലാം നിൻ്റെ ഇഷ്ട്ടം.ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം. മോൾക്ക് വേണ്ടി അവൻ കാണാൻ വരുന്നതിൽ എനിക്ക് കുഴപ്പമില്ല. പക്ഷേ അവൻറെ കൂടെ പോകാനാണ് നിൻറെ തീരുമാനം എങ്കിൽ, അത് നടക്കില്ല!! പറഞ്ഞ വാക്ക് അവൻ കഴിഞ്ഞാൽ നീയും മോളും അവൻറെ കൂടെ പൊയ്ക്കോ. അതല്ലെങ്കിൽ മോൾക്ക് മാത്രം പോകാം അച്ഛൻറെ കൂടെ.. എൻറെ മോളാണെങ്കിൽ നീ പോകരുത്. അച്ഛൻറെ മുഖത്ത് ഒരിക്കൽ കരിവാരി തേച്ചു നീ.. ഇനിയും തേക്കാനാണ് ഭാവമെങ്കിൽ, സമ്മതിക്കില്ല ഞാൻ.." നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി.

എന്ത് ചെയ്യണം എന്നറിയാതെ ബാല മോളുടെ അരികിൽ ഇരുന്നു.

"ചേച്ചി... അളിയനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. മോൾക്ക് അസുഖം ഭേദമാകും എങ്കിൽ ആകട്ടെ. പക്ഷേ അച്ഛൻ പറഞ്ഞതുപോലെ മോൾക്ക് വേണ്ടി മാത്രം.ഇനിയും ഉറച്ചു നിന്നില്ല ചേച്ചി എങ്കിൽ, അളിയൻ വീണ്ടും പഴയതു പോലെ ആകും. ഇപ്പോ പിടിച്ചാൽ കിട്ടും.ഈ അവസരം ഉപയോഗിക്കുകയാണ് വേണ്ടത്." ഉണ്ണി പറഞ്ഞു.

"അതേ മോളെ..ഉണ്ണി പറഞ്ഞതിലും കാര്യമുണ്ട്. നീ ഒന്ന് ശഠിച്ചു നിന്നാൽ, നന്ദൻ പാർട്ടി ഉപേക്ഷിക്കുകയും ജോലിക്ക് പോവുകയും ചെയ്യും. അല്ലെങ്കിൽ നിചൂ മോൾക്ക് മാത്രം അച്ഛനായി അവൻ മതി. നിനക്ക് ഭർത്താവായി വേണ്ട.!!" എല്ലാവരും ഓരോന്ന് പറഞ്ഞു കേട്ടപ്പോൾ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി ബാലക്ക്.

"എനിക്കിപ്പോൾ, മറ്റൊന്നും ചിന്തിക്കാൻ ഇല്ല.എൻ്റെ മോൾക്ക്  ഒന്നും സംഭവിക്കരുത്.അതിന് നന്ദേട്ടൻ ഇവിടെ വരണം. മറ്റൊന്നും എൻ്റെ ചിന്തയിലില്ല ഇപ്പോൾ. എൻറെ മോളാണ് എൻറെ ലോകം." കരഞ്ഞുകൊണ്ട് അവർക്ക് നേരെ കൈ കൂപ്പി പിടിച്ചു കൊണ്ട് പറഞ്ഞു ബാല. ബാലയെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടു നിൽക്കാൻ, കഴിയുമായിരുന്നില്ല ഉണ്ണിക്കും അമ്മയ്ക്കും. അതുകൊണ്ട് അപ്പോൾ തന്നെ ഫോൺ എടുത്ത് ഉണ്ണി നന്ദന്റെ നമ്പറിലേക്ക് വിളിച്ചു.

വെറുതെ ഓരോന്ന് ഓർത്തു കിടക്കുകയായിരുന്നു നന്ദൻ. മോളുടെ  മുഖമാണ് മനസ്സിൽ എപ്പോഴും തെളിയുന്നത്. മോളെ കാണാൻ അതിയായി കൊതിച്ചു അവൻ്റെ ഉള്ളം. ഉണ്ണിയുടെ നമ്പർ കണ്ട് ഫോൺ എടുത്തു നന്ദൻ. "അളിയാ...നിച്ചുട്ടി ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. പനി കൂടി കൊണ്ട് വന്നതാണ്. മോൾ അച്ഛനെ കാണണം എന്ന് പറഞ്ഞ് ഒരേ വാശിയിലാണ് ചേച്ചിയും കരച്ചിലാണ്. സാധിക്കുമെങ്കിൽ ഒന്ന് ഇവിടം വരെ വരണം. സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ആണ്. കുട്ടികളുടെ വർഡിൽ 15 റൂം നമ്പർ." പറഞ്ഞുകൊണ്ട് പെട്ടെന്ന് ഫോൺ വെച്ചു ഉണ്ണി.

നന്ദൻ പറഞ്ഞു കേട്ട ഷോക്കിലാണ്. തൻ്റെ നിച്ചുട്ടി...മോളെ..വിളിച്ചു കൊണ്ട് നന്ദൻ ചാടി എഴുന്നേറ്റു. ഹാങ്കറിൽ കിടന്ന ഷർട്ട് എടുത്തിട്ടു. ലുങ്കി മാറി ഷെൽഫിൽ നിന്നും വെള്ളമുണ്ട് എടുത്തു ഉടുത്ത് താഴെക്കിറങ്ങി. അച്ഛനോടും അമ്മയോടും വിവരം പറഞ്ഞപ്പോൾ, അവരും ആകെ വെപ്രാളത്തിൽ ആയി. നന്ദന്റെ പരവേശവും വെപ്രാളവും കണ്ട് കുട്ടിക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചു എന്ന് പോലും ഭയന്നു അവർ.. അടുത്തുള്ള ഉണ്ണിയുടെ കൂട്ടുകാരൻ ജയന്റെ കാർ വിളിച്ച് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു അവരെല്ലാം. നടക്കാൻ ചെറിയ പ്രയാസം ഉണ്ടായിരുന്നിട്ടും, നന്ദൻ മോളേ കാണാൻ വർദ്ധിച്ച ഹൃദയമിടിപ്പോടെ വേഗത്തിൽ നടന്നു.. റൂമിന് പുറത്ത് എത്തിയപ്പോൾ കേട്ടു ബാലയുടെ അടക്കിപ്പിടിച്ച തേങ്ങൽ..

"മോളെ..." നന്ദൻറെ അമ്മയുടെ വിളി കേട്ട് ബാല മോളുടെ അരികിൽ നിന്നും എഴുന്നേറ്റു.

"അമ്മേ.." വിളിച്ചുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് വീണു അവൾ.

"അമ്മേ....നമ്മുടെ മോൾ... കിടക്കുന്നത് കണ്ടോ.. എനിക്ക് സഹിക്കുന്നില്ല അമ്മേ.." കരഞ്ഞുകൊണ്ട് പറയുന്ന ബാലയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്നു അവർ.

നന്ദൻ മോളുടെ അരികിൽ ഇരുന്നു. ആരെയും അവൻ ശ്രദ്ധിച്ചില്ല.. അവന്റെ കണ്ണിൽ നിറയെ വാടി തളർന്നുകിടക്കുന്ന തന്റെ പൊന്നു മകളുടെ മുഖം മാത്രമായിരുന്നു.. "മോളെ... അഛേടെ വാവേ..." കിടക്കുന്ന കുഞ്ഞിനെ വലതു കൈകൊണ്ട് എടുത്ത് നെഞ്ചോട് ചേർത്തു നന്ദൻ. ഇടതു കൈയിൽ പ്ലാസ്റ്റർ ആയിരുന്നിട്ടും, ആ കൈകൊണ്ട് പതിയെ തല താങ്ങി പിടിച്ചു അവൻ. പ്ലാസ്റ്റർ ഇട്ട കൈ വേദനിച്ചു എങ്കിലും അതൊന്നും കാര്യമാക്കിയില്ല നന്ദൻ. മോളുടെ കുഞ്ഞുമുഖത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു അവൻ.. "അച്ഛടെ പൊന്നേ കണ്ണുതുറക്ക്... നോക്ക്...മോളെ.." കരഞ്ഞുകൊണ്ട് പറഞ്ഞു നന്ദൻ. അങ്ങനെയൊരു ഭാവത്തിൽ നന്ദനെ ആദ്യമായി കാണുകയായിരുന്നു എല്ലാവരും... പതിയെ കുഞ്ഞു കണ്ണുകൾ തുറന്നു അവനെ നോക്കി നിച്ചു.

"അഛേ....മോക്ക്...വാവൂ.... വേദനിച്ചു.അച്ച...എവിടേം പോകല്ലെ... കേട്ടോ...മോക്ക്...പേടിയാ..." കുഞ്ഞ് ബുദ്ധിമുട്ടി അത്രയും പറഞ്ഞുകൊണ്ട് വീണ്ടും കണ്ണുകൾ അടച്ചു.

"ഇല്ലടാ..... പൊന്നേ ....അച്ച...ഇവിടെ...ഉണ്ട് .. കേട്ടോ....പേടിക്കണ്ട...അച്ച വന്നല്ലോ.." നന്ദൻ കുഞ്ഞിനെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു. കണ്ടുനിന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് കണ്ടു ബാല..  നെഞ്ച് പൊട്ടുന്ന വേദനയിൽ ബാല നന്ദനെ നോക്കി.. തനിക്ക് നേരെ ഒരു നോട്ടം പോലും നീളുന്നില്ല നന്ദന്റെ.. എന്നത് ഏറെ വേദനിപ്പിച്ചു അവളെ..

( തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ