ഭാഗം 21
സിറ്റിക്ക് പോയ ദേവസ്യാച്ചൻ പോത്തിറച്ചിയുമായി വന്നപ്പോഴേക്കും അവർ ചക്ക വേവിച്ചു വെച്ചിരുന്നു. ഉച്ചയ്ക്ക് എല്ലാവരുംകൂടെ ചക്കയും, ഇറച്ചിക്കറിയുമാണ് കഴിച്ചത്. ചോറ് വിളമ്പിയെങ്കിലും ആരും കഴിച്ചില്ല.
ജാൻസി ഭക്ഷണം കഴിച്ച പ്ലേറ്റുമായി അടുക്കളയിലേയ്ക്ക് നടക്കവേ വയറ്റിൽ നിന്ന് എന്തോ അസ്വസ്ഥത തോന്നി. അവൾ പുറത്തേക്ക് പോയി കുടഞ്ഞിട്ടതു പോലെ കഴിച്ചതെല്ലാം വീണ്ടും ഛർദ്ദിച്ചു. "ഇതെന്താ മോളേ നിനക്കു പറ്റിയത്?" അന്നമ്മ ഉൽക്കണ്ഠയോടെ ചോദിച്ചു. "ഒന്നൂല്ലമ്മച്ചീ .. വല്ലാതെ തല കറങ്ങുന്നുണ്ട്. " നടക്കാൻ തുടങ്ങിയ അവൾ വേച്ചു വീഴാൻ പോയി. അന്നമ്മ കൈ പിടിച്ചു നടത്തി. അടുക്കളപ്പുറത്തെ നടക്കല്ലിൽ ജാൻസി തളർന്നിരുന്നു. "ചക്ക തിന്നത് വയറ്റിൽ പിടിച്ചിട്ടുണ്ടാവില്ല അതായിരിക്കാം. ലാലീ നീയിത്തിരി നാരങ്ങ പിഴിഞ്ഞ് വെള്ളം എടുത്തെ, നല്ലോണം ഉപ്പും പഞ്ചസാരയും ചേർത്ത്." ലാലി കൊണ്ടു വന്ന നാരങ്ങവെള്ളം ജാൻസി ആർത്തിയോടെ വാങ്ങിക്കുടിച്ചു. പക്ഷേ.. നിമിഷങ്ങൾക്കകം അവൾ അതും ഛർദ്ദിച്ചു.
"അന്നമ്മേ.. ജാൻസിയാകെ അവശയായല്ലോ! ഇനി വെച്ചോണ്ടിരുന്നാൽ ശരിയാവില്ല. നമുക്ക് ആശുപത്രിയിൽ പോവാം. നിങ്ങൾ വേഗം റെഡിയാകൂ. ഞാൻ ഒരു ഓട്ടോ കൂട്ടി വരാം." ദേവസ്യാച്ചൻ പറഞ്ഞു. "അമ്മച്ചി വരണ്ടാ. മിന്നു മോളുടെയടുത്ത് ആരേലും വേണ്ടേ? ഞാനും, ചാച്ചനും കൂടി പോകാം." ലാലി പറഞ്ഞു. ദേവസ്യാച്ചൻ സുകുവിൻ്റെ ഓട്ടോയുമായി വന്നപ്പോഴേക്കും, ജാൻസിയും, ലാലിയും ഡ്രസുമാറി വരാന്തയിൽ ഇരിക്കുകയായിരുന്നു. അരികിലായി വേലലാതിയോടെ അന്നമ്മയും. അവർ കയറിയ ഓട്ടോറിക്ഷ കണ്ണിൽനിന്നും മറഞ്ഞശേഷവും അന്നമ്മ അവിടെത്തന്നെ നിന്നു ആധി നിറഞ്ഞ മനസോടെ. ഏറെ ജോലികൾ ചെയ്യാനുണ്ട്. പക്ഷേ.. ഒന്നും ചെയ്യാൻ തോന്നുന്നില്ല. വല്ലാത്തൊരു ഉൽകണ്ഠ അവരെ വീർപ്പുമുട്ടിച്ചു. ഇടയ്ക്കെപ്പോഴോ പോയി പശുവിനും, ആടുകൾക്കും എന്തൊക്കെയോ തീറ്റ കൊടുത്തിട്ട് അവർ വന്ന് വരാന്തയിൽ തന്നെ വഴിക്കണ്ണോടെ കാത്തിരുന്നു.
അരികത്തിരിക്കുന്ന മിന്നുമോളുടെ ചോദ്യങ്ങളൊന്നും അവർ കേട്ടില്ല. പ്രാർത്ഥനാ നിർഭരമായ മനസോടെ എത്ര സമയം കാത്തിരുന്നു എന്നറിയില്ല. ദൂരെ ഓട്ടോയുടെ ശബ്ദം കേട്ടതോടെ അവർ വേഗം മുറ്റത്തേയ്ക്കിറങ്ങി. പിന്നാലെ മിന്നു മോളും. ഓട്ടോയിൽനിന്നും ആദ്യമിറങ്ങിയത് ലാലിയായിരുന്നു. അവളൊരു പുഞ്ചിരിയോടെ കൈയ്യിലുള്ള കവറുതുറന്ന് ഒരു ലഡുവെടുത്ത് അന്നമ്മയ്ക്കു നേരേ നീട്ടി. അവർ അതൊന്നും ശ്രദ്ധിക്കാതെ ഓട്ടോയിൽ നിന്നും ഇറങ്ങുന്ന ജാൻസിയെ നോക്കുകയായിരുന്നു.
"എങ്ങനുണ്ട് മോളേ, ക്ഷീണം കുറഞ്ഞോ? ഡോക്ടർ എന്തു പറഞ്ഞു? പിന്നെ ഛർദ്ദിച്ചോ? നീ വല്ലതും കഴിച്ചോ?" "എൻ്റെ അന്നമ്മേ .. നീയിങ്ങനെ എല്ലാംകൂടി ഒരുമിച്ച് ചോദിക്കാതെ. നിർത്തി നിർത്തി ചോദിക്ക്." ഓട്ടോക്കാരന് രൂപ കൊടുക്കുന്നതിനിടയിൽ ചിരിയോടെ ദേവസ്യാച്ചൻ പറഞ്ഞു. ഇതിനിടെ ലാലിയുടെ കൈയ്യിലിരുന്ന ലഡു മിന്നുമോൾ സ്വന്തമാക്കി. ജാൻസി ലജ്ജയിൽ പൊതിഞ്ഞൊരു പുഞ്ചിരിയോടെ അന്നമ്മയെ നോക്കി. ആശ്വാസത്തോടെ അവർ ജാൻസിയുടെ കൈപിടിച്ചു. "ഡോക്ടറെന്തു പറഞ്ഞു മോളേ?"
"എൻ്റെ അമ്മച്ചീ.. അമ്മച്ചിയൊരു കുഞ്ഞുബേബിച്ചൻ്റെ വല്ല്യമ്മച്ചിയാകാൻ പോകുന്നു." ലാലി പറഞ്ഞു. "ങ്ഹേ.. നേരാണോ മോളേ... എൻ്റെ മാതാവേ.." ആഹ്ളാദത്തോടെ അവർ ജാൻസിയുടെ കവിളിൽ ചുംബിച്ചു. പിന്നെ ആശ്ചര്യഭാവത്തിൽ ജാൻസിയെ അടിമുടിയൊന്നു നോക്കി. സന്താേഷം കൊണ്ടവർ വീർപ്പുമുട്ടുകയായിരുന്നു. ഇതിനിടെ ലാലി ഒരു ലഡു അന്നമ്മയുടെ വായിൽ വെച്ചു കൊടുത്തു. ആനന്ദാശ്രുക്കളോടെ എന്തു ചെയ്യണമെന്നറിയാതെ ആ സാധു സ്ത്രീ ജാൻസിയെ ചേർത്തണച്ചു. വൈകുന്നേരത്തോടെ ജാൻസി പതിവ് ജോലികളിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ അന്നമ്മ സമ്മതിച്ചില്ല.
"ഡോക്ടർ റസ്റ്റ് എടുക്കാൻ പറഞ്ഞതല്ലേ? നീയിനി തൽക്കാലം ഒന്നും ചെയ്യേണ്ട." ദേവസ്യാച്ചനും, അമ്മയും കൂടി പുല്ലുവെട്ടി കൊണ്ടുവന്നു. തൊഴുത്ത് വൃത്തിയാക്കിയത് അന്നമ്മയായിരുന്നു. അവർ ചെയ്യുന്ന ഓരോ ജോലികളും ജാൻസി തന്റെ മുറിയിലിരുന്ന് കാണുന്നുണ്ടായിരുന്നു. അവർ തനിയെ ജോലി ചെയ്യുന്നത് കണ്ടതോടെ അവൾക്ക് വല്ലാത്ത വിഷമം തോന്നി. അവൾ ലാലിയോട് പറഞ്ഞു. "ചേച്ചീ... ചാച്ചനും, അമ്മച്ചിയും മടുത്തു കാണും. ചേച്ചി ഒരു സഹായം ചെയ്യാമോ?"
"എന്തുവേണം ജാൻസീ? "
" നിങ്ങളെല്ലാവരും കൂടി എന്നെ കയറില്ലാതെ കെട്ടിയിട്ടിരിക്കുകയല്ലേ? ചേച്ചിക്കു പറ്റുമെങ്കിൽ മുറ്റമൊന്നു തൂത്തുടാമോ? അല്ലെങ്കിൽ അമ്മച്ചിയതു ചെയ്യും. അമ്മച്ചിക്കു നടുവേദന ഉള്ളതാണ്. ഇല പൊഴിയുന്ന സമയമല്ലേ, മുറ്റം രണ്ടു നേരവും അടിക്കുന്നതാണ്."
"അതു ഞാനേറ്റു. നീ കിടന്നോളൂ. ഞാൻ ചെയ്തോളാം." ലാലി മുറ്റത്തേക്ക് ഇറങ്ങി. അവൾ മുറ്റം അടിക്കുന്നത് കണ്ടുകൊണ്ടാണ് ദേവസ്യാച്ചൻ ആടിനുള്ള തീറ്റയുമായി വന്നത്.
"ഇതെന്തുപറ്റി ലാലി..ലോകം അവസാനിക്കാറായോ?" അയാൾ ചോദിച്ചു.
"എൻ്റെ ചാച്ചാ.. അച്ഛന്റെ പുന്നാര മരുമകൾ എനിക്ക് പണി തന്നതാ."
"ആരു പണി തന്നാലും നീ ചെയ്യാത്തവളാണല്ലോ?"
"നമ്മുടെ ജാൻസി പറഞ്ഞാൽ എങ്ങനെയാ ചാച്ചാ.." ലാലിയൊരു ചമ്മിയ ചിരിയോടെ പറഞ്ഞു.
"നിൻ്റെ മുൻ ധാരണകൾ എല്ലാം മാറിയോ? ആ നോട്ടുബുക്കിലെ പേജ് നീ എഴുതി നിറച്ചോ?"
"ചാച്ചാ.. അന്നെഴുതിയ ആ കാര്യം മാത്രമേ ഉള്ളൂ. ഓപ്പോസിറ്റ് എഴുതാനാണെങ്കിൽ ആ പേജ് പോര. ചാച്ചനും, അമ്മച്ചിയും പറയുന്നതെല്ലാം ശരിയാണ്. ഞാൻ സമ്മതിച്ചു." "ഇത്ര പെട്ടന്ന് നിനക്ക് എന്തു പറ്റി? നീയൊരു അധ്യാപികയാണെന്ന കാര്യം മറന്നോ?"
"ഭൂമിയിൽ സ്വർഗ്ഗവും, നരകവും തീർക്കുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ പ്രവൃത്തികളാണ്. ക്ഷമ കൊണ്ട് മാത്രമേ ജീവിതം സമാധാനപൂർണമാവുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കിയത് ജാൻസിയിൽ നിന്നാണ്. നല്ല നാളുകൾ എത്രയോ നഷ്ടപ്പെടുത്തി എന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നുകയാണ്." "നിനക്ക് സത്യം മനസിലാക്കാൻ കഴിഞ്ഞുവെങ്കിൽ എനിക്കു സന്തോഷമായി."
"അവൾ വളരെ ചെറിയ കാര്യങ്ങളെ ചെയ്യുന്നുള്ളൂ. പക്ഷേ അതിൻ്റെ ഫലം വളരെ വലുതാണ്. ഞാനും ഇനി അവളിൽ നിന്നും പഠിക്കുകയാണ്. പക്ഷേ.. അവളെപ്പോലെ ക്ഷമിക്കാനും, സഹിക്കാനും, ആത്മസംയമനം പാലിക്കാനും എനിക്കു സാധിക്കുമോ, എന്നതാണ് സംശയം."
"ശ്രമിച്ചാൽ സാധിക്കാത്തതായി എന്തുണ്ട് മോളേ? ഞാനെന്ന ഭാവം മാറ്റിയാൽ മാത്രം മതി. താണ നിലത്തേ നീരോടൂ എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? താഴുക.. ഭൂമിയോളം താഴുക.'' "ഇന്നു മുതൽ ഞാനൊരു പുതിയ വ്യക്തിയാണ് ചാച്ചാ.. നമ്മുടെ ജാൻസിയെപ്പോലെ." ലാലി ദേവസ്യാച്ചൻ്റെ മുന്നിൽ ഇരുകരങ്ങളും കൂപ്പി. അവളുടെ നനവൂറുന്ന കണ്ണുകളിലേക്ക് അയാൾ ദൃഷ്ടിപായിച്ചു. അവിടെ ഉരുണ്ടുകൂടിയ പശ്ചാത്താപം അയാളെ സന്തോഷ ചിത്തനാക്കി. ലാലി ജാൻസിയോടൊപ്പം സമയം ചെലവഴിച്ചതിനുശേഷം ആകെ മാറിയിട്ടുണ്ടെന്ന് അയാൾക്കു തോന്നി. അഹങ്കാരം വെടിഞ്ഞ് എല്ലാത്തിനോടും നല്ല രീതിയിൽ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. എന്തൊക്കെയൊ ചില മാറ്റങ്ങൾ, നൻമയുടെ ബഹിർസ്പുരണങ്ങൾ ഇവളിൽ കണ്ടു തുടങ്ങിയിരിക്കുന്നു. അയാൾ ഗൂഡമായൊരു മന്ദസ്മിതം പൊഴിച്ചു. നിറം മങ്ങിയ സന്ധ്യയുടെ ഇഴകളെ തലോടിയെത്തിയ കാറ്റ് മുറ്റത്തെ മാവിൻ ചില്ലകളിലേയ്ക്ക് ചേക്കേറി. ചക്രവാളം ചുവന്നു തുടങ്ങി. ജാൻസി മുറിയിലൂടെ മെല്ലെ ഉലാത്തിക്കൊണ്ടിരുന്നു. "രണ്ടാഴ്ചത്തേയ്ക്ക് നല്ല വിശ്രമം വേണം. അതു കഴിഞ്ഞ് ചെറിയ ജോലികൾ ചെയ്യാം. മൂന്നു മാസമായാൽ സാധാരണ വീട്ടു ജോലികളൊക്കെ ചെയ്തോളൂ. കൂടുതൽ കഠിനമായ ജോലികൾ ഒഴിവാക്കണം." ഡോക്ടർ പറഞ്ഞത് അവളോർത്തു. വെറുതെയിരുന്നിട്ട് നേരം പോകുന്നില്ല. ബേബിച്ചനിന്ന് വരും. എത്രയും പെട്ടന്ന് ഒന്നു വന്നാൽ മതിയായിരുന്നു. അവനെക്കാണുമ്പോൾ .. അവളുടെ ഉള്ളം തുടിച്ചു. മിന്നുമോൾ എന്തൊക്കെയോ കിലുക്കാംപെട്ടിപോലെ പറഞ്ഞു കൊണ്ടിരുന്നു. ജന്നൽ തുറന്നുകിടന്നിരുന്നു. അതിനരികിലായി അവൾ ചെന്നുനിന്നു. സന്ധ്യയുടെ ചായം മങ്ങിയ മാനത്ത് മിന്നാമിനുങ്ങിൻ്റെ വെട്ടംപോലെ, കൺചിമ്മുന്ന നക്ഷത്രജാലങ്ങൾ മിന്നുന്നതവൾ കണ്ടു.
രാത്രി പത്തു മണിയോടുകൂടിയാണ് ബേബിച്ചൻ വീട്ടിലെത്തിയത്. സന്ധ്യാപ്രാർത്ഥനയും, ഊണും കഴിഞ്ഞ് എല്ലാവരും തിണ്ണലിലിരുന്ന് സംസാരിക്കുകയായിരുന്നു. ഇത്തവണ ഓട്ടം മധ്യപ്രദേശിലേയ്ക്കായിരുന്നു. വന്നു കയറിയതേ ലാലിയെക്കണ്ടയാൾ ചോദിച്ചു. "ചേച്ചിയുണ്ടായിരുന്നോ ഇവിടെ.. എപ്പോൾ വന്നു?"
"ഞാൻ വന്നിട്ട് രണ്ടു ദിവസമായി.''
''അളിയൻ വന്നില്ലേ?"
"ഇല്ല."
"മിന്നു മോളെന്ത്യേ?" "അവൾ ഉറങ്ങി. "
അയാളുടെ കണ്ണുകൾ ചുറ്റും തിരയുകയായിരുന്നു. ജാൻസിയെവിടെ? എല്ലാവരും കിടന്നാലും തന്നേയും കാത്ത് വഴിക്കണ്ണുമായി അവൾ കാത്തു നിൽക്കാറുള്ളത് അയാളോർത്തു. "ജാൻസിയെവിടെ?" "അവൾ കിടന്നു." "ഇത്ര നേരത്തെയോ?" അയാൾ വാച്ചിൽ നോക്കി. "നീ.. വാച്ചിലൊന്നും നോക്കണ്ട. അവൾക്ക് എന്തോ ക്ഷീണം." "അവൾക്ക് എന്തുപറ്റി?" "നീ തന്നെ ചോദിച്ചു നോക്ക് ." ലാലിയൊരു കുസൃതിച്ചിരിയോടെ പറഞ്ഞു. അയാൾ മുറിയിലെത്തുമ്പോൾ ജാൻസി കിടക്കുകയായിരുന്നു. " ജാൻസീ.." വളരെ പതിഞ്ഞശബ്ദത്തിൽ അയാൾ വിളിച്ചു. അവളൊരു കോരിത്തരിപ്പോടെ എണീറ്റു. ''എന്തു പറ്റി നിനക്ക്, സുഖമില്ലേ?" എന്താണ് പറയുക! എങ്ങനെ പറയും? ലജ്ജ കൊണ്ടവളുടെ മുഖം ചുവന്നു. അവൾ ഇരു കൈ കൊണ്ടും മുഖം പൊത്തി. "എന്താ മോളേ?'' മുഖം മറച്ചിരുന്ന അവളുടെ കൈകൾ അവൻ മെല്ലെ എടുത്തു മാറ്റി. അവൻ്റെ നോട്ടം നേരിടാനാതെ അവളവൻ്റെ മാറിലേയ്ക്ക് ചാഞ്ഞു. അവൻ്റെ വലതുകരം ഗ്രഹിച്ച് അവൾ തൻ്റെ അടിവയറ്റിൽ അമർത്തി. അവൻ്റെ ഹൃദയം തുടിച്ചു. ആവേശ തള്ളലിൽ അവനവളെ മുറുകെപ്പുണർന്നു. ചുംബനപ്പൂക്കളാൽ അവളെ മൂടി.
"മോളേ...ജാൻസീ.." അയാളുടെ ശബ്ദത്തിലെ ആർദ്രതയിൽ അവൾ പുളകം കൊണ്ടു.
തുടരും...