മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

Read full

ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ മനസ്സിലായിത്തുടങ്ങുന്ന കാര്യമാണിത്. ചിലർക്ക് കുറച്ചു നേരത്തെ തോന്നിത്തുടങ്ങും, ചിലർക്ക് വളരെ താമസിച്ചാവും ഈ തോന്നൽ ഉണ്ടാവുക. "പെൻഡുലമല്ലോ ജീവിതം!"

ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സുഖങ്ങൾ അനുഭവിക്കുന്നതിലൂടെ ലഭിക്കുമെന്നു കരുതുന്ന സംതൃപ്തിക്കായുള്ള നിരന്തര പ്രവർത്തനം. രണ്ട്, ഈ പ്രവർത്തനങ്ങൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിപ്രവർത്തനം. ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമം പോലെയാണ് ഈ പ്രതിപ്രവർത്തനം. സംഭവിക്കുന്നത്. മനസ്സ് ഏകപക്ഷീകമായി സുഖകാമനകൾക്ക് പിൻപേ പോകുന്നു. ചെറുതും വലുതുമായ സുഖാവസ്ഥകൾക്കായുള്ള നിരന്തരമായ പരിശ്രമമാണ് ജീവിതം. ഇവിടെ സൂചിപ്പിച്ച പ്രതിപ്രവർത്തനത്തെയാണ് നമ്മൾ ദുഃഖമായി ചിത്രീകരിക്കുന്നത്. ജീവിതം ഇങ്ങനെ സുഖത്തിനും ദുഖത്തിനും ഇടയിൽ ഒരു പെൻഡുലം പോലെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വയലാർ രാമവർമ്മയുടെ പ്രശസ്തമായ ഒരു ഗാനമുണ്ട്. 
"സുഖമൊരു ബിന്ദു, ദുഖമൊരു ബിന്ദു 
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു 
പെൻഡുലമാടുന്നു,
ജീവിതം ഇതു ജീവിതം"

എത്രമാത്രം സുഖത്തിന്റെ തീവ്രത കൂടുന്നുവോ, അതിനു ആനുപാതികമായി ദുഖത്തിന്റെയും തീവ്രത കൂടിയിരിക്കും. സുഖവും ദുഖവും മനസ്സിനുള്ള കാര്യങ്ങളാണ് എന്നും ശരീരത്തിന്റെ കാര്യങ്ങളല്ല എന്നും നാം ഇതിനു മുൻപ് കണ്ടുകഴിഞ്ഞതാണ്. 

സുഖത്തിന്റെ പിന്നെ പോകുമ്പോൾ നാമെല്ലാം ആഗ്രഹിക്കുന്ന ഒരുകാര്യം, ദുഃഖം ഉണ്ടാകാതിരിക്കുക എന്നതു മാത്രമാണ്. പ്രപഞ്ച നിയമം അനുസരിച്ചു, ഇതു രണ്ടും ഒന്നിച്ചുള്ളതാണ്. ഒന്നെടുത്താൽ മറ്റേതു കൃത്യമായി ലഭിച്ചിരിക്കും. എപ്പോൾ ലഭിക്കും എന്നതിൽ മാത്രമാണ് കൃത്യത ഇല്ലാത്തത്. അപ്പോൾ പിന്നെ ദുഃഖങ്ങൾ ഒഴിവാക്കാൻ എന്താണ്‌ പോംവഴി? 
ഉത്തരം വളരെ ലളിതമാണ്. 
സുഖത്തിനു പിന്നാലെ പോകാതിരിക്കുക. 
പക്ഷെ ഈ ഉത്തരവും കൊണ്ട് നമുക്കു ജീവിക്കാൻ പറ്റുമോ?
സാധ്യമല്ല.
എങ്കിൽ പിന്നെ എന്താണ് പോംവഴി?
പെൻഡുലത്തിന്റെ ആട്ടത്തെ നമുക്ക് ഒന്നു വിശകലനം ചെയ്‌താൽ ചില പ്രായോഗിക ഉത്തരങ്ങൾ ലഭിക്കും. ഒരു ദിശയിലേക്ക് എത്രമാത്രം ഉയരത്തിൽ പെൻഡുലം പോകുന്നുവോ, അത്രമാത്രം ഉയരത്തിൽ പെൻഡുലം എതിർദിശയിലേക്കും യാത്ര ചെയ്യും. അപ്പോൾ ആദ്യ ദിശയിലേക്ക് ഒരുപാട് ഉയരത്തിൽ പോകാതിരുന്നാൽ മതിയല്ലോ! ജീവിതത്തിൽ അങ്ങേയറ്റത്തെ ദുഃഖങ്ങൾ ഒഴിവാക്കാനായി  അങ്ങേയറ്റത്തെ സുഖങ്ങൾ ഒഴിവാക്കിയാൽ മതി. ലഹരിമരുന്നുകളുടെ ഉപയോഗം ശ്രദ്ധിച്ചാൽ മതി, അല്ലെങ്കിൽ മദ്യപാനത്തിന്റെ  അവസ്ഥ അന്വേഷിച്ചാൽ മതി. ആദ്യമായി ഒരു യൂണിറ്റ് ഉപയോഗിച്ചാൽ ചെറിയ ഒരു കിക്ക് കിട്ടും. അതൊരു സന്തോഷമാണ്. ദുഃഖങ്ങൾ മറക്കാൻ കഴിയും. കൂടുതൽ സന്തോഷിക്കാനായി കൂടുതൽ യൂണിറ്റുകൾ ഉപയോഗിച്ചാൽ  അതിന്റെ പിന്നാലെ അപകടങ്ങളും, ആരോഗ്യപ്രശ്നങ്ങളും തേടിയെത്തും. അതു ദുരന്തത്തിൽ പോലും കലാശിക്കാം. (ചെറിയ യൂണിറ്റിൽ ഇവയൊക്കെ ഉപയോഗിക്കാം എന്നു പരോക്ഷമായി ഇവിടെ സൂചിപ്പിക്കുന്നില്ല.) 

അപ്പോൾ വലിയ ദുഃഖങ്ങൾ ഒഴിവാക്കാനായി, വലിയ സുഖങ്ങൾ ത്യജിക്കുക. 
ശരി അതുപേക്ഷിക്കുന്നു. പക്ഷെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളോ? അതൊക്കെയല്ലേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതും ഒഴിവാക്കണമെന്നാണോ പറഞ്ഞുവരുന്നത്? 
തീർച്ചയായും അല്ല. 
കുതിരയെ മുന്നോട്ടു നയിക്കുന്നത്, അതിനു മുന്നേ നീങ്ങിക്കൊണ്ടിരിക്കുന്ന കാരറ്റാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്നതു തന്നെ മുൻപിലുള്ള സുഖങ്ങളാണ്. സുഖാവസ്ഥയിൽ എത്തിച്ചേരാനാനയുള്ള പ്രവർത്തികൾ മാത്രമാണ് സ്വാഭാവികമായി നാമെല്ലാം ചെയ്യുന്ന പ്രവർത്തികൾ. പക്ഷെ അറിയേണ്ടത് സുഖത്തോടൊപ്പം ദുഖവും ഉണ്ടെന്നുള്ളതാണ്. ദുഖമുണ്ടാകുമ്പോൾ അതിൽ നാം തകർന്നുപോകാതെയിരിക്കണം. അതാണ് പ്രധാനപ്പെട്ട കാര്യം.

അപ്പോൾ ചെറിയ ദുഖങ്ങളോ? അതൊഴിവാക്കാൻ എന്താണു മാർഗ്ഗം?
ഒഴിവാക്കാൻ ഒരു മാർഗ്ഗവുമില്ല. പക്ഷെ അതിനെ നമുക്ക് മാനേജ് ചെയ്യാൻ കഴിയും. അതാണ് നമ്മൾ അറിയേണ്ടതും, പരിശീലിക്കേണ്ടതും.

ചെറിയ ഒരു ഉദാഹരണത്തിൽ നിന്നും തുടങ്ങാം. യാത്ര ചെയ്യാനായോ നമ്മൾ ബസിലോ തീവണ്ടിയിലോ കയറി. റിസേർവേഷൻ ഇല്ലാത്ത വാഹനമാണെന്നും കരുതുക. ഇരുന്നു പോവുക എന്നത് ഒരു സൗകര്യമാണ്. രണ്ടുപേർക്കിരിക്കാവുന്ന സീറ്റുകൾ അധികവും ഒഴിഞ്ഞു കിടക്കുന്നു. അതിലൊന്നിൽ നാം ഇരിക്കുന്നു. നമ്മൾ സംതൃപ്തരായി. ജാലകത്തിലൂടെ പുറംകാഴ്ചകൾ കാണാം എന്നതിനാൽ നമുക്കു കൂടുതൽ സന്തോഷം. കുറച്ചു കഴിഞ്ഞപ്പോൾ അധിക വണ്ണമുള്ള ഒരാൾ അടുത്തിരുന്നു. നമ്മൾ ജാലകത്തിനു അരികിലേക്ക് മാറി. ഞെരുക്കമാണ്. നമ്മുടെ സന്തോഷം കുറഞ്ഞു. എന്നുവച്ചാൽ ദുഃഖം ഉണ്ടായി. ദുഖത്തെ ഒഴിവാക്കാനായി നമ്മൾ ഒഴിഞ്ഞുകിടന്ന മറ്റൊരു സീറ്റിൽ ഇരുന്നു. നമുക്ക് സന്തോഷമുണ്ടായി. പക്ഷെ മുന്നിലിരിക്കുന്ന ആൾ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വഴക്കു പറയുകയും ചീത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതു നമ്മളെ അലോസരപ്പെടുത്തുന്നു. അപ്പോൾ നമ്മൾ ദുഖത്തിലേക്കു പോയി. ആ ദുഃഖത്തിൽ നിന്നും രക്ഷപ്പെടാനായി നമ്മൾ നമ്മുടെ മൊബൈൽ ഫോണിൽ നിന്നും പാട്ടു കേൾക്കാൻ തുടങ്ങി. ഇയർ ഫോൺ വച്ചതോടെ ശബ്ദ ശല്യത്തിൽ നിന്നും രക്ഷപ്പെട്ടു. മറ്റൊരു സുഖത്തിലേക്ക് നാം കടന്നു. ഈ സാഹചര്യം ഇതുപോലെ വിശകലനം ചെയ്തു എത്രവേണമെങ്കിലും മുന്നോട്ടു പോകാം. പക്ഷെ നാം മനസ്സിലാക്കേണ്ടത്, ചെറിയ ചെറിയ നീക്കുപോക്കുകളിലൂടെ (അഡ്ജസ്റ്മെന്റ്) ചെറിയ ദുഃഖാവസ്ഥയെ നമുക്കു ഒഴിഞ്ഞുമാറിപ്പോകാൻ കഴിയും എന്നാണ്. പക്ഷെ, അവിടെയും നമ്മെ കാത്തിരിക്കുന്നത് സുഖത്തിനു പിറകെയെത്തുന്ന ദുഃഖമാണ് എന്ന കാര്യവും മറക്കാതിരിക്കാം.

അപ്പോൾ അടുത്ത മാർഗ്ഗം എന്താണ്?
ഉണ്ട്. മാർഗ്ഗമുണ്ട്.
മനസ്സിന്റെ ശ്രദ്ധ മറ്റൊന്നിലേക്കു തിരിച്ചുവിടുക.
മരുന്നു കുത്തിവയ്ക്കുന്ന അവസരത്തിൽ, സൂചിയിൽ നോക്കിയിരുന്നു കൊണ്ട് ''ഇപ്പോൾ കുത്തും, ഇപ്പോൾ കുത്തും" എന്നു ചിന്തിച്ചാൽ നമ്മൾ വേദന നന്നായി അറിയും. അത് ഇമ്മിണി വലിയ വേദനയായി അനുഭവപ്പെടുകയും ചെയ്യും. എന്നാൽ സൂചിയിൽനിന്നു പിൻവലിച്ച കണ്ണുകളെ സുന്ദരമായ മറ്റെന്തെങ്കിലേക്കും മേയാൻ വിടുക. കഴിഞ്ഞ ദിനത്തിലെ സന്തോഷമുണ്ടാക്കിയ ഒരനുഭവത്തിലേക്കു മനസ്സിനെ മേയാൻ വിടുക. തീർച്ചയായും സൂചി കുത്തിയിറക്കുമ്പോൾ നമുക്ക് വലിയ വേദന അനുഭവിക്കേണ്ടിവരില്ല. നിത്യ ജീവിതത്തിൽ ഇതു നമുക്കു സംഭവിച്ചിട്ടുണ്ട്. അവിചാരിതമായി സംഭവിച്ച അപകടങ്ങളിൽ ശരീരത്തുണ്ടായിട്ടുള്ള മുറിവുകൾ ചിലപ്പോൾ കുറച്ചു കഴിഞ്ഞിട്ടാവും നമ്മൾ അറിയുകപോലും ചെയ്തിട്ടുള്ളത്. വേദന ഉണ്ടാകാഞ്ഞതല്ല കാരണം. പിന്നെന്താണ് കാരണം? മനസ്സ് മറ്റെവിടെയോ ആയിരുന്നു.

ഇതാണ് രണ്ടാമത്തെ പ്രായോഗിക പദ്ധതി. ദുഃഖങ്ങളിൽ നിന്നും മനസ്സിനെ അടർത്തിമാറ്റി മറ്റൊന്നിൽ പതിപ്പിക്കുക. മനസ്സിനെ അലട്ടുന്ന വ്യഥയുണ്ടങ്കിൽ, മുറിക്കു പുറത്തിറങ്ങി അല്പം നടക്കുക. ദുരന്തം ഉണ്ടായാൽ ഒരു തീർത്ഥയാത്ര നടത്തുക. മരണാന്തരം ബന്ധുക്കൾ അസ്ഥിയും ചാരവുമായി യാത്ര ചെയ്യുന്നു. ദൂരെയുള്ള പുഴയിലോ, കടലിലോ അതുപേക്ഷിക്കുന്നതിലൂടെ മുക്തിയുണ്ടാകുന്നത് യാത്ര ചെയ്യുന്ന ബന്ധുക്കൾക്കാണ്. അവർ ആ ദുഃഖത്തിന്റെ അതിതീവ്രതയിൽ നിന്നും മുക്തരാകുന്നു. 

അപ്പോളും നമ്മൾ പൂർണ്ണമായി ദുഖങ്ങളിൽ നിന്നും മുക്തരാകുന്നില്ല. ഇതിനർത്ഥം പരിഹാരം ഇല്ല എന്നാണോ?
അല്ല.
പരിഹാരമുണ്ട്. പെൻഡുലം ആടാതെ സൂക്ഷിക്കുക എന്നതാണ് പരിഹാരം. 
ജീവിതത്തിൽ ഇത് സാധ്യമാണോ?
സാധ്യമാണ്, പരിശ്രമിക്കണം. നിരന്തരം. നിരന്തരം. നിരന്തരം.

ജീവിതത്തിന്റെ ഏതു വലിയ സൗകര്യത്തിലും, സന്തോഷത്തിലും, സുഖത്തിലും എത്തിച്ചേരുമ്പോൾ മനസ്സിനെ കയറൂരി വിടാതിരിക്കാൻ ശീലിക്കുക. അങ്ങനെ ശീലിച്ചാൽ ജീവിതത്തിലെ ഏതു വലിയ ദുഃഖത്തെയും കൈകാര്യം ചെയ്യാൻ  കഴിയും. 
ചുറ്റും വർണ്ണങ്ങളും, സുഗന്ധങ്ങളും, കാമോദ്ദീപക കാഴ്ചകളും, സംഗീതവും, രുചി പകരുന്ന വിഭവങ്ങളും, ലഹരിയിലൂടെ പറുദീസ ഒരുക്കുന്ന പാനീയങ്ങളും, സുഖോന്മാദത്തിലെത്തിക്കുന്ന വസ്തുക്കളും ഉണ്ടാകട്ടെ, ഒരു ചെറു ചിരിയോടെ അതിനെ വീക്ഷിക്കുകയും, എന്നാൽ അതുണ്ടാക്കുന്ന ആസക്തിയുടെ ആഴങ്ങളിൽ മനസ്സിനെ കുഴിച്ചിടാതിരിക്കുകയും ചെയ്യാൻ കഴിയുമോ? 
കഴിയണം.
കഴിയുമോ?
കഴിയും. പരിശ്രമിക്കണം. നിരന്തരം. നിരന്തരം. നിരന്തരം.
ജീവിതത്തെപ്പറ്റി നിരന്തരം ചിന്തിച്ചാൽ, സുഖദുഃഖങ്ങളുടെ നൈരന്തര്യതയെ പൂർണമായി മനസ്സിലാക്കിയാൽ, സ്വാഭാവികമായി നാം ഇങ്ങനെയുള്ള ഒരു തലത്തിൽ എത്തിച്ചേരും. സ്ഥിതപ്രജ്ഞനായി മാറും. അവിടെ നാം എല്ലാ വ്യവഹാരങ്ങളുടെയും മദ്ധ്യേ നിലകൊണ്ടാലും, അതു നൽകുന്ന സുഖദുഃഖങ്ങളിൽ നിന്നും വിമുക്തരായിരിക്കും. പ്രവർത്തിക്കാതെ ജീവിക്കാൻ സാധ്യമല്ല. പക്ഷെ പ്രവർത്തി നൽകുന്ന ഫലങ്ങളിൽ നിന്നും അകന്നു നില്ക്കാൻ നമുക്കു കഴിയും. മനോഹരമായ ഒരു ചിത്രം വരച്ചു. അതു സോഷ്യൽ മീഡിയായിലൂടെ നാം പ്രചരിപ്പിച്ചു. നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അവർക്കു സന്തോഷമുണ്ടായിട്ടോ നമ്മെ സന്തോഷിപ്പിക്കാനായിട്ടോ നമ്മെ അനുമോദിക്കുകായും പുകഴ്ത്തുകയും ചെയ്യുന്നു. നമുക്കതു സന്തോഷം പകരുന്നു. എന്നാൽ ഈ അനുമോദനത്തിലും പുകഴ്ത്തലിലും അധികം അഭിരമിക്കാതിരുന്നാൽ നമുക്കുതന്നെയാണ് നല്ലത്. കാരണം ആരെങ്കിലുമൊക്കെ നമ്മുടെ ചിത്രത്തെ ഇകഴ്ത്തി പറഞ്ഞെന്നിരിക്കും, നമുക്കതു ദുഃഖമുണ്ടാക്കും. ഈ ദുഃഖം ഉണ്ടാകാതിരിക്കാനായി ചിത്രം വരയ്ക്കാതിരിക്കുകയോ, അതു പോസ്റ്റു ചെയ്യാതിരിക്കുകയോ അല്ല വേണ്ടത്. മറിച്ചു അനുമോദനങ്ങളിൽ ഹാലിളകാതിരിക്കാൻ ശീലിക്കുക. അപ്പോൾ നമുക്കെതിരെ മാലിന്യം വാരിയെറിയുന്നതു കണ്ടാലും വലിയ പരുക്കുകൾ കൂടാതെ മുന്നോട്ടു പോകാൻ നമുക്ക് കഴിയും.  
ഇങ്ങനെ ഫലങ്ങളിൽ നിന്നും അകന്നു വർത്തിക്കണം എന്നു തീരുമാനിക്കുന്നത് ദുഃഖത്തെ ഭയന്നിട്ടാവരുത്; മറിച്ചു ജീവിതത്തെ നന്നായി മനസ്സിലാക്കിയിട്ടാവണം. (ജീവിതത്തിന്റെ നിരർത്ഥകതയെ മനസ്സിലാക്കിയിട്ടാവണം എന്നു ഞാൻ പറയുന്നില്ല. ജീവിതത്തിനു നിശ്ചയമായും ഒരർത്ഥമുണ്ട്. അതു പിന്നീട് ചർച്ച ചെയ്യാം.)  

അപ്പോൾ എങ്ങനെയാണ് ജീവിതത്തെ മനസ്സിലാക്കേണ്ടത്?

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ