(ഷൈല ബാബു)
കുറേ വർഷങ്ങൾ ആയിട്ടുള്ള ഒരു ആഗ്രഹം ആയിരുന്നു വയനാടൻ യാത്ര. പല കാരണങ്ങൾ കൊണ്ടു മുടങ്ങിപ്പോയെങ്കിലും പെട്ടെന്നുള്ള തീരുമാനപ്രകാരം, ഞങ്ങളുടെ രണ്ടു ഫാമിലി സുഹൃത്തുക്കളുമായി Feb 14 2022 തിങ്കളാഴ്ച കുടുംബത്തോടൊപ്പം വാലന്റൈൻ ദിവസത്തിൽ വയനാടൻ മണ്ണിലേക്ക് യാത്ര തിരിച്ചു.
രാവിലെ 5 മണിക്കു തന്നെ കോട്ടയത്തുനിന്നും യാത്ര ആരംഭിച്ചു. കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ വണ്ടിയിൽ ആയിരുന്നു യാത്ര. പ്രാതലും ഉച്ചയ്ക്കുള്ള ഭക്ഷണവും ഒരു വിധം കൊള്ളാവുന്ന ഹോട്ടലിൽ നിന്നും കഴിച്ചു. അന്റാക്ഷരിയും പാട്ടും കവിതയുമൊക്കെയായി യാത്ര വളരെ രസകരമായിരുന്നു.
വൈകിട്ട് നാലുമണിയോടെ ഞങ്ങൾ കോഴിക്കോട് വയനാട് അതിർത്തിയിൽ എത്തി. തുഷാരഗിരി വെള്ളച്ചാട്ടം കണ്ടിട്ട് വയനാടൻ മണ്ണിൽ ഇറങ്ങാമെന്നു തീരുമാനിച്ചു.
വയനാട്ടിൽ അല്ലെങ്കിലും വയനാടൻ മലനിരകളിൽ ആണ് തുഷാരഗിരിയുടെ തുടക്കം. മഞ്ഞണിഞ്ഞ മലകൾ എന്നർത്ഥം വരുന്ന അതിമനോഹരിയായ തുഷാര സുന്ദരി പശ്ചിമഘട്ടത്തിന്റെ താഴ് വരയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രകൃതിരമണീയതകളാൽ സമ്പന്നമായ തുഷാരഗിരി വെള്ളച്ചാട്ടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് അരുവികൾ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്നു വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇങ്ങനെയാണ് തുഷാരഗിരി എന്ന പേരു വന്നത്.
കോഴിക്കോട്ടു നിന്നു താമരശ്ശേരി, കോടഞ്ചേരി വഴിയാണ് ഞങ്ങൾ തുഷാരഗിരിയിൽ എത്തിയത്. പാതയുടെ ഇരുവശങ്ങളിലും നയനമനോഹരമായ തേയിലത്തോട്ടങ്ങൾ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു.
അവിടെ നിന്നും അടിവാരത്തെത്തി താമരശ്ശേരി ചുരം കയറി കാഴ്ചകളുടെ സ്വർഗഭൂമിയായ വയനാട്ടിലേക്ക്.
ഒൻപതോളം ഹെയർപിൻ വളവുകൾ താണ്ടി കാടും മേടും മഞ്ഞുമലകളും താഴ്‌വരകളും തടാകങ്ങളും ഇഴചേർന്നു കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് വശ്യസുന്ദരമായ പ്രകൃതി ഭംഗിയുടെ വാതായനങ്ങളാണ്.
നൂൽ മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവിലെ കുളിരുന്ന കാഴ്ചകൾ വയനാടിനെ പറുദീസയാക്കുന്നു.
രാത്രി 8 മണിയോടെ നേരത്തേ ബുക്കു ചെയ്തിരുന്ന ഹോട്ടലിൽ എത്തി. കുളിച്ചു ഫ്രഷ് ആയി അടുത്തുള്ള റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു വന്നു കിടന്നുറങ്ങി.
പിറ്റേദിവസം രാവിലെ 6 മണിക്കു തന്നെ wild life കാണാനായി പോയി. ടിക്കറ്റ് എടുത്തു ഫോറസ്റ്റ് ഡിപ്പാർട്ടുമെൻറിന്റെ ജീപ്പിൽ, ഉൾക്കാട്ടിലൂടെ പത്തു കിലോമീറ്റർ ദൂരം സഞ്ചരിച്ചു. വലുതും ചെറുതുമായ നിരവധി ആനകളെ കണ്ടു. പാതയുടെ ഇരുവശങ്ങളിലുമായി വിവിധ ഇനത്തിലുള്ള മരങ്ങൾ തിങ്ങി നിറഞ്ഞു നിന്നിരുന്നു. ചന്ദനം, കൊന്ന,തേക്ക്, ഈട്ടി, കരിമരം, യുക്കാലി, കാട്ടുമരുത് തുടങ്ങിയ മരങ്ങളാൽ സമ്പുഷ്ടമായിരുന്നു.
മൃഗങ്ങളുടെ നിഴലനക്കങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി. അവിടവിടെയായി അനവധി ചിതൽപ്പുറ്റുകൾ കാണാനിടയായി. ഒറ്റയ്ക്കും കൂട്ടമായും ധാരാളം മാനുകൾ ഓടിക്കളിക്കുന്നു. ആൺ പെൺമയിലുകളേയും മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൊത്തിവലിക്കുന്ന കഴുകനേയും കണ്ടു. കാട്ടുപോത്ത്, കടുവ, വരയൻ പുലി തുടങ്ങിയ യാതൊന്നിനേയും കാണാൻ കഴിഞ്ഞില്ല. പൂത്തുലഞ്ഞു നിൽക്കുന്ന പൂമരങ്ങൾ മനസ്സിനെ കുളിരണിയിച്ചു. കാട്ടിൽ നിന്നും അല്പം മാറി ചെറിയ ചെറിയ വീടുകളിൽ ആദിവാസികൾ താമസിക്കുന്നു.
അവിടെ നിന്നും നേരേ ഞങ്ങൾ സൂചിപ്പാറ വെള്ളച്ചാട്ടം കാണുവാനായി പോയി.
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ. 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെളളം ഹൃദ്യമായ ഒരു കാഴ്ചയാണ്. തണുത്ത കുളിർമയേറിയ വെള്ളം വീഴുന്ന ചെറിയ തടാകത്തിൽ കുളിക്കുവാനും നീന്തുവാനും കഴിയും.
സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റേയും താഴെയുള്ള അരുവിയുടേയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാറയിലെ കയറ്റങ്ങളും ഇറക്കങ്ങളും അതിസാഹസികമായി ഞങ്ങൾ ചവിട്ടികയറി. കുത്തനെയുള്ള നൂറ്റിമുപ്പതോളം കൽപ്പടവുകൾ അതീവ ശ്രദ്ധയോടെ ഇറങ്ങുകയും കയറുകയും ചെയ്തു.
സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടു തിരിച്ചു വന്നപ്പോഴേയ്ക്കും 3.30 മണിയായി. അവിടത്തന്നെയുള്ള ഫുഡ് കോർട്ടിൽ കയറി ഉച്ച ഭക്ഷണം കഴിച്ചു.
അതിനു ശേഷം കരാപ്പുഴ ഡാം കാണാൻ തീരുമാനിച്ചു. കാപ്പിത്തോട്ടങ്ങളുടേയും തേയിലത്തോട്ടങ്ങളുടേയും നടുവിലൂടെ രണ്ടു മണിക്കൂറോളം യാത്രചെയ്തു. പല view പോയിന്റിലും ഇറങ്ങി പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ചകൾ കാണുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. പാതയ്ക്കിരുവശത്തുമുള്ള അഗാധമായ കൊക്കകൾ ഭീതി ജനിപ്പിക്കുന്നവ ആയിരുന്നു. കോടമഞ്ഞിൽ കുളിച്ചു കിടക്കുന്ന താഴ് വാരങ്ങൾ, ആകാശം ഭൂമിയിലിറങ്ങി വന്നതാണോ എന്നു തോന്നിപ്പോകും.
കുളിരാർന്ന വയനാടൻ കാറ്റ് സുഖമുള്ള ഒരു അനുഭൂതിയായി നിറഞ്ഞു നിന്നു.
കൽപറ്റയിലെ വഴിക്കാഴ്ചകൾ കണ്ടു കരാപ്പുഴ ഡാമിലെത്തിയപ്പോൾ 6 മണി കഴിഞ്ഞു. എത്ര നിർബന്ധിച്ചിട്ടും അകത്തു പ്രവേശിക്കാൻ അനുവാദം കിട്ടിയില്ല. വണ്ടി ഓടിച്ച് ഡാമിന്റെ പിറകിലുള്ള ഗേറ്റിൽ എത്തി. അവിടെ നിന്നും ഡാമിന്റെ ദൃശ്യങ്ങൾ ഏറെക്കുറെ കാണുവാൻ സാധിച്ചു.
അതിനു ശേഷം കൽപ്പറ്റയിൽ കുടുംബമായി താമസിക്കുന്ന, ഞങ്ങളുടെ പള്ളിയിൽ വികാരി ആയി ശുശ്രൂഷ ചെയ്തിരുന്ന അച്ചന്റെ വീട്ടിലേക്കു പോയി. സ്നേഹ സംഭാഷണവും ഡിന്നറും ഒക്കെയായി രണ്ടു മണിക്കൂറോളം അവിടെ ചിലവഴിച്ചു. കൽപറ്റയിലെ ഒരു ഹോട്ടലിൽ ആണ് അന്നു രാത്രിയിൽ താമസിച്ചത്.
രാവിലെ 6 മണിയായപ്പോൾത്തന്നെ എല്ലാവരും റെഡിയായി പൂക്കോട് ലേക്കിലേക്ക് യാത്ര തിരിച്ചു. മൂടൽമഞ്ഞിനാൽ മൂടിക്കിടക്കുന്ന വയനാട്ടിലെ പ്രഭാതം ഒരു വിസ്മയ ദൃശ്യവിരുന്നായി. ഒരു മണിക്കൂറോളം യാത്ര ചെയ്തു ലേക്കിലെത്തിയപ്പോൾ അവിടം തുറന്നിട്ടുണ്ടായിരുന്നില്ല.
9 മണി വരെ കാത്തു നിൽക്കുന്നതിൽ അർത്ഥമില്ലെന്നു മനസ്സിലായതിനാൽ നേരേ ചങ്ങലമരം കാണാനായി പോയി.
വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമായ താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ, ആദിവാസി പണിയ വിഭാഗത്തിലെ ഒരു മൂപ്പരായിരുന്നുവത്രേ. കോഴിക്കോടു നിന്നും താമരശ്ശേരി വഴി മൈസൂരിലെത്തുവാൻ ബ്രിട്ടീഷുകാർക്ക് ഒരു പുതിയ പാത വേണമായിരുന്നു. അതിനായി അവർ സ്വീകരിച്ച വഴികളെല്ലാം അബദ്ധങ്ങൾ ആയിരുന്നു. സ്വന്തം കൈരേഖ പോലെ പരിചിതമായിരുന്ന കരിന്തണ്ടന്റെ സഹായത്താൽ കോഴിക്കോട്ടു നിന്നും താമരശ്ശേരി ചുരം വഴി വയനാട് എത്തുവാനുള്ള വഴി കണ്ടെത്തുകയും പിന്നീട് ചതിയിലൂടെ കരിന്തണ്ടനെ കൊല്ലുകയും ചെയ്തു എന്നു പറയപ്പെടുന്നു. ഒരു മരത്തിൽ കൊളുത്തിയിട്ടിരിക്കുന്ന ചങ്ങലയിൽ കരിന്തണ്ടന്റെ ആത്മാവ് ഇന്നും കുടികൊള്ളുന്നുവെന്നും ആദിവാസികൾ നിലവിളക്കുകൊളുത്തി വെറ്റിലയും പാക്കും നൈവേദ്യമർപ്പിക്കുകയും ചെയ്തു പോരുന്നു.
ചരിത്രമുറങ്ങുന്ന ചങ്ങലമരം കണ്ടു പ്രഭാത ഭക്ഷണം കഴിച്ച് തിരിച്ചു മുറിയിലെത്തി. സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു പത്തു മണി ആയപ്പോൾ വയനാടിനോട് യാത്ര പറഞ്ഞ് മടക്ക യാത്ര ആരംഭിച്ചു.
എല്ലാ സ്ഥലങ്ങളും ഒരു ദിവസം കൊണ്ട് കാണാൻ കഴിഞ്ഞിരുന്നില്ല. ബാണാസുര ഡാമിൽ വെള്ളം വളരെ കുറവായിരുന്നതിനാൽ അവിടെ പോകാൻ കഴിഞ്ഞില്ല. ഇടയ്ക്കൽ ഗുഹയും സമയക്കുറവു മൂലം മാറ്റി വച്ചു.
തിരികെയുള്ള യാത്രയിലും നയനമനോഹരങ്ങളായ വഴിക്കാഴ്ചകൾ മനസ്സിനുണർവേകി. മനോഹാരിത നിറഞ്ഞ സുൽത്താൻ ബത്തേരി എന്ന ഗ്രാമത്തിന്റെ ഭംഗി എടുത്തു പറയേണ്ടതാണ്.
രാത്രി 12 മണിയോടുകൂടി കോട്ടയത്ത് എത്തി. അന്ന് അവിടെ സുഹൃത്തിന്റെയും കുടുംബത്തിന്റേയും ഒപ്പം താമസിച്ച് പിറ്റേ ദിവസം രാവിലെ തന്നെ സ്വന്തം ഭവനത്തിലേക്ക് യാത്ര തിരിച്ചു. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത, എന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു അനുഭവം ആയിരുന്നു ഈ വയനാടൻ യാത്ര.