mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ജീവിതത്തിൽ എന്നെങ്കിലും ഒരു കൊടുങ്കാറ്റുണ്ടായിക്കാണാൻ  നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റിനേക്കാൾ ശക്തിയുള്ള ഒരു കാറ്റ്? അല്ലെങ്കിൽ മാമരങ്ങളുടെ ഉടയാടകൾ

പറിച്ചെറിയുന്ന തെക്കൻകാറ്റിനേക്കാൾ ശക്തമായ മറ്റൊരു കാറ്റ്? ആഗ്രഹിച്ചിട്ടില്ലെങ്കിൽ, എന്നെപ്പോലെ നിങ്ങളും ആഗ്രഹിക്കണം. അനിവാര്യമായ ചില മാറ്റങ്ങൾക്കു ചെറിയ ഒരു കൊടുങ്കാറ്റൊക്കെ ആകാം. ദുർബലമായ ചില മരങ്ങൾ കടപുഴകി എന്നിരിക്കും.  പഴകിയ ഓലപ്പുരകൾ തകർന്നു എന്നിരിക്കും. അതു പ്രകൃതിയുടെ നിയമമാണ്. 

തൊഴിലാളിദിനം ഒരു തിങ്കളാഴ്ച ആയിരുന്നു. ഒഴിവു ദിനങ്ങൾ കൊണ്ട് ഓഫീസ്  പുതിയതായി പണികഴിപ്പിച്ച  കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഉത്സാഹത്തോടെ ആയിരുന്നുപടികൾ  കയറി രണ്ടാം നിലയിലെ എന്റെ മുറിയിലേക്ക് പോയത്. 

ജനാലയ്ക്കപ്പുറം രണ്ടാം നിലയും കടന്നു പോകുന്ന മരച്ചില്ലകൾ. ഇപ്പുറം താപാനുകൂലമാക്കിയ മുറി. സുഖംപകരുന്ന കസേര, മേശമേൽ കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, ഫോൺ, കുറച്ചു കടലാസുകൾ, ഉപയോഗിച്ചു കളയാനുള്ള പ്ലാസ്റ്റിക് കപ്പിൽ കുടിക്കാനുള്ള ശുദ്ധജലം.  ഇടയ്ക്കു വെള്ളം സിപ്പു ചെയ്യുമ്പോൾ കണ്ണുകൾ ജനാലയിലേക്കു തിരിയും. ഉള്ളിലെ വിരസതയ്ക്കു മരുന്നായി പുറത്തെ വൃക്ഷത്തലപ്പുകളുടെ ഹരിതഭംഗി നിലകൊണ്ടു. ഇളംകാറ്റുണത്തുന്ന ഹരിത ചലനം മനസ്സിനെ ആന്ദോളനത്തിലേക്കെത്തിച്ചു.  

പുതിയ ഓഫീസിൽ ജീവനക്കാരുടെ സൗകര്യത്തിനു പല ഇടങ്ങളിലായി നാലു പുതിയ  'വാട്ടർ ഡിസ്പെൻസർ' കൂടി   സ്ഥാപിച്ചിരുന്നു. ഒപ്പം ഉപയോഗിച്ചു കളയാനുള്ള പ്ലാസ്റ്റിക്ക് കപ്പുകളും. 

ഉദ്ദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പ്രശ്നം എന്റെ മേശപ്പുറത്തെത്തി. കുന്നു കൂടുന്ന പ്ലാസ്റ്റിക് കപ്പുകൾ. ജനൽപ്പടികളിലും, മേശപ്പുറത്തും ഒക്കെ കപ്പുകൾ. എന്തിനു പറയുന്നു, ടോയിലറ്റിൽ പോലും പ്ലാസ്റ്റിക് കപ്പുകൾ കുമിഞ്ഞു കൂടി. അച്ചടക്കമില്ലാത്ത ജീവനക്കാരോടു കപ്പുകൾ ചവറ്റുകൊട്ടകളിൽ നിക്ഷേപിക്കാൻ അപേക്ഷിച്ചു.  സമരകുതുകികളായ ജീവനക്കാരുടെ മനം മാറ്റത്തിനായി കപ്പുകൾ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുന്ന രേഖാചിത്രങ്ങൾ പലയിടങ്ങളിലായി പതിപ്പിച്ചു. നൂറ്റി അൻപതോളം ജീവനക്കാരെ സമരജ്വാലയിൽ എത്തിക്കാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നത് എന്നും എനിക്കുള്ള വെല്ലുവിളി ആയിരുന്നു.  

ശിശിരത്തിന്റെ ആരംഭത്തിൽ മുരൾച്ചയോടെ വീശിയ തെക്കൻ കാറ്റിൽ, നിറം മാറിയ ഇലകൾ ഓരോന്നായി അടർന്നു വീഴാൻ തുടങ്ങി. കുറഞ്ഞുവരുന്ന സൂര്യപ്രകാശം മനസ്സിനെ ദിനംപ്രതി ഇരുട്ടിലാക്കിക്കൊണ്ടുമിരുന്നു.  അവസാനത്തെ ഇലയും അടർന്നു വീണപ്പോൾ ഒന്ന് മാത്രം ശിഖരങ്ങളിൽ ശേഷിച്ചു; ഒരു നീല  പ്ലാസ്റ്റിക് സഞ്ചി. പണ്ടെങ്ങോ  കാറ്റിലൂടെ പറന്നെത്തി ശിഖരത്തിൽ കുരുങ്ങി നിലയുറപ്പിച്ചതാവം. അപ്പുറത്തെ നരച്ച ആകാശത്തിനും ഇരുണ്ട ശിഖരങ്ങൾക്കുമിടയിൽ തെക്കൻ കാറ്റിനെ അവഹേളിച്ചുകൊണ്ടതു നിലകൊണ്ടു. ജനാലയിലൂടെയുള്ള ഓരോ കാഴ്ചയും അക്ഷരപ്പിശകുപോലെ വികൃതമായ ആ രൂപത്തിൽ അവസാനിക്കുന്നതു അസ്വസ്ഥതയോടെ  തിരിച്ചറിഞ്ഞു. കാഴ്ചപ്പുറത്തു നിന്നും എത്രമാത്രം അതൊഴിഞ്ഞു കാണാൻ ആഗ്രഹിച്ചുവോ അത്രയ്ക്കു ശക്തമായി അതു തെക്കൻ കാറ്റിനെ എതിർത്തു നിലകൊണ്ടു. കാറ്റിന്റെ കരങ്ങൾക്കു ശക്തിപകരാൻ എനിക്കാവില്ല എന്ന തിരിച്ചറിവു കൂടുതൽ അസ്വസ്ഥത ഉണ്ടാക്കി. അങ്ങിനെയാണ് ഒരു ചെറിയ കൊടുംകാറ്റുണ്ടായിക്കാണാൻ   ഞാൻ ആഗ്രഹിച്ചു പോയത്. നിങ്ങൾ പറയു; അതിലെന്തെങ്കിലും തെറ്റുണ്ടോ എന്ന്!

അനുഷംഗികമായി ഞങ്ങളുടെ നിർദ്ദേശപ്പെട്ടിയിൽ (suggestion box) കഴിഞ്ഞ ആഴ്ച ഒരു കടലാസു തടഞ്ഞു. നാണിയമ്മയാണ് അതെഴുതിയത്. അതെ; സിനിമകളിൽ നമ്മൾ ധാരാളം കണ്ടിട്ടുള്ള അടുക്കളക്കാരി നാണിയമ്മ. പുതിയ റിലീസിൽ അവർ ഞങ്ങളുടെ ഓഫീസിലെ 'ക്ളീനർ' ആണ്. അത്യാവശ്യം അക്ഷരത്തെറ്റിലൂടെ, വടിവില്ലാത്ത അക്ഷരങ്ങൾ കൊണ്ട് അവർ നിർദ്ദേശിച്ചത് ഇതായിരുന്നു. 'ജോലിക്കാർക്ക് എല്ലാം സ്വന്തമായി ഉപയോഗിക്കാൻ ഓരോ സിറാമിക് കപ്പു നൽകുക. പ്ലാസ്റ്റിക് കപ്പുകൾ നിറുത്തലാക്കുക.'

താഴ്ന്ന തസ്തികയിൽ ഉള്ളവർ പലപ്പോഴും മീറ്റിങ്ങുകളിൽ നിശ്ശബ്ദരായിരിക്കും. അഥവാ അവർ അഭിപ്രായം പ്രകടിപ്പിച്ചാൽ, അതു ശ്രദ്ധിക്കപ്പെടാതെ പോകും. അതു ശ്രദ്ധിച്ചാൽ കൊമ്പത്തുള്ളവരുടെ വില ഇടിഞ്ഞു പോയാലോ? അതുകൊണ്ടാണ് നിർദ്ദേശപ്പെട്ടി സ്ഥാപിച്ചത്. 

ഇന്നലെ രാത്രിയിൽ തണുപ്പു കൂടുതൽ ആയിരുന്നു. പതിവുപോലെ വാർത്തയും കേട്ടുറങ്ങാൻ പോയി.  

"എന്തൊരു ഉറക്കമാ ഇത്" വെളുപ്പാംകാലത്തു  നല്ലപാതി കുലുക്കി ഉണർത്തി. " രാത്രി ആരെങ്കിലും വന്നെടുത്തോണ്ടു പോയാൽ പോലും അറിയില്ല."

ശരിയാണ്. അത്രയ്ക്കു നല്ല ഉറക്കമായിരുന്നു. സാധാരണ അതങ്ങിനെ കിട്ടാറില്ല. കിട്ടുമ്പോൾ ഇങ്ങനെ ഒക്കെ ഉണർത്തപ്പെടുകയും ചെയ്തിരിക്കും. പുറത്തെ ബഹളം കേട്ടാണു ജയ  ഉണർന്നത്.  ശക്തമായ കാറ്റിന്റെ ഹുങ്കാരവും, ചില്ലകൾ ഒടിയുന്ന ശബ്ദവും, ഇടയ്ക്ക് എന്തൊക്കെയോ നിലം പൊത്തുന്ന ശബ്ദവും. ജനാലയിലൂടെ പുറത്തേക്കു നോക്കി. അരണ്ട വെളിച്ചത്തിൽ ഞാൻ കാത്തിരുന്ന ചിന്ന കൊടുങ്കാറ്റു നൃത്തം ചവിട്ടുന്നതു കണ്ടു കുളിരുകോരി. പത്തു പതിനഞ്ചു മിനിറ്റുകൾ കൊണ്ട് ഒന്നാം കാലത്തിലേക്ക് താളം അയഞ്ഞു. പുതപ്പിനുള്ളിലെ ഇളം ചൂടിനൊപ്പം വീണ്ടും ചുരുണ്ടുകൂടി. 

റോഡ് തടസ്സങ്ങൾ കാരണം അല്പം താമസിച്ചാണ് ഇന്നു ഓഫീസിൽ എത്തിയത്. കമ്പനിയുടെ പേരു  മനോഹരമായി ആലേഖനം ചെയ്ത സിറാമിക് കപ്പ്  ഓരോ സ്റ്റാഫിന്റേയും മേശമേൽ ഉണ്ടായിരുന്നു. അതൊരു മാറ്റമായിരുന്നു.  മണ്ണിലേക്കുള്ള ചിന്ന മാറ്റം. 

നാണിയമ്മയെ മുറിയിലേക്കു വിളിപ്പിച്ചു. കരുതി വച്ചിരുന്ന പാരിതോഷികം നൽകി. 

"ഞാൻ പറഞ്ഞാൽ ആരും കേൾക്കില്ല, സാറെങ്കിലും..." അവരുടെ കണ്ണുകളിൽ തിളക്കം. ചാരിതാർത്ഥ്യത്തോടെ ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി. മരക്കൊമ്പിൽ നിന്നും നീല പ്ലാസ്റ്റിക് സഞ്ചി അപ്രത്യക്ഷമായിരിക്കുന്നു. പകരം വന്നിരുന്ന മാടത്ത തലതിരിച്ചു ജനാലയിലൂടെ സ്നേഹത്തോടെ ഉള്ളിലേക്കു നോക്കുന്നു. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ