mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു ഉല്ലാസ യാത്രയിൽ ആണ് എനിക്കതു കിട്ടിയത്. ടിബറ്റിൽ നിന്നുള്ള ചെറു കച്ചവട സംഘം നടത്തിയിരുന്ന താൽക്കാലിക ഷെഡുകളിൽ അതുണ്ടായിരുന്നു. കരകൗശല വസ്തുക്കൾ, കടുത്ത നിറങ്ങൾ

പകർന്ന തുണിത്തരങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, അടുക്കളയിലേക്കുള്ള ചെറിയ ഉപകരണങ്ങൾ; അവയ്ക്കിടയിൽ എന്നെ കാത്തിരുന്നത് പോലെ, ഒലിവു പച്ചയിൽ, കോഴിമുട്ടയുടെ വലുപ്പത്തിൽ ഒരു കഷ്ണം കല്ല്. കഷണ്ടി തല പോലെ മിനുസമാക്കിയ പ്രതലം. മുകളിൽ മനോഹരമായി കൊത്തി വച്ചിരിക്കുന്നു "STAY COOL". ഒരുപാട് ആലോചിക്കേണ്ടി വന്നില്ല അത്  സ്വന്തമാക്കാൻ. ജീവിതം സമാധാന പൂർണ്ണമായി  തീർന്നതിൽ സന്തോഷിച്ചു കൊണ്ടാണ് പിന്നീടുള്ള യാത്ര തുടർന്നത്. 

അപ്രതീക്ഷിതമായി ഇരച്ചു കയറുന്ന അഡ്രിനാലിൻ പോരാളികളെ, കമ്പ്യൂട്ടർ മോണിറ്ററിന്റെ കീഴിൽ പ്രതിഷ്ഠിച്ച  'stay cool' നിരന്തരം ശമിപ്പിച്ചു കൊണ്ടിരുന്നു. അടുത്ത ദിവസം മുറി വൃത്തിയാക്കാൻ വന്ന ശാരദ  ചോദിച്ചു "ഇതെന്താ സാറേ പുതിയ ഒരു സാധനം മേശപ്പുറത്തു ?". ശാരദ അങ്ങിനെ യാണ്. എന്നും മുറി വൃത്തിയാക്കാൻ വരുമ്പോൾ രണ്ടു കുശലം പറഞ്ഞിട്ടേ പോകു.  ഞാൻ പറഞ്ഞു. "ശാരദ അറിഞ്ഞോ, ഭൂമിയിൽ സമാധാനം വരുന്നു" പതിവുപോലെ ശാരദ പറഞ്ഞു " ഈ സാറിന്റെ ഒരു കാര്യം".  എന്നാൽ അത് സംഭവിക്കുകയായിരുന്നു.  ഓഫീസിൽ സമാധാനത്തിന്റെ  വെള്ളരിപ്രാവുകൾ ചുണ്ടിൽ  ഒലിവു ചില്ലയുമായി ചിറകടിച്ചു. ചിലപ്പോഴവ തുറന്നു കിടന്ന ജാലകം വഴി  പുറത്തു പോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ റഷ്യൻ സഹായത്തോടെ അലെപ്പോ തിരിച്ചു പിടിച്ചതായി വാർത്ത വന്നു. 52  വർഷത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം കൊളംബിയയിൽ ഭരണ പക്ഷവും വിമതരും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. 

ഭൂമിയിൽ സമാധാനത്തിന്റെ തിരിച്ചു വരവ് രേഖ പ്പെടുത്തി തുടങ്ങിയപ്പോഴാണ് പത്രാധിപരുടെ അടിയന്തിര സന്ദേശം മേശപ്പുറത്തെത്തിയത്. കല്ലുംകടവിൽ രണ്ടു പേർ  തമ്മിൽ പണ്ടെങ്ങോ ഉണ്ടായതെന്നു പറയപ്പെടുന്ന ചെറിയ ഒരു തർക്കം വേണ്ടതുപോലെ  മസാല ചേർത്തു വലിയ വാർത്തയാക്കി പെരുപ്പിക്കുവാനായിരുന്നു നിർദേശം. ഒരാൾ വിപ്ലവ പാർട്ടിക്കാരനും, മറ്റേ ആൾ ജനാധിപത്യ മത പാർട്ടിക്കാരനും ആയിരുന്നത്, ഇങ്ങിനെ ഒരു വാർത്താ പരിണാമത്തിനു മതിയായ കാരണമായി എനിക്ക് തോന്നിയില്ല. വാർത്താ ദാരിദ്യം ആണെങ്കിൽ ഈ പത്രക്കാരണവർ ഇങ്ങിനെ ഒരു അസംബന്ധം ചെയ്യേണ്ട കാര്യമുണ്ടോ?

അത്യാവശ്യം റിസർച്ച് നടത്തി മസാല വാർത്ത പുറത്തെത്തിച്ചു. ശാരദ അന്നു മുറി വൃത്തിയാക്കാൻ വന്നപ്പോൾ പതിവിൽ കൂടുതൽ സംസാരിച്ചു. "നമ്മുടെ പത്രം എന്തിനാ സാറേ  ഈ കള്ളമെല്ലാം എഴുതിയത്? വഴക്കുണ്ടാക്കിയവന്മാർ രണ്ടും എന്റെ ബന്ധുക്കാളാ. വഴക്കിന്റെ മൂന്നാം പക്കം എന്റെ അപ്പച്ചീടെ കൊച്ചു മോടെ കല്യാണത്തിനു അവന്മാർ അടുത്തിരുന്നു സദ്യ ഉണ്ടതുമാണ്. അപ്പോഴാ ഈ വാർത്ത. ഇനിയിപ്പം പാർട്ടിക്കാരു പൊല്ലാപ്പുണ്ടാക്കും." എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു.  മുന്നിലുള്ള 'stay cool' ൽ എന്റെ നോട്ടം തറച്ചു നിന്നു.

അന്നെഴുതിയ നുണക്കഥയ്ക്കു ശേഷം തുടർച്ചയായി ഞാൻ അതേപ്പറ്റി എഴുതിക്കൊണ്ടിരുന്നു. പിന്നീടെഴുതിയതു മുഴുവൻ സത്യമായിരുന്നു. പ്രവർത്തകർ പലയിടങ്ങളിലായി തല്ലുണ്ടാക്കിയതും, നാലുപേർ കൊല്ലപ്പെട്ടതും, സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിച്ചതും, ഹർത്താലെന്ന ബന്ദിൽ വാഹനങ്ങൾ അഗ്നിക്കിരയായതും, കലാപമുണ്ടായതും, കലാപ ബാധിതർ ആശുപത്രികളിൽ എത്തപ്പെട്ടതും, തുടർന്നു ഹർത്താലുകളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഘോഷയാത്ത ഉണ്ടായതും ഒക്കെ. ശാരദ മാത്രം പ്രതികരിച്ചു. " സാറ് കണ്ടല്ലോ അവന്മാരു രണ്ടെണ്ണവും ചത്തു. അവരുടെ വീടും പോരയിടവും ആരാണ്ടു വാങ്ങിച്ചു. അവിടെ പുതിയ ചെമ്മീൻ ഫാക്ടറി വരുന്നു. അതു നമ്മുടെ മൊതലാളീടെയാന്നാ നാട്ടുകാരു പറേന്നെ. 

ഒരാഴ്ച്ച  പനി പിടിച്ചു കിടപ്പിലായിരുന്നു. വീട്ടിൽ പുതച്ചു മൂടി കിടന്നപ്പോൾ, അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ഫോൺ തന്നാൽ മതി എന്നു ഭാര്യയെ  ചട്ടം കെട്ടിയിരുന്നു. അത് കൊണ്ടു ജോലിയിൽ പ്രവേശിച്ചപ്പോൾ വിശേഷങ്ങളുടെ പൂരമായിരുന്നു.  അടുത്ത ഡെസ്കിലെ ജോൺ പറഞ്ഞു " താനറിഞ്ഞോ കല്ലും കടവിൽ ചെമ്മീൻ ഫാക്ടറി ക്കു കല്ലിടാൻ ചെന്ന പത്രാധിപർക്കു കല്ലേറുകൊണ്ടു. കിട്ടിയതു തലയ്ക്കാണ്" 

"നല്ല പ്രാസമുള്ള  തലക്കെട്ട്, പക്ഷെ നമ്മുടെ പത്രത്തിൽ വാർത്ത കണ്ടില്ലല്ലോ?" ഞാൻ ചോദിച്ചു. 

"അതാരോ അറിഞ്ഞു കൊടുത്തതാണ്. പിന്നെ ഇക്കാര്യം വാർത്തയാക്കിയാൽ ഹർത്താലുണ്ടാകുമോ? ഇല്ല. പിന്നെന്തിനാ വെറുതേ...." ജോൺ പ്രതികരിച്ചു.

തലയ്ക്കു പരുക്കു പറ്റിയെങ്കിലും, പതിവുപോലെ പത്രാധിപർ ഓഫീസിൽ എത്തുന്നുണ്ടായിരുന്നു. കാണാനായി അദ്ദേഹത്തിന്റെ മുറിയിൽ ചെന്നു. തലയിൽ വച്ച് കെട്ടുണ്ട്. ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു. 

"ഇങ്ങിനെ ഒന്നു കിട്ടിയതു കാരണം രണ്ടു ദിവസം അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നു"

"കോളനിയിലെ സ്ത്രീകൾ ആരോ പറ്റിച്ച പണിയാണ്. സന്ധ്യ ആയതു കാരണം ആളെ ശരിക്കും കാണാൻ കഴിഞ്ഞില്ല. ഡ്രൈവർ സുദേവൻ അപ്പോൾത്തന്നെ കാറിൽ  വലിച്ചു കേറ്റി. അതുകൊണ്ടു കൂടുതൽ ഒന്നും സംഭവിച്ചില്ല."

"ആ...  ചോദിക്കുവാൻ വിട്ടുപോയി. സുലൈമാന്റെ ഫ്ലൂ മാറിയോ?"

"ഒരു വിധം" ഞാൻ പറഞ്ഞു.അപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. പത്രാധിപരുടെ മേശമേൽ ഇരിക്കുന്നു "stay cool". അമ്പരപ്പു പുറത്തു കാണിക്കാതെ ചോദിച്ചു. " സാർ ഇതെന്താണ് ഇവിടെ?"

അദ്ദേഹം പറഞ്ഞു. "ഇതുവച്ചാണെടോ എന്നെ എറിഞ്ഞത്. സുദേവൻ അതിങ്ങു കൊണ്ടുപോന്നു. അതിൽ എൻഗ്രേവ് ചെയ്തത് താൻ വായിച്ചോ?"

എനിക്കു ഉറക്കെ പറയണമെന്നുണ്ടായിരുന്നു "stay cool"

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ