mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sindhu Satishkumar)

പരുക്കൻ ഈണത്തിൽ ആടുന്ന കാലുകളുള്ള കട്ടിലിന്റെ ഓരത്തേക്കു മാറിയിരു ന്ന് അയാൾ കോന്തലയിൽ സൂക്ഷിച്ചിരുന്ന പൊതിയിൽ നിന്നും ഒന്നെടുത്തു  പുകച്ചു. ചിന്തകൾ ചാരങ്ങളായി രൂപാന്തരപ്പെടുമ്പോൾ നീണ്ടു മെലിഞ്ഞ അയാളുടെ കാലിലെ ഞരമ്പുകൾ പൂർവാധികം വീർത്തു. പലവുരു പലരിലും അവർത്തിക്കപ്പെട്ടിരുന്ന അതെ ചോദ്യം അയാൾ സ്വയം ആരാഞ്ഞു.

എന്ന് മുതലാണ് തനിക്കു ആ ശേഷി നഷ്ടപ്പെട്ടു തുടങ്ങിയത്? മൃഗങ്ങളിൽ നിന്നും മറ്റേതു ജീവജാലങ്ങളിൽ നിന്നും മനുഷ്യരെ വ്യത്യസ്തരാക്കുന്ന , ദൈവത്തിന്റെ വരദാനമായ ആ സിദ്ധി തനിക്കെന്നാണ് നഷ്ടപ്പെട്ടത്? കുഞ്ഞുന്നാളിൽ ആടിയാടി വരുന്ന ചൂട്ടുവെളിച്ചത്തെ ഭയന്ന് ഇരുളിന്റെ മറവിൽ അഭയം തേടിയപ്പോൾ മുതലല്ലേ? അതെ, മുറ തെറ്റാതെ വന്നിരുന്ന അതേ  വെളിച്ചം ഒരു നാൾ ലഹരി മൂത്തു അമ്മയെ ദഹിപ്പിച്ചത് മുതൽ സംഭവിച്ചത് സ്വരക്ഷയ്ക്കായുള്ള ഒരു ഏഴു വയസുകാരന്റെ പലായനമായിരുന്നു . അന്ന് മുതൽ തന്റെ മുഖത്തു പ്രതിഫലിച്ചിരുന്നത് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലൂടെയുള്ള , കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും അഭാവത്തിലുള്ള നിർവികാരത മാത്രമായിരുന്നു.

മാറിയും മറിഞ്ഞും കടന്നു പോയ ഋതുക്കൾക്കിടയിൽ ഒരു വസന്തത്തിലായിരുന്നു അവളുടെ വരവ്. തീക്ഷ്ണാനുഭവങ്ങൾ കൊണ്ട് കല്ലായി മാറിയ ഹൃദയത്തെ തരളിതമാക്കുവാൻ അവൾക്കു കഴിഞ്ഞില്ലേ? പരുക്കൻ ഭാവങ്ങളത്ര യും പതിയെ മന്ദസ്മിതത്തിലേക്കു വഴിമാറിയത് താൻ പോലുമറിഞ്ഞില്ല ..ആദ്യപ്രണയത്തിൽ അലിഞ്ഞതും അവളുടെ ഒരു നോട്ടമോ സാമീപ്യമോ ഇല്ലാത്ത ഓരോ ദിവസവും അപൂര്ണമായതും  താൻ അറിഞ്ഞു. പതിവ് പോലെ സമ്പത്തിന്റെയും വൈകാരിക ഭീഷണികളുടെയും ത്രാസിൽ തന്റെ സ്നേഹം താഴ്ന്നു തന്നെ കിടന്നു . അവൾക്കു നല്ലൊരു ജീവിതം ആശംസിക്കാനല്ലാതെ , മറ്റൊന്നിനും സാധിക്കുമായിരുന്നില്ല.

എരിഞ്ഞു തീർന്ന അവസാനത്തെ പുകയും ആഞ്ഞു വലിച്ചു , തറയിലെറിഞ്ഞ കുറ്റിയെ കാല് കൊണ്ട് തിരുമ്മിക്കെടുത്തി. ചിന്തകളിൽ നിന്നുണർന്ന്‌ കാലങ്ങളായി ചുവരിനൊരലങ്കാരമായി മാത്രം തൂക്കിയിട്ടിരുന്ന തന്റെ എല്ലാ ചലനങ്ങളും വീക്ഷിച്ചിരുന്ന കണ്ണാടിയിലേക്കു ഉറ്റു നോക്കി. പൊടി പിടിച്ചിരിക്കുന്ന ചില്ലു തുടച്ചപ്പോൾ സ്വയം ആദ്യമായി കാണുന്ന പോലെ അയാൾ നോക്കി നിന്നു. അതെ, എന്നോ പ്രായം ബാധിച്ച മനസിന്റെ ഇരട്ടി, ശരീരത്തെയും ബാധിച്ചിരിക്കുന്നു.. ഇനിയെങ്കിലും പ്രിയപ്പെട്ടവരിലേക്കു ഒരു മടക്കയാത്ര ഉണ്ടാവണം. ഒട്ടും അമാന്തിക്കാതെ കിണറ്റു കരയിലെ ബക്കറ്റിൽ വെള്ളം കോരി തല വഴി കമഴ്ത്തി ആകെ കുളിരിൽ മുങ്ങി, വൃത്തിയായൊരുങ്ങി ബസ്‌സ്റ്റോപ് ലക്‌ഷ്യം വെച്ച് നടന്നു. അതിരാവിലെ തന്നെ ആയതു കൊണ്ട് കിട്ടിയ ബസിൽ സീറ്റുകൾ ധാരാളം!!ടിക്കറ്റ്എടുത്തു സ്ഥലമെത്തിയാൽ അറിയിക്കുവാൻ കണ്ടക്ടർക്കു നിർദേശം നൽകി ഒരു മൂലയിലെ സീറ്റിലിരുന്നു.

ഓടിയകന്ന വസന്തത്തിനപ്പുറത്തെ വേനൽക്കാറ്റിനെക്കാളും തന്നെ പൊള്ളിച്ചത് വരണ്ടുണങ്ങിയ മനസാണ്. ഏറെ നാളത്തെ ഒറ്റപ്പെടലിനു ശേഷം ഒരു വർഷ കാലത്തേ സാന്ത്വനമായി എത്തിയത് മറ്റൊരുവളാണ്. .കേവലം ബാഹ്യപ്രകടനങ്ങൾക്കതീതമായി സ്നേഹം നിറച്ച ഒരു ഹൃദയം മാത്രമേ തന്റെ പക്കലുണ്ടായിരുന്നുള്ളു. എത്ര ശ്രമിച്ചിട്ടും തന്റെ ഉള്ളു തുറന്നു അവളിലേക്ക്‌ അത് പകുത്തു കൊടുക്കാൻ തനിക്കു കഴിഞ്ഞതേയില്ല. ഗദ്ഗദം കൊണ്ട് വാക്കുകൾ മറച്ചതല്ലാതെ ഒരിക്കലും അവൾ പരിഭവം പറഞ്ഞതുമില്ല. ആറ്റുനോറ്റിരുന്നു ഒരു പെൺകുഞ്ഞുണ്ടായപ്പോൾ സന്തോഷത്തേക്കാൾ ഉപരി ഉത്കണ്ഠയായിരുന്നു മനസ്സിൽ.. ചിന്തയിലാണ്ടിരിക്കുന്ന അച്ഛന്റെ മുമ്പിലൂടെ അവൾ വളർന്നു, ഭാര്യയും കുടുംബിനിയുമായി. ഉത്തരവാദിത്തങ്ങൾ കഴിഞ്ഞു എന്ന തോന്നലോ, ജീവിതത്തിൽ നിന്നും ഉള്ള ഒളിച്ചോട്ടമായിരുന്നോ, സ്വയം തന്നെ നിശ്ചയമില്ല. തനിയെ ഉറപ്പിച്ച യാത്രയിൽ എല്ലാം ഉപേക്ഷിച്ചകന്നു ..  

കണ്ടക്ടറുടെ ഉച്ചത്തിലുള്ള തട്ടൽ വിളിയിൽ അയാൾ ഓർമകളിൽ നിന്നുണർന്നു. സ്ഥലമെത്തി എന്നറിയിച്ചതാണ്. ബസിന്റെ പടിയിറങ്ങുമ്പോൾ അയാളുടെ നെഞ്ചിൽ ചിറകടിയൊച്ചയുയർന്നു. ജനിച്ചു വളർന്ന ആ കൊച്ചു ഗ്രാമം ഒരു നഗരത്തിന്റെ ഭാവവാഹാദികളോടെ തലയുയർത്തി നിൽക്കുന്നു. അതെ;മാറ്റമില്ലാതെ തുടരുന്നത് തൻ മാത്രമാണ്. പാലൂറും  പച്ചനെല്ലുകൾ കൊറിച്ചു നടന്ന വരമ്പുകളോ കാക്കപ്പൂവിറുത്തു നടന്ന  വയലുകളോ ഇല്ല. എല്ലാം കോൺക്രീറ്റു മയം.. എങ്കിലും പ്രതീക്ഷ കൈവിടാതെ നടന്നു. നാടൊട്ടാകെ പരിഷ്‌ക്കാരത്തിൽ മുങ്ങിയിട്ടും ഗ്രാമവിശുദ്ധി കൈവിടാതെ തന്റെ വീട്. മുൾവേലികൾ മാത്രം അതിര് വരമ്പിട്ടത്തിൽ  മൈലാഞ്ചിയും ചെമ്പരത്തിയും മതിലായി മാറിയിരിക്കുന്നു, പച്ചപായലുകളാൽ പരവതാനി തീർത്ത നടക്കല്ലിലുടെ വീട് ലക്‌ഷ്യം വെച്ച് നടന്നു. ഓരോ അടി വെക്കുമ്പോഴും തന്റെ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്ന പരുക്കൻ ഭാവത്തെ ഊരിയെറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇല്ല  തനിക്കതിനു  സാധിക്കില്ല.. പറ്റുമെങ്കിൽ അതെന്നെ സംഭവിച്ചേനെ, അല്ലെങ്കിലും തന്റെ ഇപ്പോഴത്തെ പ്രശനം പ്രസാദമില്ലാത്ത  മനസോ  അത് പ്രതിഫലിക്കാനറിയാത്ത മുഖമോ ഒന്നുമല്ല. തന്നെ വിശ്വസിച്ചിട്ടു കൂടെ വന്നയാളെ  പാതിവഴിയിൽ ഉപേക്ഷിച്ചതിന് എന്ത് ന്യായമാണ് പറയുക?മകളുടെയും കൊച്ചുമക്കൾ ഉണ്ടെങ്കിൽ അവരുടെയും ഒക്കെ ചോദ്യങ്ങൾക്കു മറുപടിയുണ്ടോ?അതുമല്ലെങ്കിൽ തന്നെ ഇപ്പോഴും കാത്തിരിക്കാൻ ഈ വീട്ടിൽ ആരെങ്കിലും ഉണ്ടെന്നു കരുതുന്നത് തന്നെ വ്യാമോഹമല്ലേ? അയാളിലെ അപകർഷതാ ബോധവും നിരാശയും പൂർവാധികം ശക്തിയിൽ പ്രവർത്തിച്ചു തുടങ്ങി. ഒരു വേള കയറി വന്ന പടവുകൾ ഓരോന്നും നോക്കി കുറച്ചു നേരം നിന്നു. ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പെയ്യാൻ തുടങ്ങവേ പെട്ടെന്നുള്ള ഒരുൾപ്രേരണയാൽ  കയറി വന്ന ഓരോ പടവും അയാൾ തിരിച്ചിറങ്ങി, അകലെ നിന്നും വെറുതെയെങ്കിലും ഒരു പിൻവിളിക്കായ് കാതോർത്തു കൊണ്ട്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ