വഴിത്താരയിലെ തിളച്ച വെയിലാൽ കണ്ണഞ്ചിയപ്പോൾ രാമേട്ടൻ ഇമചിമ്മി. തെല്ലിട നേരം ഇമയടച്ച് മിഴിച്ചപ്പോൾ മുന്നിൽ സെയിൽസ് ഗേൾ വന്നു നിൽക്കുന്നു. മാനേജർ വിളിക്കുന്നതായി ആ കുട്ടി അറിയിച്ചപ്പോൾ രാമേട്ടന്റെ മനസ്സിൽ
ഒരാന്തലുണ്ടായി. ചെറുപ്പക്കാരനായ മാനേജർ ഒരു ചൂടനാണ്. മുഖത്തടിച്ച പോലാണ് സംസാരം. പ്രായമൊന്നും അയാൾ നോക്കാറില്ല. അതു കൊണ്ടു തന്നെ രാമേട്ടൻ പെട്ടെന്ന് മാനേജരുടെ മുറിയിൽ ചെന്ന് ഒരു മൂലയിൽ ഒതുങ്ങി നിന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ മിഴി പായ്ച് കറങ്ങുന്ന ഒരു കസേലയിൽ ഇരിക്കുകയായിരുന്നുഅയാൾ.
'രാമേട്ടനിരിക്ക്'
'വേണ്ട ഇബട നിക്കാം'
പൊടുന്നനെ മാനേജരുടെ മുഖം മാറി അയാൾ മുരണ്ടു കൊണ്ടു പറഞ്ഞു
'തന്റെ മുഖമെന്താ ഇങ്ങനെ? എപ്പോഴും കടന്നൽ കുത്തിയ പോലെ? തന്നെ കടക്കു മുന്നിൽ നിർത്തുന്നത് സെക്യൂരിട്ടി മാത്രമായല്ല അതറിയില്ലേ ? വരുന്ന കസ്റ്റമേഴ്സിനെ എപ്പോഴും ചിരിച്ചു കൊണ്ട് വേണം സ്വീകരിക്കാൻ. താനിന്നു വരെ ഒന്നു ചിരിക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല.'
'ഞാൻ .. ശ്രമിക്കാം സാർ.'
'ശ്രമിക്കലല്ല ഇനി മുതൽ ഇവിടെ വരുന്ന എല്ലാ കസ്റ്റമേഴ്‌സിനേയും ചിരിച്ചു കൊണ്ട് സ്വീകരിച്ച് അവരുടെ ആവശ്യമെന്തെന്ന് അന്വേഷിച്ച് വേണ്ടതു ചെയ്തു കൊടുക്കണം. കേട്ടോ'
രാമേട്ടൻ തല കുലുക്കി.
'എന്നാ പൊയ്ക്കോളൂ.'
മനേജർ വീണ്ടും സി.സി.ടി.വി ദൃശ്യങ്ങളിൽ ശ്രദ്ധാലുവായി. രാമേട്ടൻ മുറി വിട്ട് പുറത്തിറങ്ങി. സ്റ്റാഫുകളുടെ കണ്ണുകൾ തന്നിലേക്ക് അരിച്ചിറങ്ങുന്നു. തെല്ലു ജാള്യതയോടെ അയാൾ മുന്നോട്ടു നടന്നു. വാഷ്ബേസിനിൽ രണ്ടു മൂന്നാവർത്തി മുഖം കഴുകി കണ്ണാടിയിലേക്കയാൾ തുറിച്ചു നോക്കി. ഒന്നു ചിരിക്കാൻ ശ്രമിച്ചു. തന്റെ ചിരി തീർത്തും പരിഹാസ്യവും കൃത്രിമവുമാണെന്നയാൾക്ക് തോന്നി. ഇതിനു മുൻപ് ചിരിയെ കുറിച്ച് സംസാരിക്കേണ്ടി വന്ന സന്ദർഭങ്ങളയാളോർത്തു.
ചെറുപ്രായത്തിൽ ഗൾഫിലേക്ക് യാത്രയാക്കുമ്പോൾ മകൻ പറഞ്ഞു.
'അച്ഛാ ഇനി നമ്മുടെ കഷ്ടപ്പാടെല്ലാം തീരും”
അതു കേട്ട് മുഖത്ത് പ്രസന്നത വരുത്താൻ ശ്രമിക്കുന്നതിനിടെ മകൻ തുടർന്നു
“അച്ഛാ ഒന്നു ചിരിച്ചു കൊണ്ട് എന്നെ യാത്രയാക്കൂ.. അല്ലെങ്കിൽ എനിക്കവിടെ എത്തുന്നതുവരെ ഒരു സമാധാനം ഉണ്ടാകില്ല”
വിങ്ങുന്ന മനസ്സോടെ ചിരിച്ചു കൊണ്ട് മകനെ യാത്രയാക്കി.ആ മകൻ പിന്നെ മടങ്ങി വന്നില്ല. അതറിഞ്ഞ് വീണതാണവന്റെ അമ്മ.
വരന്റെ ഗൃഹത്തിലേക്ക് മകളെയാത്രയാക്കുമ്പോൾ അടക്കിപ്പിടിച്ചത് കണ്ണീരായിറ്റി വീണു. മകളും പറഞ്ഞു സന്തോഷത്തോടെ ചിരിച്ചു കൊണ്ട് യാത്രയാക്കണമെന്ന്. കണ്ണീരു തുടച്ച് പ്രയാസപ്പെട്ട് ചിരിച്ചു യാത്രയാക്കി. അതിന്റെ ബാക്കിപത്രമായി ശീതീകരിച്ച ബാങ്കു കെട്ടിടങ്ങളിൽ നിന്നും കോടതിയിൽ നിന്നും വന്ന വാറോലകൾ. അതെല്ലാം സഹിക്കാം. ഇത്രയൊക്കയായിട്ടും തന്റെ മകൾ.
സന്ധ്യ താണപ്പോൾ ഡ്യൂട്ടി കൈമാറി, മാനേജരോട് വിവരം പറഞ്ഞ് രാമേട്ടൻ പുറത്തിറങ്ങി. വീട്ടിലേക്കെത്തും മുന്നേ രാമേട്ടൻ വഴിവക്കിലെ കടയിൽ നിന്നും കുറച്ചരി വാങ്ങി. തിളച്ചുമറിഞ്ഞ ഉച്ച അലിഞ്ഞു തീർന്നെങ്കിലും ചൂടു ശമിക്കാത്ത വഴിത്താരയിലൂടെ നടന്നയാൾ വീടു പറ്റി. ഉൾമുറിയിൽ ഭാര്യ കിടപ്പുണ്ട്. ഉറക്കത്തിലാണ്. സ്ഥാനം തെറ്റിക്കിടന്ന കിടക്ക വിരി നേരെയാക്കി അയാൾ അടുക്കളയിലേക്കു നടന്നു.അയൽപക്കക്കാരി അല്പം മനുഷത്വം ഉള്ളവരാണ്. ഇടക്കു വന്ന് വേണ്ടതു ചെയ്യാറുണ്ട്. ആ ഒരു സമാധാനത്തിലാണ് ജോലിക്കു പോകുന്നതു തന്നെ. കഞ്ഞി തയ്യാറാക്കി കിണ്ണത്തിൽ പകർന്ന് തെല്ലിട ചൂടാറ്റിയശേഷം കുടിപ്പിക്കാൻ വേണ്ടി ഭാര്യയെ ഉണർത്താൻ ശ്രമിച്ചപ്പൊഴാണ് .
തുണിക്കടയിൽ പലയിടത്തായി വച്ച ക്യാമറക്കണ്ണിലൂടെ ദൃശ്യങ്ങൾ നോക്കുകയായിരുന്നു മാനേജർ. പൊടുന്നനെ കടയുടെ മുൻവശം ടി.വിയിൽ തെളിഞ്ഞു. അവിടെ രാമേട്ടനുണ്ട്. കണ്ടില്ലേ? രാമേട്ടനൊരു കൊട്ടു കൊടുത്തതിന്റെ ഫലം! കടയിലേക്ക് വരുന്ന ആളുകളെ സ്വീകരിച്ചു കൊണ്ട്, കുശലം ചോദിച്ചു ചിരിച്ചു കൊണ്ട് കളം നിറയുകയാണ് രാമേട്ടൻ. ഇടക്ക് ഇതുപോലെ ഒന്നു ചൂടാക്കിയാലെ സ്റ്റാഫുകൾ ഉത്സാഹം കാണിക്കൂ.രാമേട്ടൻ കണ്ടില്ലെ ?
കാണെക്കാണെ രാമേട്ടന്റെ ചിരി പൊട്ടിച്ചിരിയായി. തുണിക്കടയിൽ നിന്നയാൾ പൊടുന്നനെ റോഡിലേക്കിറങ്ങി. വഴിയിൽ കണ്ടവരെയൊക്കെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ നടന്നു.