പലർക്കു വേണ്ടിയുള്ള
ചിലതായിക്കൊടുക്കലായിരുന്നു
ഇതുവരെ ജീവിതം
എല്ലാവരും ഒരു തരത്തിൽ
അങ്ങിനെയൊക്കെത്തന്നെ..
ചേർന്നു നിൽക്കാത്തിടങ്ങളിൽ
ആദ്യം പിൻവലിക്കുന്ന സ്വപ്നമായി
തെരുവിലെ നൃത്തത്തിന്
പകരം വെക്കുന്ന നാണയമായി
അപകടകരമായ ഒഴുക്കിനു മുകളിലൂടെ
കടന്നു പോകാനുള്ള പാലമായി
പിന്നെപ്പിന്നെ
പരിഭവമേതുമില്ലാത്ത
മാറിനിൽക്കലായി
കൂടെ നിൽക്കുന്ന അന്യനായി
അങ്ങനെ അങ്ങനെ..
(Haneef C)
പതുക്കെപ്പതുക്കെ
പേരിടാനറിയാത്ത പലായനങ്ങൾക്കുള്ള
പാതയും
അക്ഷരങ്ങളെടുത്തു കളഞ്ഞ
പുസ്തകത്താളും
അയാൾ സ്വയം ആയിത്തീർന്നു.
ഇപ്പോഴയാളെ
മരണമോ
ഉറക്കമില്ലായ്മയോ
അലട്ടുന്നില്ല.
വൃദ്ധസദനത്തിലെ ഏകാന്തത ഓർത്തു
വ്യാകുലപ്പെടുന്നുമില്ല
എന്നിട്ടും
അതൊക്കെയുള്ള ആർക്കോ വേണ്ടി
അയാൾ മനോരോഗത്തിനുള്ള
മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു.