mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Shabana Abubaker

ഹാഷ്ടാഗിന്റെ വേലിവക്കിൽ എത്രയോ
പകലന്തികളിൽ നീലിച്ചു കിടന്നിട്ടും,
കത്തിച്ചു വെച്ച പച്ചവെളിച്ചത്തിന്റെ കീഴിൽ
അനേകായിരം ആളുകളാൽ
മാനഭംഗത്തിനിരയായിട്ടും,
വാക്കുകൾ കൊണ്ട് അതിക്രൂരമായി
കീറിമുറിക്കപ്പെട്ടിട്ടും
ഒറ്റക്കയറിനാൽ കണ്ണീരു കോരാൻ മറന്നവൾ
അതിജീവിത... 

സാക്ഷിയായി ഹാജരാവാൻ പകപ്പെട്ടൊരു
മേനി സ്വന്തമായി ഉണ്ടായിട്ടും
അസാധുവാക്കപ്പെട്ട ഹരജിക്കാരി.
തെളിവുകൾക്ക് തെളിച്ചമില്ലാത്തതിന്റെ
പേരിൽ നിസാരമായി തഴയപ്പെട്ടിട്ടും,
മറഞ്ഞിരിക്കുന്ന തെളിവുകളൊക്കെയും
ശരീരത്തിന്റെ ഓരോ രോമ കൂപങ്ങളിലും
നോവ് നിറച്ചിട്ടും
വിളമ്പിയ ഭക്ഷണത്തോടൊപ്പം 
വിഷക്കൂട്ടൊഴിച്ചു കഴിക്കാൻ മറന്നവൾ
അതിജീവിത... 

'ഇര'യാണെന്നു പരിതപിച്ചെത്തിയവരാൽ
ഓരോ നിമിഷവും ആവർത്തിച്ചു
വേട്ടയാടപ്പെട്ടിട്ടും,
നീതിക്ക് വേണ്ടിയാണെന്നുറക്കെ മുദ്രാവാക്യം
മുഴക്കി 'അനീതി' കാണിച്ചിട്ടും,
സമൂഹത്തിനു മുന്നിൽ പിന്നെയും വരയും
വരിയും കൊണ്ട് വിവസ്ത്രയാക്കപ്പെട്ടിട്ടും
ഇനിയുമൊരു ഉപഭോഗവസ്തുവായി
മാറേണ്ടതില്ലെന്ന് നിശ്ചയിച്ച്
കനമുള്ള മൗനം ധരിച്ചവൾ 
അതിജീവിത... 

നടുവിരലിനാൽ സ്വയം ഗർഭമുണ്ടാക്കാൻ
കഴിവുള്ളവളെന്ന് മഹത്വവൽകരിക്കപ്പെട്ടിട്ടും,
പിഴച്ചവളെന്ന് 'വിശേഷ പട്ടം' നൽകി
ആദരിക്കപ്പെട്ടിട്ടും,
ലോകമറിയപ്പെട്ടൊരു 'സിലിബ്രിറ്റി'യായിട്ടും
ആറടി മണ്ണ് പോലും സ്വന്തം
കൈപ്പിടിയിലൊതുക്കാൻ മറന്നവൾ
അതിജീവിത... 

ഇരുട്ടിൽ ചലിക്കുന്ന കൂർത്ത
നിഴലുകളെയും
കരുതൽ കരങ്ങളിൽ പൊതിഞ്ഞു
തന്നയച്ച വഷളൻ പുഞ്ചിരികളെയും
തിരിച്ചറിഞ്ഞിട്ടും
കെട്ടിപ്പിണഞ്ഞ ഞരമ്പുകളിൽ
കുടുങ്ങി പിടയുന്ന ജീവനെ
വേർപ്പെടുത്തിയെടുക്കാൻ മറന്നവൾ
അതിജീവിത... 

കൊന്നും തിന്നും പലതവണ വിറപ്പിച്ച
ഉടലിനെ ഉറപ്പിച്ചു നിർത്തി,
പഴുത്തൊലിക്കുന്ന മുറിവാഴങ്ങളിൽ
കനൽ കോരിയിട്ട് സ്വയരക്ഷക്കായി
അഗ്നിയായ് ജ്വലിക്കുന്നവൾ
അതിജീവിത.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ