ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി, അതേന്നെ, വീടിനടുത്തുള്ള പ്രക്കാനം ദേവീക്ഷേത്രത്തിലെ ഉത്സവമാണ് ' കമ്മ്യൂണിസ' ത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്. ഇപ്പോൾ ശ്രീകൃഷ്ണജയന്തി
ചർച്ചകൾ നടക്കുന്ന ഈ അവസരം തന്നെയാണ് ആ കഥ പറയാൻ ഉചിതമായ സമയം.
ഞാൻ ആദ്യം കണ്ട രാഷ്ട്രീയക്കാരൻ അടിമുടി ഗാന്ധിയനായ എന്റെ അപ്പൂപ്പൻ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ടി.വി രാഘവൻപിള്ളയായിരുന്നു. ഖദർ മാത്രം ധരിക്കുന്ന, ഗാന്ധി തൊപ്പി ധരിച്ചിരുന്ന രണ്ടു സൈഡും തനിച്ച് ചെസ്സുകളിച്ചിരുന്ന, ചതുരംഗത്തിന്റെ അടവുകൾ എന്നെ പഠിപ്പിച്ച പണ്ടെങ്ങോ കിട്ടിയ പോലീസ് മർദ്ദനത്തിന്റെ കൂടി ഭാഗമായി കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ട, എന്നിട്ടും അകക്കണ്ണു കൊണ്ട് ചതുരംഗം കളിക്കാൻ ശ്രമിച്ചിരുന്ന അപ്പൂപ്പനെ കൊച്ചുമക്കളിൽ ഞാൻ മാത്രമേ അച്ഛനെന്നു വിളിച്ചിരുന്നുള്ളൂ എന്നു തോന്നുന്നു. ഗാന്ധി നെഹ്രു, പട്ടേൽ എന്നൊക്കെ മാത്രമേ കുട്ടിക്കാലത്തു കേട്ടിട്ടുള്ളൂ. പത്തനംതിട്ട മാർത്തോമ്മ സ്കൂളിൽ ആറാം ക്ലാസ്സിൽ ക്ലാസ്സ് ലീഡറായി ജയിച്ച ഞാൻ നിത്യഹരിത KSU നേതാവ് @ A Suresh Kumar ന്റെ നേതൃത്വത്തിൽ ഉള്ള ഒരു കൂട്ടം നേതാക്കൾ വന്ന് നീ KSU ആണെന്ന് മാമോദീസമുക്കിയത് ഒട്ടൊരു അഭിമാനത്തോടെ ശിരസ്സാ വഹിച്ചു. ഇംഗ്ലീഷ് മീഡിയംകാരൻ ആയതു കൊണ്ട് മറ്റൊരു ഇംഗ്ലീഷ് മീഡിയംകാരനായ Stephen ന് സ്കൂൾ ലീഡറായി വോട്ടു ചെയ്തു.
SFI ക്കാരനായ Mehar Lal ആയിരുന്നു എതിരാളി എന്നാണെന്റെ ഓർമ്മ. എന്തായാലും വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ജയമായിരുന്നു അത്. കാരണം പിന്നീട് SFIക്കാരനായി ലീഡറാവാൻ പത്താം ക്ലാസ്സിൽ മത്സരിച്ചപ്പോഴും രണ്ടു വട്ടം കാതോലിക്കേറ്റ് കോളജ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും പരാജയമായിരുന്നു ഫലം.
അന്ന് മന്ത്രിയായിരുന്ന ലോനപ്പൻ നമ്പാടന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അമ്മയുടെ അമ്മാവൻ Tkg Nair ആയിരുന്നു കുടുംബത്തിലെ ഏക കമ്മ്യൂണിസ്റ്റ്, പിന്നെ അഛൻ തികഞ്ഞ കോൺഗ്രസ് വിരുദ്ധനായിരുന്നു. അമ്മാവന്റെ മകൻ ബിപിനും ഞാനും സമപ്രായക്കാരാണ്. കുട്ടികൾ ഇന്നും ആസ്വദിച്ചു കളിച്ചു വളരുന്ന പ്രക്കാനം എന്ന ഗ്രാമമായിരുന്നു എന്റെ വിഹാര കേന്ദ്രം. രണ്ടു കിലോമീറ്റർ അകലെയുള്ള കുടുബ വീടായ അവിടേക്ക് പോകാൻ വലിയ വിലക്കുകളൊന്നുമില്ലായിരുന്നു. വൈകിട്ടത്തെ വോളീബോളും കഴിഞ്ഞ് രാത്രി തനിയെ അടുത്ത ദിവസങ്ങളിലെ പ്രസംഗ മത്സര വിഷയങ്ങൾ പ്രസംഗിച്ച് ആണ് മടക്കയാത്ര. രാവിലെ പാലത്ര ജസ്റ്റിച്ചായന്റെ വീട്ടിൽ ഷട്ടിൽ, പകൽ ക്രിക്കറ്റ് വൈകിട്ട് വോളിബോൾ. ഇതായിരുന്നു സ്കൂൾ PDC കാലയളവിലെ ദിനചര്യ. ഡിഗ്രി മുതലുള്ള രാഷ്ട്രിയ കാലയളവ് തിരക്കുകൾ മൂലം ക്രിക്കറ്റ് ഒഴിവായെങ്കിലും മറ്റു രണ്ടും തുടർന്നു. വർഷാവർഷം നടക്കുന്ന സന്തോഷ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ വോളിബോൾ ടൂർണമെന്റിൽ സംസ്ഥാനമൊട്ടാകെയുള്ള എല്ലാ പ്രമുഖ ടീമുകളും അണിനിരക്കും. കേരള പോലീസിന്റെയും KSEB യുടെയും കോഴഞ്ചേരി സെന്റ് തോമസിന്റെയും ഒക്കെ പ്രതാപകാലം. പ്രക്കാനം ടീമും ഉണ്ടാകും കളിക്കാൻ. കോർട്ടുപിളരുന്ന ഇന്ത്യൻ താരങ്ങളുടെ സ്മാഷുകൾ പുഷ്പം പോലെ പെറുക്കുന്ന സ്കൂൾ കുട്ടികളായ അശോകനും കൊച്ചും കിട്ടു പിള്ളയും, കളത്തിലെ അത്ഭുതങ്ങളായിരുന്നു. Kiran അന്ന് LP സ്കൂൾ വിദ്യാർത്ഥിയാണ്. എന്റെ ഓർമ്മയിൽ എന്നും ഇപ്പോഴത്തെ BJP നേതാവ് അനിയൻ കൊച്ചാട്ടനാണ് നിത്യഹരിത മനേജർ. ക്ലബ്ബിൽ ഒരു സുപ്രധാന സ്ഥാനം അമ്മാവൻ TKGക്കും ഉണ്ടാകും. പറഞ്ഞു വന്നത് ഒരു കാലത്ത് കണ്ണൂർ പോലെ തീവൃ രാഷ്ടീയ സംഘട്ടനങ്ങൾ നടന്ന പ്രക്കാനത്ത് വോളിബോളും ക്ലബ്ബുമായിരുന്നു രാഷ്ട്രീയത്തിനിടയിലെ പാലം. പിന്നത്തെ പാലം ദേവീക്ഷേത്രവും.
അങ്ങനെ ഒരു ഉത്സവകാലത്ത് ഏഴാം ക്ലാസ്സിലോ മറ്റോ ആകും Bipin നും അമ്മാവനായ രാജേഷിനും ഒപ്പം ഉത്സവ പറമ്പിലെ കൊച്ചു കടകളുടെയും ഇടയിൽ അലയുമ്പോൾ എന്റെ കണ്ണ് ഒരു മോതിരത്തിൽ ഉടക്കി. പ്രഖ്യാപിത കമ്മ്യൂണിസ്റ്റുകളായ അവർ അതു വാങ്ങിയ കൂട്ടത്തിൽ എനിക്കും ഒരെണ്ണം വാങ്ങിത്തന്നു. ചുവന്ന പളുങ്കുമോതിരത്തിൽ തിളക്കമുള്ള അരിവാൾ ചുറ്റിക നക്ഷത്രം. അടുത്ത ദിവസം സ്കൂളിലാണ് അപകടം ആരംഭിച്ചത്. സഹപാഠികൾ എന്നെ കമ്മ്യൂണിസ്റ്റായി മുദ്രകുത്തി എന്നു മാത്രമല്ല ഒരു ടീച്ചർ ഇതിനെ എന്തോ അപരാധമായി കാണുകയും സ്റ്റാഫ് റൂമിൽ വിളിച്ച് വഴക്കു പറയുകയും ചെയ്തു. വിലക്കപ്പെട്ടത് ചെയ്യാൻ പണ്ടേ ഒരാവേശമാണ്. എന്നാപ്പിന്നെ കമ്മ്യൂണിസ്റ്റാണെന്നു ഞാനും പ്രഖ്യാപിച്ചു. അടുത്തു നടന്ന എസ്സ് എഫ് ഐ സമരത്തിൽ പങ്കെടുത്ത് മുദ്രാവാക്യം ഏറ്റുവിളിച്ച് ഞാനങ്ങ് കാലുമാറി. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കാലുമാറ്റം. അങ്ങനെ ആവേശത്തോടെ പയനിയർ കോളജ് പടിക്കൽ ജാഥയെത്തി. പെട്ടെന്നാണ് ഒരാൾ പാഞ്ഞു വന്ന് മുദ്രാവാക്യം വിളിച്ചിരുന്ന നേതാവ് മെഹർ ലാലിനെ തലങ്ങും വിലങ്ങും തല്ലുന്നത്. പ്രകടനം തുടങ്ങും മുമ്പേ പോലീസ് നമ്മെ നിരീക്ഷിക്കാനുണ്ടാവും എന്ന് മെഹർ ലാലും ഉബൈദും പറഞ്ഞപ്പോഴേ പകുതി ധൈര്യം ചോർന്നിരുന്നതാണ്. ഞങ്ങൾ ചിതറിയോടി. കാഴ്ചയിൽ പോലീസുകാരനെന്നു തോന്നുന്ന ഒരാളുടെ അപ്രതീക്ഷിത ആക്രമണം ഞങ്ങളെ സ്ഥബ്ദരാക്കിയെങ്കിലും ഒരാളേ ഉള്ളൂ എന്ന് മനസ്സിലാക്കിയ കുറേപ്പേർ സംഘടിച്ച് തിരിച്ചടിക്കാനായി ഓടിയടുത്തു. പക്ഷെ രണ്ടു കയ്യും വിടർത്തി മെഹർ ലാൽ അവരെ തടഞ്ഞു കൊണ്ട് വിളിച്ചുകൂവി "തല്ലല്ലേ അതെന്റെ വാപ്പയാണേ....!!!"