നമുക്ക് ജീവിക്കാൻ വായു 'വെള്ളം, ഭക്ഷണം എന്നിവ അത്യന്താപേക്ഷിതമാണല്ലോ. വായുവും വെള്ളവുമൊക്കെ സൗജന്യമായിക്കിട്ടുന്നതു കൊണ്ട് നമ്മളതിന് വലിയ പ്രധാന്യമൊന്നും കൊടുക്കാറില്ല. അതു
കൊണ്ടു തന്നെയല്ലേ ഒരു മടിയുമില്ലാതെ വായു മലിനീകരണവും ജലമലിനീകരണവും തുടർന്നു കൊണ്ടേയിരിക്കുന്നത്. ഭക്ഷണത്തിൻ്റെ വില മനസ്സിലാകാത്തവർ ഏറെ കുറവായിരിക്കും. കൈയ്യിൽ പണമുണ്ടെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥ ചിലപ്പോഴെങ്കിലും നേരിടാറുണ്ടെന്നതാണ് വാസ്തവം. ഒരു വഴിയുമില്ലാതായാൽ കിട്ടുന്നതെന്താണോ അതു വാങ്ങിക്കഴിച്ച് വിശപ്പടക്കുക മാത്രമേ നിവൃത്തിയുണ്ടാകൂ.
സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്കേറ്റവും ഇഷ്ടമുള്ള ആഹാരം സാധാരണ ചോറും കറിയും തന്നെയാണ്. ദിവസത്തിലൊരിക്കലെങ്കിലും കഞ്ഞിയെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നീട് അരി ഭക്ഷണം കിട്ടുമ്പോൾ വലിയ ആക്രാന്തം തന്നെയാവും. അതും പുഴുക്കലരി തന്നെ വേണം. നല്ല പാലക്കാട് മട്ട അരി കഞ്ഞിയും പപ്പടം പൊട്ടിച്ചു വറുത്തതും ഇത്തിരി ചുമന്നുള്ളി ച്ചമ്മന്തിയുമുണ്ടെങ്കിൽ സംഗതി കുശാൽ!
നാട്ടിൻ പുറത്തു വളർന്ന സാധാരണ കുടുംബത്തിലെ ആളുകൾ മിക്കവാറും കഞ്ഞി ഇഷ്ടമുള്ളവർ തന്നെയായിരിക്കും എന്നു തോന്നുന്നു. കഞ്ഞി യെക്കുറിച്ചു പറയാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാ കിട്ടൂല എന്നിപ്പൊ മനസ്സിലാവും.
വീട്ടിൽ ആടും പശുവുമൊക്കെ ഉണ്ടായിരുന്നതിനാൽ രാവിലെ ഒരു പാലൊഴിച്ച ശർക്കരക്കാപ്പിയോടെയാണ് ദിവസം തുടങ്ങിയിരുന്നത്. അതു കിട്ടണമെങ്കിൽ പല്ലുതേച്ചു മുഖം കഴുകി വന്നേ പറ്റൂ.
എല്ലാരും കൂടിയിരുന്ന് നല്ല വർത്താനൊക്കെപ്പറയുന്നതിനിടയിൽ അച്ചമ്മക്കു പെട്ടെന്നൊരു വെളിപാടുണ്ടാകും.
"ഇന്നുപ്പൊ ന്താ കൂട്ടാം വയ്ക്ക്വാ" ഇന്ന് കറിയെന്താണ് ഉണ്ടാക്കുക എന്ന് ആത്മഗതം കുറച്ചുറക്കെയായതാണ്. ഉത്തരമൊന്നും പ്രതീക്ഷിച്ചിട്ടല്ല ഈ ചോദ്യമെന്നും അച്ചമ്മ തന്നെ ആ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തി മിനിട്ടുകൾക്കകം ഉറക്കെ പ്രഖ്യാപിക്കുമെന്നും എല്ലാർക്കുമറിയുന്നതു കൊണ്ട് കാപ്പിയുടെ രുചിയാസ്വദിച്ചങ്ങനെയിരിക്കുമെല്ലാരും.
"യുറീക്കാ" എന്ന് പണ്ടാരോ പറഞ്ഞ പോലെ ''കിട്ടിപ്പോയ്" എന്ന മട്ടിൽ വരുന്നു അടുത്ത പ്രഖ്യാപനം. തെക്കേ മുറ്റത്തെ വരിക്കപ്ലാവിൻ്റെ ചക്കയിടണം. അതോടെ ഏതാണ്ട് ഒന്നുരണ്ടാഴ്ചത്തെ കറിയുടെ കാര്യം തീരുമാനമാവും. രണ്ടു ദിവസങ്ങളിൽ ചക്കക്കൂട്ടാൻ തന്നെയാവും. അതു കഴിയുമ്പോഴേക്ക് അത് പുളിക്കാൻ തുടങ്ങും. പിറ്റേന്ന് നല്ല പഴുത്തചക്കയും തിന്നാം. അതിൻ്റെ കുരുകൊണ്ടുള്ള വിവിധ തരം കറികൾ. മോരൊഴിച്ചത്.വെള്ളരിക്കേം ചക്കക്കുരും പഴുത്ത മാങ്ങയുമിട്ട് തേങ്ങയും വറ്റൽമുളകും മഞ്ഞളും ജീരകവും ഇച്ചിരി കടുകും ചേർത്തരച്ച് കുറച്ചു മോരു കൂടി ഒഴിച്ച് ഒരു കറിയുണ്ട്. വെന്തു വാങ്ങിക്കഴിഞ്ഞാൽ കറിവേപ്പില താഴത്തും. കടുകു പൊട്ടിച്ച് വറുത്തിടും. അപാര രുചിയാണീകറിക്ക്.
ചക്കക്കൂട്ടാൻ്റെ കാര്യം തീരുമാനമായി മുഴുവൻ പറഞ്ഞില്ലല്ലോ. അതിനു മുമ്പേ ആവേശം കൂടി ചക്കക്കുരു കൊണ്ടുള്ള കൂട്ടാൻ്റെ കാര്യത്തിലേക്ക് ചാടി വീണു.
ചക്കയിടേണ്ട ജോലി അമ്മായിയ്ക്കാണ്. സ്വയമങ്ങ് ഏറ്റെടുക്കുന്നതാണ്. പിന്നീട് അതു മുറിച്ച് കഷണങ്ങളാക്കി കൂട്ടാനുള്ള കഷണങ്ങളാക്കാൻ എല്ലാരും വട്ടത്തിലിരിക്കും. എല്ലാരും ന്നു വെച്ചാൽ അമ്മയും അമ്മായിയും അച്ചമ്മയും ഞാനും അമ്മായിടെ മോളും .ഞങ്ങൾ ഇടക്കിടെ ചുള പെറുക്കിത്തിന്നാനാണ് കെട്ടോ.
കഷണം റെഡിയായിക്കഴിഞ്ഞാൽ ഒരു മൺകലത്തിൽ ഇത്തിരിവെള്ളം ഒഴിച്ച് അടുപ്പത്തു വയ്ക്കും. പുറത്തു താൽക്കാലികമായി ഉണ്ടാക്കിയ അടുപ്പിലാണ് അപ്പോഴൊക്കെ പാചകം ചെയ്യാറ്. മഴ പോയാൽ പുറത്ത് അടുപ്പും വീതിനയും (ചോറിൻകലം വെച്ചു വെള്ളം ഊറ്റുന്നതിന് അല്പം ഉയരത്തിൽ ഉണ്ടാക്കുന്നതിണ്ണ) ഉണ്ടാക്കും. അകത്ത് ചൂടും പുകയും ഒഴിവായിക്കിട്ടാനും പട്ടയും ഓലയും ചുള്ളിവിറകുമെല്ലാം യഥേഷ്ടം കത്തിക്കാനും സൗകര്യത്തിനാണിങ്ങനെ ചെയ്യുന്നത്. തന്നെയുമല്ല വഴിയേ പോകുന്നവരോട് യഥേഷ്ടം കുശലാന്വേഷണവും പാചകത്തിനോടൊപ്പം നടക്കും എന്ന വലിയൊരു സൗകര്യവുമുണ്ടായിരുന്നു.
ആരെങ്കിലും മൈൻ്റാക്കാതെ പോകുമ്പോഴും "എന്താ ബളേ ... എങ്ങട്ടാ ബളേ..."എന്നൊക്കെ ചോദിച്ച് ശ്രദ്ധയാകർഷിച്ച് എല്ലാം അറിയണം എന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്നു അമ്മായിക്ക്.
പിന്നേം വിഷയം വിട്ടു പോന്നു. ചക്ക കലത്തിലിട്ട് ഉപ്പിട്ട് അടച്ചു വേവിക്കും. ചുവന്ന വറ്റൽ മുളകും തേങ്ങയും ജീരകവും ഇത്തിരി കുരുമുളകും കൂടി അരച്ചത് ചേർത്ത് നന്നായി ഇളക്കും. അപ്പോഴേക്കത് നല്ലപോലെ ഉടഞ്ഞു വെന്തു കാണും. ഓരോ വാഴയില ചീന്തുകളിൽ കറി വിളമ്പി ആദ്യം ഞങ്ങൾ കുട്ടികൾക്കു തരും. ചൂടുള്ള ചക്കക്കൂട്ടാൻ ഗ്രഹണിപ്പിള്ളേരെപ്പോലെ കഴിച്ചു കഴിയുമ്പോൾത്തന്നെ വിശപ്പു മാറിയിട്ടുണ്ടാവും. ഒന്നോ രണ്ടോ മാങ്ങയറുത്ത് ചമ്മന്തിയുണ്ടാക്കിക്കഴിഞ്ഞ് ഒന്നൊന്നര മണിയാകുമ്പോഴേക്ക് കഞ്ഞി കുടിക്കാൻ എല്ലാരും ഒരുമിച്ചിരിക്കും. പ്ലാവില കുത്തി ചൂടുള്ള കഞ്ഞിയും ചക്കക്കൂട്ടാനും മാങ്ങാച്ചമ്മന്തിയും കഴിച്ചതിൻ്റെ രുചിയോർക്കുമ്പോൾ കപ്പലോടിക്കാനുള്ള വെള്ളമുണ്ട് വായിൽ. അന്നൊന്നും ഇക്കാലം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഓർത്തതേയില്ല.
അങ്ങനെ പപ്പായയും ഉഴുന്നും, വെറും പപ്പായതേങ്ങയും, കാന്താരിയും, ചുമന്നുള്ളിയും ചേർത്തരച്ചു വേവിച്ചതും ചേമ്പും, ചേനയും, കാവത്തും, മുരിങ്ങയിലയും, കായും ഒക്കെയായി വീട്ടുവളപ്പിൽത്തന്നെ സുഭിക്ഷമായിക്കിട്ടുന്ന ഭക്ഷ്യവിഭവങ്ങൾ യാതൊരു മായവും മാലിന്യവുമില്ലാത്ത രുചിക്കൂട്ടുകൾ തന്നെയായിരുന്നു. ഏറെ പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായിരുന്നു അവ.
ഗ്രാമത്തിലെ മിക്ക വീടുകളിലും ഇതു തന്നെയാവും അവസ്ഥ.ഇത്തരം വസ്തു വിഭവങ്ങളില്ലാത്തവർക്ക് ഉള്ളവർ സന്തോഷത്തോടെ നൽകാനും സന്തോഷങ്ങളിൽ കൂടെ ചേർക്കാനും ശ്രമിച്ചിരുന്നു.
നാട്ടിൻ പുറത്തിൻ്റെ ഭക്ഷ്യ രുചിയെക്കുറിച്ചോർക്കുമ്പോഴേ മനസ്സിലെത്തുന്നത് കുട്ടിക്കാലത്തെ ചൈതന്യവത്താക്കിയ ഗ്രാമാന്തരീക്ഷമാണ്.
ഏവർക്കും സമൃദ്ധമായ ഭക്ഷണം എന്നും ലഭിക്കട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഭാവിതലമുറക്കായി നല്ല ഭക്ഷണ വസ്തുക്കളും ശീലങ്ങളും പകർന്നു നൽകാൻ നമുക്കു കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.