(Rajendran Thriveni)
വിശേഷബുദ്ധിയുള്ള മനുഷ്യൻ, ചിന്താശക്തിയും വിവേചന ശക്തിയും സ്വായത്തമായ മനുഷ്യൻ; വല്ല വിധേനയും ജീവിച്ചു മരിച്ച് മണ്ണടിയാനുള്ളതല്ല. മനുഷ്യജീവിതം കുറേ സ്വാർത്ഥ താല്പര്യങ്ങൾക്ക് പന്താടിക്കളിക്കുവാനോ അടിമത്വച്ചങ്ങലയിൽ തളച്ചിടുവാനോ ഉള്ളതല്ല.
സാമൂഹിക ബന്ധങ്ങളുടെ സ്വാധീനത്താലും സ്വപ്രയത്നങ്ങളുടെ നിർവഹണത്താൽ പൂർണ വികാസം നേടി, തന്റെ സാമൂഹികവും വ്യക്തിപരവുമായ ദൗത്യം പൂർത്തിയാക്കി കാലയവനികയ്ക്കുള്ളിൽ മറയുന്നതിനു വേണ്ടിയാണ്. മനുഷ്യ വ്യക്തിത്വത്തിന്റെ പൂർണ വികാസത്തിന് ചില സാമൂഹിക ഘടകങ്ങൾ കൂടി വേണം. അത്തരം ഘടകങ്ങളുടെ സഹായസംരക്ഷണം ഉറപ്പാക്കുന്നതിന്; മനുഷ്യന് ജന്മനാൽ ലഭിച്ച, മനുഷ്യനായി ജനിച്ചതുകൊണ്ടു മാത്രം സ്വന്തമായ; മറ്റാർക്കും പണയപ്പെടുത്താനോ, അടിയറ വെക്കുവാനോ കഴിയാത്ത ചില അവകാശങ്ങളുണ്ട്.അത്തരം അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.
നിർവചനം:- മതം, വർഗം, ജാതി, ദേശീയത, ലിംഗം, ഭാഷ തുടങ്ങിയ എല്ലാ വിഭാഗീയതകൾക്കും അതീതമായി, ഓരോ മനുഷ്യനും, മനുഷ്യനായി ജനിച്ചു എന്നതുകൊണ്ടു മാത്രം, സ്വായത്തമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.ഈ മനുഷ്യാവകാശങ്ങൾ,ആരുടെയും ദാനമോ, ദാര്യമോ അല്ല. അവ വംശം,ജാതി, മതം, ഭാഷ, രാജ്യം തുടങ്ങിയ വിവേചനങ്ങൾക്കതീതമായി എല്ലാ സ്ത്രീ-പുരുഷന്മാർക്കും ഒരുപോലെ ആസ്വദിക്കാനുള്ളതാണ്. മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും മാത്രമേ,ലോകത്തിന് ശാശ്വത സമാധാനവുംസന്തുഷ്ട ജീവിതവും ഉറപ്പാകു!
'മനുഷ്യാവകാശം' എന്ന പദം ആധുനികകാലത്തിന്റെ സൃഷ്ടിയാണെങ്കിലും, ഇത്തരം അവകാശസംരക്ഷണം മനുഷ്യന്റെ സാമൂഹികജീവിതത്തിന്റെ ആരംഭകാലം മുതൽക്കേ നിലനിന്നിരുന്നു.മതതത്ത്വങ്ങളും, രാഷ്ട്രീയ തത്ത്വങ്ങളും മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളവയായിരുന്നു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം,ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയിലെല്ലാം മനുഷ്യാവകാശസംരക്ഷണത്തിനുവേണ്ട നിർദ്ദേശങ്ങൾ ഉണ്ട്.
ഭാരതത്തിലെ ചക്രവർത്തിമാരും രാജാക്കന്മാരും ഭരണം നിർവഹിച്ചിരുന്നത്' 'ധർമം'അനുശാസിക്കുന്ന രീതിയിൽ നീതി, ന്യായം, സത്യം, ധർമം എന്നിവയിൽവേരൂന്നിയായിരുന്നു. കാലക്രമത്തിൽവിദേശ ശക്തികളുടെ കീഴ്പ്പെടുത്തലുകളും ഭാരതീയ ജീവിതത്തിലെ നിഷ്ക്രിയത്വം, അന്ധവിശ്വാസങ്ങൾ,ദുഷ്പ്രവണതകൾ എന്നിവയാൽശോഷണം സംഭവിച്ചു. അതോടെമനുഷ്യാവകാശങ്ങൾ അവഗണിക്കപ്പെട്ടു.
ഇംഗ്ലണ്ടിലെ 'മാഗ്നാകാർട്ട' ഉടമ്പടി', അമേരിക്കൻ സ്വാതന്ത്ര്യസമരം, ഫ്രഞ്ചുവിപ്ലവം, , റഷ്യൻവിപ്ലവം, മാർക്സിയൻ തത്ത്വശാസ്ത്രം,സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ, ചൈനീസ് വിപ്ലവം എന്നിവ മനുഷ്യാവകാശങ്ങൾക്ക്, ദൃഢമായ താത്വിക അടിത്തറയും പ്രചാരവും നല്കി.
ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചരണ്ടു ലോകമഹായുദ്ധങ്ങളും കൂട്ടക്കൊലകളും നാസിസം, ഫാസിസം തുടങ്ങിയ പ്രസ്ഥാനങ്ങളും സാമ്രാജ്യശക്തികളുടെ ദുർഭരണവും അവകാശലംഘനങ്ങളും, ആഗോളാടിസ്ഥാനത്തിൽ മനുഷ്യാവകാശസംരക്ഷണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രാധാന്യംലോകനേതാക്കളെ ബോദ്ധ്യപ്പെടുത്തി.
1945ൽ ഐക്യരാഷ്ട്രസഭ രൂപീകരിച്ചപ്പോൾ, സഭയുടെ പ്രാഥമിക ലക്ഷ്യം യുദ്ധം ഒഴിവാക്കൽ, ലോക പുരോഗി, മനുഷ്യാവകാശ സംരക്ഷണം എന്നിവയായി പ്രഖ്യാപിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ (ECOSOC) മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തു. ECOSOC UN മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കുകയും 'ആഗോള മനുഷ്യാവകാശ പ്രഖ്യാപന'ത്തിന് ആവശ്യമായ രേഖകളും സിദ്ധാന്തങ്ങളും തയ്യാറാക്കുന്നതിന് നിർദ്ദേശിക്കപ്പെടുകയും ചെയ്തു.
UN മനുഷ്യാവകാശകമ്മീഷൻ സുദീർഘമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം എഴുതിയുണ്ടാക്കിയ 'ആഗോള മനുഷ്യാവകാശ പ്രഖ്യാപനം' 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.
ആഗോള മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ച പ്രമാണങ്ങൾ (articles) താഴെപ്പറയുന്നവയാണ്.
1.എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ചവരും, പദവികൾക്കും അവകാശങ്ങൾക്കും തുല്യ അർഹതയുള്ളവരുമാണ്. ചിന്താശക്തിയും മനസ്സാക്ഷിയും കൊണ്ട് അനുഗ്രഹീതരായ അവർ പരസ്പരം സാഹോദര്യത്തോടെ ജീവിക്കേണ്ടവരാണ്.
2. ഈ പ്രഖ്യാപനത്തിലെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വർഗം, കുലം, മതം, ഭാഷ സ്ത്രീ പുരുഷ ഭേദം, രാഷ്ട്രീയ വിശ്വാസം, പൗരത്വം, സ്വത്ത്, ജനനം തുടങ്ങിയവയുടെ പരിഗണനയ്ക്ക് അതീതമാണ്.
3. ജീവിക്കാനും സ്വാതന്ത്ര്യങ്ങൾ അനുഭവിക്കാനും വ്യക്തി സുരക്ഷിതത്വത്തിനുമുള്ള അവകാശങ്ങൾ ഏവർക്കുമുണ്ട്.
4. ആരെയും അടിമത്വത്തിലോ, നിർബ്ബന്ധിത വേലയിലോ തളച്ചുകൂടാ.
5. ആരെയും മർദ്ദനത്തിനോ, ക്രുരവും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനോ വിധേയമാക്കരുത്.
6. എല്ലാവരും നിയമത്തിന്റ മുന്നിൽ വ്യക്തി എന്ന നിലയിൽ തുല്യരാണ്.
7. എല്ലാവരും നിയമത്തിന്റ മുന്നിൽ തുല്യ പരിരക്ഷ അർഹിക്കുന്നു.
8. വ്യക്തികൾക്ക് മൗലിക അവകാശലംഘനങ്ങൾക്ക്, നിയമപരമായ പ്രതിവിധി നേടുന്നതിന് ദേശീയ നീതിപീഠങ്ങളെ സമീപിക്കാനവകാശമുണ്ട്.
9. നിയമപരമല്ലാത്ത അറസ്റ്റിനോ, തടങ്കലിനോ, നാടുകടത്തലിനോ ആരെയും വിധേയമാക്കരുത്.
10. എല്ലാവർക്കും ന്യായപൂർണമായ വിചാരണക്ക് അവകാശമുണ്ട്.
11. കുറ്റം നിയമപരമായി തെളിയിക്കുന്നതു വരെ, ഏവരേയും നിരപരിധികളായി കണക്കാക്കണം. മുൻകാല പ്രാബല്യത്തോടുകുടി കുറ്റകൃത്യങ്ങൾ നിർവചിക്കരുത്.
12. വ്യക്തികളുടെ സ്വകാര്യത, കുടുംബം, വീട്, കത്തിടപാടുകൾ എന്നിവയിൽ അമധികൃതമായി ഇടപെടാനോ സത്പ്പേരിനു കളങ്കമുണ്ടാക്കുകയോ ചെയ്യരുത്.
13. എല്ലാവർക്കും രാജ്യത്തിനുള്ളിൽ സഞ്ചരിക്കാനും താമസിക്കുവാനും സ്വാതന്ത്ര്യമുണ്ട്. രാജ്യം വിട്ടുപോവാനും തിരികെവരാനും അവകാശമുണ്ട്.
14. പീഡനത്തിനെതിരെ മറ്റു രാജ്യങ്ങളിൽ അഭയം തേടാൻ വ്യക്തികൾക്കവകാശമുണ്ട്.
15. ഓരോ വ്യക്തിക്കും പൗരത്വത്തിനും പൗരത്വമാറ്റത്തിനും അവകാശമുണ്ട്.
16. പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാർക്ക്, വംശം, പൗരത്വം,മതം, ജാതി, എന്നിവയുടെ പരിമിതികൾ കൂടാതെ വിവാഹബന്ധത്തിൽ ഏർപ്പടുവാനും കുടുബം സ്ഥാപിക്കുവാനും അവകാശമുണ്ട്.
17. സ്വത്തു സമ്പാദിക്കാനവകാശമുണ്ട്.
18. ചിന്ത, മനസ്സാക്ഷി, മതവിശ്വാസം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം.
19. എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യവും പ്രകടന സ്വാതന്ത്ര്യവുമുണ്ട്.
20. വ്യക്തികൾക്ക് സംഘടനാ സ്വാതന്ത്ര്യം ഉണ്ട്.
21. എല്ലാവർക്കും സ്വന്തം രാജ്യത്തിലെ സർക്കാരിൽ നേരിട്ടോ, പ്രതിനിധികൾ മുഖേനയോ പങ്കെടുക്കുവാനവകാശമുണ്ട്.
22. എല്ലാവർക്കും സാമൂഹിക സുരക്ഷി-
23. തത്തിനും സമ്പൂർണ വ്യക്തിത്വ വികസനത്തിനനുകൂലമായ സ്വാതന്ത്ര്യങ്ങൾക്കും അവകാശമുണ്ട്.
24. എല്ലാവർക്കും യുക്തിപരമായ പ്രവൃത്തി സമയത്തിനും വേതനത്തോടു കൂടിയ അവധിക്കും അവകാശമുണ്ട്.
25. വ്യക്തികളുടെ ആരോഗ്യം, ക്ഷേമം എന്നിവ പ്രദാനം ചെയ്യുന്ന ജീവിത നിലവാരത്തിന് അവകാശമുണ്ട്.
26. വിദ്യാഭ്യാസത്തിന് ഏവർക്കും അവകാശമുണ്ട്.
27. വ്യക്തികളുടെ സർവതോമുഖമായ വികാസത്തിനും മനുഷ്യാവകാശങ്ങളുടെ പോഷണം, സംരക്ഷണം, സഹിഷ്ണുത, പരസ്പര ധാരണ, സമാധാനം എന്നിവയ്ക്കുള്ള അവകാശം.
28. ഈ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നതിന് അനുയോജ്യമായ ലോകക്രമത്തിന് എല്ലാവർക്കും അവകാശമുണ്ട്.
29. എല്ലാവർക്കും സാമൂഹത്തോട് കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്.
30. ഈ അവകാശങ്ങളിലൊന്നുപോലും നിഷേധിക്കത്തക്കവിധത്തിൽ പ്രവർത്തിക്കാൻ, വ്യക്തികൾക്കോ രാഷ്ട്രത്തിനോ, സ്വാതന്ത്ര്യം നല്കുന്നതായി, ഈ പ്രഖ്യാപനത്തിലെ ഒരു ഭാഗവും വ്യാഖ്യാനിക്കാൻ പാടില്ല.
UNലെ അംഗരാജ്യങ്ങൾക്ക് നിയമപരമായി മനുഷ്യാവകിശങ്ങൾ നടപ്പാക്കുന്നതിന് വേണ്ട കരാർ ഉടമ്പടിയാണ് (ICCPR)- അന്താരാഷ്ട്ര സിവിൽ പൊളിറ്റിക്കൽ അവകാശ ഉടമ്പടി, (ICESCR)-അന്താരാഷ്ട്ര സാമ്പത്തികസാമൂഹിക, സാംസ്കാരിക അവകാശ ഉടമ്പടി എന്നീ നിയമ രേഖകൾ. ഇവ 1966ൽ ഐക്യരാഷ്ട്രപൊതുസഭയിൽ അവതരിപ്പിക്കുകയും, നീണ്ട ചർച്ച- കൾക്കു ശേഷം 1976ൽ അവ നിയമമായി അംഗരാജ്യങ്ങൾ പാസ്സാക്കി ഒപ്പുവെച്ചു. ഈ കരാറുകളിൽ ഒപ്പിട്ട രാജ്യങ്ങൾക്ക്, അതിലെ നിർദ്ദേശങ്ങളും വ്യവസ്ഥകളും നടപ്പിലാക്കേണ്ട ഉത്തരവാദിത്വമുണ്ട്.
1948നു ശേഷം വിവിധതരത്തിലുള്ള മനുഷ്യാവകാശ പ്രമാണങ്ങളും ഉടമ്പടികളും ഐക്യരാഷ്ട്രപൊതുസഭയിൽ അവതരിപ്പിക്കുകയും ഒപ്പുവെക്കുകയും ചെയ്തു. അത്തരത്തിൽ ഒപ്പുവെച്ച ചില ഉടമ്പടികൾ താഴെപ്പറയുന്നവയാണ്:-
1. മനുഷ്യവാണിഭവും വ്യഭിചാരവും നിരോധന ഉടമ്പടി.
2. അടിമത്തവും സമാനമായ കടബാധ്യത ബന്ധനങ്ങളും ഉന്മൂലന കരാർ.
3. വർഗവിവേചന ഉന്മൂലനക്കരാർ.
4. പീഡന നിരോധന പ്രഖ്യാപനം.
5. കുട്ടികളുടെ അവകാശപ്രഖ്യാപനം.
6. കുട്ടികളുടെ അവകാശ ഉടമ്പടി.
7. പിഡനം, ക്രുരമോ, ഹീനമോ ആയ ശിക്ഷയും പെരുമാറ്റവും ഉന്മൂലനക്കരാർ.
8. അഭയാർത്ഥികളുടെ പദവി നിർണയ കരാർ.
9.സ്ത്രീ വിവേചന നിരോധന ഉടമ്പടി.
10. മതവിശ്വാസ അസഹിഷ്ണുതയും
വിവേചനവും ഉന്മൂലന കരാർ.
11.വിയന്നാ പ്രഖ്യാപനവും കർമപരിപാടികളും.
12. 1998ൽ അന്തർദേശീയ ക്രിമിനൽ കോടതിയുടെ സ്ഥാപനത്തിനുവേണ്ടി ഒപ്പുവെച്ച ഉടമ്പടി.
(... മനുഷ്യാവകാശരംഗവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ വായനക്കാർക്ക് താല്പര്യമുണ്ടെങ്കിൽ തുടർന്നെഴുതുന്നതാണ്.)