( ശ്രീകുമാർ എഴുത്താണി)
ഈ വർഷം എനിക്കത്ര സുഖകരമായിരുന്നില്ല. എണ്ണി നോക്കിയാൽ വീട്ടിൽ തന്നെ ദുഃഖകരമായ നാല് സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. അതും പോരാഞ്ഞിട്ട് അടുത്ത ചിലരുടെ മരണവും.വിദേശത്ത് ജോലി ചെയ്തിരുന്ന മകൾ ജോലി നഷ്ടപ്പെട്ട് ജനുവരിയിൽ തന്നെ മടങ്ങി വന്നു. അതായിരുന്നു തുടക്കം. രണ്ടാമത്തെ പ്രശ്നം ഒരു സ്ഥിരവരുമാനം തിരക്കേണ്ടി വന്നതാണ്. തർജ്ജമ, എഡിറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ് ഒക്കെയായി പൊയ്ക്കൊണ്ടിരുന്ന എനിക്ക് മകളുടെ ജോലി നഷപ്പെട്ടപ്പോൾ വരുമാനം വർധിപ്പിക്കേണ്ടി വന്നു. പിന്നെ ഉണ്ടായത് വീട്ടിൽ ജോലിക്ക് നിന്ന ചെറുക്കൻ നാട്ടിലേക്കെന്നു പറഞ്ഞു ആസാമിൽ പോയിട്ട് മടങ്ങി വരാതിരുന്നതാണ്. അവൻ അവിടെ വെച്ച് മരിച്ചു പോയി. അതെ മാസം തന്നെ വീട്ടിൽ അരുമയായി വളർത്തിയിരുന്ന പട്ടിയും ചത്ത് പോയി.
ഇതിൽ അവസാനത്തെ രണ്ടു സംഭവങ്ങളെ കുറിച്ച് അൽപ്പം പറയേണ്ടതുണ്ട്. പട്ടിയെ ഞങ്ങൾ നല്ല വില കൊടുത്തു വാങ്ങിയതായിരുന്നു. ആ ചെറുക്കൻ വന്നു കയറിയതും. ഒരേ മാസമാണ് രണ്ടിനെയും ഞങ്ങൾക്ക് കിട്ടിയത്. പോയതും ഒന്നിച്ചു തന്നെ. ജീവിച്ചിരുന്നപ്പോഴും രണ്ടും ഒന്നിച്ചു തന്നെയായിരുന്നു. ഉറങ്ങുമ്പോൾ മാത്രം പട്ടിയെ ഞങ്ങൾ അകത്ത് തന്നെ കിടത്തും. ആ ചെറുക്കനെ വരാന്തയിലും.
മകളുടെ നിർബന്ധം സഹിക്ക വയ്യാഞ്ഞാണ് ഒരിക്കൽ പട്ടിയെ വാങ്ങാൻ ഞാൻ സമ്മതിച്ചത്. പട്ടിയെയും മറ്റും വളർത്തുന്നത് ഒരു വികല മനസ്സിന്റെ ക്രിയകളായിട്ടാണ് ഞാൻ കണ്ടിരുന്നത്. ഒടുവിൽ മകളുടെ നിർബന്ധത്തിനു ഞാൻ വഴങ്ങുകയായായിരുന്നു. ചങ്ങലയ്ക്ക് ഇടരുതെന്ന് ഞാനും ചങ്ങലയിൽ നിന്ന് അഴിക്കരുതെന്ന് അവളുടെ അമ്മയും ഓരോ കണ്ടീഷനുകൾ വെച്ചു. മിടുക്കിയായ അവൾ രണ്ടുപേരോടും രഹസ്യമായി സമ്മതം മൂളി.
മകൾ തന്നെയാണ് പട്ടിക്ക് പേരിട്ടത്. ആ പേര് ഞാൻ ഒരിക്കലും ഓർക്കില്ല. സാധാരണ പട്ടികൾക്കിടുന്ന പോലെ ജിമ്മി, മോട്ടി എന്നൊന്നും ആയിരുന്നില്ല അവൾ ഇട്ട പേര്. ഇപ്പോഴും അത് ഓർമ്മ വരുന്നില്ല
ഞാൻ അതിനെക്കുറിച്ച് പറയുമ്പോൾ "കുപ്പിപ്പാട്ട" എന്നായിരുന്നു പറയാറുണ്ടായിരുന്നത്. അതിനു കാരണം കുപ്പിയോ പാട്ടയോ ഒക്കെ കിട്ടിയാൽ ആക്രിക്കാരെ പോലെ അത് കൊണ്ട് പോയി സൂക്ഷിച്ച് വെയ്ക്കും. പിന്നെ അസമയത്ത് അതെടുത്തിട്ട് കളി തുടങ്ങും. നമ്മളൊന്നും പിടിച്ചു പറിക്കാൻ നോക്കിയാൽ കിട്ടില്ല. കോന്നിയൂർ നരേന്ദ്രനാഥ് എഴുതിയ നാറാണത്ത് ഭ്രാന്തന്റെ ജീവചരിത്രമൊക്കെ വായിച്ചു പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഞങ്ങൾ വീട്ടിന്റെ രണ്ടാം നിലയിലാണ് താമസിക്കുന്നത്. സ്റ്റെയർ കെയ്‌സ് വീട്ടിനു പുറത്താണ്. ഈ പട്ടി പ്ലാസ്റ്റിക്ക് കുപ്പിയോ പാട്ടയോ ഒക്കെ പ്രയാസപ്പെട്ടു കടിച്ചു പിടിച്ചു കൊണ്ട് ആ പടിയെല്ലാം കയറും. പിന്നെ അത് ആ പടിയിലൂടെ താഴേയ്ക്ക് ഇടും. അതിനു പിറകെ ചാടും. സ്വന്തമായി കണ്ടു പിടിച്ച വിനോദമാണ്. ചെവിതല കേൾക്കണ്ട
ആ ചെറുക്കനെ കിട്ടിയത് അതുപോലെ രസമാണ്. അവൻ കുപ്പിയും പാട്ടയുമൊക്കെ പെറുക്കാൻ പല തവണ വന്നിട്ടുണ്ട്. ഒരു ദിവസം ആരും പറയാതെ തന്നെ രാവിലെ അവൻ ഞങ്ങളുടെ കാറ് കഴുകി. ഓഫീസിൽ പോകാനിറങ്ങിയ എനിക്ക് അതിൽ പരം സന്തോഷം വേറെ ഇല്ല. അവൻ വിശക്കുന്നു എന്നു ആംഗ്യം കാണിച്ചപ്പോൾ ഞാൻ വീട്ടുകാരിയെ വിളിച്ച് അവനു ആഹാരം വല്ലതും കൊടുക്കാൻ പറഞ്ഞു. വൈകിട്ട് ഞാൻ മടങ്ങി വന്നപ്പോൾ വീടിനാകെ ഒരു തെളിച്ചം. ചൂലുമായി അവൻ അപ്പോഴും പണിയിലാണ്. ഭാര്യയെ കണ്ടപ്പോൾ അവളുടെ മുഖത്ത് അതിലും തെളിച്ചം.
അങ്ങനെ അവൻ ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾ ഓരോരുത്തരും അവനെ ഓരോ പേരിട്ടാണ് വിളിച്ചിരുന്നത്. ഭാര്യ ചോട്ടു എന്ന് വിളിക്കും. അവൻ അടുത്തുണ്ടെങ്കിൽ ഞാൻ അവനെ മോട്ടു എന്ന് വിളിക്കും. അടുത്തില്ലെങ്കിൽ "പാട്ടക്കുപ്പി" എന്നാണ് അവനെ കുറിച്ച് സൂചിപ്പിച്ചിരുന്നത്. എന്റെ മകൾ അവളുടെ മൂഡ് അനുസരിച്ചുള്ള പേരാണ് അവനെ വിളിക്കുന്നത്. പ്രഭാകരാറാവു, സഹദേവ ത്രിപാഠി, ദേശ്പാണ്ഡെ ചാറ്റർജി എന്നിങ്ങനെ. പാവത്തിന് സ്വന്തമായി ഒരു പേരല്ലേ ഉള്ളൂ. അത് കുറെ എണ്ണം നല്ല ഗമയുള്ളത് ഇരിക്കട്ടെ എന്നായിരുന്നു അവളുടെ ലോജിക്.
ഞാൻ അവനെ പാട്ടക്കുപ്പി എന്ന് വിളിച്ചതിന്റെ കാരണം പറയേണ്ടല്ലോ. പോരെങ്കിൽ ഞങ്ങൾ ഇല്ലാത്തപ്പോൾ അവൻ തുടർന്നും അടുത്ത വീട്ടിൽ നിന്നൊക്കെ ആക്രി പെറുക്കി സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ പഴയ പത്രം വാങ്ങാൻ വരുന്ന ഒരു അമ്മാവന്റെ കയ്യിൽ കൊടുത്ത് ആ കാശു വാങ്ങി സൂക്ഷിക്കാൻ എന്റെ ഭാര്യയെ ഏൽപ്പിക്കും. പതുക്കെ പതുക്കെ അടുത്ത വീട്ടുകാരും അവനെ കൊണ്ട് ഓരോ ജോലിചെയ്യിക്കാൻ തയാറായി. എത്രയാണ് അവൻ അങ്ങിനെ സമ്പാദിച്ചു കൂട്ടിയതെന്ന് ഭാര്യ എന്നോട് പോലും പറഞ്ഞില്ല. പക്ഷെ ജോലി ചെയ്യുന്നവർക്ക് വേണമെങ്കിൽ സമ്പാദിക്കാവുന്ന തുക തന്നെ അമ്പരപ്പിക്കുന്നു എന്ന് മാത്രം അവൾ ഒരിക്കൽ എന്നോട് പറഞ്ഞു.
പോമറേനിയൻ എന്ന് കരുതി ഞങ്ങൾ വളർത്തിയ പട്ടിക്കുഞ്ഞു ഇന്ത്യൻ സ്പിറ്റ്സ് എന്ന ഇനമാണെന്നു എന്റെ മകളുടെ ഒരു കൂട്ടുകാരൻ കണ്ടെത്തി. അവയുടെ രണ്ടിന്റെയും പടങ്ങൾ കാണിച്ച് അയാൾ എനിക്ക് അതൊക്കെ വിവരിച്ചു തന്നു. ഇന്ത്യൻ സ്പിറ്റ്സിന് രോമം കുറവാണ്. വണ്ണംകൂടുതലും. അപ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മൾ പോമേറേനിയൻ എന്ന് കരുതുന്ന പല നായ്ക്കളും യഥാർത്ഥത്തിൽ ഇന്ത്യൻ സ്പിറ്റ്സ് ആണ്.
കുപ്പിപ്പാട്ടയുടെ കഥ ഇങ്ങനെയാണെങ്കിൽ പാട്ടക്കുപ്പിയുടെ കഥ വേറെ ആയിരുന്നു. അവന്റെ ഭാഷ ഒന്നും പിടി കിട്ടിയില്ലെങ്കിലും അവൻ ആസാമിൽ എവിടെയോ നിന്നാണെന്ന് മനസ്സിലായി. ഒരു ദിവസം ഞാൻ വെറുതെ ചാനലുകൾ മാറ്റി മാറ്റി ഇരുന്നപ്പോൾ അവൻ ഓടി വന്നു. വീണ്ടും ഞാൻ ചാനൽ മാറ്റിയത് കണ്ടു അവനു നിരാശയായി. ഞാൻ വീണ്ടും ചാനൽ പിന്നിലേയ്ക്ക് മാറ്റി. സ്‌ക്രീനിൽ ഏതോ ആദിവാസികളുടെ പാട്ടും നൃത്തവും തെളിഞ്ഞു. നഖം കടിച്ച് കൊണ്ട് അവൻ അത് ശ്രദ്ധിച്ചു. അവന്റെ കാലുകൾ താളത്തിന് അനങ്ങുന്നത് ഞാനും ശ്രദ്ധിച്ചു.
രാജ്യസഭയിൽ പൗരത്വ ഭേദഗതി ബിൽ എന്തായി എന്നറിയണമായിരുന്നു. അത് കൊണ്ട് ഞാൻ ഒരു വാർത്താ ചാനലിലേയ്ക്ക് മാറി. അവനോട് എപ്പോൾ വേണമെങ്കിലും ടി വി കണ്ടുകൊള്ളാൻ അനുവാദവും കൊടുത്തു. ആദ്യമൊന്നുംഞങ്ങൾ അവൻ വീട്ടിൽ അത്ര സ്വാതന്ത്ര്യം കൊടുക്കില്ലായിരുന്നു. പിന്നൊരിക്കൽ എപ്പോഴോ അത് ഒരു തെറ്റാണെന്ന് തോന്നി.
അങ്ങനെ ഞങ്ങൾ അഞ്ചു പേരുടെ കുടുംബം എന്നൊക്കെ തോന്നി ത്തുടങ്ങി . എന്റെ മകൾക്ക് കല്യാണ ആലോചനകളും വരുന്നുണ്ടായിരുന്നു . അവൾ സ്വയം ആരെയെങ്കിലും കണ്ടു പിടിക്കട്ടെ എന്ന് കരുതി ഞാൻ കുറെ കാത്തിരുന്നു. അതൊന്നും നടപ്പില്ല എന്ന് മനസ്സിലായി. ഇനിയും ഒരു പക്ഷെ അവൾ പഠനം തുടർന്നേക്കും എന്ന് തോന്നി . കംപ്യൂട്ടറൊക്കെ മതിയാക്കി ഇപ്പോൾ പൊളിറ്റിക്കൽ സയൻസ് ആണ് വായന. പിന്നെ കയ്യിൽ കിട്ടുന്നതെന്തും വായിക്കും. അത്താഴ സമയത്താണ് സാധാരണ അതൊക്കെ വിളമ്പുക .
പെട്ടെന്നൊരു ദിവസം കുപ്പിപ്പാട്ടയ്ക്ക് സുഖമില്ലാതെ വന്നു. ആഹാരം കഴിക്കാതെയായി. ഉറങ്ങാൻ പോലും ആ ചെറുക്കൻ അടുത്ത് വേണം. ഈ പെരുമാറ്റത്തിന് കാരണം കന്നി മാസം ആണെന്ന് ഞാൻ കരുതി. ഇതേ ഇനത്തിൽ പെട്ട പെൺപട്ടികൾ ഏതെങ്കിലും സുഹൃത്തുക്കളുടെ അടുത്ത് ഉണ്ടോ എന്ന് തിരക്കി. മകന് ഒരു പെണ്ണിനെ അന്വേഷിക്കുന്നത് പോലെ ഒരു വികാരം എനിക്കും ഭാര്യയ്ക്കും ഉണ്ടായി. അപ്പോഴാണ് ആ പട്ടി ഞങ്ങളോട് കാണിച്ച സ്നേഹം ഒരു വൺ വേ ട്രാഫിക്ക് ആയിരുന്നില്ല എന്ന് ഞങ്ങൾക്കും തോന്നിയത് . ഒരിക്കൽ ആ ചെറുക്കനും കുറെ വർഷങ്ങൾ കഴിയുമ്പോൾ ഒരു പെണ്ണിനെ വീട്ടിൽ വിളിച്ചു കൊണ്ടുവരും എന്ന് ഭാര്യ പറഞ്ഞു. അപ്പോൾ അവൾ അമ്മായിയും ഞാൻ അമ്മാവനും ആകുമെന്ന് ഞാനും പറഞ്ഞു
കുപ്പിപ്പാട്ട ഒന്നും കഴിക്കാതെയായപ്പോൾ ആ ചെറുക്കൻ അതിനെയും താങ്ങിയെടുത്ത് നടക്കുന്നത് കാണാമായിരുന്നു
ഒരു ദിവസം പത്രവും വായിച്ച് ചായയും കെ കുടിച്ചിരുന്ന എന്റെ അടുത്ത് വന്നു മകൾ ചോദിച്ചു
" ഡോണ്ടുവിന് സുഖമില്ലാത്തത് എന്താണെന്നു അറിയാമോ?
"ആര്? ഓ കുപ്പിപ്പാട്ടയ്ക്കോ? വല്ല പാട്ടയോ തകരമോ വയറ്റിൽ പോയിട്ടുണ്ടാകും."
"അച്ഛാ, ഒന്നാമതായി അതിനെ അങ്ങിനെ വിളിക്കരുത്. അത് പോട്ടെ. അച്ഛൻ ഒരു വാർത്ത അറിഞ്ഞോ> നമ്മുടെ ധനഞ്ജയ റാവു നാട്ടിലേയ്ക്ക് പോകുന്നു"
"ആര്, പാട്ടക്കുപ്പിയോ?"
"ദേ, പിന്നേം!"
"ശരി ഇനി പാട്ടക്കുപ്പിയെ അങ്ങനെ വിളിക്കില്ല. അവൻ നാട്ടിലേയ്ക്ക് പോകുന്നത് ഞാൻ അറിഞ്ഞില്ലല്ലോ"
"അച്ഛാ, നമ്മൾ ഒരു ദൂര യാത്രയൊക്കെ പോകുമ്പോൾ ബാങ്കിനെ അല്ലെ ആദ്യം സമീപിക്കേണ്ടത്. അവൻ അമ്മയോട് ഇന്ന് രാവിലെ അവന്റെ ഫിനാൻഷ്യൽ സിറ്റ്വേഷം എങ്ങനെ ഉണ്ടെന്നു ചോദിച്ചു. അപ്പോഴാണ് അമ്മയ്ക്ക് ഇങ്ങനെ ഒരു പ്ലാനുണ്ടെന്ന് അറിയുന്നത്"
"അവനിപ്പോ എന്തിനാ അങ്ങോട്ട് പോകുന്നെ. ഊരും പേരും ഉള്ളവർക്കേ അവിടെ പ്രശനമാ."
"അതാ, അവൻ പോകുന്നെ. അവന്റെ കുടുംബത്തിൽ ആർക്കും ഊരും പേരുമൊന്നും ഇല്ല. അവൻ കാണുന്ന ചാനലിൽ അവിടൊക്കെ വലിയ പ്രശ്നമെന്ന് കാണിച്ചു. അഡ്രസ് ഒന്നും അവനു അറിയില്ല. പോ തപ്പി പിടിക്കണം. അവര് പേടിച്ചു തിരിച്ചെങ്ങാനും പോയാൽ പിന്നെ പോയത് തന്നെ."
"കഷ്ടമാണല്ലോ, അമ്മയോട് അവനു ആവശ്യമുള്ള കാശ് കൊടുക്കാൻ പറ."
"അതൊന്നും വേണ്ടെന്ന് അവൻ പറയുന്നു. അച്ഛൻ തന്നെ അത് പോയി ഡീൽ ചെയ്യൂ"
അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസം ആയിരുന്നു. ഒടുവിൽ അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് കരുതി. അന്ന് രാത്രിയിലും അത്താഴം കഴിക്കുന്ന നേരത്ത് മകളുടെ വക ഒരു ലെക്ച്ചർ ഉണ്ടായിരുന്നു.
അവളുടെ വാദമനുസരിച്ച് ആ ചെറുക്കൻ പോകാൻ തീരുമാനിച്ചതാണ് ഡോണ്ടുവിന് അസുഖം വരാൻ കാരണം.
"അവൻ പറയുന്നത് നമുക്ക് പോലും തിരിയുന്നില്ല. പിന്നല്ലേ പട്ടിക്ക്. നീ ഒന്ന് ചുമ്മാതിരി."
"ഓ അച്ഛനെന്തോ അറിയാം. Language is only one of the tools of communication. ആനിമൽസിന് നമ്മുടെ മനസ്സൊക്കെ വായിക്കാൻ കഴിയും"
ഞാൻ ആ കുപ്പിപ്പാട്ടയെയും പാട്ടക്കുപ്പിയെയും മാറി മാറി നോക്കി. അവനും ഇത് പോലെ എന്റെ മനസ്സ് വായിക്കാനോ മറ്റോ കഴിവുണ്ടായിരിക്കുമോ? അപ്പോൾ ആ ചെറുക്കൻ എന്റെ മുഖത്തു നോക്കി ഒരു ചിരി. 'എന്നെ നിങ്ങൾ വിളിക്കുന്ന പേരൊക്കെ എനിക്കറിയാം' എന്ന് പറയുന്ന പോലെ.
ഞാൻ കുറ്റബോധത്തോടെ മുഖം തിരിച്ചു ഡോണ്ടുവിനെ നോക്കി
അതും എന്നെ പല്ലിളിച്ചു കാട്ടി.
ആ ചെറുക്കൻ പോകുമ്പോൾ ഡോണ്ടുവിന്റെ സ്ഥിതി വഷളായത് എന്ത് ചെയ്യുമെന്ന് അടുത്ത ദിവസം തന്നെ ഒരു മൃഗഡോക്ടറെ ഫോൺ ചെയ്തു ചോദിച്ചു . അയാൾ ചിരിച്ചതെയുള്ളൂ. ഒരു നല്ല സൈക്കിയാട്രിസ്റ്റിനെ പരിചയപ്പെടുത്തി തരാമെന്ന് അയാൾ പറഞ്ഞു
പട്ടിക്കും സൈക്കിയാട്രിസ്‌റ്റോ എന്ന് ഞാൻ ചോദിച്ചപ്പോൾ, പട്ടിക്കല്ല താങ്കൾക്ക് എന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ച് കളഞ്ഞു.
അടുത്ത ദിവസം തന്നെ കുറച്ച് കാശും ഒരു ബാഗും കൊണ്ട് അവൻ ട്രെയിൻ കയറി. എന്റെ അഡ്രെസ്സ് എഴുതി ഞാൻ അവനെ ഏൽപ്പിച്ചു. കാശൊക്കെ നല്ലതുപോലെ സൂക്ഷിക്കണം എന്നും പറഞ്ഞു.
അവൻ പോയിക്കഴിഞ്ഞപ്പോൾ ഡോണ്ടുവിന്റെ സ്ഥിതി വഷളായി. പിന്നെ ഒന്ന് മെച്ചപ്പെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നമായി.
"അവൻ ഇപ്പോൾ ആസാമിൽ എത്തി കാണും അല്ലെ?" മകൾ പട്ടിയുടെ ദേഹത്ത് നിന്ന് കണ്ണെടുക്കാതെ എന്നോട് ചോദിച്ചു. അതിന്റെ അർഥം മനസ്സിലാക്കി ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
പിന്നീടുളള ദിവസങ്ങളിൽ ഡോണ്ടുവിന്റെ രോഗം കൂടി. അതിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഞങ്ങൾക്ക് തോന്നി."
ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ഒരു കത്ത് വന്നു. ആസാമിലെ ഒരു ഹോസ്പിറ്റലിൽ നിന്നായിരുന്നു. പന്ത്രണ്ടു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ചെല്ലണമെന്നായിരുന്നു ആ കത്ത്. അതെ അഡ്രസിൽ അന്ന് തന്നെ ഞാൻ കുറച്ചു പണം അയച്ചു കൊടുത്തു. അത് മാന്യമായി അവിടെ എവിടെയെങ്കിലും അടക്കണമെന്ന് ഒരു നിർദ്ദേശവും കൊടുത്തു
ഞങ്ങൾ ആരും അത്ര നീണ്ട ഒരു യാത്രയ്ക്ക് തയാറല്ലായിരുന്നു. ഡോണ്ടു ചത്ത് പോയ വിഷമത്തിൽ ദിവസങ്ങളോളം ഞങ്ങളും ഒന്നും കഴിച്ചില്ല.
വീട്ടു മുറ്റത്ത് തന്നെ ടൈൽസ് ഒക്കെ കുത്തിയിളക്കി പാട്ടക്കുപ്പിയുടെ ഒരു പുതപ്പിലും ഉടുപ്പിലും അതിനെ മറവു ചെയ്തു.