ഭംഗിയായി കഥപറയുന്നവർ പോലും ഈ തെറ്റു വരുത്തുന്നു. കാലത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതുകൊണ്ടാണ് ഇതുണ്ടാകുന്നത്.
'ഇന്നലെ', 'ഇന്ന്', 'നാളെ' - ഇതു മൂന്നും വർത്തമാനകാലത്തിൽ 'എനിക്കു' മാത്രം ഉപയോഗിക്കുവാനുള്ളതാണ്. 'എനിക്ക്' എന്നുള്ളത്, കഥപറയുന്ന നിങ്ങൾ ഓരോരുത്തരുമാണ്. നിങ്ങൾ കഥ പറയുമ്പോൾ, നിങ്ങൾ വർത്തമാനകാലത്തിൽ നിന്നാണ് കഥ പറയുന്നത്. പലപ്പോഴും പറയുന്നതോ മറ്റൊരാളുടെ (Third person) ഭൂതകാലത്തിലെ (Past) സംഭവങ്ങളും, സംഭാഷണങ്ങളുമാമാണ്. ഇനിയുമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം.
മറ്റൊരാളുടെ 'ഇന്ന്' എന്നത്, കഥാകാരനായ നിങ്ങൾ പറയുമ്പോൾ 'ആ ദിവസം' എന്നോ 'അന്ന്' എന്നോ മാറ്റണം.
മറ്റൊരാളുടെ 'ഇപ്പോൾ' എന്നത്, കഥാകാരനായ നിങ്ങൾ പറയുമ്പോൾ 'അപ്പോൾ ' എന്നു മാറ്റണം.
ഉദാ: അന്നുതന്നെ വനത്തിലേക്കു പോകുന്നു എന്ന് രാമൻ സീതയോടു പറഞ്ഞു.
ഉദാ: അപ്പോൾത്തന്നെ സ്വർണ്ണമാനിനെ പിടിച്ചു നൽകാമെന്ന് രാമൻ സീതയ്ക്കു വാഗ്ദാനം നൽകി.
മറ്റൊരാളുടെ 'ഇന്നലെ' എന്നത് കഥാകാരനായ നിങ്ങൾ പറയുമ്പോൾ 'കഴിഞ്ഞ ദിവസം' എന്നോ 'തലേന്നാൾ' എന്നോ 'തലേദിവസം' എന്നോ 'തലേരാത്രി' എന്നോ മാറ്റണം
ഉദാ: തലേദിവസത്തെ യുദ്ധം തന്നെ അതിയായി ക്ഷീണിപ്പിച്ചു എന്നും, അതിനാൽ കഴിഞ്ഞരാത്രി തനിക്കു ഗാഢനിദ്ര ലഭിച്ചുവെന്നും രാമൻ ലക്ഷമണനോടു പറഞ്ഞു.
മറ്റൊരാളുടെ 'നാളെ' എന്നത് കഥാകാരനായ നിങ്ങൾ പറയുമ്പോൾ 'അടുത്ത ദിവസം' എന്നോ 'വരുന്ന ദിവസം' എന്നോ മാറ്റണം.
ഉദാ: അടുത്ത ദിവസത്തെ യുദ്ധത്തിൽ രാവണൻ കൊല്ലപ്പെടണം എന്ന് രാമൻ ലക്ഷമണനോടു പറഞ്ഞു.
മറ്റൊരാളുടെ (Third person) വാചകങ്ങൾ അതേപടി (Direct speech) പറയുമ്പോൾ (ഇങ്ങനെ പറയുമ്പോൾ speech marks { " " } ഉപയോഗിച്ചിരിക്കണം) ഈ നിയമം ബാധകമല്ല. ഇനി നിങ്ങൾ മുൻപ് എഴുതിയിട്ടുള്ള രചനകളിലെ തെറ്റുകൾ തിരുത്തുക.