ആരുടെ കഥ?
ആരുടെ കഥയാണു നിങ്ങൾ പറയുന്നത്? കഥയെഴുത്തിലെ ഏറ്റവും വലിയ ചോദ്യമാണിത്. ഇതിനു മൂന്നു ഉത്തരങ്ങൾ ഉണ്ട്. ഒരു കഥയിൽ ഇതിൽ ഒന്നു മാത്രമേ പാടുള്ളു. അല്ലെങ്കിൽ വായനക്കാർ കുഴങ്ങും. അല്ലെങ്കിൽ ഇതിനെ മൂന്നു വഴികളായി കണക്കാക്കാം. നിങ്ങൾ ഒരുകഥ പറയുമ്പോൾ ഒരു വഴിയിൽക്കൂടി മാത്രമേ സഞ്ചരിക്കാവു. വഴികൾ ഏതൊക്കെയെന്നു നോക്കാം.
1. ഞാൻ എന്റെ കഥ പറയുന്നു. ഇങ്ങനെ ഫസ്റ്റ് പേഴ്‌സണിൽ ( first person) കഥപറയുമ്പോൾ ഞാൻ, ഞങ്ങൾ, നാം, നമുക്ക്, ഞങ്ങൾക്ക് തുടങ്ങിയ ഫസ്റ്റ് പേഴ്സൺ നാമപദങ്ങൾ ഉപയോഗിക്കാം. അനേകം കഥകൾ ഈ വകുപ്പിൽ പെടുന്നു.
2. ഞാൻ നിന്റെ കഥ പറയുന്നു. ഇങ്ങനെ സെക്കൻഡ് പേഴ്‌സണിൽ (second person) കഥ പറയുമ്പോൾ നീ, നിന്റെ, നിങ്ങളുടെ, നിങ്ങളൊക്കെ എന്നൊക്കെയുള്ള സെക്കന്റ് പേഴ്സൺ നാമ പദങ്ങൾ ഉപയോഗിക്കാം. വളരെ കുറച്ചു കഥകൾ മാത്രമേ ഈ വകുപ്പിൽ ഉണ്ടാകാറുള്ളൂ. എന്നാൽ ധാരാളം കവിതകൾ ഈ വകുപ്പിൽ കാണാവുന്നതാണ്.
3. ഞാൻ മറ്റൊരാളുടെ കഥ പറയുന്നു. മറ്റൊരാൾ എന്നത് 'മറ്റെന്ത്' എന്നുമാകാം. ഈ രീതിയിൽ കഥ പറയുമ്പോൾ അവൻ, അവൾ, അത്, അവരുടെ, അവന്റെ, അവളുടെ, അവരൊക്കെ, അവരെല്ലാവരും തുടങ്ങിയ തേർഡ് പേഴ്സൺ നാമപദങ്ങൾ ഉപയോഗിക്കാം. ഏറ്റവും കൂടുതൽ കഥകൾ ഈ വകുപ്പിൽ പെടുന്നു.
ഇനി കഥയെഴുത്തിലെ വഴിവിട്ടുപോക്ക് എങ്ങനെയെന്നു നോക്കാം. തേർഡ് പേഴ്‌സണിൽ കഥ പറഞ്ഞു പോകുന്നതിനിടയ്ക്കു ഫസ്റ്റ് പെർസോണിലേക്കൊന്നു ചാടും. അതു കഴിഞ്ഞു ഒന്നുമറിയാത്തതുപോലെ വീണ്ടും തേർഡ് പേഴ്‌സണിൽ തിരിച്ചെത്തും. ഇതു തിരിച്ചുമാകാം. ഫസ്റ്റ് പേഴ്‌സണിൽ കഥ പറഞ്ഞു പോകുന്നതിനിടയ്ക്ക് തേർഡ് പെർസനിലേക്കൊരു അപഥസഞ്ചാരം. ഇങ്ങനെ കഥയെഴുതുന്നതു ഭാഷയുടെ അടിസ്ഥാന പ്രമാണങ്ങൾ ഒട്ടും അറിയാത്തതുകൊണ്ടാണ്.
ഉദാ: "അവസാനം കടലു കടന്ന് ഞാൻ എത്തിയിരിക്കുന്നു. മേരിക്ക് വല്ലാത്ത സംതൃപ്തി തോന്നി." മേരി എന്ന ഞാൻ ഫസ്റ്റ് പേഴ്‌സണിൽ പറഞ്ഞുപോകുന്ന കഥയാണിത്. അതായത് എഴുതുന്നയാളും മേരിയും ഒന്നാണ്. അതുകൊണ്ടാണ് 'ഞാൻ എത്തിയിരിക്കുന്നു' എന്നു പറഞ്ഞത്. എന്നാൽ രണ്ടാമത്തെ വാചകത്തിൽ നാം നനസ്സിലാക്കുന്നു എഴുതുന്ന ആളും മേരിയും രണ്ടാണെന്ന്. ഇവിടെ വേണ്ടിയിരുന്നത് 'എനിക്കു വല്ലാത്ത സംതൃപ്തി തോന്നി' എന്നാണു. അല്ലെങ്കിൽ മുഴുവൻ കഥയും തേർഡ് പേഴ്‌സണിൽ തന്നെ പറയണമായിരുന്നു - "അവസാനം കടലു കടന്ന് മേരി എത്തിയിരിക്കുന്നു. അവൾക്കു വല്ലാത്ത സംതൃപ്തി തോന്നി" -.