(Sajith Kumar N)

മാരിവിൽ താഴ്വാരങ്ങളിലൂടെ ....
ഒരു സ്നേഹക്കുറിമാനം

പ്രിയമുള്ളവളേ,

മനസ്സുകളുടെ ഇടയിൽ ശൂന്യത സൃഷ്ടിക്കുന്ന ഔപചാരികതയുടെ പദപ്രയോഗങ്ങൾ ഒഴിവാക്കി, ഇന്നും എന്റെ ഹൃദയം മേൽവിലാസമായുള്ള നിനക്കായ് ഒരു സ്നേഹക്കുറിമാനം.

ഡിജിറ്റൽ യുഗത്തിലെ സന്ദേശ ഭീമൻമാരായ ഇ മെയിൽ വാട്ട്സ് അപ്പ്. മെസ്സജർ ഇത്യാദികളെ മാറ്റി നിർത്തി ഇങ്ങിനെ ഒരു ഉദ്യമത്തിന് മുതിരുമ്പോൾ കാലത്തിന്റെ മാറ്റത്തോട് പിൻതിരിഞ്ഞ് നിന്ന് പഴമയെ മുറുകെ പിടിക്കുന്ന പഴഞ്ചനെന്ന് വിളിച്ച് എന്നെ കളിയാക്കരുതേ ...

ശബ്ദഘോഷങ്ങളില്ലാതെ മനസ്സിൽ അലയടിക്കുന്ന സന്തോഷത്തിരകളിൽ മഷി പുളരുമ്പോഴേ ഹൃദയത്തിലൂറുന്ന വികാരങ്ങളെ തന്മയത്തോടെ പകർത്താൻ കഴിയൂ.

ചിന്തകൾ അക്ഷരങ്ങളായി പിറവിയെടുമ്പോൾ കൈവള്ളയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ കടലാസിൽ തീർക്കുന്ന ഉപ്പുനീരിന്റെ വെള്ള പുള്ളികൾ സ്നേഹവും വികാരവും വിരഹവും ഒട്ടും ചോർന്നു പോകാതെ ഒപ്പിയെടുക്കുമല്ലേ . പിന്നെ നാലു വശങ്ങങ്ങളിലും ചുണ്ടുകളെ കൊണ്ട് തടവി സ്നേഹത്തിന്റെ ആർദ്രത ചാലിച്ച് ഒട്ടിക്കുന്ന കുറിമാനങ്ങൾ ജന്മം മുഴുവൻ സൂക്ഷിക്കാനുള്ള സ്നേഹപകർപ്പല്ലേ

അങ്ങിനെയാണ്, എന്റെ മനസ്സിലെ സന്തോഷ ചിന്തുകളെ നിന്നിലേക്ക് എത്തിക്കാൻ ഒരു കത്തെഴുതാനുള്ള പൂതി ഉണർന്നത്.

യാത്രകൾ എന്നും പ്രിയമായുള്ള നിന്നിലേക്ക്. കാഴ്ചകളുടെ വർണ്ണ വിസ്മയങ്ങളെ മഷി പുരണ്ട അക്ഷരങ്ങൾ കൊണ്ട് വരക്കാനുള്ള എന്റെ ഒരു പാഴ്ശ്രമം . അക്ഷര ഡംബരം ഇല്ലാത്ത ചിത്രങ്ങൾ അപൂർണ്ണമായിരിക്കും എന്ന് അറിയാമെങ്കിലും, ഞാനൊന്ന് ശ്രമിച്ചോട്ടെ.

അറ്റമില്ലാത്ത ആഗ്രഹങ്ങളുടെ ചിറകേറി, സഹജീവനത്തിന്റെ അതിർവരുമ്പുകൾ ലംഘിച്ച് പറന്ന മാനവകുലത്തിന്റെ മടിത്തട്ടിലേക്ക് കിരീടം ധരിച്ചിറങ്ങിയ കോവിഡ് എന്ന അദൃശ്യ കുഞ്ഞൻമാർ മുഴക്കിയ മരണമണിയിൽ ഭീതി പൂണ്ടും ആൾക്കൂട്ടത്തിനിടയിൽ നിൽക്കാനുള്ള ആശങ്കയിൽ പെട്ടുഴറിയും എല്ലാറ്റിനു മുപരിയായി മുഖാവരണമേകിയ ആലസ്യത്തിൽ നിന്നുണരാൻ മടി പിടിച്ചും, നാളെ നാളെ നീളെ നീളെ എന്ന് പറഞ്ഞു ദീർഘനാളായി പിണങ്ങി മാറി നിന്ന ഒരു യാത്ര ...ഒടുവിൽ
7/11/2021, ഞായറാഴ്ച ഞങ്ങളോട് ഇണങ്ങി ചേർന്നു നിന്നു .

ഇതു വായിക്കുമ്പോൾ ഒരു പക്ഷേ നീ പിണങ്ങി മാറി നിൽക്കും എന്നറിയാം പക്ഷേ എന്റെ സന്തോഷമല്ലേ നിന്റേതും ഏറെ കാലത്തിനു ശേഷം മനസ്സ് തുറന്ന് സന്തോഷിച്ച ഒരു യാത്രയായിരുന്നു കാരണം ആരുടെ കൂടെയാണ് പോയതെന്ന് നിനക്കറിയേണ്ടേ ?

ഇനി ഒരിക്കലും ഒരു വഴിയോരത്ത് പോലും കണ്ടുമുട്ടില്ല എന്ന് മനസ്സിലുറപ്പിച്ച, മയിൽപ്പീലിക്കുള്ളിലും കുപ്പിവള കിലുക്കത്തിലും മഞ്ചാടി മണികളിലും നാട്യങ്ങളില്ലാത്ത നിഷ്കളങ്ക സ്നേഹം ഒളിപ്പിച്ചു വെച്ച ബാല്യകാല സുഹൃത്തുക്കളായിരുന്നു സഹയാത്രികർ.

ഒരുമിച്ച് ഒരു യാത്ര പോവുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ സന്തോഷം , അതിനാൽ ലക്ഷ്യസ്ഥാനം നിശ്ചയിച്ചിരുന്നില്ല , നിന്റെ കണ്ണുകളിലെ വിസ്മയം ഞാനിവിടെ കാണുന്നു അതെ. ദിക്കുകളറിയാതെ യാത്ര പോകുന്ന ദേശാടനക്കിളികളെ പോലെ പറന്ന് പറന്ന് പറന്നകലാൻ ആവിശ്യങ്ങളും പ്രയാസങ്ങളും നെയ്യുന്ന വലക്കള്ളികളിൽ കുരുങ്ങാതെ യാത്ര പോവാനാവുക എന്നത് ഒരു ഭാഗ്യമാണ് അല്ലേ!

എന്നാൽ, നേരെത്തെ വരാൻ താത്പര്യം പ്രകടിപ്പിച്ച കൂട്ടുകാരിൽ ചിലരെ ആ ഭാഗ്യം തുണയ്ക്കാത്തതിനാൽ ഞങ്ങൾ അഞ്ചു പേരായി ചുരുങ്ങി.

നീ എപ്പോഴും പറയാറില്ലേ ചില രോടൊപ്പം ചില സ്ഥലങ്ങളിൽ ചില സമയങ്ങളിൽ യാത്ര ചെയ്യാനുള്ള ഭാഗ്യം നമ്മുടെ ശിരോരേഖകളിൽ ആലേഖനം ചെയ്ത നിയോഗങ്ങളായിരിക്കുമെന്ന്

നീ എന്നും ഞാൻ എന്നുമുള്ള വാക്കുകളെ ആക്ഷരക്കൂട്ടിൽ നമ്മൾ എന്ന ഒറ്റ വാക്കിൽ ഒതുക്കി, യാത്ര ചെയ്യാനുള്ള ഭാഗ്യം നമ്മുടെ ശിരോരേഖകളിൽ ഉണ്ടോ?

തുലാമാസത്തിലെ ആകാശ പന്തലിൻ ചോട്ടിൽ, രാവിലെ തന്നെ വെയിലിനോട് കണ്ണാരം പൊത്തി കളിക്കുന്ന മഴയെ അന്നത്തെ പകൽ മുഴുവനും ഒളിപ്പിച്ചു വെക്കാൻ കരിമുകിലിന് ഒരപേക്ഷ നൽകി ഞങ്ങൾ വടകരയിൽ നിന്നു യാത്ര ആരംഭിച്ചു. വഴിയിൽ വെച്ച് കൂട്ടുകാരിൽ ചിലർ ഒപ്പം ചേർന്നതോടെ, ഉള്ളും പുറവും പുനർസംഗമത്തിന്റെ പുതമഴ നനഞ്ഞ ആഹ്ളാദ തിമർപ്പിൽ ഏക സ്വരത്തിൽ ഞങ്ങൾ അലറി . "കാർ പെരുവണ്ണാമൂഴിക്ക് വേഗം വിട്ടോടാ "

ഭ്രാന്തൻമാർ എന്നു പറഞ്ഞ് നീ തലയാട്ടി മൂക്കിനു മുകളിൽ കൈ വെക്കുന്നത് ഞാൻ കാണുന്നു.

കാർ മുന്നോട്ട് നീങ്ങവേ, കാലത്തിന് ഇനിയും നേർപ്പിക്കാൻ കഴിയാത്ത ബാല്യകാലത്തിലെ സ്വപനങ്ങളും കുസൃതികളും കോർത്തു വെച്ചുണ്ടാക്കിയ ഓർമ്മവള്ളികളിൽ പിന്നോട്ടാടി വള്ളി ട്രൗസറും പുള്ളിപ്പാവടയും അണിഞ്ഞു നടന്നാ ഭൂതകാലത്തിന്റെ പടിവാതിലിൽ വീണു. ഇന്നലകളുടെ ഓർമ്മപരിമണം അലിഞ്ഞു ചേർന്ന, കൂട്ടുകാരൻ കാറിൽ കരുതിവെച്ച കൊച്ചു സ്ഫടിക ഭരണിയിൽ നിന്നും ഇടയ്ക്കിടെ നാരങ്ങ മിഠായികൾ എടുത്ത് നുണഞ്ഞപ്പോൾ മധുരവും പുളിപ്പുമുള്ള ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരായിരം ബാല്യകാല അനുഭവങ്ങളുടെ വാസന കാറിൽ നിറഞ്ഞു 

പ്രണയം എന്തെന്നറിയാത്ത സ്കൂൾ കാലത്ത് കൈ നിറയെ ചുവന്ന നാരങ്ങ മിഠായികൾ. മഞ്ചാടി മരച്ചോട്ടിൽ വെച്ച് ആരും കാണാതെ ഒളിപ്പിച്ചു തന്ന നിന്റെ സുറുമയിട്ട മഴികളിൽ മിന്നിയ തിളക്കം കാണാമറയത്തിരുന്ന്, ഇന്നും ഞാൻ കാണുന്നുണ്ട്. നാരങ്ങ മിഠായി നുണഞ്ഞു മധരാനുഭവങ്ങൾ നിറഞ്ഞാ കാലത്തേക്ക് ഞാനും നീയും മാത്രമായി ഒരു നിമിഷ യാത്ര പോയി.

പതിനൊന്ന് മണിയോടെ ഞങ്ങൾ പെരുവണ്ണാമൂഴിയിലെത്തി. വയനാട്ടിലെ ബാണാസുരമലയിൽ പിറവികൊണ്ട കുറ്റ്യാടി പുഴയെ തടഞ്ഞുവെച്ചാണ് പെരുവണ്ണാമൂഴി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം നിറഞ്ഞു കവിഞ്ഞ ഡാമിലെ വെള്ളം തുറന്ന് വിട്ടിരുന്നു. കെട്ടിനിൽപ്പിന്റ അസ്വാതന്ത്ര്യത്തിൽ നിന്ന് മോക്ഷം ലഭിച്ച സന്തോഷത്തിൽ കളകളാരവം മുഴക്കി ഒഴുകുന്ന പുഴയുടെ വശ്യസൗന്ദര്യം നേരിട്ടു ആസ്വദിച്ചു.

ഇതു കാണുമ്പോൾ നിന്റെ മനസ്സിൽ വന്ന കാര്യം ഞാൻ പറയട്ടെ വലിയ ഒരു നന്മയ്ക്കു വേണ്ടി സ്വപ്നങ്ങളും മോഹങ്ങളും ത്യജിച്ച കുടിയൊഴിപ്പിക്കപ്പട്ട മനുഷ്യരുടെ നിലവിളികളും പുഴ കവർന്ന നിബിഡ വനങ്ങളിലെ ജീവജാലങ്ങളുടെ നിസ്സഹായ തേങ്ങലുകളും കാതോർത്താൽ ശ്രവിക്കാം.
പുഴയിലേക്ക് മനസ്സ് തുറന്ന് നോക്കിയാൽ പിഴുതെറിയപ്പെട്ടവരുടെ നിഴൽ രൂപങ്ങൾ ഗതി കിട്ടാതെ അലയുന്നത് കാണാം . ഇതൊക്കെയല്ലേ നിനക്ക് പറയാനുള്ളത്.

എന്നാൽ നിന്നോട് ഞാനൊന്നു ചോദിക്കട്ടെ, ഇവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? നിന്റെ മൂക്ക് ചുവന്ന് തുടക്കുന്നത് ഞാൻ കാണുന്നു ദേഷ്യം പിടിക്കുമ്പോൾ നിന്നെ കാണാൻ നല്ല ചേലാണ്.

പെരുവണ്ണാമൂഴിയിലെ പ്രധാന ആകർഷണം ജലസംഭരണിയിലൂടെയുള്ള ബോട്ടിങ്ങും, സ്വാതന്ത്ര്യസമരസേനാനികളുടെ സ്മരണക്കായ് നിർമ്മിച്ച പൂന്തോട്ടവുമാണെങ്കിലും അവിടെയുള്ള മുതലവളർത്തു കേന്ദ്രത്തിലേക്കാണ് ഞങ്ങളാദ്യം പോയത്.

പ്രൈമറി ക്ലാസിലെ കേരള പാഠാവലിയിൽ അത്തിമര ചോട്ടിലിരുന്ന് കുരങ്ങന്റെ ഹൃദയം കൈക്കലാക്കാൻ ശ്രമിച്ച മുതലയുടെ ചിത്രം മനസ്സിൽ മായാതെ സൂക്ഷിച്ച വളരെ ചെറുപ്പത്തിലേ പൊന്നു വിളയുന്ന അറേബ്യയുടെ ഊഷര ഭൂമിയിലേക്ക് കുടിയേറിയ മനോജിന് , ആദ്യമായി അവയെ ജീവനോടെ കണ്ടപ്പോഴുള്ള ആനന്ദം അടക്കിവെക്കാനായില്ല. നീ ചിരിക്കേണ്ട സത്യമാണ് കളി പറഞ്ഞതല്ല .

മുതലകളുടെ ഭക്ഷണം, പ്രായം ആണേത് പെണ്ണേത് എന്നൊക്കൊയുള്ള ഞങ്ങളുടെ ഉച്ചത്തിലുള്ള ചർച്ച കേട്ടിറ്റാവാം അവിടുത്തെ വാർഡൻ വന്നു കാര്യങ്ങൾ വിശദീകരിച്ചു തന്നു.
മലബാറിലെ ഏക മുതല വളർത്തു കേന്ദ്രമായ ഇവിടുത്തെ മുതലകൾ മഗ്ഗർ ഇനത്തിൽപ്പെട്ടതാണ്. കോൺക്രീറ്റ് ടവറിലെ തറയിൽ കയറി കിടക്കുന്ന 36 വയസ്സുള്ള ആണിനെയും 28 വയസ്സുള്ള പെണ്ണിനേയും ചൂണ്ടി കാണിച്ചു തന്നപ്പോൾ ഞങ്ങളുടെ കണ്ണുകളിലെ സംശയം വായിച്ചെടുത്തുതു പോലെ അയാൾ പറഞ്ഞു "ഇവർ തമ്മിൽ ഭയങ്കര അടിയാണ് പരസ്പരം കടിച്ചു കീറും".

സമീപപ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പുകളെയും അപൂർവയിനം പക്ഷികളെയും ഇവിടെ സൂക്ഷിക്കാറുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെ തുടർന്ന് അവയെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ച നിരാശ ഇവിടുത്തെ പുനരുദ്ധാരണ പരിപാടികൾക്കായി ഗവൺമെന്റ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന പറയുമ്പോൾ . അത് സന്തോഷത്തിന് വഴി മാറി.

ഇതു വായിക്കുമ്പോൾ നിന്നിലെ പ്രകൃതി സ്നേഹി ഉണർന്നു കാണും സ്വന്തം ആവാസ വ്യവസ്ഥയിൽ ജീവിക്കേണ്ട ജീവികളെ കൂട്ടിലടക്കുകയാണോ വേണ്ടത് ? ശരിയാണ് നീ പറയുന്നതിൽ തന്നെ കാര്യം

അദ്ദേഹത്തെ സാകൂതം കേട്ട ഞങ്ങളെ മുതലക്കുളത്തിന്റെ വടക്കു ഭാഗത്തുള്ള നടപ്പാതയിലൂടെ പുഴയോരത്തേക്ക് നയിച്ചു.

ഇരുകരകളിലുമായി വ്യാപിച്ചു നിൽക്കുന്ന ഇടതൂർന്ന ഇലപച്ചയുടെ പ്രതിഛായ ഞൊറിഞ്ഞുടുത്ത് കുറ്റ്യാടി പുഴ മന്ദമായി ഒഴുകുന്നു. വിശാലമായ കാൻവാസിൽ വരച്ച പ്രകൃതി രമണീയതയുടെ നേർ കാഴ്ച ഞങ്ങളിൽ ആനന്ദത്തിന്റെ തോരാ മഴയായ് . പുഴയിലെ ഓളങ്ങള്‍ക്കൊപ്പം ഒഴുകി മനസ്സും പ്രകൃതിയില്‍ ലയിച്ചു എന്നൊക്കെ സാഹിത്യ ഭാഷയിൽ പറയാറില്ലേ. അതു തന്നെ

കാലവും കഥയും മാറി, ജീവിതപ്പാതയുടെ ദൂരം ഒത്തിരി അളന്നു തീർത്തെങ്കിലും, മനസ്സിൽ മായതെ നിധിയായി കാത്തു സൂക്ഷിക്കുന്ന സ്കൂൾ കാലത്തെ കുഞ്ഞു കുറുമ്പുകളും പിടിവാശികളും നുള്ളി യെടുത്ത് , പുഴക്കരയിലെ കോൺക്രീറ്റ് ബെഞ്ചുകളിൽ ഇരുന്ന് ഓർമ്മകളുടെ ഹരിത വസന്തം തീർത്തു.
ഞങ്ങളെ തലോടി പുഴയുടെ അക്കരയേക്കും ഇക്കരയേക്കും സവാരി നടത്തുന്ന കിന്നരി കാറ്റ് ഞങ്ങൾ പങ്കു വെച്ച കഥകളും സ്വപ്നങ്ങളും കവർന്നു ചൂളമടിച്ച് പറ ക്കുന്നുണ്ടായിരുന്നു

ശാന്തമായി ഭയരഹിതയായി ഒഴികിയ പുഴ പകർന്നു നൽകിയ വിസ്മയ കാഴ്ചകൾ അനശ്വരമാക്കാൻ ഞങ്ങൾ അവയെ മൊബൈൽ ക്യാമറയിൽ പകർത്തി. ഒരു കാര്യം കൂടെ പറയട്ടെ
പുഴ നിന്നെ പോലെ സുന്ദരിയായിരുന്നു

പുഴയിലേക്കിറങ്ങി മനസ്സിനെ കുളിർപ്പിച്ചും പുഴക്കരയിലിരുന്നു നേർത്ത ചതുര കല്ലുകൾ പെറുക്കി പുഴയിൽ എറിയുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങളെ നോക്കി രസിച്ചും ഞങ്ങളാ നഷ്ടകാലം തിരിച്ചെടുത്തു. കാലചക്രം ഒന്നു പിന്നോട്ട് തിരിഞ്ഞെങ്കിൽ എന്ന് വെറുതേ ആശിച്ചു പോയീ

കുറ്റ്യാടി പുഴ തീർത്ത ദൃശ്യചാരുതയിൽ അലിഞ്ഞ് ഒറ്റക്കിരുന്ന് സ്വപ്നം കാണാനും പ്രണയിക്കാനും നിന്നോടൊപ്പം ഇവിടെ വരണമെന്ന് ഞാൻ ആശിച്ചുപോയി. എല്ലാ ആശകളും സഫലീകരിക്കപ്പെടും മെന്ന് നിർബന്ധമില്ലാലോ എന്നാലും ഞാൻ വെറുതെ ആശിച്ചോട്ടെ

പുഴയോടൊപ്പം ചെലവഴിച്ച നേരങ്ങൾ
പുഴയോട് ഒപ്പമിരിന്ന് പറഞ്ഞ കഥകൾ
പുഴയോരത്ത് തൊഴിച്ചിട്ട ബാല്യകാല പൂമരത്തിലെ ഓർമ്മ പൂക്കൾ ഇവയെല്ലാം മനസ്സിന്റെ ആമാടപ്പെട്ടിയിൽ ഒതുക്കി ഞങ്ങൾ പെരുവണ്ണാമൂഴിയോട് വിട പറഞ്ഞു

കാറിലിരുന്ന് ഞൊടിയിടെ ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനം തീരുമാനിച്ചു. കരിയാത്തൻ പാറ . മലബാറിലെ തേക്കടിയാണ് കരിയാത്തൻ പാറ
കക്കയം ഡാമിലേക്കുള്ള വഴിയിലാണ് കരിയാത്തൻ പാറ, സമയം അനുവദിക്കുകയാണെങ്കിൽ അവിടേക്കും പോകാൻ തീരുമാനിച്ചു.

മൊബൈലിൽ നിന്ന് ഗൂഗിൽ മുത്തശ്ശി ഉണർന്നു. ഞങ്ങൾക്ക് അങ്ങോട്ടുള്ള വഴി ഉച്ചത്തിൽ പറഞ്ഞു തുടങ്ങിയിരുന്നു.

നീണ്ട പ്രവാസ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും അനുഭവിച്ചറിഞ്ഞ പ്രിയ കൂട്ടുകാരൻ അതിലെ മധുരവും കയ്പും ഓർത്തെടുത്തു. കോവിഡിന്റെ താണ്ഡവത്തിനു മുമ്പിൽ അവസാന നിമിഷം കീഴടങ്ങേണ്ടി വന്ന അച്ഛന്റെ ഓർമ്മകളും അപ്രതീക്ഷിതമായ വരവും അവന്റെ കമ്പിനിയുടെ ദയാപൂർവ്വമായ ഇടപെടലുകളും പങ്കു വെച്ചു.
അവൻ പറയുന്ന ഓരോ കഥകളും, നാട്ടിലുള്ളവരുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ സ്വന്തം ജീവിതം സങ്കട കടലിൽ ആഴ്ത്തുന്ന ഏതൊരു പ്രവാസിയുടേയും ത്യാഗത്തിന്റെ കഥയാണ്.

തേൻ മിഠായിയുടെയും അരി നുറുക്കിന്റെയും പേക്കറ്റ് ആരോ പൊളിച്ചപ്പോഴാണ്, തിരക്കിനിടയിൽ മറന്നു പോയ വയർ "എന്നെ മറന്നു പോയോ?" എന്ന് ചോദിച്ചു കൊണ്ട് വയറ്റിൽ രാസാഗ്നി ആളി കത്തിച്ച് വിശപ്പിന്റെ കൊലവിളി തുടങ്ങിയത് അപ്പോഴേക്കും ഞങ്ങൾ തോണിക്കടവിനരികിൽ എത്തിയിരുന്നു.

പുഴയോരം തട്ടി നിൽക്കുന്ന മനോഹരമായ പച്ച തുരുത്തുകളിലേക്ക് കാഴ്ച തരുന്ന റോഡരികിൽ വണ്ടി പാർക്കു ചെയ്തിറങ്ങി .
നാടൻ രുചിയുടെ സാമ്രാട്ട് എന്നറിയപ്പെടുന്ന പേരാമ്പ്ര കോരൻസ് ഹോട്ടലിൽ നിന്ന വാങ്ങിച്ചു വെച്ച പൊറോട്ടയും പത്തിരിയും നല്ല ചെറുപറയർ കറിയും കൂട്ടി വയറു നിറച്ച് കഴിച്ചു.
പ്ലേറ്റുകൾ മതിലിനു മുകളിൽ വെച്ച് ചുറ്റും നിന്ന് നുറുങ്ങ് തമാശകൾ പറഞ്ഞ് ഭക്ഷണം കഴിച്ചപ്പോൾ ഓർമ്മകളുടെ തണൽ മരചോട്ടിൽ, അന്ന് കുഞ്ഞിക്കൈ നിറയെ കൊള്ളാവുന്ന വലുപ്പത്തില്‍ കിട്ടിയിരുന്ന ഗോതമ്പ് റവ കാന്താരി മുളകും കൂട്ടി , കുഴി നിറഞ്ഞ മരബഞ്ചിൻ മേൽ മുഖത്തോട് മുഖം നോക്കിയിരുന്നു കഴിച്ചാ കാലത്തിന്റെ സൗഗന്ധം ഒന്നു കൂടെ അറിഞ്ഞു.

നിനക്ക് ഗോതമ്പ് റവുടെ ഉപ്പ്മാവും ചോളത്തിന്റെ മഞ്ഞപ്പൊടിയും സ്കൂളിൽ നിന്ന് രുചിച്ചത് ഓർമ്മയുണ്ടോ ? കാണില്ല അപ്പോഴേക്കും സ്കൂളിൽ ഉച്ചകഞ്ഞിയും ചെറു പയറും ആയില്ലേ ? അന്നത്തെ ഗോതമ്പ് റവയുടെ രുചി ഹോ രുചി മുകളങ്ങളിൽ അതിന്റെ ശേഷിപ്പുകൾ ഇന്നും ഉണ്ട് .

ഭക്ഷണത്തിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു. കഴിഞ്ഞാഴ്ച പെയ്ത കനത്ത മഴ കാരണം കരിയാത്തൻ പാറയിലേക്കുള്ള സന്ദർശനം താത്ക്കാലികമായി നിർത്തി വെച്ചന്നറിഞ്ഞപ്പോൾ , നിരാശയുടെ നേർത്ത കരിനിഴൽ ഞങ്ങളിൽ പതിഞ്ഞു .
നിന്റെ മുഖത്ത് പുഞ്ചിരിയുടെ നിഴൽപ്പാടുകൾ എനിക്ക് കാണാം :

മരതക പട്ടണിഞ്ഞ പുൽത്തകടികളെ തട്ടി തലോടി കളകളാരവം പൊഴിക്കുന്ന നീല ജലാശയവും കാറ്റാടി മരങ്ങളെ ചുംബിച്ച് ചൂളം വിളിച്ചെത്തുന്ന കുളിർകാറ്റും ആരോ കൊത്തിവെച്ചത് പോലെയുള്ള മനോഹരമായ ഉരുളൻ പാറകളും വിസ്മയ കാഴ്ചയൊരുക്കുന്ന കരിയാത്തൻ പാറയെ കുറിച്ച് മുമ്പ് അവിടെ പോയ കൂട്ടുകാരന്റെ വിശദീകരണം ഞങ്ങളുടെ നിരാശയെ ഒന്നൂടെ ആളി കത്തിച്ചെങ്കിലും അടുത്ത പ്രാവിശ്യം അവിടെ എന്തായാലും പോകണം എന്ന തീരുമാനത്തിൽ താത്ക്കാലിക ആശ്വാസം കണ്ടെത്തി.

കാർ സ്റ്റീരിയോ വിൽ നിന്ന് ഒഴുകി വരുന്ന "മധുരിക്കും ഓർമ്മകളേ മലർ മഞ്ചൽ കൊണ്ടു വരൂ ......" എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഗൂഗിൽ മുത്തശ്ശി കക്കയം ഡാമിലേക്കുള്ള വഴി പറഞ്ഞു തുടങ്ങിയിരുന്നു.

ഇടയ്ക്കിടെ ചോർന്നു വീഴുന്ന മഴ മണികളെ ചേർത്ത് നിർത്തി മന്ദഹസിച്ചത്തുന്ന ഇളം കാറ്റിനൊപ്പം കാടിന്റെ നേർത്ത നിശ്വാസത്തിന്റെ ഈണം ആസ്വദിച്ച് വണ്ടി കക്കയം ചുരം കയറി തുടങ്ങി.

ആകാശത്തെ ഞങ്ങളിൽ നിന്നു മറക്കുന്ന ഇടതൂർന്ന ഇലച്ചാർത്ത് പച്ചമേലാപ്പിട്ട കാടിന്റെ ദൃശ്യഭംഗി ആവോളം നുകർന്നും മലനിരകളുടെ വശ്യ സൗന്ദര്യം ആസ്വദിച്ചു പതുക്കെ നീങ്ങിയ ഞങ്ങളെ പിന്നിലാക്കി ബൈക്കും കാറുകളും കടുന്നു പോകുന്നുണ്ടായിരുന്നു. ജൈവ വൈവിധ്യത്തിന്റെ കേദാരമാണ് കക്കയം കാട് . അപൂർവ്വമായ സസ്യങ്ങളും പക്ഷി മൃഗാദികളുടെയും വാസ സ്ഥലമാണിത്. ഇവിടെ മാത്രം കണ്ടു വരുന്ന പ്രത്യേകയിനം മലയണ്ണാനെ ഒന്നു നേരിട്ടു കാണാൻ കൊതിച്ചെങ്കിലും ഫലം നാസ്തി .

ബൈക്കിലെത്തുന്ന സഞ്ചാരികൾ കമിതാക്കളാണോ ദമ്പതികളാണോ എന്ന് തിരിച്ചറിയാനുള്ള പൊടികൈകൾ കൂട്ടുകാരിലാരോ വിവരിച്ചത് ഞങ്ങളിൽ അടക്കം പിടിച്ച ചിരിയോടൊപ്പം കൗതകവുമുണർത്തി.

നമ്മൾ രണ്ട് പേരും ബൈക്കിൽ പോയാൽ ഇവർ എങ്ങിനെയായിരിക്കും നമ്മളെ കാണുക ? സ്വപനത്തിലാണെങ്കിൽ പോലും : .

അപ്പോഴേക്കും റോഡരികിൽ സ്ഥാപിച്ച വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിനരികിലെത്തിയിരുന്നു. രാജേഷ് കാറിൽ നിന്നിറങ്ങി പാസ്സ് എടുത്തു. മുതിർന്നവർക്ക് 40 രൂപയാണ് ടിക്കറ്റ് . ടിക്കറ്റിനോടൊപ്പം ഫ്രീയായി ഒരു ഉപദേശവും " റോഡ് വളരെ മോശമാണ്. ശ്രദ്ധിച്ചു പോകണം ചില സ്ഥലങ്ങളിൽ റോഡ് പൂർണ്ണമായും തകർന്നിട്ടുണ്ട് " .

മലകളുടെ ഓരം പറ്റി വളഞ്ഞു പുളഞ്ഞു പോകുന്ന . ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ശ്രമകരമായിരിന്നെങ്കിലും കാറിനുള്ളിലെ സഹയാത്രികർ തന്ന ഊർജ്ജം ഡ്രൈവിംഗ് അനായാസമാക്കി.
ഇടുങ്ങിയതോടൊപ്പം കൂനിൽ മേൽ കുരു എന്നു പറഞ്ഞതു പോലെ ടാർ പൊട്ടിപ്പൊളിഞ്ഞ് കുഴിയായ ഭാഗത്തുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ രാജേഷിന് പലപ്പോഴും കാറിൽ നിന്ന് ഇറങ്ങേണ്ടി വന്നു.

കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ കണ്ടും കുഴിയും നിറഞ്ഞതാവണം എന്നാലേ കാടിന്റെ ഒരോ സ്പന്ദനവും അറിഞ്ഞ് അനുഭവിച്ച് യാത്ര ചെയ്യാനാവൂ . ഇതല്ലേ ഇതു വായിക്കുമ്പോൾ നീ മനസ്സിൽ പറയുന്നുണ്ടാവുക

മലമുകളിലെ ഉറവകളില്‍ നിന്ന് ഒഴുകിയറങ്ങി വരുന്ന നീർച്ചാലുകൾ കൊച്ചു വെള്ളച്ചാട്ടങ്ങളായി താഴേക്ക് പതിക്കുന്ന കാഴ്ചയും കക്കയം മലനിരകൾക്ക് താഴെയുള്ള സുന്ദരമായ ഭൂഭാഗങ്ങടെ ദൂരകാഴ്ചയും
യാത്രാ വൈഷമ്യം അകറ്റി മനസ്സിൽ സന്തോഷത്തിന്റെ നീരുറവ ഉതിർത്തു.
നീ എപ്പോഴെങ്കിലും ഇങ്ങോട്ടു വരികയാണെങ്കിൽ ഈ നീർച്ചാലുകളുടെ സ്നേഹ തലോടലുകൾക്ക് നിന്ന് കൊടുക്കണം കേട്ടോ ..

കക്കയത്തിലേക്കാള്ളു ഓരോ വഴിക്കാഴ്ചകളും തൊട്ടറിഞ്ഞ്. നെഞ്ചേറ്റി മലമുകളിലുള്ള ഡാം സൈറ്റിൽ ഞങ്ങൾ എത്തി.

പെരുവണ്ണാമൂഴിയിലേക്ക് വെള്ളം എത്തുന്നത് കക്കയം അണക്കെട്ടിൽ നിന്നാണെന്നും ഇവിടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നതും രാജേഷ് ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു

പച്ചയും നീലയും വർണ്ണങ്ങൾ ചാലിച്ച കക്കയം ഡാമിലെ ഓളപ്പരപ്പിലൂടെ ഒരു ബോട്ട് യാത്ര മനസ്സ് ആഗ്രഹിച്ചെങ്കിലും ഏറെ സുന്ദരമാകുമായിരുന്ന യാത്ര നുഭവത്തിന്റെ ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല. സങ്കേതിക കാരണത്താൽ അന്ന് ബോട്ട് യാത്ര നിർത്തി വെച്ചിരിക്കുകയായിരുന്നു.
നീ ഇപ്പോഴും ആശ്വസിച്ചു കാണും പക്ഷേ ഞാൻ നിന്നോടൊപ്പം സ്പീഡ് ബോട്ടിൽ, ഒരിക്കലും ഒന്നാവാൻ ആകില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആകാശവും പുഴയും പരസ്പരം തീവ്രമായി പ്രണയിച്ചു മുട്ടി നിൽക്കുന്ന
തീരത്തേക്ക് ഞാനൊരു സ്വപ്ന സഞ്ചാരം നടത്തി , കൂട്ടുകാരാൻ പിന്നിൽ തട്ടി വിളിക്കുന്നത് വരെ ഡാമിന്റെ വടക്കുക്കുഭാഗത്തുള്ള കാട്ടിലൂടെയുള്ള റോഡിൽ നടന്നു വേണം ഉരക്കുഴി വെള്ളച്ചാട്ടത്തിനരികെയെത്താൻ.

ഉരക്കുഴി എന്ന കേട്ടപ്പോൾ , വാമൊഴികളായും പത്ര താളുകളിലൂടെയും . മനസ്സിൽ കടന്നു കൂടിയ പി.രാജൻ എന്ന എൻജിനീയറിംഗ് വിദ്യാർത്ഥിയും മകൻ നഷ്ടപ്പെട്ട ഈച്ചരവാര്യർ അനുഭവിച്ച നൊമ്പരപ്പെരുമഴയും ഓർമ്മപ്പെടുത്തലുകളായി മനസ്സിലൂടെ കടന്നുപോയി
ഇന്നും ഇവിടുത്തെ കാടിനും കാട്ടാറിനും കിളികൾക്കും കാറ്റിനും മാത്രമറിയാവുന്ന ചോര ചാറിയ ആ കറുത്ത ദിനത്തിന്റെ രഹസ്യമായിരിക്കുമോ ഗായകനായിരുന്ന രാജന്റെ പാട്ടുകേട്ട് കിളികളും കാട്ടുചോലകളും കാറ്റും മൂളുന്നത്?

വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് നിന്നുകൊണ്ട് . പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഉരലിന്റേതു പോലുള്ള നിരവധി കുഴികളിലേക്ക് പതിക്കുന്നത് കാണാം എന്നുള്ളത് ഈ വെള്ളച്ചാട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്

ഇടതൂർന്ന മരങ്ങൾ കെട്ടി പൊക്കിയ പച്ചമതിലുകളിലിടിച്ച് തെന്നിയോടുന്ന വായാടി കാറ്റിന്റെ തലോടൽ ഏറ്റും ശുദ്ധ വായു ആവോണം ശ്വസിച്ചും മനസ്സും ശരീരവും ശുദ്ധമാക്കി ഞങ്ങൾ റോഡിലൂടെ കിന്നാരം ചൊല്ലി നടന്നു ദൂരത്തിന്റെയും സമയത്തിന്റെയും കണക്കറിയാതെ വെള്ളച്ചാട്ടത്തിനടുത്തുള്ള ചെക്ക് പോസ്റ്റിൽ ഞങ്ങളെത്തി.
വെള്ളച്ചാട്ടത്തിനടുത്തെത്തേണ്ട കാനനപാതയിൽ കാലെടുത്തു വെച്ചപ്പോഴാണ് അട്ടകളുടെ കടിയേറ്റ്
രക്തമൊലിപ്പിച്ച് തിരിച്ചു വരുന്ന യാത്രികരെ കണ്ടത്. അപ്പോഴേക്കും പിന്നിൽ നിന്ന കൂട്ടുകാരന്റെ അലർച്ചയും കേട്ടു. കാലിലൂടെ ഇഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഭീകരനായ അട്ടയെ സാനിറ്റൈസർ ഉപയോഗിച്ച് പരലോകത്ത് തിരിച്ചയച്ചു.
യുറേക്കാ... യൂറേക്കാ... സാനിറ്റെസർ അട്ടക്കെതിരെ ഫലപ്രദമായ ഒരു മരുന്നാണെന്നു കണ്ടുപിടിച്ച രാജേഷ് ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നീട് അട്ടയുടെ ആക്രമണത്തിന് ഇരയായ പലരേയും സാനിറ്റൈസർ പ്രയോഗിച്ച് രാജേഷ് രക്ഷപ്പെടുത്തി.

അട്ടകൾക്ക് സൗജന്യമായി രക്തം ദാനം ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തിയ ഞങ്ങൾ വെള്ളച്ചാട്ടത്തിനരികെ പോകാതെ ചെക്ക് പോസ്റ്റിൽ നിന്ന് മടങ്ങി.

കക്കയം ചുരം ഇറങ്ങുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന കാട്ടു പാതയിലൂടെ താഴേക്കിറങ്ങുമ്പോള്‍ പെയ്തൊഴിയാതെ മാറി നിന്ന മഴമേഘങ്ങളോട് ഞങ്ങൾ നന്ദി പറഞ്ഞു തുലാമാസത്തിലെ മേഘഗര്‍ജ്ജനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മിന്നല്‍ പിണരുകളെയും മാറ്റി വെച്ചതിൽ സന്തോഷവും അറിയിച്ചു. കാടിന്റെ ഗഹനതയില്‍ നിന്ന് ചാഞ്ചാടി വന്ന കാറ്റ് വീണ്ടും വരണേ എന്ന് ചൊല്ലി പറഞ്ഞു

ചുരം കയറുമ്പോൾ ആരും അറിയാതെ നോട്ടമിട്ടുവെച്ചിരുന്ന പേരറിയാത്ത ഇളം വയലറ്റ നിറമുള്ള കാട്ടു പൂക്കളെ പറിക്കാൻ കാറ് നിർത്താൻ കൂട്ടുകാരിൽ ചിലർ ആവിശ്യപെട്ടെങ്കിലും ഗതാഗത കുരുക്ക് അവരെ നിരാശപ്പെടുത്തേണ്ടി വന്നു.
കാട്ടിൽ ആരുടെയും പരിചരണം ഇല്ലാതെ തനിയെ വളരുന്ന പൂക്കളെ ദത്തെടുത്ത് പരിപാലിച്ച് വളർത്തുനാള്ള കൂട്ടുകാരുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കാത്തതിൽ നിനക്കും എന്നോട് ഈർഷ്യ മുണ്ടേ ?
കാട്ടിൽ വസിക്കുന്നു വരെയും കാട്ടുജീവികളെയും കാട്ടുപൂക്കളെയും അവർ ഇഷ്ടപ്പെടുന്ന അവർ സ്നേഹിക്കുന്ന വന്യമായ പ്രകൃതിയിൽ ജീവിക്കാൻ അനുവദിക്കലല്ലേ നല്ലത്

കഥകൾ പറഞ്ഞും പരസ്പരം കളിയാക്കിയും സന്തോഷ ചിറകേറി പറന്നു കണ്ട വിസ്മയ കാഴ്ചകളുടെ അനുഭൂതിയിൽ ആനന്ദമണി കിലുക്കി ഒരു ചിരി വണ്ടിയായ് ഞങ്ങൾ കക്കയം ചുരമിറങ്ങി. കക്കയത്തിൽ നിന്ന് അകലുമ്പോഴും പ്രകൃതിയൊരുക്കിയ മുഗ്ദ സൗന്ദര്യം മിഴികളിൽ നിറഞ്ഞു നിന്നിരുന്നു
നീ എന്നിൽ നിത്യ വസന്തമായ് പൂത്തുലുഞ്ഞു നിൽക്കുന്നത് പോലെ

സൗഹൃദത്തിന്റെ അനന്തമായ ആകാശത്ത് മഴവില്ലിന്റെ ഏഴു നിറങ്ങളായി എന്നും പ്രശോഭിക്കാനും ..... യാത്രയിലൂടെ ഹൃദയത്തിൽ നന്മയുടെ പുതുമാരി വർഷിക്കാനും ......
ഈ യാത്ര അടുത്തു തന്നെ പോകാനുള്ള യാത്രയുടെ മുന്നൊരുക്കമാണെന്ന് മനസ്സിനെ സമാശ്വസിപ്പിച്ചു കൊണ്ടും ഞങ്ങൾ തിരിച്ചു ...
സൗഹൃദത്തിന്റെ നിലാച്ചോലയിൽ നീരാടി വന്ന യാത്രയോളം പ്രിയമാണ് പ്രണയ ചിത്രങ്ങളിലെ നായികാ നായകൻമാരെ പോലെ നീലാഞ്ജനം പൊതിഞ്ഞ കുടക്കീഴിൽ മഴ നനഞ്ഞ് കുളിരിനെ പുതച്ച് മാരിവിൽ ചിതറിയ താഴ്വാരങ്ങളിലൂടെയുള്ള, എന്റെ അല്ല നമ്മുടെ സ്വപ്ന യാത്ര

കാത്തിരിക്കാം ഈ ജന്‌മം മുഴുവനും താഴ്വാരങ്ങളുടെ ഓരോ സ്പന്ദനങ്ങളും തൊട്ടറിഞ്ഞ് ഹൃദയത്തിലേറ്റാൻ നമ്മൊളൊരിമിച്ച പോകുന്ന ആ ദിനത്തിനായി
സ്വന്തം
ശ്യാം

സജീത്ത് കുമാർ എൻ
വസന്തം പയ്യോളി

 

 

 


..

 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ