(Dr.K.Vinod Kumar)
ഹിമാലയത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രമാണ് തുംഗനാഥ്. മഹാഭാരത യുദ്ധം കഴിഞ്ഞ് പശ്ചാത്തപ വിവശരായ പാണ്ഡവർക്ക് നന്തിയുടെ രൂപത്തിൽ പരമശിവൻ ദര്ശനം നൽകിയ പഞ്ചകേദാരങ്ങളിൽ ഒന്ന്. പാണ്ഡവർ നിർമ്മിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് അയ്യായിരം വര്ഷത്തിനുമേൽ പഴക്കമുണ്ടത്രേ!.
അഞ്ഞൂറ് അടി ഉയരത്തിലുള്ള തുംഗനാഥിലേക്കുള്ള യാത്ര രുദ്രപ്രയാഗിലെ ചോപ്ട ഗ്രാമത്തിൽ നിന്ന് തുടങ്ങുന്നു. "മിനി സ്വിറ്റ്സർലൻഡ്" എന്നാണ് ശ്രീമതി ഇന്ദിരാഗാന്ധി ചോപ്റ്റയെ വിളിച്ചത്. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ഭൂവിഭാഗങ്ങളിലൊന്നാണിത്. കരിങ്കല്ലു വിരിച്ച വഴിയിലൂടെ നാലര കിലോമീറ്റര് ആയാസരഹിതമായ കയറ്റം. ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം! മിക്ക നേരവും മഞ്ഞുപുതച്ചിരിപ്പാണ് തുംഗനാഥൻ. ആകാശത്തുനിന്നാരോ ചുരുൾ നിവർത്തി താഴേക്കിട്ട ഒരു ചവിട്ടുപായയിലൂടെ നമ്മൾ മേഘങ്ങൾക്കിടയിലേക്കങ്ങനെ കയറിപ്പോകുന്നതുപോലൊലെ തോന്നും! മലമടക്കിനു മീതെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രം കാണാൻ നല്ല ഭംഗിയാണ്. ശരിക്കും കരിങ്കല്ലിലെഴുതിയ കവിത! ഒന്നര കിലോമീറ്റര് കൂടെ കയറിയാൽ ചന്ദ്രശില കൊടുമുടിക്കു മുകളിലെത്താം, മഞ്ഞണിഞ്ഞ ഹിമാലയത്തിന്റെ ഗാംഭീര്യം മതിവരുവോളും നുകരാം.
ക്ഷേത്രത്തിലേക്കു പോകുന്നവർക്കായി ഉത്തരാഖണ്ഡിന്റെ പ്രത്യേകതയായ "സിംഗോരി" മധുരപലഹാരവും അതിലേറെ മധുരമുള്ള പുഞ്ചിരിയുമായി രണ്ടുപേർ കാത്തുനിൽക്കുന്നുണ്ടാവും! ഒരേപോലുള്ള രണ്ടു വൃദ്ധ സഹോദരികൾ! കോപ്പി-പേസ്റ്റ് പുഞ്ചിരിയാണ് രണ്ടു മുഖത്തും!