(Vysakh M)
അതിരപ്പിള്ളി പോകാറുണ്ടോ? ശരവേഗത്തിൽ ഒരൊറ്റ പോക്കും, ക്ഷീണിച്ചുള്ള തിരിച്ചു വരവുമായിരുന്നോ? എങ്കിൽ ഇനി പോകുമ്പോൾ പതിയെ പോകണം. കണ്ണ് തുറന്നിരിക്കണം. കാതു കൂർപ്പിച്ചു വെക്കണം. എങ്കിൽ, പാല് പോലെ നുരയുന്ന, സിനിമാക്കാരുടെ പ്രിയപ്പെട്ട, അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ, കൊതിപ്പിക്കും ആ വളഞ്ഞു പുളഞ്ഞ പാതയും. അധികം തിരക്കില്ലാത്ത ദിവസങ്ങളിൽ (തിങ്കളാഴ്ച പ്രത്യേകിച്ചും) ആരെയും കൂട്ടാതെ ഒരു ഇരുചക്രവാഹനത്തിൽ പ്ലെയിൻ കണ്ണടയും, ഓപ്പൺ ഹെൽമെറ്റും വെച്ച് പതിയെ പോയി നോക്കൂ.
ഇടതൂർന്ന മരങ്ങൾ കൊണ്ട് പന്തൽ തീർത്ത കുളിർപാതകൾ. ഇടക്കൊന്ന് ഇടം വലം നോക്കിക്കോളൂ (ഇടയ്ക്കു മതി. വല്ല വണ്ടിക്കടിയിലും പോവരുത്). എണ്ണപ്പന തോട്ടങ്ങൾ മാത്രമല്ല, അവയ്ക്കു പശ്ചാത്തലമായി ഒരു 3D സീനറി പോലെ പുഴയും കാണാം. മനസ്സറിഞ്ഞു നോക്കിയാൽ അതൊരു രസം തന്നെയാണ്. മറുഭാഗത്തും ഉണ്ട് ചില അന്തസ്സോക്കെ. റോഡിനോട് ചേർന്ന് കിടക്കുന്ന കാട്ടുവഴി 'ഒന്ന് വന്നു കേറീട്ടു പോടെ' എന്ന് പറഞ്ഞു പ്രലോഭിപ്പിക്കും. ഇടക്കൊക്കെ 'ഇവിടെ മൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുണ്ടെന്ന്' പറഞ്ഞു ഫോറെസ്റ് ഡിപ്പാർട്മെന്റ് പേടിപ്പിക്കും. ഇടതൂർന്ന മരങ്ങൾ വരുമ്പോൾ ആ പേടി യാഥാർഥ്യമാകുമോ എന്നുള്ള ഭയം യാത്രക്ക് രസം കൂട്ടും.
പറഞ്ഞു തീർന്നില്ലെന്നറിയാലോ... സുന്ദരിയായ തുമ്പൂർമുഴി, നല്ല കൃഷിയിടങ്ങൾ, ഫാം ഹൗസ് പോലത്തെ സെറ്റപ്പുകൾ, ചിലപ്പോഴൊക്കെ മഞ്ഞു മൂടിക്കിടക്കുന്ന മലകൾ... ഇതെല്ലാം ഉണ്ട് കൊന്നക്കുഴി, വെറ്റിലപ്പാറയൊക്കെ കടന്നുപോകുന്ന ആ വഴിയിൽ. ഒന്ന് വേഗം കുറച്ചാൽ... ഒന്നുറച്ചു ശ്വാസമെടുത്താൽ... ആ വഴി നമ്മളെ കൊണ്ടുപോകുക അതിരപ്പിള്ളിയിലേക്കു മാത്രമല്ല... സകല ജാതി പക്ഷി മൃഗാദികളും സംഗീതം പൊഴിക്കുന്ന പ്രകൃതിയുടെ പറുദീസയിലേക്കു കൂടിയായിരിക്കും.