"അമ്മേ ഞാൻ ഫ്രണ്ട്‌സ് കൂടെ ട്രിപ്പ് പൊക്കോട്ടെ?"
"വേണ്ട.."
"പോയിട്ട് പെട്ടന്ന് വരും എല്ലാരും ഉണ്ട്.. ഞങ്ങൾ സേഫ് ആയി തിരിച്ചു വരും..പ്ലീസ്.. "
"വേണ്ട.. എന്തൊക്കെ പറഞ്ഞാലും വേണ്ട.. പോയാൽ തിരിച്ചു വരുമ്പോ നീ എന്നെ കാണില്ല.."
"നിന്റെ കാര്യം കഷ്ടം തന്നെ.
ഒരിത്തിരി ലേറ്റ് ആയാൽ വരും തുരുതുരാ ഫോൺ കാൾസ്.. നിന്റെ അമ്മക്ക് വേറെ പണിയൊന്നുല്ലേ.."
"അമ്മക്ക് എന്നെ ജീവനാ.അതോണ്ടാ.. പേടിയാ എപ്പോഴും.."
"എന്തിനു.. നീ ചാടിപ്പോവ്വോന്നോ..."
"അത് ശെരിയായിരിക്കും.. ഇവളെ വിശ്വാസമില്ലാരിക്കും.."
"എന്താ ആലോചിച്ചു ഇരിക്കണേ.. പോണില്ലേ. ഒരുപാട് ലേറ്റ് ആയല്ലോ.."
ലേഖ ചേച്ചിയുടെ ചോദ്യം കേട്ടപ്പോളാണ് സ്‌ക്രീനിൽ സമയം നോക്കിയത്... 7.15..
" നൈറ്റ് ഷിഫ്റ്റ് കാർ എത്താറായല്ലോ. നീ ഇന്ന് ഡബിൾ ഷിഫ്റ്റ് ചെയ്യാനുള്ള പ്ലാൻ ആണോ. ഞാൻ ഇറങ്ങുവാ.."
"അല്ല ചേച്ചി, കുറച്ചു ജോലി ഉണ്ടാർന്നു. സമയം പോയതറിഞ്ഞില്ല. ഒരു മിനിറ്റ്. ഞാൻ ദാ എത്തി.."
തിടുക്കത്തിൽ സിസ്റ്റം ഷട്ട് ഡൗൺ ചെയ്തു ബാഗെടുത്തിറങ്ങി.
"നീ ഇത്രയും ലേറ്റ് ആയാൽ രാകേഷ് ഒന്നും പറയില്ലേ.. " ലിഫ്റ്റിലേക്ക് കയറുന്നവഴി ചേച്ചി ചോദിച്ചു.
"ഏയ്.. അങ്ങനെ പ്രശ്നൊന്നും ഇല്ല. ജോലി തിരക്കൊക്കെ രാകേഷേട്ടന് മനസിലാവും. എനിക്ക് എല്ലാ ഫ്രീഡവും തന്നിട്ടുണ്ട്."
"നിന്റെ ഭാഗ്യം."
ഈ ഭാഗ്യം വന്നു ചേരുന്നതിനു മുൻപുള്ള നാളുകളിലേക്ക് മനസ്സ് തിരിഞ്ഞു നടന്നു.. ഞാനറിയാതെ തന്നെ..
"ഈ വീട്ടിൽ എനിക്കൊരു സ്വാതന്ത്ര്യം ഉണ്ടോ.. അമ്മക്ക് എന്നെ വിശ്വാസമില്ലേ.. എന്റെ പുറകെ ഇങ്ങനെ നടക്കലല്ലാതെ വേറെ ഒരു ജോലിം ഇല്ലേ.. നിങ്ങൾക്ക് എന്തോ മാനസിക രോഗമാണ്. എന്റെ നല്ല പ്രായത്തിൽ ഞാൻ അടിച്ചുപൊളിച്ചു നടക്കുന്നത് കണ്ടിട്ടുള്ള മുഴുത്ത വട്ട്.. അസൂയ."
അമ്മക്ക് എപ്പോഴും പേടിയാരുന്നു. പെട്ടന്ന് ഒരപകടത്തിൽ അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയപ്പോൾ മുതൽ അമ്മയുടെ മനസ്സിൽ വല്ലാത്തൊരു അരക്ഷിതാവസ്ഥ കൂടു കൂട്ടിയതാണ്. നിറമുള്ള എന്റെ കൗമാരത്തിളപ്പുകളുമായി പലപ്പോഴും അത് കൊമ്പ് കോർത്തു.ഒരൽപ്പം വൈകിയാൽ, ഇത്തിരി ദൂരേക്ക് പോയാൽ, പിന്നെ മനസ്സിൽ ആധിയാണ് തിരികെ വരും വരെ. സ്‌റ്റഡി ടൂർ പോവാൻ കാലു പിടിച്ചു കെഞ്ചിയിട്ടാ സമ്മതിച്ചേ.. ദിവസവും മൂന്നു നേരം വിളിക്കാമെന്ന നിബന്ധനയിന്മേൽ.. ഞങ്ങടെ കൂടെ വന്ന ടീച്ചേർസിനു പോലും അമ്മ സ്വസ്ഥത നൽകിയിട്ടില്ല.
അമ്മയുടെ ഇഷ്ടങ്ങൾക്കനുസരിച്ചാരുന്നു എന്റെ ജീവിതവും. ചോദ്യം ചെയ്താൽ എനിക്ക് നീ മാത്രെ ഉള്ളു എന്ന സെന്റി ഡയലോഗിൽ ഞാൻ വീണു പോവുമായിരുന്നു.
കോളേജ് കഴിഞ്ഞു ഫ്രണ്ട്‌സ് എല്ലാം കൂടെ കൊടൈക്കനാൽ ട്രിപ്പ് പോയപ്പോൾ എത്രയൊക്കെ പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല.. അങ്ങനെ ഒറ്റയ്ക്ക് പോവാൻ പ്രായമായിട്ടില്ലെന്നു പറഞ്ഞു വിലക്കി..
അന്ന് ഫ്രണ്ട്സിന്റെ ഓരോ കണ്ടുപിടുത്തങ്ങൾ കൂടിയായപ്പോൾ
അമ്മ എനിക്ക് ഒരു ശല്യമായി. എന്റെ സ്വാതന്ത്ര്യചിറകുകൾ അരിഞ്ഞു വീഴ്ത്തിയതിലുള്ള അമർഷം എന്റെ പെരുമാറ്റത്തിലും നിഴലിച്ചു തുടങ്ങി.പിജി ക്ക് അടുത്ത നല്ല കോളേജിൽ കിട്ടിയിട്ടും ബാംഗ്ലൂർ പോയി പഠിക്കാൻ വാശി പിടിച്ചു. പതിവ് സെന്റിമെൻസിനൊന്നും എന്റെ തീരുമാനം മാറ്റാൻ കഴിഞ്ഞില്ല. പഠിത്തവും ഇന്റേൺഷിപ്പുമൊക്കെയായി 4 വർഷത്തെ ബാംഗ്ലൂർ ജീവിതം.. സ്വാതന്ത്ര്യത്തിന്റെ നീലാകാശം.. മതി മറന്നു പോയി..
ഇടക്കെപ്പോഴോ അമ്മയും ആ മറവിയിൽ അലിഞ്ഞു പോയി. നാട്ടിലേക്കുള്ള വിളികൾ കുറഞ്ഞു, ഓരോ അവധിക്കും കള്ളങ്ങൾ പറഞ്ഞു കൂട്ടുകാർക്കൊപ്പം കൂടി. എവിടെയെക്കെയോ യാത്രകൾ പോയി. ഫോണിൽ ഒരുപാട് മിസ്സ്ഡ് കാൾസ് കാണുമാർന്നു.വല്യ പ്രാധാന്യം ഒന്നും കൊടുത്തില്ല. എപ്പോഴേലും തോന്നുമ്പോ വിളിക്കും. പരാതികൾക്ക് ചെവി കൊടുക്കാതെ വേഗം വെക്കും. രാകേഷേട്ടനെ ജീവിതത്തിലേക്കു വിളിക്കുമ്പോഴും അമ്മക്ക് വല്യ റോളൊന്നും കൊടുത്തില്ല. എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം എന്ന് മാത്രാണന്ന് മനസ്സിൽ മുഴങ്ങിയത്. അപ്പോഴേക്കും താൻ പുറന്തള്ളപ്പെട്ടെന്ന തിരിച്ചറിവ് വന്ന കൊണ്ടോ എന്തോ അമ്മ അഭിപ്രായം ഒന്നും പറഞ്ഞില്ല.
വിവാഹ ശേഷം ഹൈദരാബാദ് സെറ്റിൽ ആവനാ പ്ലാൻ ന്നു പറഞ്ഞപ്പോൾ അമ്മ നിർവികാരതയോടെ മൂളി.
തിരിച്ചു പോരാൻ ഇറങ്ങുമ്പോ അമ്മ പറഞ്ഞു. ഞാൻ കിച്ചൂന്റെ കൂടെ പോവാ. അവനും സീതേം അവിടെ ഒറ്റക്കല്ലേ. നീ ബാംഗ്ലൂർ ആയപ്പോ തൊട്ട് അവൻ വിളിക്കണതാ. നീ എന്നേലും ഇവിടെ വന്നു നില്ക്കുന്നു വെച്ച് ഞാൻ പോയില്ല. അച്ഛൻ ഉറങ്ങണ മണ്ണല്ലേ.. പോവാൻ തോന്നിയില്ല. നിന്റെ ആഗ്രഹങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഞാൻ എതിര് നിൽക്കണില്ല.മോള് എന്നെ ഓർത്തു ആധി പിടിക്കേം വേണ്ട. എവിടായാലും സന്തോഷായി ഇരിക്ക്.
"ചേച്ചി വീടെത്തി.. " ഓട്ടോ ഗേറ്റിനടുത്തു നിർത്തിയപ്പോഴാണ് പരിസരബോധമുണ്ടായത്. വാച്ചിൽ നോക്കി. സമയം 8.30. ഗേറ്റ് തുറന്നു കാളിങ് ബെല്ലടിച്ചു. ദേവകിയമ്മ വാതിൽ തുറന്നു.
"രാകേഷേട്ടനെവിടെ?"
"മുറിയിൽ ഫോൺ ചെയ്യുവാ. ഞാൻ മോൾക്ക് ചായ എടുക്കാം."
ദേവകിയമ്മ അടുക്കളയിലേക്കു പോയി.
റൂമിലേക്ക് കയറുമ്പോൾ തന്നെ കണ്ട രാകേഷേട്ടൻ പുഞ്ചിരിച്ചു, "എനിക്ക് അത്യാവശ്യമായി ഡൽഹിക്ക് പോണം. ക്ലയന്റ് മീറ്റിംഗ്. 9 മണിക്ക് ഓഫീസിന്നു കാർ വരും. 10.30 ക്കാ ഫ്ലൈറ്റ്. ലെറ്റ് മെ ഗെറ്റ് റെഡി." ബാത്രൂം ഡോറടച്ചു കൊണ്ടു പറഞ്ഞു.
ഇപ്പോൾ എന്റെ ജീവിതം ഇങ്ങനാണ്. എവിടെയാർന്നു, എന്ത് പറ്റി, ഭക്ഷണം കഴിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്ക് പകരം ഇന്നൊരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട്, ഞാൻ നാളെ ഉണ്ടാവില്ല, ക്ലൈൻറ്നെ റീസെയ്‌വ് ചെയ്യണം, നീ പൊക്കൊളു എന്നെ നോക്കണ്ട തുടങ്ങിയ പ്ലെയിൻ ഉത്തരങ്ങൾ മാത്രം.
രാകേഷേട്ടനെയും കൊണ്ടു കാർ ഗേറ്റ് കടന്നപ്പോൾ എനിക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് കിച്ചു മാമയുടെ വീട്ടിലേക്ക് മാറുമ്പോൾ അമ്മയും ഇതേ ശൂന്യത മനസ്സിൽ പേറിയിരുന്നോ..??
താൻ ഒഴിവാക്കുകയാണെന്നു മനസ്സിലാക്കിയപ്പോ മുതൽ അമ്മ സ്വയം പിന്മാറി തുടങ്ങി. പരാതികളും, പരിഭവങ്ങളും മനസ്സിലൊതുക്കി. എങ്കിലും ആ പഴേ ആധിയും സ്നേഹാന്വേഷണങ്ങളും എപ്പോഴും ഉണ്ടാരുന്നു.
മരണം കൊണ്ടു പോലും എന്റെ തിരക്കുകൾക്ക് ഭംഗം വരുത്തരുതെന്നു കരുതിയാവും വിവാഹ ശേഷം ഞങ്ങടെ ആദ്യ വെക്കേഷനായിരുന്നു അമ്മ പോയത്.ഫാന്റസിയുടെയും പ്രണയത്തിന്റെയും ആലസ്യങ്ങൾ വിട്ടൊഴിഞ്ഞു യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കണ്ടു തുടങ്ങിയ ആ കാലത്ത് ഞാൻ അമ്മയെ മിസ്സ് ചെയ്ത് തുടങ്ങിയിരുന്നു... ഞാനറിയാതെ തന്നെ.
അതോണ്ട് തന്നെ വെക്കേഷന് നാട്ടിൽ പോവാൻ വല്യ ഉത്സാഹമാരുന്നു. അച്ഛനുറങ്ങുന്ന, അമ്മയുടെ കരുതൽ ഉറക്കം കെടുത്തിയ ആ പഴേ വീട്ടിലേക്ക്.. ഒരിക്കൽ തട്ടിത്തെറിപ്പിച്ചു പോയത് മാറോടു ചേർക്കാൻ മനസ്സ് വെമ്പുകയായിരുന്നു.
പക്ഷെ ഞാനെത്തിയപ്പോളേക്കും ശൂന്യതയുടെ മരവിപ്പിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് അമ്മയും പറന്നിരുന്നു.
"മോളെ ചോറ് വിളമ്പി വെച്ചേക്കുന്നു.." ദേവകിയമ്മ എന്നെ ഓർമകളിൽ നിന്നുണർത്തി.
കഴിക്കാനിരുന്നപ്പോൾ എന്നെ നോക്കി ചോദിച്ചു,
" മോളെന്താ വൈകിയേ.."
പെട്ടന്നു കണ്ണ് നിറഞ്ഞു പോയി.. അവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
മുഖമുയർത്തി ഞാൻ അവരോട് പറഞ്ഞു.. "ഇനി ഞാൻ വൈകുമ്പോൾ ഒന്നു ഫോൺ വിളിച്ചു ചോദിക്കാമോ. ഇടക്ക് വിളിച്ചു ഭക്ഷണം കഴിച്ചോ ന്ന് അന്വേഷിക്കാമോ. എന്ത് വേണമെങ്കിലും തരാം."
അന്ധാളിച്ചു നിന്ന അവരുടെ കൈകളിൽ ഞാൻ അമർത്തി പിടിച്ചു. അമ്മയുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഒരു പിഞ്ചു കുഞ്ഞിനെ പോലെ.
അവരെന്നെ തലോടി പറഞ്ഞു, "അതിനെന്നാ കുഞ്ഞേ ഞാൻ വിളിക്കാല്ലോ.
ക്ഷീണിച്ചു വന്നതല്ലേ.. വേഗം കഴിക്ക്."
ബെഡ്‌റൂമിൽ ലാമിനേറ്റ് ചെയ്തു വച്ചിരുന്ന അമ്മേടെ ഫോട്ടോയിലേക്കു ഞാൻ പാളി നോക്കി. കുറ്റബോധം എന്റെ കണ്ണുകളെ താഴേക്കു വലിക്കുന്നുണ്ടാർന്നു.
"ഡി നീയെവിടാരുന്നു. വിളിച്ചിട്ട് എന്നാ എടുക്കാഞ്ഞേ.
വേണ്ട ബാംഗ്ലൂരെക്കൊന്നും പോവണ്ട. എനിക്ക് നിന്നെ എപ്പോഴും കാണണം
നീ എന്നാ ഇപ്പോ അമ്മേനെ വിളിക്കാത്തത്
ആരോഗ്യം നോക്കണം. സന്തോഷായി ഇരിക്ക്.. "
അവൾ പതിയെ ഫോൺ കോൺടാക്റ്റിൽ നിന്നും ദേവകിയമ്മയുടെ നമ്പർ എഡിറ്റ് ചെയ്ത് അമ്മ എന്നാക്കി.
വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി.
അമ്മേ ഈ സ്വാതന്ത്ര്യം എന്നെ കുത്തിനോവിക്കുന്നു. അമ്മയുടെ സ്നേഹത്തിന്റെ ബന്ധനം ഞാനിന്ന് വല്ലാണ്ട് ആശിക്കുന്നു.
ജീവിതം അങ്ങനെയാണ് പലപ്പോഴും..
ബന്ധനമെന്നു തോന്നിച്ചവ ചേർത്ത് പിടിക്കുന്ന കരുതലാണെന്നും, സ്വാതന്ത്ര്യമെന്നു വിശ്വസിച്ചത് സ്നേഹശൂന്യത ആണെന്നും മനസ്സിലാക്കാൻ വൈകി.. തിരിച്ചറിഞ്ഞപ്പോൾ, തിരുത്താനാവാത്തവിധം തിരിച്ചു നടക്കാനാവാത്തവിധം ജീവിതം മുന്നേറിക്കഴിഞ്ഞിരുന്നു.. ഭിത്തിയിലെ ഫോട്ടോയിൽ അപ്പോഴും മാതൃ വാത്സല്യം നിറഞ്ഞു നിന്നു..