പഴയ തറവാട് വീടിൻ്റെ വരാന്തയിലെ ചാരു കസേരയിൽ, ചാരി ഇരുന്നു കൊണ്ട് അയാൾ പടിപ്പുരയിൽ ഇരിക്കുന്ന സൈക്കിളിലേക്ക് നോക്കി. തന്റെ യാത്രകൾ ആദ്യം തുടങ്ങിയത് ആ സൈക്കിളിൽ നിന്നാണ്.
നിറം പിടിപ്പിച്ച കൗമാരക്കാലത്ത് ഒരുപാട് സ്വപ്നങ്ങൾ കണ്ട് പ്രണയിനിയെ കാണാൻ പോയത് മുതൽ.. തന്റെ മക്കളെ ഇരുത്തി സ്കൂളിലേക്ക് പോയതും... കൗമാരത്തിൽ തുടങ്ങിയ തൻ്റെ കൂട്ട് .. പഴയ ഹെർക്കുലീസ് സൈക്കിൾ.. ഇന്നും മിനുക്കി എടുത്താൽ കവല വരെ പോകാൻ ഒരാളുടെയും ആശ്രയം വേണ്ട തനിക്ക്.. വഴിനീളെ മോനെ മുന്നിലിരുത്തി കഥകൾ പറഞ്ഞ് മണ്ണിട്ട ഇടവഴിയിലൂടെ സൈക്കിളിൽ പോയ കാലം ഓർമ്മയിൽ തെളിഞ്ഞു അയാളുടെ.
കാഴ്ചയ്ക്ക് അല്പം മങ്ങൽ ഉണ്ടെങ്കിലും, കേൾവിക്ക് യാതൊരു തകരാറും ഇല്ലാത്തതുകൊണ്ട് ഗോമതി ഫോണിൽ സംസാരിക്കുന്നത് ചാരുകസേരയിൽ കിടന്ന് കേട്ടു അയാൾ.
"മോനേ എന്നാലും നിനക്ക് ഇത്രടം വരെ ഒന്ന് വരാമായിരുന്നു.. അച്ഛന് മേലായക അല്ലേ? കഴിഞ്ഞ വരവിനും നീ സിന്ധുവിന്റെ വീട്ടിൽ വന്നിട്ട് പോയതല്ലേ? ഇവിടേക്ക് നിൻ്റെ വണ്ടി കയറില്ല എന്നും പറഞ്ഞിട്ട്? അവളുടെ വീട് എയർപോർട്ടിന് അടുത്ത് ആയതുകൊണ്ടാവും അല്ലേ? ഇങ്ങനെ ഗതികെട്ട രണ്ടു ജന്മങ്ങൾ ഇവിടെ ഉണ്ടെന്ന കാര്യം മറന്നു ഉണ്ണി."
അപ്പുറത്തുനിന്നും മകൻ പറയുന്നത് കേൾക്കാനില്ല എങ്കിലും ചുളി വീണ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
"നീ വരുന്നില്ലെങ്കിൽ വേണ്ട!! അച്ഛനോടൊന്ന് സംസാരിക്കുകയെങ്കിലും ആകാമല്ലോ.. ഞാൻ അച്ഛനെ വിളിക്കാം.."
ഗോമതിയുടെ അപേക്ഷയുടെ സ്വരം കേട്ടു അയാൾ. പിന്നെയും അമ്മയുടെയും മോന്റെയും സംസാരം തുടർന്നു.
തന്റെ മകൻ എന്നുമുതലാണ് തന്നോട് സംസാരിക്കാതെ ആയത്? അയാൾ ഓർമ്മയിൽ ചികഞ്ഞു.
നടക്കാൻ തുടങ്ങിയ നാൾ തൊട്ട് തന്റെ വിരൽത്തുമ്പ് പിടിച്ചു നടന്നിരുന്ന തൻ്റെ മകൻ. അവനിൽ ഉണരുന്ന ഓരോ സംശയങ്ങളും ഓരോ സംശയങ്ങൾക്കും വ്യക്തമായ ഉത്തരം കിട്ടുന്നവരെ.. തന്റെ പിന്നാലെ നടന്ന് ചോദിച്ചിരുന്നവൻ!! തന്റെ സൈക്കിളിനു മുന്നിൽ പള്ളിക്കൂടത്തിലേക്ക് പോയവൻ..!! തിരിച്ചുവരുമ്പോൾ അതേ സൈക്കിളിൽ മുന്നിലിരുന്ന് അന്നത്തെ ക്ലാസിലെ വിശേഷങ്ങൾ വള്ളി പുള്ളി വിടാതെ പറഞ്ഞിരുന്ന തൻറെ മകൻ!!! എന്നുമുതലാണ് അവൻ തന്നിൽ നിന്നും അകന്നത്? ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കും ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കും തന്റെ മകൻ കാലെടുത്തു വച്ചപ്പോഴോ? അതോ അവനെ അധ്വാനിച്ച് പഠിപ്പിച്ചു വലിയ ഉദ്യോഗക്കാരനാക്കി അമേരിക്കയിലേക്ക് വിട്ടപ്പോൾ ആണോ? അതുമല്ലെങ്കിൽ, അവന്റെ വിവാഹം കഴിഞ്ഞതിനുശേഷമോ?
തന്റെ മകൻ തന്നോട് മിണ്ടാതെ അമ്മയിലേക്ക് മാത്രം അവന്റെ സംസാരം ഒതുങ്ങിയത് എന്നുമുതലാണെന്ന് ഓർത്തെടുക്കാൻ ആ വൃദ്ധന് സാധിച്ചില്ല!
മറവിയുടെ പടുകുഴിയിലേക്ക് തള്ളി ഇട്ടതാന്നോ? അതോ... ഓർമ്മകളുടെ സൂക്ഷിപ്പിലേക്ക് ശേഖരിച്ചു വയ്ക്കാത്തതുകൊണ്ടോ?
"തിരക്ക് കഴിഞ്ഞിട്ട് വിളിക്ക്... പിന്നെ നീ പറഞ്ഞതുപോലെ ഒന്നും ചെയ്യേണ്ട കേട്ടോ.. അച്ഛന് അത് താങ്ങില്ല. ഞാൻ പറയില്ല നീ വേണമെങ്കിൽ ഇനി വിളിക്കുമ്പോൾ അച്ഛനോട് നേരിട്ട് പറ.."
ഗോമതിയുടെ സംസാരമാണ് അയാളെ ചിന്തയിൽ നിന്നും ഉണർത്തിയത്.
അമ്മയുടെയും മോന്റെയും സംസാരം പലപ്പോഴും അവസാനിക്കുന്നത് അങ്ങനെയാണെന്ന് മനസ്സിൽ ഓർത്തു അയാൾ.
തൊട്ടരികിൽ ഗോമതിയുടെ കാൽ പെരുമാറ്റം കേട്ടിട്ടും അയാളുടെ മിഴികൾ പടിപ്പുര കടന്ന് ചെറിയ നടവഴിയുടെ എതിരെയുള്ള പച്ചപ്പട്ടുടുത്ത് നിൽക്കുന്ന വയലിലേക്ക് നീണ്ടു.
"ഉണ്ണി അടുത്തമാസം വരുന്നുണ്ടത്രേ.. ഹോസ്പിറ്റലിൽ പോയി കൃത്യമായി ചെക്കപ്പ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് അവൻ. സിന്ധു നാളെയോ മറ്റന്നാളോ മക്കളെയും കൂട്ടിക്കൊണ്ട് വരുന്നുണ്ട്ത്രേ.. പൈസ അവൾ വരുമ്പോൾ തരും എന്നാണ് പറയുന്നത്. രണ്ടുദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ അവൾക്ക് എന്ന് ചോദിച്ചു ഞാൻ .. അവിടെ അമ്മയ്ക്ക് ആരുമില്ല സഹായത്തിന് എന്നാണ് പറയുന്നത് അവൻ. ഇവിടെ പിന്നെ എനിക്ക് സഹായത്തിന് പലരുമുണ്ടല്ലോ?"
നിരാശയോടെ ഭാര്യ പറയുന്നതിന്റെ പൊരുൾ മനസ്സിലായി അയാൾക്ക്.
രണ്ടുദിവസം കഴിഞ്ഞ് വരുമെന്നു പറഞ്ഞ മരുമകൾ മൂന്നുദിവസം കഴിഞ്ഞിട്ടും വന്നില്ല!
ഒരു വൈകുന്നേരം അവളും രണ്ടു മക്കളും കൂടി കയറി വന്നു.
"ഈ വീടും സ്ഥലവും വിറ്റ് വണ്ടി വരാൻ പറ്റിയ വല്ല സ്ഥലത്തും ഒരു പതിനഞ്ചു സെൻറ് സ്ഥലം വാങ്ങിയാൽ എന്താ? റോഡിൽ വണ്ടി നിർത്തി പത്ത് മിനിറ്റ് നടക്കണം വീട്ടിലെത്തണമെങ്കിൽ.. ഒരു കാറിനു പോകാനുള്ള വഴി പോലുമില്ല!"
എന്നും വരുമ്പോഴുള്ള പരാതിയുമായി പടി കടന്നുവരുന്ന മരുമകളെ സന്തോഷത്തോടെ ഗോമതി വരവേറ്റു.
മകൻ്റെ മക്കളെ ചേർത്ത് പിടിക്കാൻ ആഞ്ഞു അയാൾ !!പെട്ടെന്ന് ഉൾവിളി ഉണ്ടായതുപോലെ അദ്ദേഹം ചാരുകസേരയിൽ തന്നെ ചാരി കിടന്നു!! തൈലത്തിന്റെയും കുഴമ്പിന്റെയും വാസന മക്കൾക്ക് പിടിക്കില്ല!! ഒരിക്കൽ മകൻ പറഞ്ഞ വാക്കുകൾ കാതിൽ അലയൊലി തീർത്തു അയാളുടെ..
"മക്കളെ അച്ഛമ്മയുടെ പൊന്നു മക്കളെ."
മക്കളെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്ന ഗോമതിയെ നോക്കി അയാൾ.
"പിന്നെ അച്ഛനോട് ഒരു കാര്യം പറയാൻ പറഞ്ഞു ഉണ്ണിയേട്ടൻ.. ആ സൈക്കിൾ ആരോടോ കൊണ്ടുപോയ്ക്കോളാൻ പറഞ്ഞിട്ടുണ്ടത്രേ.. അച്ഛൻ ഇനി സൈക്കിൾ ഒന്നും ചവിട്ടണ്ട എന്നാണ് ഉണ്ണിയേട്ടൻ പറഞ്ഞത്. ഹോസ്പിറ്റലിൽ എങ്ങാനും കിടക്കേണ്ടി വന്നാൽ, പൈസ ചിലവാക്കാൻ ഉണ്ണിയേട്ടന്റെ കയ്യിൽ ഇല്ലെന്നാണ് പറഞ്ഞത്!! ആ മനുഷ്യൻ ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവിടെ കിടന്നു കഷ്ടപ്പെടുകയാണ്.."
മരുമകളുടെ വാക്കിലെ ധ്വനി മനസ്സിലായി അയാൾക്ക്.
താൻ ഒരായുസ്സ് മുഴുവൻ ചവിട്ടി നടന്ന സൈക്കിൾ ഇപ്പോഴും രണ്ടു നേരവും ചായ പീടികയിൽ പോകുന്നത് ആ സൈക്കിളിലാണ്..അത് ആർക്കെങ്കിലും കൊടുക്കാനോ ? അയാളുടെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു.
"അച്ഛമ്മ ഉണ്ണികൾക്ക് പലഹാരം എടുത്തു തരാം വരൂ."
ഗോമതി മക്കളെ കൊണ്ട് അകത്തേക്ക് നടന്നു. പിന്നാലെ മരുമകളും.
അരമണിക്കൂർത്തെ വിസിറ്റിനു ശേഷം കൊച്ചുമക്കളും മരുമകളും പടിയിറങ്ങി പോകുന്നത് നിറ കണ്ണുകളോടെ നോക്കി നിൽക്കുന്ന ഗോമതിയെ കണ്ടപ്പോൾ തനിക്ക് ഉണ്ടായ വികാരം എന്തെന്ന് മനസ്സിലായില്ല അയാൾക്ക്.
താനും ഒരുകാലത്ത് ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്നു... അയാളുടെ ചുണ്ടിൽ ഒരു ചിരി മിന്നി.
പിറ്റേദിവസം ആക്രി കച്ചവടക്കാരൻ അബ്ദു വന്നു.
"അല്ല കൃഷ്ണേട്ടാ ങ്ങളുടെ മോൻ മോനെ വിളിച്ചിരുന്നു.. അവര് പണ്ടത്തെ ചങ്ങായിമാർ അല്ലേ? ഇവിടെ ങ്ങളുടെ സൈക്കിൾ കൊടുക്കാനുണ്ട് എന്ന് പറഞ്ഞു.. ഞാൻ കണ്ടു ആയിരിക്കുന്നതല്ലേ?"
അബ്ദു മഞ്ഞ പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആരിത് അബ്ദു ഈ വഴിക്ക് വരാറേ ഇല്ലല്ലോ?"
ഗോമതി വരാന്തയിലെ തിന്മയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
"നാസറിനെ വിളിച്ചു പറഞ്ഞിരുന്നു ഉണ്ണി.. ഇവിടുത്തെ സൈക്കിൾ കൊടുക്കാനുണ്ടെന്ന്."
"ഓ അതിനും അവൻ ആളെ ഏർപ്പാടാക്കി അല്ലേ ? ഇനി അവൻ നാസറിനെ വിളിച്ചാൽ അബ്ദു പറയാൻ പറയണം ഇവിടെ ഞങ്ങൾ രണ്ടുപേരുണ്ട്. ഞങ്ങളെപ്പോലുള്ളവരെ വാങ്ങുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവിടേക്ക് വിടാൻ."
ഗോമതിയുടെ വാക്കുകളിൽ മകനോടുള്ള ദേഷ്യം മുഴുവൻ കാണാമായിരുന്നു.
"കൊണ്ടുപോയിക്കോട്ടെ ഗോമതി... നമ്മുടെ ആവശ്യം കഴിഞ്ഞല്ലോ? ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ആയിക്കോട്ടെ.."
ഇതേസമയം അമേരിക്കയിലെ വലിയ ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു മകൻ നന്ദഗോപാൽ.
നെഞ്ചുവേദനയെ തുടർന്നാണ് നന്ദഗോപാലിനെ കൂട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരു മലയാളി ഡോക്ടർ ഉണ്ടായിരുന്നു അവിടെ.ഓർമ്മ തിരിച്ചുകിട്ടിയ നന്ദഗോപാലിനോട് ഡോക്ടർ പറഞ്ഞു.
"മിസ്റ്റർ നന്ദഗോപാൽ.. നിങ്ങളുടെ ഹൃദയത്തിലേക്ക് പോകുന്ന രക്ത ധമനികളിൽ ബ്ലോക്ക് ആണ്. അതിൽ രണ്ടെണ്ണം കുറച്ച് കാഠിന്യം കൂടിയതാണ്. കൃത്യമായ വ്യായാമവും എക്സസൈസും ഒന്നും ചെയ്യാതെ ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് അധികവും ഇപ്പോൾ ബ്ലോക്ക് പോലുള്ള അസുഖങ്ങൾ കാണുന്നത് .. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരിൽ.. ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരവും ഒരു കാരണമാണ്.. പണ്ടത്തെ നാട്ടിൻപുറത്തെ ഭക്ഷണരീതികളും വ്യായാമമുറകളും ഒന്നും ഇല്ലല്ലോ ഈ ഡിജിറ്റൽ യുഗത്തിൽ. പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളിൽ ഒന്ന്.. എത്രയും പെട്ടെന്ന് ആൻജിയോ പ്ലാസ്റ്റി ചെയ്യണം.. അല്ലെങ്കിൽ അറ്റാക്കിന് ചാൻസ് കൂടുതലാണ്."
ഡോക്ടറുടെ വാക്കുകൾ കാതിൽ പതിഞ്ഞപ്പോൾ നന്ദഗോപാൽ ആദ്യം ഓർത്തത് തൻ്റെ അച്ഛനെയായിരുന്നു. വയസ്സ് 85 കഴിഞ്ഞിട്ടും ആരോഗ്യത്തോടെ സൈക്കിളിൽ കവലയിലെ ചായ പീടികയിൽ നിന്ന് ചായകുടിച്ച് തിരികെ വരുന്ന തൻ്റെ അച്ഛനെ.