മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Abbas Edamaruku)

"ജനിച്ച മണ്ണോടുള്ളോരു സ്നേഹം മതവിധിയാണെന്ന് ഓതി നബി, ജനിച്ചമണ്ണാം ...ഭാരത മണ്ണിൽ ഭാരതമക്കൾ ഒന്നാണ്."

മൂന്നുവർഷങ്ങൾക്കുമുമ്പ് 'സുലൈമാനിക്ക' പറഞ്ഞ വചനങ്ങൾ ഒരിക്കൽക്കൂടി 'അബ്‌ദുൽഖാദർ'മുസ്‌ലിയാരുടെ ഓർമ്മകളിൽ മുഴങ്ങി.

സ്വന്തം മകനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് മൂന്നുവർഷത്തെ തടവിനു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സുലൈമാനിക്കയെ കാണാനായി എത്തിയതാണ് മുസ്‌ലിയാർ. സന്ദർശന മുറിക്കുമുന്നിൽ... പ്രതിയുടെ വരവും കാത്തിരുന്ന മുസ്‌ലിയാരുടെ മനസ്സിലേയ്ക്ക്... ഒരിക്കൽക്കൂടി ആ ഓർമ്മകൾ ചിറകുവിരിച്ചെത്തി .

മൂന്നുവർഷങ്ങൾക്ക് മുൻപാണ് അത് നടന്നത് ...പുലർച്ചെ യാത്ര പുറപ്പെടാനൊരുങ്ങി ഇറങ്ങിയ തന്റെ മകനെ വെട്ടുകത്തികൊണ്ട് കഴുത്തിനുവെട്ടി കൊലപ്പെടുത്തുകയായിയുന്നു ആ പിതാവ് .സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരോർമ്മയായി അത് ഇന്നും അവശേഷിക്കുന്നു .പക്ഷേ ,സുലൈമാനിക്കയെക്കുറിച്ചും അദ്ദേഹം നടത്തിയ കൊലപാതകം എന്തിനുവേണ്ടി ആയിരുന്നു എന്ന് വെക്തമായി അറിയാവുന്നതുകൊണ്ടും ആ തെറ്റ് അത്രവലിയ തെറ്റായി മുസ്‌ലിയാർക്ക് തോന്നിയിട്ടില്ല .

അതുകൊണ്ടാണ് ...മകന്റെ കൊലപാതകത്തിനുശേഷം തന്റെ അടുക്കലേയ്ക്ക്‌ ഓടിയെത്തിക്കൊണ്ട്... ഞാനെന്റെ മകനെ വധിച്ചുവെന്നും ... പോലീസ് സ്റ്റേഷനിൽ ചെന്ന് കുറ്റം ഏറ്റുപറയാൻ പോവുകയാണെന്നും പറഞ്ഞപ്പോൾ ...സുലൈമാനിക്കയ്ക്ക് അഭയം നൽകുകയും, അദ്ദേഹത്തിനുവേണ്ടി പിന്നീടുള്ള ദിവസങ്ങളിൽ ... കേസ് നടത്തുകയും... ആരാലും തിരിഞ്ഞുനോക്കാതെ വെറുക്കപ്പെട്ടവനായിക്കൊണ്ട് ജയിലിൽ കഴിയുന്ന ഇക്കയെ കാണാനായി ...അവസരം കിട്ടുമ്പോഴൊക്കെ മുസ്‌ലിയാർ ഓടിയെത്തുന്നതും .

സംഭവം നടന്ന നാളുകളിൽ പലരും മുസ്‌ലിയാരോട് വെറുപ്പോടുകൂടി ചോദിച്ചിട്ടുണ്ട് ...സ്വന്തം മകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ആൾക്കുവേണ്ടി കേസുനടത്താനും,ജയിലിൽപോയി കാണാനുമൊക്കെ മുസ്‌ലിയാർക്ക് ലജ്ജയില്ലേ എന്ന് .

അവരോടൊക്കെ മുസ്‌ലിയാർക്ക് പറയാനുണ്ടായിരുന്നത് ഒന്നുമാത്രം ...സ്വന്തം മകനെ കൊല്ലപ്പെടുത്തിയവനായിട്ടു മാത്രമാണ് സമൂഹം സുലൈമാനെ കാണുന്നത് .മറിച്ച് രാജ്യത്തിന്റെ നന്മയ്യ്ക്കുവേണ്ടി സ്വന്തം മകന്റെ ജീവൻ ബലികഴിച്ച പിതാവായിട്ട് അദ്ദേഹത്തെ ആരും കാണുന്നില്ല .ഞാൻ , അദ്ദേഹത്തിന്റെ ആ ധീരതയെ ആണ് മനസ്സിൽ കാണുന്നത് .താൻ ചെയ്ത തെറ്റിന് എനിക്ക് വധശിക്ഷ തന്നോളൂ ...എന്നാലും എനിക്ക് കുറ്റബോധമില്ല എന്ന് കോടതിയ്ക്കുമുന്നിൽ വിളിച്ചുപറഞ്ഞ ധീര വെക്തിത്വത്തെ .

നാട്ടിലാകെ നിറഞ്ഞുനിന്ന മഹത് വ്യക്തിത്വമായിരുന്നു സുലൈമാൻ ഇക്കാ .ബിസിനസുകാരൻ ,കലാസാംസ്കാരികസംരംഭങ്ങളുടെ രക്ഷാധികാരി ,പാവങ്ങളുടെ കണ്ണിലുണ്ണി ,ജമാഅത്ത് പള്ളിയിലെ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം ...തിളങ്ങിനിന്ന സുലൈമാനിക്കായ്ക്ക് പണക്കാരുടെയും ,പാവപ്പെട്ടവരുടെയും ,രാഷ്ട്രീയക്കാരുടെയും എല്ലാം ഇടയിൽ നല്ല സ്ഥാനമുണ്ടായിരുന്നു .ഉരുക്കുപോലെയുള്ള ശരീരത്തിനുള്ളിൽ നിറയെ സ്നേഹം മാത്രമുള്ള ഹൃദയവുമായി നടന്ന പാവം മനുഷ്യൻ .ആ മനുഷ്യനാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകം ചെയ്തതെന്ന് അറിഞ്ഞപ്പോൾ സമൂഹമൊന്നാകെ ഞെട്ടിത്തരിച്ചുപോയതിന് കുറ്റം പറയാനാവില്ല .മുസ്‌ലിയാർ മനസ്സിൽ ചിന്തിച്ചു .

ഏക ആൺതരിയെ ഒരുപാട് സ്നേഹിച്ചും ,ഓമനിച്ചുമാണ് ആ പിതാവ് വളർത്തിയത് .അവന്റെ വളർച്ചയ്ക്കും ,ഉയർച്ചയ്ക്കുമായി എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കാമോ ...അതൊക്കെ ആ പിതാവ് ചെയ്തുകൊടുത്തു .വലുതായതോടെ മകന് കൂട്ടുകാരും വർധിച്ചു .അതുവഴി പാർട്ടിപ്രവർത്തനം ,ജനസേവനം അങ്ങനെ പലതിലും ...മകൻ വ്യാപൃതനായി .തന്നെപ്പോലെ തന്റെ മകനും സഞ്ചരിച്ചു തുടങ്ങിയപ്പോൾ ...ഏതൊരു പിതാവിനെയുംപോലെ സുലൈമാനിക്കയും സന്തോഷിച്ചു .

പലപ്പോഴും രാത്രികാലങ്ങളിൽ വൈകി വീട്ടിലെത്തുന്ന മകന്റെ പോക്ക് ...അത്ര ശരിയല്ലെന്ന് ഭാര്യ സ്നേഹത്തോടെ താക്കീത് നൽകിയെങ്കിലും ... സ്നേഹനിധിയായ ആ പിതാവ് അതൊന്നും ചെവിക്കൊണ്ടില്ല .നല്ലൊരു ജനസേവകനാവണമെങ്കിൽ ... ഇതൊക്കെ വേണ്ടിവരും .തന്റെ മകൻ വളർന്നുവരുന്നൊരു യുവനേതാവാണ്‌ .അതുകൊണ്ടുതന്നെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട് പലവഴിയ്ക്കും സഞ്ചരിക്കേണ്ടി വന്നെന്നു വരാം .അപ്പോൾ പിന്നെ കൃത്യസമയത്തിനൊന്നും വീട്ടിലെത്തിച്ചേരാനാവില്ല .സുലൈമാനിക്ക മനസ്സിൽ ചിന്തിച്ചു .

എന്നാൽ ,ഏറെ വൈകും മുൻപേ ...സുലൈമാനിക്കയുടെ ചിന്തകൾക്ക് വിലങ്ങുതടിയിട്ടുകൊണ്ട് നാട്ടുകാരിൽ ചിലർ അയാളെ ഉപദേശിച്ചു...മകന്റെ പോക്ക് അത്ര ശരിയല്ലെന്നും ,അവൻ അംഗമായിട്ടുള്ള പുതിയ പാർട്ടിയും ,സംഘടനയുമൊക്കെ വർഗീയപരമായ ചിന്താഗതികൾ നിറഞ്ഞതാണെന്നും ...അതിൽ നിന്നും പിന്മാറിയില്ലെങ്കിൽ ആപത്താണെന്നുമൊക്കെ നാട്ടുകാർ ആ പിതാവിനോട് പറഞ്ഞു .

അന്നുരാത്രി ഏറെ വൈകുവോളം മകന്റെ വരവുംകാത്ത് ആ പിതാവ് ഉറക്കമൊഴിച്ചിരുന്നു .മകൻ വന്നപ്പോൾ അവന്റെ പ്രസ്ഥാനത്തെക്കുറിച്ചും ,അതിന്റെ ലക്ഷ്യത്തെക്കുറിച്ചുമെല്ലാം അവനോട് ചോദ്യം ചെയ്തു .അന്ന് അവൻ പറഞ്ഞ മറുപടി...അതുപറയുമ്പോൾ ...അവന്റെ മുഖത്തും ,വാക്കുകളിലും നിറഞ്ഞുനിന്ന ആവേശം ഒരുനിമിഷം ആ പിതാവിനെ ഭീതിയിലാഴ്ത്തി .അവന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് മനസ്സിലാക്കിയ ആ പിതാവ് ,അവനോട് നിന്റെ മാർഗ്ഗം നല്ലതല്ലെന്നും ,അതിൽ നിന്നു പിന്മാറണമെന്നും ഉപദേശിച്ചു .പക്ഷേ ,ആ സമയം മകൻ ബാപ്പയ്ക്ക് നേരേ ശബ്ദമുയർത്തി .അതുവരെ മകന്റെ മുഖത്തുണ്ടായിരുന്ന നിഷ്കളങ്കത ആ സമയം നഷ്ടമായിരിന്നു .

അവൻ പറഞ്ഞു...

"ഞങ്ങളുടെ പാർട്ടി വെറുമൊരു രാഷ്ട്രീയ പാർട്ടിമാത്രമല്ല .മതത്തിലധിഷ്ഠിതമായതാണ് .സാമൂഹിക സേവനങ്ങളോടൊപ്പം ...മതമൂല്യങ്ങളും ഉയർത്തിപ്പിടിക്കുക ,അത് കാത്തുസംരക്ഷിക്കാൻ വേണ്ടി പോരാടുക അതാണ് ഞങ്ങളുടെ ലക്ഷ്യം .മതത്തിനെതിരേ നിലകൊള്ളുന്നവരെ ഇല്ലായ്മ ചെയ്യുക .അതിനായി എന്തുനിലപാടും ഞങ്ങൾ സ്വീകരിക്കും .കൊല്ലേണ്ടിവന്നാൽ കൊല്ലും ,ചാവേണ്ടിവന്നാൽ ചാവും ."ആവേശത്തോടെ പറഞ്ഞുനിറുത്തിയിട്ട്‌ മകൻ മുറിയിൽ കയറി വാതിലടച്ചു .

പിന്നീടുള്ള ദിവസങ്ങളിൽ മകന്റെ പാർട്ടിക്കാർ പലയിടങ്ങളിലായി സൃഷ്ട്ടിച്ച ചെറിയ കലാപങ്ങളെക്കുറിച്ച് നാട്ടുകാർ പറഞ്ഞും ,പത്രത്തിലൂടെ വായിച്ചുമെല്ലാം സുലൈമാനിക്ക അറിഞ്ഞു .മകന്റെ പാർട്ടിക്കാർ പോലീസ് നിരീക്ഷണത്തിലാണെന്നും .മകനെക്കുറിച്ചുള്ള പ്രതീക്ഷകളത്രയും തകർന്നുപോയ നിമിഷങ്ങളായിരുന്നു അത് .അന്നുമുതൽ മകന്റെ ഓരോ നീക്കങ്ങളും ആ പിതാവ് രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി .

രാത്രികാലങ്ങളിൽ ഏറെ വൈകുവോളം മകന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നതും ,മകൻ ആരോടൊക്കെയോ സീരിയസ്സായി സംസാരിക്കുന്നതും ,കംപ്യൂട്ടറിലൂടെ എന്തൊക്കെയോ സന്ദേശങ്ങൾ കൈമാറുന്നതുമെല്ലാം ആ പിതാവ് രഹസ്യമായി കണ്ടെത്തി .

ഒരുനാൾ ,മകന്റെ രഹസ്യ സംഭാഷണത്തിൽനിന്നും അവനും ...അവന്റെ പ്രസ്ഥാനവും കൂടി ആരെയൊക്കെയോ വധിക്കാൻ തയ്യറെടുക്കുകയാണെന്ന കാര്യം ആ പിതാവ് നടുക്കത്തോടെ മനസ്സിലാക്കി .അന്ന് വാതിൽ തള്ളിത്തുറന്നുകൊണ്ട് അകത്തുകടന്ന പിതാവ് ഞെട്ടിത്തരിച്ചുപോയി .

മകന്റെ ടേബിളിനുമുകളിൽ നിറയെ തീവ്രവാദത്തിന്റെ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ ,ലഘുലേഖകൾ, ഏതാനും ഇളക്ട്രോണിക് സാമഗ്രികൾ,കൂടെ ഒരു തോക്കും .ഒരുരിക്കലും മകന്റെ മുറിയിൽ പ്രതീക്ഷിക്കാത്ത ,ഒരു പിതാവും കാണാനാഗ്രഹിക്കാത്ത ... സാധനങ്ങൾ .തന്റെ മകനെ തനിക്ക് കൈവിട്ടുപോയിരിക്കുന്നു .താൻ ഇത്രനാളും വഞ്ചിക്കപ്പെടുകയായിരുന്നെന്ന സത്യം ആ പിതാവ് ഞെട്ടലോടെ തിരിച്ചറിഞ്ഞു .മനസ്സുതകർന്ന പിതാവ് മകനുനേരെ സർവ്വ നിയത്രണങ്ങളും അറ്റുകൊണ്ട് പൊട്ടിത്തെറിച്ചു .

"ബാപ്പ ,എന്തൊക്കെ പറഞ്ഞാലും ,എത്രയൊക്കെ എതിർത്താലും ശരി ...ഞാനെന്റെ പ്രസ്ഥാനത്തിൽ നിന്നു പിന്മാറില്ല .നമ്മുടെ മതത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും ,ഏതു മതക്കാരനായാലും അവനെ ഞങ്ങൾ ഇല്ലായ്മ ചെയ്യുക തന്നെ ചെയ്യും .അത്  ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ തീരുമാനമാണ് .അതിലുപരി മുസൽമാനെന്ന നിലയിൽ എന്റെ കടമയും ."

"കൊള്ളാം ,നീയാണോ ഒരു മുസൽമാൻ .?ഒരു യഥാർത്ഥ മുസൽമാനെക്കുറിച്ച് ...അവൻ എന്തായിരിക്കണമെന്നതിനെക്കുറിച്ചു നിനക്ക് ഒന്നുമറിയില്ല ...നിന്റെ പ്രസ്ഥാനത്തിനും .അതിന്റെ വിവരക്കേടുകളാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത് .നമ്മുടെ മതമോ ,മത പണ്ഡിതന്മാരോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ നമ്മളെ എതിർക്കുന്നവരെ കൊന്നൊടുക്കണമെന്ന് .?ഇല്ല ഒരിക്കലുമില്ല .ഇതരമതക്കാരെ സഹോദങ്ങളെപ്പോലെ സ്നേഹിക്കണമെന്നാണ് മതവും ,പ്രവാചകന്മാരും ,പൂർവികരുമൊക്കെ പഠിപ്പിച്ചിട്ടുള്ളത് .ശത്രുവിനെപ്പോലും മിത്രമായി കരുതി സ്നേഹിച്ച പ്രവാചകന്റെ പിൻഗാമികളാണ് നമ്മൾ .അതു മറന്നുകൊണ്ട് ഒരിക്കലും പ്രവർത്തിച്ചുകൂടാ..."മകനെ സ്നേഹത്തോടെ ആ പിതാവ് ഉപദേശിച്ചു .

"ബാപ്പ ,ഇതൊന്നും പറഞ്ഞ് എന്റെ മനസ്സുമാറ്റാൻ ശ്രമിക്കണ്ട .ഞങ്ങൾ ഞങ്ങടെ തീരുമാനം നടത്തുക തന്നെ ചെയ്യും .നാളെ നമ്മുടെ നാട്ടിൽ നടക്കുന്ന പ്രമുഖ മത സങ്കടനയുടെ മീറ്റിംഗ് നടക്കുന്ന വേദിയിൽ ഞങ്ങൾ ബോംബ് വെയ്ക്കും .അതുവഴി നമ്മുടെ ശത്രുക്കളെയും, അവരുടെ ഏതാനും നേതാക്കളേയും ഞങ്ങൾ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യും ."പറഞ്ഞിട്ട് ആ മകൻ പിതാവിനെ നോക്കി പുഞ്ചിരിതൂകി .

"അരുത് മോനേ .ഒരിക്കലും അങ്ങനൊന്നും ചെയ്യരുത് .നമ്മുടെ പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുള്ളത് ...ജനിച്ച മണ്ണോടുള്ളൊരു സ്നേഹം മത വിധിയാണെന്നാണ് .മതവിധി അംഗീകരിക്കാത്തവൻ ഒരിക്കലും വിശ്വാസയാകില്ല .നമ്മൾ ജനിച്ച മണ്ണാണ് ഭാരതമണ്ണ് .അതിനോട് നമ്മൾ സ്നേഹം പുലർത്തണം .ഭാരതത്തിലെ നാനാമതസ്ഥരും ഒറ്റക്കെട്ടാണ് ...ഒരമ്മ പെറ്റ സഹോദരങ്ങൾ .അങ്ങനെയുള്ള സഹോദരങ്ങളേ മതത്തിന്റെ പേരും പറഞ്ഞുകൊണ്ട് ഒരിക്കലും കൊലചെയ്യരുത് .നാട്ടിൽ കലാപങ്ങൾ സൃഷ്ടിക്കരുത് .അത് രാജ്യദ്രോഹമാണ് ...മാപ്പില്ലാത്ത തെറ്റ് .നിങ്ങൾ കുറച്ചുപേർ ചെയ്യുന്ന തെറ്റിന്റെ പേരിൽ ഒരു മതസമൂഹം തന്നെ തെറ്റുകാരാവും .അതുവഴി രാജ്യത്തെ ശാന്തിയും , സമാദാനവും ,മതസൗഹാർദവുമെല്ലാം എന്നെന്നേയ്ക്കുമായി നഷ്ട്ടപ്പെടും .ഒരുപാട് പേർക്ക് അവരുടെ കൂട്ടുകുടുംബാദികളെ നഷ്ടമാവും .അതുകൊണ്ട് നീയും നിന്റെ പ്രസ്ഥാനവും ഈ പാതകത്തിൽ നിന്നും പിന്മാറണം ."ആ പിതാവ് മകനുമുന്നിൽ കേണപേക്ഷിച്ചു .അദ്ദേഹത്തിന്റെ കണ്ണിൽനിന്നും നീർത്തുള്ളികൾ അടർന്നുവീണു .

പക്ഷേ ,അതൊന്നും മതഭ്രാന്തനായ ആ മകൻ ചെവിക്കൊണ്ടില്ല .അവൻ തന്റെ പ്രസ്ഥാനത്തിൽനിന്നും പിന്മാറാൻ തയ്യാറായില്ല .പിതാവിനോടുള്ള നിലപോലും മറന്നവൻ പലതും വിളിച്ചുപറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടു .

ഇനിയെന്ത് ചെയ്യും ,എന്തുപറഞ്ഞാണ് തന്റെ മകനെ ഈ കൊടും പാതകത്തിൽ നിന്ന് പിന്തിരിപ്പിക്കുക .?എന്തുപറഞ്ഞാലും അവൻ പിന്മാറുമെന്നു തോന്നുന്നില്ല .പോലീസിൽ അറിയിച്ചാലോ .?ഒരുനിമിഷം ആ പിതാവ് ചിന്തിച്ചു .അങ്ങനെ ചെയ്താൽ ...രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് പോലീസിന്റെ മർദനങ്ങളേറ്റുകൊണ്ട് ...നാടിനും വീടിനും വേണ്ടാത്തവനായി ...മരണംവരെ കാരാഗ്രഹത്തിൽ കഴിയേണ്ടിവരും .അങ്ങനെ ശിക്ഷ അനുഭവിക്കുന്നവരെക്കുറിച്ച് ഒരു നിമിഷം ആ പിതാവ് മനസ്സിലോർത്തു... വിചാരണയോ ,ശിക്ഷയോ ഒന്നുംതന്നെ ഉണ്ടാവില്ല .മരിച്ചുജീവിക്കേണ്ടുന്ന അവസ്ഥ .അതിലും ഭേതം മരണം തന്നെയാണ് .

ഇതര മത വിഭാഗക്കാർ സൗഹൃദത്തോടെ കഴിയുന്ന നാട്ടിൽ തന്റെ മകൻ മൂലം ഒരു ദുരന്തം ഉണ്ടായിക്കൂടാ .താൻ ജീവിച്ചിരിക്കെ ഒരു നിരപരാധിയും കൊലചെയ്യപ്പെട്ടുകൂടാ .ഒരു കുടുംബത്തിലും തന്റെ മകൻ മൂലം കണ്ണുനീർ വീണുകൂടാ .അതിനെന്താണൊരു പോംവഴി .ഏറെനേരത്തെ ആലോചനയ്ക്കുശേഷം ആ പിതാവൊരു തീരുമാനത്തിലെത്തി .മനസ്സിനെ കീറിമുറിച്ചുകൊണ്ടുള്ള തീരുമാനം .

അനേകായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ ...നൂറു കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നിയമത്തെ മുൻനിറുത്തിക്കൊണ്ട് ... ജനിച്ച മണ്ണോടുള്ളൊരു സ്നേഹം മതവിധിയാണെന്ന ...പ്രവാചക വചനത്തിന്റെ ...മൂല്ല്യം ഉയർത്തിപ്പിടിക്കാൻ ...ഒരുസമൂഹത്തതിനുതന്നെ ഒരുവൻ ദോഷമായി ഭവിച്ചാൽ ...അവനെ ഇല്ലായ്മ ചെയ്യണമെന്ന തത്വം നിറവേറാൻ ...രാജ്യദ്രോഹിയായ മകനെ കൊല്ലുക .

പിറ്റേന്ന് പുലർച്ചെ ,യാത്ര പുറപ്പെടാനായി ഒരുങ്ങിയിറങ്ങിയ മകന്റെ കഴുത്തിൽ വെട്ടുകത്തികൊണ്ട് ആ പിതാവ് ആഞ്ഞുവെട്ടി .ഉമ്മാ... എന്നുള്ള അവന്റെ നിലവിളികളോ ,രക്തത്തിൽ കുളിച്ചുള്ള അവന്റെ പിടച്ചിലുകളോ ആ പിതാവ് കേട്ടില്ല .മനസുനിറച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചുവീഴുന്ന മനുഷ്യരുടെ നിലവിളികളും ,രക്തത്തിൽ കുളിച്ച ശരീരവും മാത്രമായിരുന്നു .സുലൈമാനിക്ക പറഞ്ഞുതന്ന സംഭവങ്ങളിലൂടെ മുസ്‌ലിയാരുടെ മനസ്സ് അങ്ങനെ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു .

"മുസ്‌ലിയാരെ ,കാണാനുള്ള ആൾ വന്നിട്ടുണ്ട് ."പരിചിതനായ ജയിലുദ്യോഗസ്ഥന്റെ ശബ്ദം മുസ്‌ലിയാരെ ഭൂതകാല ഓർമ്മകളിൽ നിന്നും മുക്തനാക്കി .

മുസ്‌ലിയാർ മെല്ലെ എഴുന്നേറ്റ് കമ്പിവലക്കൾക്കപ്പുറം നിന്നുകൊണ്ട് ...തന്നെ നോക്കി സന്തോഷം കൊള്ളുന്ന ... സുലൈമാനിക്കയ്ക്ക് അരികിലേയ്ക്ക് ചെന്നു .എന്നിട്ട് പുഞ്ചിരി പൊഴിച്ചുകൊണ്ട് ചോദിച്ചു .

"എന്താ ,സുലൈമാനിക്കാ ...എന്തൊക്കെയുണ്ട് വിശേഷങ്ങൾ .?"

"സുഖം മുസ്‌ലിയാരെ ,ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട് ."പുഞ്ചിരിയോടെ ശാന്തനായി സുലൈമാനിക്ക മറുപടി പറഞ്ഞു .

"മുസ്‌ലിയാർക്ക് എന്തുണ്ട് വിശേഷം ...ബീബിക്കും ,മക്കൾക്കും സുഖമാണോ .?"

"സുഖം തന്നെ ."

"ഇക്കയുടെ രണ്ടുവർഷത്തെ ശിക്ഷാ കാലാവധി അടുത്തമാസം തീരുകയല്ലേ .അതുകൊണ്ട് കൂടിയാണ് ഞാനിപ്പോൾ ഇക്കയെ കാണാൻ വന്നത് .ആരെയെങ്കിലും ഈ വിവരം അറിയിക്കുകയോ ,മറ്റോ വേണമെങ്കിൽ ഞാൻ ചെയ്യാം .ആരോടെങ്കിലും ഈ വിവരത്തെ കുറിച്ചു സംസാരിക്കേണ്ടതുണ്ടെങ്കിൽ അതും ആവാം..."മുസ്‌ലിയാരുടെ വാക്കുകളിൽ സ്നേഹം നിറഞ്ഞുനിന്നു .

ഒരുനിമിഷം സുലൈമാനിക്കയുടെ മുഖത്ത് നിരാശ നിറഞ്ഞു .വേദനകലർന്നൊരു പുഞ്ചിരിയോടെ മുസ്‌ലിയാരെ നോക്കി ആ മനുഷ്യൻ പറഞ്ഞു .

"ആരെ വിവരം അറിയിക്കാനാണ് മുസ്‌ലിയാരെ ...അതിനെനിക്ക് ഇന്ന് വീടോ ,വീട്ടുകാരോ ഉണ്ടോ .?എല്ലാരും എന്നെ വെറുത്തില്ലേ ...ഉപേക്ഷിച്ചില്ലേ .?ഭാര്യയും ,ഏകമകളും പോലും എന്നെ കയ്യൊഴിഞ്ഞില്ലേ .?അത്രയ്ക്ക് വലിയ തെറ്റല്ലേ ഞാൻ അവരോട് ചെയ്തത് .ഇന്ന് അവർക്കുമുന്നിൽ ...ഞാനെന്ന വെക്തിയില്ല .അവരുടെയെല്ലാം മനസ്സിൽ ...ഞാൻ മൂന്നുവർഷം മുൻപ് മരിച്ചുകഴിഞ്ഞു .അതുകൊണ്ടാണല്ലോ...ഇത്രനാളായിട്ടും ഒരാൾപോലും എന്നെ തിരക്കിവരാത്തത് ..."സുലൈമാനിക്കയുടെ വാക്കുകൾ ഇടറി .

"ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു .മരണംവരെ ഈ ജയിലിൽ കഴിയാൻ അവസരം കിട്ടിയിരുന്നെങ്കിൽ ...എന്ന് .അവസരം കിട്ടിയേനെ ...മുസ്‌ലിയാർ എനിക്കുവേണ്ടി കേസ് നടത്താതിരുന്നുവെങ്കിൽ .ചുരുങ്ങിയത് ഒരു ജീവപര്യന്തം എങ്കിലും .എങ്കിൽ കുറച്ചുകാലം കൂടി ഈ ജയിലിൽ കഴിയുമായിരുന്നു ."

"ആരേയും ഞാൻ കുറ്റപ്പെടുത്തില്ല ,ഒരു മാതാവിനും പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാനെന്റെ ഭാര്യയോട് ചെയ്തത് .ഒരു സഹോദരിക്കും പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാനെന്റെ മകളോട് ചെയ്തത് .പറയൂ മുസ്‌ലിയാരെ...ഒരു പിതാവെന്ന നിലയിൽ എന്റെ ഈ തെറ്റിനെ പൊറുക്കാൻ അങ്ങേയ്ക്ക് കഴിയുമോ .?"സുലൈമാനിക്കയുടെ ശബ്ദം വിറകൊണ്ടു .

"സമദാനിക്കൂ ...ഇക്കാ ,എല്ലാം അള്ളാഹുവിന്റെ വിധിയാണ് .അതിനെതിരെ ആർക്കും ഒന്നും ചെയ്യാനാവില്ല .ജയിലിൽ നിന്നിറങ്ങിയാൽ എവിടെപ്പോകുമെന്ന് ഓർത്ത്‌ സുലൈമാനിക്കാ വിഷമിക്കേണ്ട .ഇക്കായ്ക്ക് എന്റെ വീട്ടിലേയ്ക്ക് വരാം .അവിടെ ഞങ്ങളോടൊത്ത് ഉള്ളതിൽ ഒരു പങ്ക് കഴിച്ച് ഞങ്ങളിൽ ഒരാളായി ഇനിയുള്ളകാലം കഴിയാം ..."

"വേണ്ട മുസ്‌ലിയാരെ ,ഞാൻ മൂലം ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചതാണ് ...മുസ്‌ലിയാരും കുടുംബവും .ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല ."

"അങ്ങനൊന്നുമില്ല ,ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് .?രണ്ടുപെൺമക്കളും വിവാഹം കഴിച്ചു പോയതോടെ ഞാനും ,ഭാര്യയും തനിച്ചാണ് .ഇക്കാ ഞങ്ങൾക്ക് പിതാവിനെപ്പോലെയാണ് .ഈ മനസ്സിന്റെ നൻമ ,ആ ധീരത മറ്റാരേക്കാളും മനസ്സിലാക്കിയവനാണ് ഞാൻ .എനിക്കൊന്നുമില്ലാത്ത ...ഇനിയൊരിക്കലും ഉണ്ടാകാത്ത ധൈര്യം .അതുകൊണ്ടുതന്നെ ഞാൻ ഇക്കയെ എന്നും ഇഷ്ട്ടപ്പെടുന്നു ...ബഹുമാനിക്കുന്നു .ഇക്കാ സമാദാനമായിട്ടിരിക്കൂ .കഴിഞ്ഞതൊക്കെ ഒരു പാഴ്ക്കിനാവായി മറന്നുകളയണം..."

"ശ്രമിക്കുന്നുണ്ട് പക്ഷേ ,അതിനുമാത്രം കഴിയുന്നില്ല .അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ലല്ലോ എന്റെ ജീവിതത്തിൽ സംഭവിച്ചത് .എത്രകലാമയെന്നോ ഞാൻ ശരിക്കൊന്നുറങ്ങിയിട്ട് .മരണം വരെ ഇനി എനിക്കതിനു കഴിയുമെന്നും തോന്നുന്നില്ല .കുടുംബക്കാരും ,നാട്ടുകാരും വെറുക്കപ്പെട്ടവനായി എന്തിന് ഈ ജയിലിൽപോലും എന്നോട് സംസാരിക്കാൻ കൂട്ടാക്കാത്തവർ ഉണ്ട് .എന്നാൽ തന്നെയും എനിക്ക് കുറ്റബോധമില്ല .ജനിച്ചമണ്ണോടുള്ളൊരു സ്നേഹം മതവിധിയാണെന്ന പ്രവാചകന്റെ വചനത്തെ ഉയർത്തിപ്പിടിക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ് .പറയൂ മുസ്‌ലിയാരെ ഞാൻ ചെയ്തത് അത്ര വലിയ തെറ്റാണോ .?"സുലൈമാനിക്കയുടെ വാക്കുകളിൽ ആവേശം നിറഞ്ഞുനിന്നു .

"സുലൈമാനിക്ക ചെയ്തത് വലിയ തെറ്റല്ല ,വലിയ ശരിയാണ് .ഞാനുൾപ്പെടെയുള്ള സമൂഹത്തിന്‌ ചെയ്തുകാണിക്കാൻ കഴിയാത്ത ...ധൈര്യമില്ലാത്ത ശരി .അതുകൊണ്ട് സമദാനിക്കൂ .ശിക്ഷതീർന്നു പൂത്തിറങ്ങുന്ന അന്ന് ഞാൻ വരും ഇക്കായെ കൂട്ടിക്കൊണ്ടുപോകാൻ ."സുലൈമാനിക്കയോട് യാത്രപറഞ്ഞുകൊണ്ട് മുസ്‌ലിയാർ തിരിച്ചുനടന്നു .

ഈ സമയം പരിചിതനായ ജയിൽ വാർഡൻ മുസ്‌ലിയാരെ സമീപിച്ചുകൊണ്ട് പറഞ്ഞു .

"ശരിക്കും സുലൈമാനിക്ക, ഒരു അത്ഭുതമാണ് .എന്റെ ഔദോഗിക ജീവിതത്തിൽ ഇതുപോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല .സ്വന്തം മകനെ ഇയാൾ കഴുത്തറത്ത് കൊലപ്പെടുത്തി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .എത്ര ശാന്തമായ സ്വഭാവം .എത്ര സൗമ്യമായ സംസാരം .അഞ്ചുനേരവും കൃത്യതമായി നമസ്കരിക്കുന്നു ,വൃതം അനുഷ്ഠിക്കുന്നു .ഒരിക്കൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ...ആരാലും ദയ അർഹിക്കാത്ത തെറ്റാണ് താങ്കൾ ചെയ്തതെന്ന് .അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ...ഞാൻ ആരുടേയും ദയ ആഗ്രഹിക്കുന്നില്ല ...പടച്ചവന്റെ ദയയല്ലാതെ എന്നാണ് .ഈ ജയിലഴികൾക്കുള്ളിൽ കിടക്കേണ്ടുന്ന മനുഷ്യനല്ല ഇയാളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .ചെയ്ത തെറ്റിനുള്ള ശിക്ഷാകാലം  പ്രാർത്ഥനയിലൂടെയും ,വ്രതത്തിലൂടെയുമെല്ലാം ജീവിച്ചുതീർക്കുകയാണ് ഈ മനുഷ്യൻ ."ജയിൽവാർഡൻ പറഞ്ഞുനിറുത്തി .

ജയിൽവാർഡനോട് യാത്രപറഞ്ഞു പിരിയാൻ നേരം മുസ്‌ലിയാർ പറഞ്ഞു .

"എല്ലാമനുഷ്യരിലുമുണ്ട് നന്മയുടെ ചില കാണാത്ത വശങ്ങൾ ...ചിലരിൽ ആ നൻമ ഉറങ്ങിത്തന്നെ കിടക്കും .ചിലരിൽ അത് ഉണർന്നു പ്രവർത്തിക്കും .ചിലപ്പോൾ സമൂഹത്തിന് അത് മഹത്വരമായി തോന്നാം ...ചിലപ്പോൾ കൊടിയ തെറ്റായും .ഇവിടെ സുലൈമാനിക്കയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ് ,അദ്ദേഹം ചെയ്ത നൻമ കുടുംബത്തിന്റേയും ,സമൂഹത്തിന്റേയും മുന്നിൽ കൊടിയ തെറ്റായി മാത്രം മാറി ."

ജയിൽ വരാന്തയിൽ നിന്ന് ഇറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഒരിക്കൽക്കൂടി മുസ്‌ലിയാരുടെ കാതിൽ സുലൈമാനിക്ക പറഞ്ഞ ... പ്രവാചക വചനങ്ങൾ... മുഴങ്ങിക്കേട്ടു .

"ജനിച്ചമണ്ണോടുള്ളൊരു സ്നേഹം മതവിധിയാണെന്ന് ഓതി നബി .ജനിച്ചമണ്ണാം ഭാരതമണ്ണിൽ ഭാരതമക്കൾ ഒന്നാണ് ."

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ