mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"നമ്മളിതിന് മുൻപ്   എവിടെ വെച്ചോ കണ്ടിട്ടില്ലേ", ആദ്യ കാഴ്ചയിൽ തന്നെ ഗിരീഷ് മാഷ് വേണുമാഷിനോടു ചോദിച്ചു.  വേണുമാഷ്  ഗിരീഷ്മാഷെ ഒന്നുകൂടി സൂഷ്മമായി നോക്കി. ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങി തപ്പിയെന്ന പോലെ

താടി  ഉഴിഞ്ഞു. പരാജിതനായി  എങ്കിലും  പുതിയ  സ്ഥലത്തെ ഉത്സാഹിയായ സഹപ്രവർത്തകനെ മുഷിയിക്കണ്ട എന്നു കരുതി ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഉണ്ടാവാം. സമ്മേളനത്തിനോ. മീറ്റിംഗിലോ ഒക്കെയാവാം. ഇനിയിപ്പൊ റിലേറ്റീവ്സാണോന്ന് ആർക്കറിയാം"

"അല്ല അതല്ല കാസ്റ്റ് വ്യത്യാസമുണ്ട് "

പുതിയ സഹപ്രവർത്തകൻ വരുന്നതിന് മുൻപ് അയാളുടെ ജാതി നോക്കിവെച്ചത് അറിയാതെ തന്റെ  വായിൽ നിന്നും പുറത്ത് ചാടിയതിന്റെ ചമ്മൽ  മറക്കാൻ ഗിരീഷ് മാഷ് പെട്ടന്ന്  ടോപ്പിക്  വിട്ടു.

"ആ അല്ലെങ്കി പോട്ടെ, ഇനി ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ"

പക്ഷെ പതിവില്ലാത്തവിധം വേണുമാഷിന്റെ മുഖം ഗിരീഷ്മാഷിന്റെ മനസ്സിൽ  കിടന്ന് മറിഞ്ഞു. മറ്റെന്തിനെക്കാളും ഓർമ്മ തന്നെ വെല്ലുവിളിക്കുന്നത് ഗിരീഷ്മാഷിന് സഹിക്കാൻ പറ്റില്ല.   പഠിക്കുന്നകാലത്ത്  കോളേജ്  ഗേറ്റിലിരുന്ന്  ആ കോളേജിലെ 1182  വിദ്യാർത്ഥികളുടേയും പേര് വിളിച്ച് ഗുഡ്മോർണിംഗ് പറഞ്ഞ് കൂട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട് ഗിരീഷ്. ആ ഒരൊറ്റ ബലത്തിലാണ് മൂന്നുവർഷവും  കോളേജ്  ഇലക്ഷനിൽ  ഗിരീഷ്  അനായാസം ജയിച്ചത്. ഇപ്പോഴും പത്താം ക്ലാസിലേയും പ്രീഡിഗ്രിയിലേയും ബിഎഡിലേയും മെല്ലാം ക്ലാസ്മേറ്റ്സിന്റെ റോൾ നന്പർ ക്രമത്തിൽ  ഓർത്തെടുത്ത് അനായാസം ഗിരീഷ് പറയും.  പഴയ കൂട്ടുകാരെ കാണുന്പോൾ പേര് മറന്ന് പോകുന്നവർ ആദ്യം വിളിക്കുന്നത്  ഗിരീഷിനെയാണ്. വാട്സപ്പ് ഗ്രൂപ്പുകളിൽ  ആ കാലങ്ങളിലെ പല കാര്യങ്ങളും ഗിരീഷ് പറയുന്പോൾ  ഇരുപത് വർഷങ്ങൾ  പിന്നിട്ട ആ ഓർമകൾ കൃത്യമായി ഓർത്തെടുക്കാൻ സഹപാഠികൾക്ക് പോലും കഴിയാറില്ല. റീച്ചാർജ് കൂപ്പണിലെ നന്പർ ഒന്ന് നോക്കിയതിന് ശേഷം കൂപ്പൺ കീറിക്കളയുക, ഫോൺ കോൺടാക്ട് ലിസ്റ്റിലെ നന്പറുകൾ  കാണാതെ പറയുകത, ക്രിക്കറ്റ് ചരിത്രം എല്ലാ ഡീറ്റെയ്ല്സോടും കൂടി ഓർത്തെടുക്കുക   തുടങ്ങിയ ഒരുപാട് കാര്യങ്ങൾ വളരെ സ്വാഭാവികമായി ചെയ്യുന്ന ഒരു  ചരിത്രം ഗിരീഷ് മാഷിന്റെ ജീവിതത്തിൽ  പലപ്പോഴായി  രേഖപ്പെടുത്തിയിട്ടുണ്ട്.  ഇതിലൊക്കെ കാലാകാലങ്ങളിലായി പലരും അത്ഭുതപ്പെടുകയും പുകഴ്ത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും  അയാൾ ഇതൊരു വളരെ മഹത്തായ  കാര്യമായി  ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തിന് ഒരു മെമ്മറി കോണ്ടസ്റ്റിൽ  പോലും അയാൾ പങ്കെടുത്തിരുന്നില്ല, ഇപ്പോഴാണെങ്കിൽ പോലും അറ്റന്റ് രജിസ്റ്റർ നോക്കാതെ ക്രമത്തിൽ  പേര് വിളിക്കുന്ന  ഗിരീഷ്മാഷെ  പല കുട്ടികൾക്കും അത്ഭുതമാണ്.  

പക്ഷെ  ഓർമ്മ തന്നെ ചെറിയ രീതിയിൽ വെല്ലുവിളിച്ച് തുടങ്ങിയപ്പൊ ഗിരീഷ്മാഷ്  അസ്വസ്ഥനായി.  ഇനി വെറും തോന്നലായിരിക്കുമോ..ഇല്ല  വേണുമാഷെ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്.  വളരെ ആഴത്തിൽ  തന്നെ ആ മുഖം ഇവിടെ ചുളിവുകളിൽ പതിപ്പിച്ചിട്ടുണ്ടെന്ന് തലച്ചോറ് ഒരറ്റത്ത് മൂളി.

"എന്തൊരു ഓർമ്മയാടോ തനിക്ക്,  ആ ഇങ്ങനെയുള്ള ആൾക്കാർക്കാണ്  പെട്ടന്ന് അൽഷൈമേഴ്സ് വരുന്നത് "

 ബിഎഡ് ക്ലാസിൽ ഇരിക്കുന്പോൾ  യവനിക സിനിമയിൽ ഭരത് ഗോപി ധരിച്ച മഞ്ഞ കുർത്തായിയിരുന്ന എന്ന നിസാരാമായ ഒരു കാര്യം ഓർത്തെടുത്തപ്പൊ   ജെയ്സന്റെ വകയായിരുന്നു ഈ ഡയലോഗ്. 

ഈ നാൽപ്പതാം വയസ്സിൽ ഓർമ്മമങ്ങിത്തുടങ്ങുന്നതിന്റെ ലക്ഷണമാണോന്നുള്ള ആവലാതിയിൽ  അൽഷൈമേഴ്സിന്റെ ലക്ഷണങ്ങലൊക്കെ സെർച്ച് ചെയ്ത് നോക്കിയെങ്കിലും പിന്നെ  അതൊക്കെ വിട്ടു,  നിന്നെ പിന്നെ കണ്ടോളാം എന്ന മട്ടിൽ ഗിരീഷ്മാഷ് ഓർമ്മയുടെ ആ വെല്ലുവിളിയെ അവധിയ്ക്ക് വെച്ചു.

വേണുമാഷിനോടിന് നല്ലൊരു സൌഹൃദം ഉണ്ടാക്കിയെടുക്കാൻ   സ്കൂളിലെ എല്ലാക്കാര്യങ്ങളിലും ഉത്സാഹിയായി നിൽക്കുന്ന​ ഗിരീഷ്മാഷിന് അനായാസം സാധിച്ചു. എങ്കിലും വേണുമാഷ്  ഒരു ചെറു അകലം എല്ലാവരോടും സൂക്ഷിക്കുന്നത് ഗിരീഷ്മാഷ് ശ്രദ്ധിച്ചു.  ഈ നാൽപ്പത്തിയഞ്ചാം വയസ്സിൽ  സ്വന്തം നാട്ടിൽ നിന്ന് എന്തിനാണ്  അവിവാഹിതനായ ഒരാൾ ഇത്രയേറെ അകലെ വന്ന് താമസിക്കുന്നത്  എന്ന നിസാര  സംശയം പോലും  ഉത്തരം കിട്ടാതെ കിടന്നു.

ഒരു രാത്രി നേരത്ത്   ഡിഗ്രിക്കാലത്തെ എസ് എഫ് ഐ സൌഹൃദങ്ങളുടെ വാട്സപ്പ്  ഗ്രൂപ്പായ ഓർമ്മയിലെ സഖാക്കളിൽ ഷാനവാസ് കൊളുത്തിവെച്ച  ഒരു കഥപറച്ചിലിനിടയ്ക്കാണ് ഗിരീഷ്മാഷ് ആ കഥ ഓർത്തത്. 

"ഡാ ഷാനേ..നീ പണ്ട് എന്നെ എർണാകുളത്ത്  ജോലിയ്ക്ക് കൊണ്ട് പോയത് ഓർക്കുന്നുണ്ടോ "

"പിന്നില്ലാതെ..അതൊക്കെ മറക്കാൻ പറ്റ്വോ "

രണ്ട് പെഗ്ഗിന്റെ ഓളത്തില് ഇരിക്കുന്ന നേരമായത് കൊണ്ട് ഗിരീഷ് മാഷിന്റെ ഓർമ്മ മറകളൊന്നുമില്ലാതെ ഒഴുകാൻ തുടങ്ങി. 

"ടോ ആരൊക്കെ കേൾക്കുന്നുണ്ട് എന്നെനിക്കറിയില്ല, എന്തായാലും എനിക്കും ഷാനവാസിനും മാത്രം അറിയുന്ന ഒരു കഥയാണിത്. കഥയല്ല  സംഭവം, അത്ര വലിയ സംഭവം ഒന്നുമല്ല എന്നാലും ഇന്ന് ആലോചിക്കുന്പൊ  അന്നങ്ങനൊക്കെ ചെയ്തത് ശരിയാണോ എന്നൊക്കെ ചോദിച്ചാ ബുദ്ധിമുട്ടാകും."

ആദ്യ വോയ്സ് ക്ലിപ്പിന് ശേഷം ഗിരീഷ് മാഷ് ഒരു ഗ്യാപ്പിട്ടു. ടീസറ് കേട്ട  ഗ്രൂപ്പിലെ നാല് പേര്  ബാക്കി പോന്നോട്ടേന്ന് ആവേശം കൊണ്ടു.

"ഡിഗ്രി കഴിഞ്ഞ്  രണ്ട് വർഷത്തെ ഗ്യാപ്പിന് ശേഷമാണ് ഞാൻ ബിഎഡിന് ചേരുന്നത്. അറിയാത്തോർക്ക് വേണ്ടി പറയാണ്.  എന്തെങ്കിലും ഒരു ജോലി അത്യാവശ്യമായ സമയായിരുന്നു, അപ്പൊ ആ സമയത്ത്  ഒരു ദിവസം നമ്മുടെ ഈ ഷാനെന്നെ വിളിച്ചു. എർണാകുളത്തേയ്ക്ക്​ അവന്റെ അമ്മാവന്റെ ഒരു സൂപ്പർമാർക്കറ്റില് നിൽക്കാൻ "

"നേരെ അമ്മാവനല്ല"  ഇടയ്ക്ക് ഷാനിന്റെ  തിരുത്ത്.

"ആ ഏതോ ഒരു അമ്മാവൻ. അങ്ങനെ ഞാൻ പോയി,  ഞാനതിന് മുൻപ് എർണാകുളമൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല.ഷാനവിടെ അക്കൌണ്ട്സില്,  ഞാനൊക്കെ ഇങ്ങനെ ആളുകളെ സഹായിക്കാൻ നിക്കണ ആള്. ഞാൻ മാത്രല്ല വേറേം കുറെ ആളുകളുണ്ടായിരുന്നു.  ഞങ്ങളൊക്കെ ഒരുമിച്ചായിരുന്നു താമസം, ഒരു വീട്ടില്. "

"കൊല്ലത്തൂന്ന് ഒരു ജോസ്, ആലുവക്കാരൻ നിസാറ്, കോട്ടയംകാരൻ അനൂപ് "

"ആ ..അങ്ങനെ കുറേപ്പേര്.. ആ സമയത്താണ് നമ്മുടെ ഈ ഷാനവാസ് കൈയ്യിലുള്ള പൈസയൊക്കെ കൂട്ടിവെച്ച് ഒരു ഫോൺ വാങ്ങിക്കുന്നത്..ഏത് റിലയൻസിന്റെ ആ നീല വെളിച്ചള്ള  500 രൂപയുടെ ഫോൺ. പക്ഷെ അതിലൊരു വിഷയമുണ്ടായിരുന്നതെന്താന്ന് വെച്ചാ..അത് ഞാൻ തന്നെ പറയണോ ഷാനേ "

"നീ തന്നെ പറഞ്ഞാ മതി "  ഷാനിന്റെ ശബ്ദത്തിലൊരു നാണം.

"ആ അതൊരു സെക്കനാന്റ് ഫോണായിരുന്നു. അതിന് മുൻപ്  അത് ഉപയോഗിച്ചതൊരു  ബ്രോക്കറായിരുന്നു, കൂട്ടിക്കൊടുപ്പ്കാരൻ.  അങ്ങനെ ഈ ഫോണിലേക്ക് ഇടയ്ക്കിടയ്ക്ക് കോളുവരും. വേറെ അധികം കോളൊന്നും വരാനും ഇല്ല. ഷാനവാസ് എടുക്കും  ഭയങ്കര ഭവ്യതയോടെ  നന്പർ മാറീന്ന് പറഞ്ഞ്  വെയ്ക്കും. ഇതിങ്ങനെ തുടർന്ന് പോയി.  ഒരു ദിവസം ഞാനാണ് ഫോണെടുത്തത്"  

ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ  വേണ്ടി അടുത്ത വോയ്സ് ക്ലിപ്പിന് മുൻപ് ഒരു ബ്രേയ്ക്കെടുത്ത  ഗിരീഷ്മാഷിന് വേണുമാഷിന്റെ ഒരു കോൾ. തുളസി ഇല ഉണ്ടെങ്കിൽ  രാവിലെ വരുന്പോൾ കുറച്ച് കൊണ്ടുവരാമോ എന്ന് ചോദിക്കാനായിരുന്നു. ചൂടുവെള്ളത്തിലിട്ട് കുടിക്കാനാണത്രേ. എളുപ്പത്തിൽ   ഫോൺ വെച്ച്  ജീരകവെള്ളം കുടിച്ച് നമുക്കും ഇനി തുളസി ഇലവെള്ളം പരീക്ഷിക്കാമെന്ന് ഭാര്യയോട് പറഞ്ഞ്  അടുത്ത വോയ്സ് ക്ലിപ്പിലേക്ക് കടന്നു. അപ്പോഴേക്കും ആകാംഷാ മെസേജുകളും സ്മൈലികളും സ്റ്റിക്കറുകളും ഗ്രൂപ്പില് ഒരുപാട് വന്നിരുന്നു.

"അങ്ങനെ ഞാൻ ഫോണെടുത്തു. തൽക്കാലത്തേയ്ക്ക് ഞാനൊരു ബ്രോക്കറായി. നമ്മുടെ കയ്യിലാളുണ്ട്  എർണാകുളത്തേയ്ക്ക് വന്നാമതി,  വിളിച്ചിട്ട് വേണം വരാൻ എന്ന് പറഞ്ഞ് കട്ട് ചെയ്തു. ഈ ഷാൻ പാവം, എന്നെ ഇങ്ങനെ ദയനീയമായൊന്ന് നോക്കി,  പിന്നെ ആ ഫോൺ എന്റെ കൈയ്യിൽ  തന്നെ തന്നു. രണ്ട് ദിവസത്തേയ്ക്ക് ആ ടീമ് പിന്നെ വിളിച്ചില്ല.  പിന്നെ ദേ വരുന്നു കോള്,  ഞാനെടുത്തു. എന്റെ വായിൽ തോന്നിയ  ഒരു റേറ്റ്  പറഞ്ഞു. അതവര് ഓക്കെയും പറഞ്ഞു. സ്ഥലവും സമയവും അറിയിക്കാംന്ന് പറഞ്ഞ് ഫോൺ വെച്ചു."

"ഞങ്ങള് താമസിക്കുന്നതിന്റെ വീട്ടിൽ നിന്നും കുറച്ച് ദൂരത്തായി ഒരു സ്ഥലം ഫിക്സ് ചെയ്തു, അങ്ങോട്ട് വരാൻ പറഞ്ഞു, കോട്ടയത്ത് നിന്നുള്ള  അനൂപിനെ ഒരു സാരിയൊക്കെ ചുറ്റിച്ച് പെൺവേഷം കെട്ടിച്ചു നിർത്തി. അപ്പൊ ഞാൻ നിൽക്കുന്ന റോഡിന്റെ നേരെ എതിർവശത്ത് അവനെ നിർത്തി. കാറ് വന്നു. രണ്ട് മൂന്ന് പേരുണ്ട്. ഒരാള് ഇറങ്ങി വന്നു ആള് കൂടിയാ കാശും കൂടും എന്നൊക്കെ ഞാൻ ഡയലോഗിളക്കി, ഞാൻ കാശ് വാങ്ങി, റോഡിന് അപ്പുറത്തുള്ള  ആളെ കാണിച്ച് കൊടുത്തു. കാറിങ്ങനെ തിരിച്ച്  റോഡിന്റെ അപ്പുറത്തെ സൈഡ് എത്തിയപ്പോഴേക്കും പൊലീസ് , ഓടിക്കോന്ന് ഉറക്കെ വിളിച്ച് എല്ലാരും ഓടിക്കളഞ്ഞു.. ആ പൈസ ഞങ്ങളന്ന്  രണ്ട് ബോട്ടിലും ചിക്കനും പൊറോട്ടയും ഒക്കെയായി തീർത്തു"

ആ വോയ്സ് ക്ലിപ്പ് അയച്ചപ്പോഴേക്കും ഭാര്യ ചോറ് വിളന്പിയിരുന്നു. മീൻകറിയൊഴിച്ച് അതിന് മുകളിലൊരു പപ്പടം വെച്ച് അമർത്തിപ്പൊട്ടിക്കുന്പോഴാണ് ഗിരീഷ് മാഷിന്റെ മനസ്സിലേക്ക്  ആ കാറ് വന്ന് നിന്ന ഭാഗം റീവൈന്റ് അടിച്ചത്. ഒന്ന് കൂടി സ്ലോമോഷനിൽ ആ സീൻ റീവൈന്റ് അടിച്ചു. യെസ്  വേണു മാഷ്. 

വേണുമാഷോട് ഇത്  പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന വല്ലാത്തൊരു അവസ്ഥയിലായിപ്പോയി ഗിരീഷ് മാഷ്. പക്ഷെ ഗിരീഷ്മാഷിനെ പാടെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാൻ  വേണുമാഷിനും ആവില്ലായിരുന്നു. തുളസി ഇലതൊട്ട്  പലകാര്യങ്ങൾക്കും മടുപ്പില്ലാതെ  കൂടെ  നിക്കാൻ ഗിരീഷ് മാഷിനെപ്പോലെ ഒരാളെ കിട്ടിയത് ഏകാകിയായ  വേണുമാഷിനും ആശ്വാസമായി. വളരെ തുറന്ന് സംസാരിക്കുന്ന ഗിരീഷ്മാഷിന്റെ ശീലം  വേണുമാഷിന്റെ അടച്ചിന്റെ മനസ്സിന്റെ വാതിലുകളേയും പതുക്കെ തുറന്നു. ഇടയ്ക്ക്  ഒരുമിച്ചിരുന്ന് ലളിതമായി മദ്യപിക്കുന്നതിലേക്ക് വരെ ആ സൌഹൃദം എത്തി.

അങ്ങനെ ഒരു ദിവസം ഗിരീഷ്മാഷ് വേണുമാഷിന്റെ  നാട് വിട്ടുള്ള  ഏകാന്ത ജീവിതത്തെ കുറിച്ച് ചോദിച്ചു.

വേണുമാഷ് കുറെ നേരം ചിന്തിച്ചിരുന്നു.  പിന്നെ പതുക്കെ ചിരിച്ചു. 

" ചെറുപ്പത്തിലെ ഓരോ അബ്ദ്ധങ്ങള്  സമ്മാനിച്ചതാ..ഓരോ അബദ്ധങ്ങളല്ല, ഒരു അബദ്ധം, ഒരൊറ്റ  അബദ്ധം, ചെറുപ്പത്തിൽത്തന്നെ ജോലി കിട്ടി,  വീട്ടിലും നല്ല അവസ്ഥ, ശബളമൊക്കെ കിട്ടിയ ആവേശത്തിൽ കൂട്ടുകാരോടൊപ്പം എർണാകുളത്തേക്കൊന്ന് പോയതാ, കൈയ്യിക്കിട്ടിയ നന്പറിൽ  വിളിച്ച്  ഒരു വ്യഭിചാരം ഏർപ്പാടാക്കി, കാശ്കൊടുത്ത് റോഡിനപ്പുറത്തുള്ള​ ആളെ വിളിക്കാൻ  പോയപ്പൊ  പൊലീസെത്തി " 

" പൊലീസോ..ശരിക്കും"

" ഉം...പിടിച്ചു ഞങ്ങളെ വലിയ  പെൺവാണിഭ സംഘത്തിന്റെ ആൾക്കാരാക്കി, ഞങ്ങൾ നിരപരാധികാളാണെന്ന് മനസ്സിലാക്കി പെട്ടന്ന് വിട്ടയച്ചെങ്കിലും അപ്പോഴേക്കും അത്  നാട്ടിലറിഞ്ഞു, വീട്ടിലറിഞ്ഞു ആകെ നാണക്കേടായി, ഒരു കൂട്ടുകാരൻ ആത്മഹത്യ ചെയ്തു, ഞാൻ പറയാതെ തന്നെ അച്ഛൻ  എല്ലാ സ്വാധീനവുമുപയോഗിച്ച്  ദൂരെയ്ക്ക് സ്ഥലം മാറ്റം വാങ്ങിത്തന്നു"

പെട്ടന്ന്  ഗിരീഷ് മാഷ്  എണീറ്റ് ബാത്ത് റൂമിലേക്കോടി. അന്നാദ്യമായി അയാൾ മദ്യപിച്ച്  ഛർദ്ദിച്ചു. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ